Friday 24 December 2021 04:46 PM IST : By സ്വന്തം ലേഖകൻ

‘അഡ്ജസ്റ്റ്മെന്റിന് തയാറാകണം’: ഞാൻ തടിച്ചിരിക്കുന്നതു കൊണ്ടാണോ അയാൾക്ക് അങ്ങനെ തോന്നിയത്: തീർത്ഥയും ഇന്ദുജയും പറയുന്നു

indu-theertha

വാക്കുകൾ കൊണ്ട് മുറിവേൽക്കുന്നവർ ആരാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുള്ളവർ ത ന്നെയാണ്. പലരുടെയും വാക്കുകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പരിഹാസവും കളിയാക്കലും ചെറുചിരിയോടെ അവർ തള്ളിക്കളയുമായിരിക്കും. എങ്കിലും കാലമെത്ര ചെന്നാലും ആ മുറിവുകൾ ഇടയ്ക്കിടെ വിങ്ങിക്കൊണ്ടേയിരിക്കും. ഇതിനെ അതിജീവിച്ച് ജീവിതത്തിലെ ആഗ്രഹങ്ങളെ കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കുന്ന എത്ര പേരുണ്ടാകും? ഇതാ, തീർഥയെയും ഇന്ദുജയെയും കാണാം. നാട്ടുകാർ തങ്ങളുടെ വണ്ണത്തെ കുറിച്ച് വ്യാകുലത പെടുന്നതോർക്കുമ്പോൾ ഇരുവർക്കും ചിരിയാണ്. ആ ചിരിയിലൂടെ അവർ തീർത്തത് ഒരു പ്രതിരോധമാണ്.

‘തടിച്ചി’ വിളികൾ കേട്ടാൽ

ഇന്ദുജ : തടിച്ചി എന്ന വിളിയിൽ ഒളിപ്പിച്ചിരിക്കുന്ന പരിഹാസം, അവഗണന, പുച്ഛം ഇതെല്ലാം വേണ്ടുവോളം വേദനിപ്പിച്ചിട്ടുമുണ്ട്. കുട്ടിക്കാലത്ത് മനസ്സിൽ കയറിക്കൂടിയ ആ ചെറിയ കോംപ്ലക്സ് പ്രായത്തിനൊപ്പം പതിയെ അങ്ങ് വളർന്നു തുടങ്ങി. പ ക്ഷേ, അപ്രതീക്ഷിതമായി ഒരു ബ്രേക്ക്. ആരെയും ഞെട്ടിച്ചു കൊണ്ടുള്ള മാറ്റം... അതാണ് എന്നെ രക്ഷിച്ചത്. ‘നിങ്ങൾക്ക് പോയി പണി നോക്കിക്കൂടെ’ എന്ന് ഉറക്കെ വിളിച്ചു പറയാൻ എന്നു ധൈര്യം കിട്ടിയോ അന്ന് മുതൽ ജീവിതത്തിന് പുതിയ ഭാവമായിരുന്നു.

തീർഥ : ഇതാണ് ഞാൻ. ഇങ്ങനെ ഇഷ്ടപെടുന്നവർ മാത്രം ഇഷ്ടപ്പെട്ടാൽ മതി എന്നു ചിന്തിക്കാൻ മനസ്സ് പാകപ്പെട്ടിട്ട് കാലം കുറേ ആയി.

തലശ്ശേരിയിലാണ് എന്റെ നാട്. എംഎസ്ഡബ്ല്യു കഴി‍ഞ്ഞ് കൊച്ചിയിൽ ജോലി ചെയ്യുമ്പോഴാണ് മോഡലിങ്ങിലേക്ക് വരുന്നത്. ചെറുപ്പം തൊട്ടേ ഒത്തിരി ഇഷ്ടമാണ് മോഡലിങ്. കുഞ്ഞായിരിക്കുമ്പോൾ സാരി ഉടുത്ത്, ലിപ്സ്റ്റിക്കൊക്കെ ഇട്ട് കണ്ണാടിയുടെ മുന്നിൽ നിൽക്കും. അതു കാണുമ്പോഴേ അമ്മ ചോദിക്കും, ‘എന്താ മോഡലാകാനാണോ പരിപാടി’. എന്റെ മനസ്സിൽ ആഗ്രഹം അങ്ങനെ വളർന്നു. കൊച്ചിയിൽ വന്നപ്പോൾ കൂട്ടുകാർ ചോദിച്ചു ‘ഇഷ്ടമാണെങ്കിൽ ഒന്ന് ശ്രമിച്ചു കൂടെ’. അങ്ങനെ ഞാൻ മോഡലിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നു. അവർ ഫോട്ടോ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞെങ്കിലും എന്റെ ഫോട്ടോ മാത്രം എന്തോ എടുക്കുന്നില്ല. ഇനി തടിയുള്ളതു കൊണ്ടാണോ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. അതോടെ വാശിയായി. എന്റെ സുഹൃത്തുക്കളെ കൊണ്ട് ചിത്രങ്ങൾ എടുപ്പിച്ചു സോഷ്യൽ മീഡിയയിൽ ഇടാൻ തുടങ്ങി. അതാണ് ആദ്യത്തെ സ്‌റ്റെപ്പ്.

ഇന്ദുജ : കൊച്ചിക്കാരിയാണ് ഞാൻ. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയാണ് പഠിച്ചതെങ്കിലും ആ രംഗത്ത് എനിക്ക് ശോഭിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ രംഗം വിട്ടു. അതിനു ശേഷം ഓൺലൈൻ ന്യൂസിൽ ജോലി ചെയ്തു. അതും സെറ്റായില്ല. ഈ സമയങ്ങളിലെല്ലാം ഞാൻ സ്ഥിരമായി കളിയാക്കലുകളുടെ ഇരയായിരുന്നു. ‘എന്തൊരു തടിയാണിത്, എന്താണ് തിന്നുന്നത്, വളം ഏതാ...’ ഇതി ൽ ഏതെങ്കിലും ഒരു ചോദ്യം ഇല്ലാത്ത ദിവസം ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം.

കുഞ്ഞിലേ മുതൽ ഈ കളിയാക്കൽ കേട്ട് വളർന്നതു കൊണ്ടാകണം എനിക്ക് അസ്സൽ തൊലിക്കട്ടിയാണ്. പഠിക്കാൻ പോകുമ്പോൾ, പച്ചക്കറി വാങ്ങാൻ പോകുമ്പോൾ എന്തിന് കുടുംബത്തിലെ കല്യാണത്തിന് പോലും സാമാധാനത്തോടെ പോകാൻ വയ്യ.

സുഹൃത്തുക്കൾ കളിയാക്കുന്നവരാണെങ്കിൽ തകർന്നു പോകും. നിരവധി സുഹൃത്തുക്കളിൽ നിന്ന് എനിക്ക് ബോഡി ഷെയിമിങ് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അതിൽനിന്ന് ഉയർത്തെഴുന്നേറ്റ് ഞാൻ സ്വന്തമാക്കിയ കുറച്ച് കൂട്ടുകാരുണ്ട്. അവരാണ് എന്റെ മോട്ടിവേഷൻ.

മോഡലിങ് വഴി സിനിമയിലേക്കും

ഇന്ദുജ : രണ്ടു സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്, തൊട്ടപ്പനും വികൃതിയും. പക്ഷേ, എന്നോടു തന്നെ എത്രയോ സംവിധായകർ പറ‍ഞ്ഞിട്ടുണ്ട്, തടിയുള്ളവരെ അഭിനയിക്കാൻ കിട്ടുമോ എന്നറിയാത്തതു കൊണ്ട് കാരക്ടറിന്റെ സ്വഭാവം തന്നെ മാറ്റിയിട്ടുണ്ടെന്ന്. സ്ലിം മോഡലുകൾ നിരവധിയാണ്. അവർക്കുള്ള അവസരങ്ങൾക്കും കയ്യും കണക്കുമില്ല. തടിയുള്ളവർ മാക്സിമം അവനവനിലേക്ക് തന്നെ ഒതുങ്ങിക്കൂടും. അല്ലെങ്കിൽ സമൂഹം അങ്ങനെയാക്കി മാറ്റും. തടിയുള്ളവർ ഈ സമൂഹത്തിലുണ്ട് എന്ന് വിളിച്ചു പറയാൻ ഞാൻ ഉപയോഗിച്ച മാധ്യമമാണ് മോഡലിങ്. സിനിമയാണ് എന്റെ ലക്ഷ്യം. അഭിനയം എന്നാൽ ജീവവായുവാണ്.

തീർഥ : എനിക്കും സിനിമ തന്നെയാണ് ആഗ്രഹം. പക്ഷേ, സിനിമ ആഗ്രഹിക്കുന്നു എന്നു പറയുമ്പോൾ പലരും മനസ്സിലാക്കുന്നത് നമ്മൾ എന്തിനും തയാറാണെന്നാണ്. ബോക്സോഫിസ് വിജയം നേടിയ ഒരു സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്തതാണ്. ഒരു കാസ്റ്റിങ് ഡയറക്ടർ വഴിയാണത്. നമ്മൾ കണ്ണൂരിലെ ഗ്രാമത്തിലായതുകൊണ്ട് സിനിമാക്കാരെയൊന്നും അത്ര പിടിയില്ല. പക്ഷേ, ആ ചിത്രത്തിലെ നായകന്റെ ഭാര്യാ വേഷത്തിന് ഞാൻ കറക്ടാണ്. ഫോട്ടോ സംവിധായകനും പ്രൊഡ്യൂസർക്കും ഇഷ്ടമായി എന്നൊക്കെ പറഞ്ഞ് അയാൾ വിളിച്ചു. പക്ഷേ, കുറച്ച് അഡ്ജസ്റ്റ്മെന്റിന് തയാറാകണം. ഇതു കേട്ടപ്പോഴേ സംഭവം അത്ര പന്തിയല്ലല്ലോ എന്ന് തോന്നി. അന്വേഷിച്ചപ്പോൾ അങ്ങനെയൊരു കാസ്റ്റിങ് ഡയറക്ടർ തന്നെ മലയാളത്തിലില്ല. ഞാനാകെ ഞെട്ടിപ്പോയി. ആ സിനിമയുടെ സംവിധായകനോട് വരെ ഞാൻ ഫോണിൽ സംസാരിച്ചു കഴിഞ്ഞതാണ്. ഒരു പക്ഷേ, അയാൾ പ്ലാൻ ചെയ്ത് പറ്റിച്ചതായിരിക്കും. പക്ഷേ, ജീവിതത്തിൽ ‘അഡ്ജസ്റ്റ്മെന്റ്’ എന്നൊക്കെയുള്ള വാക്ക് വരെ ആദ്യമായിട്ടായിരുന്നു കേള്‍ക്കുന്നത്. ഞാനിങ്ങനെ തടിച്ചിരിക്കുന്നതു കൊണ്ടായിരിക്കുമോ അയാൾക്ക് അങ്ങനെ തോന്നിയത്?

ഇന്ദുജ : തടിയുള്ളവരെ കണ്ടാൽ ചിലർക്ക് കുറച്ച് ‘വിഷമം’ കൂടുതലാണ് എന്നത് സത്യം. മോഡേൺ വസ്ത്രമിട്ടാൽ ഉ ടൻ വരും കമന്റ് ‘നല്ല കാൽ , എത്രയാ സൈസ് , എന്തൊക്കെയോ തോന്നുന്നൂ...’ എനിക്ക് തന്നെ സോഷ്യൽ മീഡിയയിൽ എത്രയോ പേരോട് കലഹിക്കേണ്ടി വന്നിട്ടു

ണ്ട്. ഞാനെപ്പോഴും കംഫർട്ട് നോക്കി വേഷം ധരിക്കുന്ന ആളാണ്. പക്ഷേ, നാട്ടുകാർക്ക് പിടിക്കില്ല. ‘ഈ വണ്ണവും വച്ച് നിനക്ക് നല്ല ഡ്രസ്സൊക്കെ ഇട്ട് നടന്നൂടെ’ എന്ന് എത്രയോപേർ ചോദിച്ചിരിക്കുന്നു. ആരാണ് മറ്റൊരാളുടെ നല്ല വസ്ത്രവും ചീത്ത വസ്ത്രവും നിർണയിക്കുന്നത്? ഒരു മെലിഞ്ഞ പെണ്‍കുട്ടി എന്ത് വസ്ത്രമിട്ടാലും ചട്ടം പഠിപ്പിക്കാൻ ചെല്ലുമോ?

വണ്ണം പോസിറ്റീവാകുമ്പോൾ

തീർഥ: വണ്ണം എന്തോ വലിയ പാപവും കുറ്റവുമാണെന്ന ചിന്ത നമ്മുടെ സമൂഹത്തിൽ നിന്നും മാറുമെന്ന് തോന്നുന്നില്ല. ഞാൻ ഡ്രസ്സ് വാങ്ങാൻ ഒരു ഷോപ്പിൽ ചെന്നപ്പോൾ സൈസ് ചോദിച്ചു. ഞാൻ പറഞ്ഞു ‘എക്സ്‌എൽ, അല്ലെങ്കിൽ ഡബിൾ എക്സ്‌എൽ.’ അയാൾ അടിമുടിയൊന്ന് നോക്കിയിട്ട് പറഞ്ഞു, ‘കാലിന് നല്ല വണ്ണമുണ്ടല്ലേ, നമുക്ക് ഇറക്കമുള്ള ടോപ്പ് നോക്കാം’. ഞാൻ പറഞ്ഞു, ‘എന്റെ കാലിനല്ലേ വണ്ണം, ടോപ്പിടുന്നത് ഞാനല്ലേ, ചേട്ടൻ വിഷമിക്കുന്നത് എന്തിനാ...?’ എനിക്ക് കംഫർട്ട് ആയ വേഷം എന്തെന്ന് അയാൾ നിശ്ചയിച്ചു കഴിഞ്ഞു. ഇതാണ് അവസ്ഥ.

ഇന്ദുജ : എനിക്ക് ഷോർട്ട് ലെഗ്ഗിങ്സും ടോപ്പും കംഫർട്ടാണ്. അതുതന്നെയാണ് ഇടാറും. പക്ഷേ, കമന്റ് കേൾക്കാത്ത ഒരു ദിവസം പോലും ജീവിതത്തിലുണ്ടായിട്ടില്ല. സ്കൂട്ടറൊക്കെ ഓടിക്കുമ്പോൾ വഴിയരികിൽ നിൽക്കുന്നവരാകട്ടെ, പുറകിലെ വണ്ടിയിൽ വരുന്നവരാകട്ടെ, വെറുതേ കമന്റടിയാണ്. ഒരിക്കൽ ഒരാളെ പുറകേ പോയി പിടിച്ച് കണക്കിന് കൊടുത്തിട്ടുണ്ട്.

തീർഥ : ഞാനാദ്യമായി ഷോർട്സ് ഇട്ട് ഒരു ഫോട്ടോഷൂട്ട് നടത്തി. വളരെ ആഗ്രഹിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഒരാളു പോലും എന്റെ മുഖത്തെ കുറിച്ച് അഭിപ്രായം പറഞ്ഞില്ല. എല്ലാവർക്കും എന്റെ ശരീരത്തെ കുറിച്ചേ പറയാനുള്ളൂ. ആ ചിത്രം പല പേജുകളിലേക്കും ഷെയർ ചെയ്തു. അവസാനം സഹികെട്ട് ആ ചിത്രങ്ങളെല്ലാം നീക്കം ചെയ്യേണ്ടി വന്നു. ഹരാസ് ചെയ്യുന്നവരിൽ സ്ത്രീകളും ഉണ്ടായിരുന്നു എന്നതാണ് അതിശയിപ്പിക്കുന്നത്.

ഇന്ദുജ : പറയുമ്പോൾ ചബ്ബി ചീക്സൊക്കെ ക്യൂട്ടാണ്. പക്ഷേ, സമൂഹം കൽപിച്ചു നൽകിയ വസ്ത്രം മാത്രമേ ധരിക്കാവൂ, അവർ പറയുന്ന പോലെ മാത്രമേ നടക്കാവൂ എ ന്നൊക്കെ നിർബന്ധം സ്ത്രീകൾക്കാണ്. എന്റെ വസ്ത്രധാരണം കണ്ടിട്ട് ‘ഷക്കീല ’ എന്ന് വിളിച്ചവരോട് ഞാൻ താങ്ക്‌യൂ പറഞ്ഞു. കാരണം ഞാനേറ്റവും ബഹുമാനിക്കുന്ന സ്ത്രീയാണവർ.

കാസ്റ്റിങ് കോളിലും സീറോസൈസ്

തീർഥ: സിനിമയുടെ കാസ്റ്റിങ് കോൾ ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാവർക്കും ആവശ്യം മെലിഞ്ഞ പെൺകുട്ടികളെയാണ്. അപ്പോൾ ഞാനാലോചിക്കും, സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കും നായികയെ സങ്കൽപിക്കുമ്പോൾ വണ്ണമുള്ളയാളെ സങ്കൽപിച്ചൂടെ?

ഇന്ദുജ : എന്നെക്കണ്ട് ഒരാളെങ്കില്‍ ഒരാൾ പുറത്ത് വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയാണ് സമൂഹത്തോട് യുദ്ധം ചെയ്യുന്നത്.

ഞാൻ മോഡൽ ആയപ്പോൾ എത്രയോ പേർ മെസേജ് അയച്ചെന്ന് അറിയുമോ, അപ്പോൾ തടിയുള്ളവർക്കും അവസരങ്ങൾ ഉണ്ടല്ലേ എന്ന് ചോദിച്ചിട്ട്. അവർക്കൊക്കെ കുറച്ച് ആത്മവിശ്വാസം നൽകാൻ കഴിഞ്ഞാൽ അതെന്റെ വിജയമാണ്.സോഷ്യൽ മീഡിയ വഴിയാണ് ബോഡി ഷെയിമിങ് ആ ളുകളുടെ വിളയാട്ടം. ഒരിക്കൽ ഒരു ഫൊട്ടോഗ്രഫർ എനിക്ക് ഫോട്ടോ എടുത്തു തരാമെന്ന് പറഞ്ഞു. അടുത്ത ദിവസം അയാളുടെ മേസേജ്.

‘ശരീരം കാണിക്കുന്ന ഒരു ഫോട്ടോ അയയ്ക്കാമോ? ഫോട്ടോഷൂട്ട് പ്ലാൻ ചെയ്യാനാണ്.’ എന്റെ നഗ്നമായ ശരീരം കണ്ട് അയാൾ എന്ത് ഫോട്ടോഷൂട്ടാണ് പ്ലാൻ ചെയ്യാൻ പോകുന്നത്? അന്ന് ഓടിച്ചതാണ് ഈ വെറൈറ്റി ഫൊട്ടോഗ്രഫർമാരെ.

തീർഥ : ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടാൽ അപ്പോൾ വരും സെക്സുമായി ബന്ധപ്പെട്ട കമന്റ്സ്.

കമന്റിടുന്നവർ ഒരിക്കലും ചിന്തിക്കാത്ത കാര്യമുണ്ട്, തടി ഉണ്ടെങ്കിലും ഞങ്ങളും കുടുംബമായി ജീവിക്കുന്നവരാണ്. വീട്ടിൽ അച്ഛനും അമ്മയും ആങ്ങളയുമെല്ലാമുണ്ട്.

വീട്ടിലുള്ള എല്ലാവരോടും ഞാനാദ്യമേ പറ‍ഞ്ഞിട്ടുണ്ട്, ഇങ്ങനെയുള്ളതൊന്നും ശ്രദ്ധിക്കുകയേ വേണ്ടെന്ന്. എന്റെ വലിയ ലക്ഷ്യത്തിലേക്കെത്താനുള്ള ചവിട്ടുപടി മാത്രമാണിതെല്ലാമെന്ന്.

സ്റ്റാഫ് പ്രതിനിധി

ഫോട്ടോ: ബേസിൽ പൗലോ