Thursday 07 January 2021 04:18 PM IST : By സ്വന്തം ലേഖകൻ

‘ഡ്രോണ്‍ പറത്തിയപ്പോള്‍ പൊട്ടു പോലെയാണ് കടലില്‍ ഞാനാ മനുഷ്യരെ കണ്ടത്’; നാലുപേരുടെ ജീവൻ രക്ഷിച്ച് സൂപ്പർഹീറോയായി ദേവാങ്ക്

devang4455666

ആഴക്കടലില്‍ മരണവുമായി മല്ലടിച്ച നാലുപേരെ രക്ഷപ്പെടുത്തിയത് ബിടെക് വിദ്യാര്‍ഥിയായ ദേവാങ്കാണ്. ഡ്രോണ്‍ പറപ്പിച്ച് ആഴക്കടലിൽ മുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സഹായിച്ച ഈ പത്തൊൻപതുകാരനാണ് ഇപ്പോൾ നാട്ടിലും വീട്ടിലും സോഷ്യൽ മീഡിയയിലുമെല്ലാം സൂപ്പർഹീറോ. സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ദേവാങ്ക് നാലുപേരുടെ ജീവൻ രക്ഷിച്ചത്. 

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് രണ്ടാം വർഷ വിദ്യാര്‍ഥിയാണ് ദേവാങ്ക്. ആദ്യമായി വള്ളത്തില്‍ ആഴക്കടലില്‍ ഡ്രോണ്‍ പറത്താന്‍ പോയ ദേവാങ്കിന്റെ ചങ്കുറ്റത്തെ വാഴ്ത്തുകയാണ് നാട്ടുകാര്‍. ഡ്രോണ്‍ പറത്താന്‍ തയാറാണെന്ന് ഗീത ഗോപി എംഎല്‍എയോട് ധൈര്യത്തോടെ പറഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 

എംഎല്‍എ ഓക്കെ പറഞ്ഞതോടെ ദേവാങ്ക് വള്ളക്കാര്‍ക്കൊപ്പം ഡ്രോണുമായി ആഴക്കടലില്‍ എത്തി. പന്ത്രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു മത്സ്യത്തൊഴിലാളികള്‍ മുങ്ങിയത്. കുടത്തില്‍ പിടിച്ചു കിടന്ന മത്സ്യത്തൊഴിലാളിയെ ഡ്രോണ്‍ കാമറയില്‍ കണ്ടതാണ് നിര്‍ണായക വഴിത്തിരിവായത്.  

"നാലുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം. നാലു മണിയോടെ എന്റെ അച്ഛനാണ് ഈ വിവരം വിളിച്ചു പറഞ്ഞത്. അപ്പോൾതന്നെ തിരച്ചിൽ തുടങ്ങി ആറു മണിക്കൂർ പിന്നിട്ടിരുന്നു. ഞാൻ ചെന്നപ്പോൾ നാലു പേരെ കാണാനില്ല എന്ന് മനസ്സിലായി. ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എന്ന് നാട്ടുകാരും ബന്ധുക്കളും ഒക്കെ ഉറപ്പിച്ചിരുന്നു. ഏകദേശം രക്ഷാപ്രവർത്തനങ്ങൾ ഒക്കെ നിർത്തിയിരുന്നു.

ഞാൻ ഡ്രോൺ എടുത്തിട്ടാണ്  വീട്ടിൽ നിന്ന് വന്നത്. പൊലീസ്, എംഎൽഎ എല്ലാവരും നല്ല സപ്പോർട്ട് തന്നു. 15 കിലോമീറ്റർ ഉള്ളിലേക്ക് കടലിൽ പോയി ഡ്രോൺ പറത്തിയത് വലിയ അനുഭവം തന്നെയാണ്. ഡ്രോണ്‍ പറത്തിയപ്പോള്‍ കിട്ടിയ ദൃശ്യങ്ങളില്‍ ഒരാളെ കണ്ടു. പൊട്ട് പോലെയാണ് കടലില്‍ ഞാനാ മനുഷ്യരെ കണ്ടത്. ഞാൻ ദൃശ്യങ്ങള്‍ സൂം ചെയ്ത് ഉറപ്പിച്ചു. അങ്ങനെയാണ്, ആ ദിശയിലോട്ട് തിരച്ചിലിന് നീങ്ങിയത്.

പിന്നീട് രക്ഷാപ്രവർത്തനം പെട്ടെന്ന് നടന്നു. ആ നാലു പേരെയും ബോട്ടിൽ കയറ്റുമ്പോൾ അവർ ഞങ്ങളോട് നിങ്ങൾ പേടിക്കേണ്ട എന്നു പറഞ്ഞു. മരണത്തിന്റെ മുന്നിൽ നിന്നു അവർ പറഞ്ഞ ആ വാക്കുകൾ എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റില്ല. അതൊരു ഊർജ്ജമായി എന്റെ ജീവിതത്തിൽ ഉണ്ടാകും."- ദേവാങ്ക് പറയുന്നു.

സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയപ്പോള്‍ കാട്ടിലകപ്പെട്ട സഹപാഠികൾക്കും ദേവാങ്ക് രക്ഷകനായിട്ടുണ്ട്. ദേവാങ്കിനെ തേടി സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. മന്ത്രിമാര്‍ തൊട്ട് സിനിമാതാരങ്ങള്‍ ഉൾപ്പെടെയുള്ള പ്രമുഖർ ദേവാങ്കിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു. ആരോഗ്യനില വീണ്ടെടുത്തതോടെ രക്ഷപ്പെട്ട നാലു മല്‍സ്യത്തൊഴിലാളികളും ആശുപത്രി വിട്ടു.

Tags:
  • Spotlight