Wednesday 05 August 2020 12:04 PM IST : By സ്വന്തം ലേഖകൻ

‘ഇത് കാർട്ടൂൺ വരയ്ക്കാനും ഉണ്ടോ?’ എന്ന് പരിഹസിച്ചവർ അറിയുക; കാഴ്ചയുള്ളവരെ മറികടന്ന് അന്നത്തെ ആറാം ക്ലാസുകാരൻ ഇന്നു നേടിയത് സിവിൽ സർവീസ്!

trivandrum-gokul.jpg.image.845.440 ഗോകുലിന് അമ്മ ശോഭ മധുരം നല്കുന്നു. അച്ഛൻ സുരേഷ് കുമാർ സമീപം...

ഉപന്യാസ മത്സരമാണെന്നു കരുതി സ്‌കൂൾ യുവജനോത്സവത്തിൽ കാർട്ടൂൺ വര നടക്കുന്ന ക്ലാസ് റൂമിലേക്ക് കയറിച്ചെന്ന കാഴ്ച പരിമിതിയുള്ള ആറാം ക്ലാസുകാരനായ പയ്യനെ നോക്കി ‘ഇത് കാർട്ടൂൺ വരയ്ക്കാനും ഉണ്ടോ?’ എന്ന് ചോദിച്ചു പരിഹസിച്ചവർ ഇതു വായിക്കുന്നുണ്ടെങ്കിൽ അറിയുക, എസ്. ഗോകുൽ എന്ന അന്നത്തെ ആറാം ക്ലാസുകാരൻ കാഴ്ചയുള്ളവരേയും മറികടന്ന് സിവിൽ സർവീസ് പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കി. 2019 - ലെ സിവിൽ സർവീസ് പരീക്ഷയിൽ 804  ാം റാങ്ക് വാങ്ങിയാണ് എസ്. ഗോകുൽ വിജയിച്ചത്. ജീവിതത്തിൽ ഉടനീളം ഗോകുലിന് പ്രചോദനമായി നിന്നത് അമ്മ ശോഭയും അച്ഛൻ സുരേഷ് കുമാറും. 

"2018 ലെ പ്രളയകാലത്താണ് ഞാൻ സിവിൽ സർവീസ് പരീക്ഷയെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. അവരുടെയൊക്കെ പ്രവർത്തനത്തെക്കുറിച്ചു വായിച്ചറിഞ്ഞപ്പോൾ ഒരു സിവിൽ സർവീസ് ഓഫിസർക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റും എന്നു മനസിലാക്കി. അത് എനിക്ക് വലിയ പ്രചോദനം ആയിരുന്നു. കോച്ചിങ് ഇല്ലാതെയാണ് ഞാൻ സിവിൽ സർവീസിലേക്കുള്ള പ്രിലിമിനറി അറ്റൻഡ് ചെയ്തത്. എംഎ എക്സാം കഴിഞ്ഞ ഉടനെയായിരുന്നു പ്രിലിമിനറി. ഒരു ട്രയൽ ആയി എഴുതി നോക്കിയതാണ്. ഡിഗ്രി ഫസ്റ്റ് ഇയർ മുതൽ മുടങ്ങാതെ പത്രം വായിക്കുമായിരുന്നു. പിന്നീട് സിലബസ് മുഴുവൻ കവർ ചെയ്തു. പരീക്ഷ പാസായ ശേഷം ഇന്റർവ്യൂ പരിശീലനത്തിന് മാത്രമാണ് ഞാനൊരു പരിശീലന സ്ഥാപനത്തെ ആശ്രയിച്ചത്. 

മാതാപിതാക്കളുടെ സപ്പോർട്ടിനെക്കുറിച്ചു പറയാതിരിക്കാൻ പറ്റില്ല. അവരില്ലെങ്കിൽ ഞാനില്ല. ചെറുപ്പം മുതൽ അമ്മയാണ് എല്ലാം വായിച്ചു തന്നിരുന്നത്. ഏഴാം ക്ലാസിൽ എത്തിയപ്പോൾ ആയപ്പോൾ സ്ക്രീൻ റീഡർ ടെക്നോളജി ഉപയോഗിക്കാൻ തുടങ്ങി. ഇത് കംപ്യൂട്ടറിലും ഫോണിലും ഉപയോഗിക്കാം. ഈ ടെക്നോളജി ഉപയോഗിച്ച് എന്നെ പോലെ ഒരാൾക്ക് എല്ലാം വായിക്കാൻ പറ്റും. അതിനുശേഷമാണ് എന്റെ വായന ഒന്ന് കൂടി വളർന്നത്. മാതാപിതാക്കളുടെ പിന്തുണയ്ക്ക് പുറമെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കളെ കിട്ടിയതും ഒരു ഭാഗ്യമായി കരുതുന്നു."- വിജയ തിളക്കത്തിൽ ഗോകുൽ പറയുന്നു. 

Tags:
  • Spotlight
  • Inspirational Story