Friday 03 July 2020 03:10 PM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളുടെ നെഞ്ചിൽ ഒരുപിടി കനൽ വാരിയിട്ട് അവൾ, ഞങ്ങളുടെ ചിത്രശലഭം പോയി’; കണ്ണു നനയിച്ച് ഡോക്ടറുടെ കുറിപ്പ്

butterflybvjhdbvuhg

മനസ്സിനെയും ശരീരത്തെയും ഒരുപോലെ കീഴടക്കി കളയാനുള്ള ശക്തിയുണ്ട് കാൻസർ എന്ന മഹാമാരിയ്ക്ക്. എന്നാൽ കാൻസറിനെ വരുതിയിലാക്കി സാധാരണ ജീവിതം നയിക്കുന്ന നിരവധിപേരുണ്ട് നമുക്ക് ചുറ്റും. അതിജീവനത്തിന്റെ കഥകൾക്കൊപ്പം കണ്ണീരണിയിച്ച കഥകളും നമുക്ക് കേൾക്കേണ്ടി വരും. 22 -ാം വയസ്സിൽ സ്തനാർബുദം ബാധിച്ച് എത്തിയ, ഡോക്ടർമാർ ‘ചിത്രശലഭം’ എന്നു വിശേഷിപ്പിച്ച ഒരു പെൺകുട്ടിയെ ചികിത്സിച്ച അനുഭവം പങ്കുവയ്ക്കുകയാണ് കൊച്ചി രാജഗിരി ഹോസ്പിറ്റലിലെ കൺസൽറ്റന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സഞ്ജു സിറിയക്. 

ഡോ. സഞ്ജു സിറിയക്‌ പങ്കുവച്ച കുറിപ്പ് വായിക്കാം;

ഈ ശിശിരകാലത്തിന് അത്ര തണുപ്പ് പോരായിരുന്നു. ഞങ്ങളുടെ എല്ലാം നെഞ്ചിൽ ഒരുപിടി കനൽ വാരിയിട്ട് ഫെബ്രുവരി ഒന്നിന് അവൾ, ഞങ്ങളുടെ ചിത്രശലഭം പോയി.

ഓരോ രോഗിയുടെയും ജീവിതം ഒരു കഥയാണ്. അതിലെ കഥാപാത്രങ്ങൾ ആണ് നമ്മളിൽ പലരും. കേട്ടിട്ടുണ്ട്, മരിച്ചു കഴിയുമ്പോഴാണ് ഒരു വ്യക്തി ഇല്ലാത്തതിന്റെ ശൂന്യത നമുക്ക് മനസ്സിലാകുന്നത് എന്ന്. രോഗവുമായി ബന്ധപ്പെട്ട് രണ്ടര വർഷത്തോളം അടുത്ത് കണ്ട ഒരു വ്യക്തി വെറും ഒരു രോഗി മാത്രമല്ല പലപ്പോഴും. അങ്ങനെ ഒരാളുടെ കഥ ആണിത്. ഞങ്ങളുടെ ചിത്രശലഭത്തിന്റെ കഥ.

കാൻസർ രോഗത്തിനെതിരെ, പ്രത്യേകിച്ച് സ്തനാർബുദത്തിനെതിരേ, വൻ മുന്നേറ്റം ആണ് നാം നടത്തിയിരിക്കുന്നത്. അപ്പോഴും നമ്മെ കുഴയ്ക്കുന്ന ഒരു പ്രശ്‍നം ഇന്നും പലരും മരിക്കുന്നു എന്നതാണ്. നന്നേ ചെറുപ്പത്തിൽ ഇത്തരത്തിൽ മരിക്കുന്നത് ഭാഗ്യവശാൽ അപൂർവം ആണ്. ആ അപൂർവികത ആണ് അവളുടെ കാര്യത്തിൽ ഞങ്ങളെ വിഷമിപ്പിച്ചത്.

22 വയസ്സിൽ സ്തനാർബുദം എന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യം തന്നെയാണ്. ഒരു സ്തനാർബുദ ബോധവത്കരണ ക്ലാസ് കേട്ട അവൾക്ക് സ്വന്തം മാറിടത്തിൽ ആയിടെ ശ്രദ്ധിച്ച മുഴ കാണിക്കണം എന്ന് തോന്നി. ഈ പ്രായത്തിൽ സ്തനാർബുദം അത്ര സാധാരണം അല്ല എങ്കിലും സ്കാൻ ചെയ്തേക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു. സ്കാനിങ് നടത്തുമ്പോൾ ഞങ്ങൾ ഒന്നു ഞെട്ടി. ഒരു ബയോപ്സി എടുത്തേക്കാമെന്ന് തീരുമാനിക്കുമ്പോഴും അത് സ്തനാർബുദം ആവല്ലേ എന്നായിരുന്നു ഞങ്ങളുടെ ചിന്ത. നിർഭാഗ്യവശാൽ വിധി അവൾക്ക് കരുതിവച്ചത് സ്തനാർബുദം തന്നെ ആയിരുന്നു.

കാൻസർ ആണെന്ന് അവളെ അറിയിച്ച അന്നാണ് ആദ്യമായി ഞാൻ അവളെ കാണുന്നത്. ചുരുണ്ട മുടിയും വിടർന്ന കണ്ണുകളും പ്രസരിപ്പുള്ള മുഖവും ഉള്ള അവളെ ചിത്രശലഭം എന്നല്ലാതെ എന്ത് വിളിക്കാൻ! കാൻസർ ആണെന്ന് അവതരിപ്പിച്ചപ്പോൾ ഒരു നിമിഷം അവൾ ഒന്ന് പതറി. എങ്കിലും ഇന്നും ഓർക്കുന്ന കാര്യം അന്ന് അവളുടെ മുഖത്തുകണ്ട ആത്‌മവിശ്വാസം തന്നെ ആണ്.

സർജറിയും എട്ട് കീമോയും പിന്നീട് റേഡിയേഷനും എല്ലാം വേഗത്തിൽ കഴിഞ്ഞു. അവളുടെ ചികിത്സാസമയത്താണ് ഒരു breast clinic എന്ന ആശയം എനിക്കും സുബിക്കും ടീനക്കും തോന്നിയത്. സ്തനാർബുദത്തിനെതിരെ എതിരെ ഒറ്റയാൾ പോരാട്ടം പോരാ, പോരാടാൻ ആൾബലം വേണം. കാരണം, എതിരാളി അതിശക്തൻ ആണ് !

ചികിത്സയ്ക്ക് ശേഷം പതിയെ അവൾ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു. ഒരു ചെറിയ ജോലി, പിന്നെ എഴുത്തും കുത്തും. ഇംഗ്ലീഷ് സാഹിത്യം ആയിരുന്നു അവളുടെ പ്രിയപ്പെട്ട മേഖല. അതിൽ അപാര പാണ്ഡിത്യം ആയിരുന്നു അവൾക്ക്. ഒരിക്കൽ അവൾ ഒരു കവിത ഞങ്ങൾക്ക് എഴുതി തന്നു. നെഞ്ചിൽ ഇഴഞ്ഞ ഞണ്ടിനെ (The crab crawling on my chest) പറ്റി ആയിരുന്നു ആ കവിത. അത് വായിച്ചു ഞങ്ങൾ ആശ്ചര്യപ്പെട്ടു.

ഓരോ വരവിലും രോഗത്തിന്റെ രണ്ടാം വരവിനെ പറ്റി അവളേക്കാൾ ആശങ്ക ഒരു പക്ഷേ ഞങ്ങൾക്കായിരുന്നു. അങ്ങനെ മഴയും മഞ്ഞും വേനലും കഴിഞ്ഞു വീണ്ടും ഒരു ശിശിരകാലത്ത്‌ വരുമ്പോൾ അവൾ ക്ഷീണിതയായി കാണപ്പെട്ടു. അതേ, കാൻസർ തിരികെ വന്നിരിക്കുന്നു!

ഒരു രോഗിക്ക് കാൻസർ പൂർണമായി ഭേദപ്പെടാനുള്ള സാധ്യത പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു സ്തനാർബുദ രോഗിക്ക് ഏറ്റവും പ്രധാനം രോഗം കണ്ടു പിടിച്ച സമയത്തെ സ്റ്റേജ് ആണ്. അത് അവൾക്ക് അനുകൂലംതന്നെ ആയിരുന്നു എങ്കിലും, ട്രിപ്പിൾ നെഗറ്റീവ് എന്ന വിനാശകരമായ കാൻസർ ആയിരുന്നു അവൾക്ക്. അതിനാൽതന്നെ രണ്ടാമത് കാൻസർ തിരിച്ചു വന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തിയില്ല, പക്ഷേ നിരാശപ്പെടുത്തി. ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിനെ പോലെ, ജയിക്കുന്നതിന് തൊട്ടു മുൻപ് തോറ്റ അവസ്ഥ!

രണ്ടാമത് രോഗം വന്നപ്പോൾ അവളുമായി കൂടുതൽ അടുത്തു. രോഗത്തിന്റെ തീവ്രത അവൾ മനസ്സിലാക്കിയിരുന്നു. പൂർണമായി ഭേദപ്പെടില്ല എന്നറിയാമായിരുന്നിട്ടു കൂടി അവളുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും മാഞ്ഞില്ല. പിന്നീടുള്ള ഒരു വർഷക്കാലം രോഗം ഏറിയും കുറഞ്ഞും ഇരുന്നു. ലോകത്ത്‌ നിലവിലുള്ള എല്ലാ ചികിത്സയും അവൾക്ക് നൽകാൻ സർവസജ്ജമായി ഞങ്ങൾ നില കൊണ്ടു. കാര്യമുണ്ടായില്ല. ഇക്കഴിഞ്ഞ ന്യൂ ഇയർ അവൾ ആശംസിച്ചപ്പോൾ ഞാൻ അറിഞ്ഞിരുന്നു, ഇത് അവസാനത്തേത് എന്ന്. വീണ്ടും ഒരു ശിശിരകാലത്ത്‌ പ്രാർഥനകൾ എല്ലാം നിഷ്‌ഫലം ആയി. ഞങ്ങളുടെ ചിത്രശലഭം യാത്രയായി.

കാൻസറിന് അവളെ തോൽപ്പിക്കാനായില്ല എന്നാണ് എന്റെ വിശ്വാസം. കാരണം അവസാന ദിവസവും ആ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പോലും വീഴ്ത്താൻ രോഗത്തിന് ആയില്ല. ഒളിഞ്ഞും തെളിഞ്ഞും ഉപദ്രവിച്ച രോഗത്തോട് അവൾക്ക് ഒരിക്കലും ദേഷ്യം ഉണ്ടായിരുന്നില്ല. ഒരിക്കൽ അവളോട് ഞാൻ ചോദിക്കുകയുണ്ടായി. "എങ്ങനെ നീ പിടിച്ചു നിൽക്കുന്നു" എന്ന്. അതിന് ഒരു പുഞ്ചിരി മാത്രമായിരുന്നു ഉത്തരം.

കാൻസറിന് എതിരെ സർവശക്തിയുമെടുത്തു പൊരുതുന്ന ഞങ്ങളെ എളിമപ്പെടുത്തുന്ന ഒന്നായി ആ മരണം. ചില പോരാട്ടങ്ങൾ അങ്ങനെ ആണ്. ഇന്നും നിഗൂഢതകൾ ഒളിപ്പിച്ചു വയ്ക്കുന്ന മനുഷ്യരാശി ഇന്നേ വരെ കണ്ടിട്ടുള്ള ഏറ്റവും കുഴപ്പക്കാരനായ അസുഖങ്ങളിൽ ഒന്നാണ് കാൻസർ. എന്നെങ്കിലും മനുഷ്യൻ ഈ രോഗത്തെ കീഴ്‌പ്പെടുത്തുകതന്നെ ചെയ്യും... ചെയ്യണം... എന്തുകൊണ്ട് അവളുടെ പ്രായത്തിൽ ഈ അസുഖം വന്നു എന്നത് ഒരു സമസ്യയായി തുടരുന്നു. നന്മയുള്ള, ദൈവഭയമുള്ള, നിഷ്കളങ്കയായ അവൾക്ക് ഇത് വന്നു എങ്കിൽ, നമ്മൾ എത്ര മാത്രം കരുതലോടെ ഇരിക്കണം. ചില രോഗികളുടെ ഓർമകൾ മരിക്കില്ല... കാരണം അവരെപ്പോലെ മറ്റാരും ഇല്ല. എന്റെ ചിത്രശലഭത്തിന്റെ ഓർമകൾക്കു മുൻപിൽ പ്രണാമം. 

Tags:
  • Spotlight
  • Social Media Viral