Monday 01 April 2019 09:31 AM IST

മരണത്തിന്റെ പടിവാതിൽ വരെ പോയിരുന്നു ഫാത്തിമ; തിരികെ കൊണ്ടുവരാൻ ഒരു വിളിക്കപ്പുറം വാണി കാത്തുനിന്നു! അപൂർവ സൗഹൃദത്തിന്റെ കഥ

Tency Jacob

Sub Editor

fathima-001 ഫോട്ടോ: ബേസിൽ പൗലോ

വർഷങ്ങൾക്കു മുൻപ് കോളജിൽ ചേരുമ്പോഴാണ് വാണിയെന്ന കൂട്ടുകാരിയെ ആദ്യം കാണുന്നത്. ഹോസ്റ്റലിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. കോളജിലെ ഗായികയായിരുന്നു വാണി. കലോത്സവ മത്സരങ്ങൾ വരുമ്പോൾ വാണി എന്നെയും വിളിക്കും. ‘ഫാത്തിമാ, നീയും പങ്കെടുക്ക്’ സാധാരണ നന്നായി പാടുന്നവർ ആരേയും പ്രോത്സാഹിപ്പിക്കാറില്ലല്ലോ. പക്ഷേ, വാണി അങ്ങനെയായിരുന്നില്ല. അന്നൊക്കെ എല്ലാ സുഹൃത്തുക്കളുടേയും കൂട്ടത്തിലാണ് ഞാൻ വാണിയേയും പെടുത്തിയിരുന്നത്. ഒരു ആത്മബന്ധമൊന്നും തോന്നിയിരുന്നില്ല.

കോളജ് കാലഘട്ടം കഴിഞ്ഞ് പിരിഞ്ഞപ്പോൾ വാണി എനിക്കൊരു കാർഡയച്ചു. ഒരു പെൺകുട്ടി മഴയത്ത് വഴിയിലൂടെ തനിച്ചു പോകുന്നൊരു പടമുള്ള കാർഡ്. അതിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. ‘നമ്മുടെ ബന്ധം ധാരാളം ഇടിയും മിന്നലുമൊക്കെ ഉണ്ടായിരുന്നതാണെങ്കിലും ഞാനൊരിക്കലും നിന്നെ മറക്കില്ല. ഈ സൗഹൃദം എന്റെ ജീവിതത്തിൽ ഞാ നെന്നും ചേർത്തു പിടിക്കും.’ ആ വാക്ക് വെറും വാക്കായിരുന്നില്ലെന്ന് പിന്നീട് എന്റെ ജീവിതം തെളിയിച്ചു.

തൊട്ടടുത്തെത്തിയ മരണം

കാഞ്ഞിരപ്പള്ളിയിലായിരുന്നു ഞങ്ങളുടെ വീട്. വാപ്പ സലീം ഡോക്ടറാണ്. ചെറുപ്പത്തിലേ പുസ്തകം വായിക്കാനും എഴുതാനും  പ്രോത്സാഹിപ്പിച്ചതെല്ലാം  വാപ്പയാണ്. വാപ്പയായിരുന്നു എന്റെ എല്ലാം. ഉമ്മയുടെ വീട്ടിലായിരുന്നു ആറു വയസ്സുവരെ വളർന്നത്. ആദ്യത്തെ പേരക്കുട്ടിയായിരുന്നതുകൊണ്ട് വളരെ ലാളിച്ചായിരുന്നു എന്നെ വളർത്തിയത്.

ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ കലോത്സവത്തിൽ കവിതാ രചനയ്ക്ക് എനിക്ക് ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ട്. അന്ന്, പത്രത്തിൽ എന്റെ ഫോട്ടോ വന്നിരുന്നു. കോളജില്‍ പഠിക്കുമ്പോഴും എഴുതുമായിരുന്നു. പിന്നീടെപ്പോഴോ പേനയും പുസ്തകവുമെടുത്ത് മാറ്റി വച്ചു. വാപ്പയുടെ പെങ്ങളുടെ മകനെയാണ് കല്യാണം കഴിച്ചത്. എൻജിനീയറായിരുന്ന ജമാലിന് ജോലി അവിടെയായതുകൊണ്ട് ഞങ്ങൾ ഗൾഫിലേക്ക് പോയി. അവിടെത്തന്നെ പലയിടങ്ങളിൽ മാറി മാറി അവസാനം റിയാദിലെത്തി. ഇതിനിടയിലാണ് വാപ്പ മരിക്കുന്നത്. അതെന്നെ വല്ലാത്ത നിരാശയിലേക്ക് തള്ളിയിട്ടിരുന്നു. ഞാനിങ്ങനെ എരിതീയിൽ ഉഴലുന്നതു കണ്ടാണ് ജമാൽ ഹജ്ജിനു പോകാം എന്നു തീരുമാനിക്കുന്നത്. ഞാനും ജമാലും രണ്ടു മക്കളും. വാപ്പയ്ക്ക് നിയ്യത്ത് വച്ചായിരുന്നു ഞങ്ങൾ ഒരുക്കം തുടങ്ങിയത്.

റിയാദിൽ നിന്നാണ് ഞങ്ങൾ ഹജ്ജിനു വേണ്ടി മക്കയിലേക്ക് പോകുന്നത്. കടമെല്ലാം തീർത്ത്  ക്ഷമിക്കാനുള്ളവരോട് പൊറുക്കാനപേക്ഷിച്ച് പ്രാർഥനകളുമായി ഒരു പുണ്യയാത്ര. ഞങ്ങൾ പോയ വർഷം അവിടെ രണ്ട് അപകടങ്ങളുണ്ടായി. ഒന്ന് ക്രെയിൻ ആളുകളുടെ ദേഹത്തേക്ക് വീണും രണ്ടാമത്തേത് നിയന്ത്രിക്കാനാകാത്ത തിക്കും തിരക്കും സംഭവിച്ചും. ഞങ്ങൾ അപകടത്തിൽപ്പെട്ടത് നിയന്ത്രിക്കാനാകാത്ത തിരക്കിൽപെട്ടായിരുന്നു.

ഞാനും  മകൾ അഫ്രീനും ഒരുമിച്ചായിരുന്നു. ജമാലും മകൻ ഹാറൂണും പുരുഷന്മാർ താമസിക്കുന്നിടത്തും. വെവ്വേറെ ടെന്റുകളിലായാണ് താമസിക്കുന്നതെങ്കിലും കർമങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ എല്ലാവരും ഒന്നിക്കും. മക്കയിലെ തന്നെ ഓരോ സ്ഥലങ്ങളിലേക്കു പോകാൻ ട്രെയിനുണ്ട്. അതിലെ തിരക്കും ബഹളവും തന്നെ എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ശരിക്ക് ശ്വാസമെടുക്കാൻ പറ്റാത്തത്ര തിരക്ക്. യാത്ര തുടങ്ങിയതു മുതൽ വാണി ഫോണിലൂടെ എന്റെ കൂടെയുണ്ട്. ഒാരോ സ്ഥലത്തെ കാഴ്ചകളും മറ്റും ഞാൻ വിവരിച്ചുകൊണ്ടിരുന്നു. മൂന്നാമത്തെ ദിവസം പിശാചിനെ കല്ലെറിയുന്ന ഒരു ചടങ്ങുണ്ട്. അവിടെ കല്ലുകളിങ്ങനെ കൂട്ടിക്കൂട്ടി വച്ചിരിക്കും. അതിൽ നിന്ന് കല്ലെടുത്ത് അവിടെയുള്ള സ്തൂപത്തിലേക്ക് എറിയുന്നതാണ് ചടങ്ങ്. നമ്മുടെ ഉള്ളിലെ തിന്മയെ കളയുക എന്നതാണ് ആ പ്രവർത്തി കൊണ്ടുദ്ദേശിക്കുന്നത്. അ ഊദു ബില്ലാഹി മിന ശൈത്വാനി റജീം (പടച്ചവനേ, ശപിക്കപ്പെട്ട പിശാചിന്റെ ഉപദ്രവത്തിൽ നിന്നും എന്നെ കാക്കുക.)

വരി വരിയായാണ് ഞങ്ങൾ നീങ്ങി കൊണ്ടിരുന്നത്. ഹജ്ജിനു വന്ന എല്ലാവരും ഒരുമിച്ചാണ് ജപങ്ങളു രുവിടുന്നതും പ്രാർഥിക്കുന്നതും. ബിസ്മില്ലാഹി റഹ്മാനി റഹീം (കാരുണ്യവാനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു.) ആത്മീയമായൊരു അനുഭൂതി ഓരോ നിമിഷവും നമ്മളെ വന്ന് തൊട്ടു കൊണ്ടിരിക്കും.  

ഓരോരുത്തരും അവർക്ക് ഞെരുങ്ങാതെ നിൽക്കാനുള്ള സ്ഥലത്തിനു വേണ്ടി കൈകൊണ്ട് മുന്നില്‍ നിൽക്കുന്ന ആളെ തിക്കിക്കൊണ്ടിരിക്കും. പെട്ടെന്നാണ് ആഞ്ഞടിക്കുന്ന തിരമാല പോലെ ആ തള്ളൽ വന്നത്. എല്ലാവരും അതിൽ മറിഞ്ഞു വീണു. എങ്ങും നിലവിളികൾ മാത്രം. മകൾ അഫ്രീന്റെ കൈ ഞാൻ ആ നിമിഷവും വിട്ടില്ല. ആളുകൾ അവൾക്കു മേൽ ചവിട്ടാതിരിക്കാനായി ഞാൻ മേലേ  കയറിക്കിടന്നു. ഫോണിൽ വാണിയുടെ പരിഭ്രാന്തമായ വിളി ഏതോ വിദൂരതുരങ്കത്തിൽ നിന്നെന്ന പോലെ കേൾക്കുന്നുണ്ട്. ആളുകൾ എന്നെ ചവിട്ടിക്കടന്നു പോയ്ക്കൊണ്ടിരുന്നു. ജീവനു വേണ്ടി വെപ്രാളപ്പെട്ട് ഓടുന്നവരുടെ കാലടികൾ. മരണമുഖത്തോളം എത്തുമ്പോൾ ജീവനു വേണ്ടിയുള്ള പിടപ്പും വേദനകളും. ഒരിക്കലും കരുതിയില്ല ജീവൻ വീണ്ടുകിട്ടുമെന്ന്. അത്രയ്ക്ക് ഭയാനകമായിരുന്നു ആ നിമിഷങ്ങൾ. ജമാലും മകനും കൂട്ടം തെറ്റി പോയിരുന്നു. പിന്നീട്,  ഏതൊക്കെയോ വഴികളിലൂടെ ജീവനുമെടുത്തോടി ഞാനും മകളും ടെന്റിലെങ്ങനെയോ എത്തിച്ചേർന്നു.  

fathima-002

പിറ്റേന്ന് ശരീരമാകെ കടുത്ത വേദനയായി. ഓരോ ദിവസവും വയ്യായ്ക കൂടി വന്നു. കൈവിരലുകളെല്ലാം നിവരാത്ത പോലെ. ഒരുവിധം ഹജ്ജ് നിർവഹിച്ച് വീട്ടിലെത്തി. ഡോക്ടറെ കാണിച്ചപ്പോഴാണ് അറിയുന്നത് കയ്യിലെയും കാലുകളിലെയും കശേരുക്കൾ പൊട്ടിയ നിലയിലാണ്, നട്ടെല്ലിനും കഴുത്തിലെ എല്ലിനും ഗുരുതര പരുക്കുണ്ടായി. ഓരോ ദിവസവും വേദന കൂടിക്കൂടി കിടക്കയിൽ നിന്ന് എഴുന്നേൽക്കാനാകാത്ത വിധം വീണു പോയി. നട്ടെല്ലിന്റെ പരുക്കു കണ്ട് ഡോക്ടർമാരുടെ അഭിപ്രായം ഞാൻ ഇനി എഴുന്നേറ്റ് നടക്കില്ലെന്നു തന്നെയായിരുന്നു. ഒരു സർജറി നടത്തി നോക്കാം, എന്നാലും ശരിയാകുമെന്ന് വലിയ ഉറപ്പു തന്നുമില്ല. ആയുർവേദവും പരീക്ഷിച്ചു. ഉഴിച്ചിലും പിഴിച്ചിലും നടത്തി. ഒന്നിനും എന്റെ വേദനയുടെ ആഴം കുറയ്ക്കാനോ  എണീപ്പിച്ചു നിർത്താനോ കഴിഞ്ഞില്ല. പിന്നെയാണറിയുന്നത് ആ അപകടത്തിൽ ധാരാളം ആളുകൾ മരിച്ചിരുന്നു.

കിടക്കയിൽ നിന്ന് എണീക്കാനാകാത്ത നാളുകൾ. വാണി എന്നും വിളിക്കും. ഒറ്റപ്പെടാതെ, വേദനയിലേക്കും നിരാശയിലേക്കും വീണുപോകാതെ അവളെന്നെ കാത്തുപോന്നു. ജമാൽ ഓഫിസിലും മക്കൾ സ്കൂളിലും പോയിക്കഴിഞ്ഞാണ് എന്റെ ജോലിക്കാരി വരുന്നത്. മോന എന്നായിരുന്നു അവരുടെ പേര്. അവർ വന്ന് ഒരു കൊച്ചുകുട്ടിയെപോലെ എന്നെ നോക്കും. ബ്രഷ് ചെയ്യിക്കുന്നതും ടോയ്‌ലെറ്റിൽ കൊണ്ടു പോകുന്നതുമെല്ലാം അവരായിരുന്നു. ഭക്ഷണം  മിക്സിയിൽ അടിച്ച് കോരിത്തരികയായിരുന്നു.

ഒരുവിധമായപ്പോൾ ജമാൽ പള്ളിയിൽ നിസ്‌കരിക്കാൻ പോകുമ്പോൾ കാറിൽ എന്നെയുമെടുത്ത് കൊണ്ടുപോകും. തലയണ പ്രത്യേക രീതിയിൽ വച്ച് ചാരിയിരുത്തും. ആ യാത്രയിലായിരുന്നു മണങ്ങൾ എനിക്കു കിട്ടിത്തുടങ്ങിയത്, പാട്ടുകൾ മനസ്സിരുത്തി കേൾക്കാൻ തുടങ്ങിയത്, കാറ്റിനെ ആസ്വദിക്കാൻ തുടങ്ങിയത്. എന്നാലും ഉള്ളിന്റെയുള്ളിൽ കൂടുതൽ ഒറ്റപ്പെട്ടു കൊണ്ടിരുന്നു.

വാണിയാണ് വീണ്ടും എഴുത്തിലേക്ക് തിരിയാൻ ആവശ്യപ്പെട്ടത്. വേദനയാണെന്നൊന്നും പറഞ്ഞാൽ കർക്കശക്കാരിയായ വാണിയോട് നടക്കില്ല. കടലാസും പേനയുമെടുത്ത്        എഴുതിത്തുടങ്ങാൻ പറഞ്ഞു. അങ്ങനെയാണ് ഇരുപത്തിനാലു വർഷത്തിനുശേഷം ഞാൻ വീണ്ടും എഴുത്തു തുടങ്ങുന്നത്. ഓരോ അക്ഷരം എഴുതുമ്പോഴും വേദന തന്നെ. വാണി വിളിക്കുമ്പോൾ ഞാൻ കരയും. ‘എനിക്ക് പറ്റണില്ല.’ എന്നു പറഞ്ഞ്. ‘കൈയും കാലുമില്ലാത്ത എത്രയോ ആളുകൾ ഈ ലോകത്ത് ഓരോ ജോലി ചെയ്ത് ജീവിക്കുന്നുണ്ട്’എന്നായിരിക്കും മറുപടി.

എന്നും രാവിലെ തന്നെ വാണി വിളിക്കും. യോഗയും വിഷ്വൈലൈസേഷൻ ചെയ്യാനുള്ള പാട്ടുകളെല്ലാം ഒാൺലൈനായി എനിക്ക് അയച്ചു തരും. അതൊക്കെ ഞാൻ ചെയ്യണ മെന്ന് നിർബന്ധമാണ്. പതിയെ കൈകളിലെ വിരലുകളെല്ലാം നിവരാൻ തുടങ്ങി. കവിതകൾ പിറക്കാനും.

ഒരു ദിവസം വാണി വിളിച്ചു. ‘ഫാത്തിമ, എന്റെ അച്ഛന്റെ എൺപതാം പിറന്നാൾ ആഘോഷിക്കുന്നുണ്ട്.  ഒരാഴ്ചത്തെ ആഘോഷമാണ്. അതിലൊരു ദിവസം കവിയരങ്ങ് വച്ചിട്ടുണ്ട്.  ബാലചന്ദ്രൻ ചുള്ളിക്കാട്, റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരുടെ കൂടെ ഫാത്തിമയുടെ പേരും വച്ചിട്ടുണ്ട്. ഒരു കവിത നീ അവതരിപ്പിക്കണം.’  ഞാനാകെ അമ്പരന്നു. ‘ഇവരുടെയൊന്നും മുന്നിൽ ഞാൻ ഒന്നുമല്ല.’ എന്നു സമർഥിക്കാൻ നോക്കി. പക്ഷേ, വാണി സമ്മതിച്ചില്ല. എന്റെ ജീവിതം തിരിച്ചുതന്ന ഒരാളോട് വാശി പിടിച്ച് എതിർത്തു നിൽക്കാൻ എനിക്കെങ്ങനെ പറ്റും? അങ്ങനെ ഞാനും ഒരു കവിത ചൊല്ലി.

വാണി എന്ന മരുന്ന്

നാലു വർഷമെടുത്തു സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ. അന്നെല്ലാം വാണി മുഴുവൻ സമയവും  ഓൺലൈനിലൂടെ എന്റെയടുത്തുണ്ടായിരുന്നു. ഞാൻ തളർന്നപ്പോഴൊക്കെ ‘നിനക്കു പറ്റും തിരികെ വരാൻ’ എന്നു പറഞ്ഞ് ഒരു തരിപോലും കുലുങ്ങാതെ ഒപ്പം നിന്നു. മനസ്സു പിടിവിട്ടു പോകുമ്പോൾ റിലാക്സേഷൻ മ്യൂസിക്കും മറ്റും നിർബന്ധമായും കേൾപ്പിച്ചും പരിശീലിപ്പിച്ചും താങ്ങായി നിന്നു. ഇടയ്ക്ക് ഞാൻ നിസ്സഹായയായി കരയും. ‘നിനക്ക് എന്നെ മനസ്സിലാവുന്നില്ലേ.’ എന്നു ചോദിച്ച്. ‘നിന്റെ വേദന ഞാൻ ശ്രദ്ധിക്കാൻ പോയാൽ പിന്നെ, നിനക്കതു പറയാനേ നേരം കാണൂ. അതുകൊണ്ടാണ് ഞാനത് നിസ്സാരമായി എടുക്കുന്നത്.’ എന്നാണ് വാണി മറുപടി പറഞ്ഞത്.

മലേഷ്യയിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുകയാണ് വാണി. രണ്ടു മക്കളുണ്ട്. വീട്, ജോലി ഇതിനെല്ലാം ഒപ്പം അവൾക്കിഷ്ടമുള്ള എന്തെല്ലാമോ പഠിക്കുന്നുമുണ്ട്. ഇതിനിടയിലാണ് ദിവസവും കുറേ സമയം എനിക്കു വേണ്ടി മാറ്റിവയ്ക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അവൾ അപ്പോൾ തന്നിരുന്ന ആ സമയത്തിന്റെ വില, അത് ലോകത്തിലെ ഏറ്റവും വിലപ്പെട്ട ഏതുവസ്തുവിനേക്കാളും വലുതായിരുന്നു. വെറുമൊരു സുഹൃത്തു മാത്രമല്ല, ഒരേ ശരീരത്തിനുള്ളിൽ വസിക്കുന്ന രണ്ടാത്മക്കളായി തീരുകയായിരുന്നു ഞങ്ങൾ.

മരിച്ചു പോകുമോ എന്നു വരെ ചില സമയത്ത് ഞാൻ ചിന്തിച്ചിരുന്നു. അതുപോലും വാണി തൊട്ടറിഞ്ഞു. ‘‘മരണം എന്നു പറയുന്നത് ഒരു കൂടുമാറ്റം മാത്രമാണ്. ആത്മാക്കൾ ശരീരത്തിനെ വെടിഞ്ഞു പോകുന്നു എന്നു ചിന്തിച്ചാൽ മതി. എന്തിനാണിത്ര പേടിക്കുന്നത്.’’ അത് എന്നെ ധൈര്യപ്പെടുത്തി. ഇപ്പോഴും മനസ്സു നിറഞ്ഞൊന്നു ചിരിച്ചു  കഴിഞ്ഞാൽ ഒരു നിമിഷം കണ്ണടച്ച് ഞാൻ പറയും. ‘താങ്ക്‌യൂ മൈ ഡിയർ ഫ്രണ്ട്.’

fathima-003