Wednesday 19 January 2022 11:38 AM IST : By സ്വന്തം ലേഖകൻ

പതിനാലുകാരിയുടെ കൊലപാതകം: പ്രതികളെ പുറത്തുചാടിച്ചത് സിപിഒ വിജിതയുടെ സമയോചിത ഇടപെടൽ

vijitha-cpo

കോവളം ആഴാകുളം ചിറയിൽ പതിനാലുകാരിയുടെ കൊലപാതകക്കേസ് പ്രതികൾ മറനീക്കി പുറത്തു വരാൻ കാരണമായതിൽ വിഴിഞ്ഞം സ്റ്റേഷനിലെ വനിതാ സിപിഒ സി.വി.വിജിതയും. പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ കോവളം സ്റ്റേഷനിലായിരുന്ന വിജിത അന്ന് അമ്പേഷണ സംഘത്തിലുമുണ്ടായിരുന്നു. മുല്ലൂരിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ റഫീക്കയെ വിജിത തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ബാലികയുടെ കൊലയ്ക്കു പിന്നിലും റഫീക്കയും മകനും ആണെന്നു വെളിപ്പെടുകയായിരുന്നു.

അതേസമയം വയോധിക കൊല്ലപ്പെട്ട വാടക വീടിന്റെ ഉടമസ്ഥന്റെ മകനും പ്രതികളുടെ വഴക്കിനിടെ ഇതേക്കുറിച്ച് അറിഞ്ഞതായി പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യം അറിയുന്നതിനു മുൻപേ വിജിത പെൺകുട്ടിയുടെ കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടാകുമെന്ന് സൂചന അന്വേഷണ സംഘത്തിന് കൈമാറി . രണ്ടിടത്തേയും കൊലപാതകം ഒരേ രീതിയിൽ ആയതും രണ്ടു സ്ഥലത്തും പ്രതികളുടെ സാന്നിധ്യവുമാണ് സംശയത്തിനിടയാക്കിയതെന്ന് വിജിത പറഞ്ഞു. ഈ വെളിപ്പെടുത്തലോടെ രക്ഷപ്പെട്ടത് കുറ്റാരോപിതരായി തീ തിന്ന കുട്ടിയുടെ മാതാപിതാക്കളാണ്.

മനുഷ്യാവകാശ കമ്മിഷന് പരാതി

കോവളം∙ആഴാകുളം ചിറയിൽ ബാലിക ഒരു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മാതാപിതാക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച കോവളം പൊലീസ് നടപടിക്ക് എതിരെ കോൺഗ്രസ്‌ കോവളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സുജിത് പനങ്ങോട് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി.

അകാരണമായി മാതാപിതാക്കളെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുക, കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക, അർഹമായ മാനനഷ്ടം നൽകുക എന്നീ ആവശ്യങ്ങൾ പരാതിയിൽ ഉന്നയിച്ചു. എം വിൻസന്റ് എംഎൽഎ കുടുംബത്തെ സന്ദർശിച്ചു. മുട്ടയ്ക്കാട് പ്രവീൺ, ചിറയിൽ സുരേഷ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.