Thursday 07 July 2022 04:06 PM IST : By സ്വന്തം ലേഖകൻ

അലങ്കാരച്ചെടി ചട്ടികൾ കൊതുകുവളർത്തൽ കേന്ദ്രമാവരുത്; ‘എന്റെ വീട് ഈഡിസ് മുക്തം’ ഡെങ്കി പ്രതിരോധം

dengu-interior-plant-pots-cover Illustration: Anjana S Raj

വീടിനുള്ളിലെ അലങ്കാരച്ചെടികളുടെ ചട്ടികൾ കൊതുകുകൾ പെരുകാനുള്ള കൂടാകാൻ സാധ്യതയേറെയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കി പടരാൻ കാരണമാവുന്ന ഈഡിസ് കൊതുകുകൾ വീട്ടിനുള്ളിലും പെരുകാമെന്ന് ആരോഗ്യവകുപ്പ്.

ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെറ്റുപെരുകുന്നതു വീട്ടിനകത്ത് അലങ്കാരച്ചെടികൾ വച്ചിരിക്കുന്ന ട്രേകളിലാണെന്ന് ആരോഗ്യവകുപ്പ്. മണിപ്ലാന്റുകളുടെയും മറ്റ് അലങ്കാരച്ചെടികളുടെയും ചട്ടികൾ കൊതുകു വളരാനുള്ള ഉറവിടമാണ്. മിക്ക വീടുകളിലും കിടപ്പു മുറിക്കുള്ളിൽ വരെ ഇത്തരം ചെടികളുണ്ട്. അവയുടെ ട്രേകളിലും ചട്ടികളിലുമായി തങ്ങി നിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ വേഗത്തിൽ മുട്ടയിട്ടു പെരുകും.

ഇത്തരം കൊതുകുകളുടെ ഉറവിടം നശിപ്പിക്കാനായി ആഴ്ചയിലൊരിക്കൽ ഇന്റീരിയർ പ്ലാന്റുകളുടെ ചട്ടികളടക്കം വീടു വൃത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഞായറാഴ്ചകളിൽ വീടുകൾ കേന്ദ്രീകരിച്ചു ഉറവിട നശീകരണം നടത്താനായി ‘എന്റെ വീട് ഈഡിസ് മുക്തം’ എന്ന പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

പനി, സന്ധിവേദന, തലവേദന, കണ്ണിനു പിറകിലെ വേദന, ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾ തുടങ്ങിയ രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.