Saturday 18 April 2020 05:31 PM IST

‘ഫുൾ ടൈം ഓൺലൈൻ’ ;കുട്ടികളിലെ ഇൻറർനെറ്റ് അഡിക്ഷൻ ശ്രദ്ധിച്ചില്ലെങ്കിൽ സ്വഭാവവൈകല്യത്തിലേക്ക് നയിക്കാം

Tency Jacob

Sub Editor

just-one-more-tweet-dad-final-

കുട്ടികളെ വീട്ടിൽ തന്നെ അടക്കിയിരുത്താൻ മൊബൈലും ലാപ്ടോപ്പും ടാബും കൊടുക്കുകയാണ് മിക്ക മാതാപിതാക്കളും ചെയ്യുന്നത്. സമയക്രമം ഇല്ലാതെയുള്ള ഈ ഉപയോഗം കുട്ടികൾ ഇൻറർനെറ്റിന് അടിമപ്പെടാൻ കാരണമാകുന്നു. ഇത് പഠനത്തെ ബാധിക്കുന്നതോടൊപ്പംതന്നെ സ്വഭാവത്തിലും വ്യത്യാസം വരുത്തുന്നുണ്ട്.സ്വഭാവ വൈകല്യവുമായി എത്തുന്ന കുട്ടികളിൽ കൂടിയ ശതമാനം മൊബൈൽ, ടാബ്, കമ്പ്യൂട്ടർ പോലുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ അമിതമായി ഉപയോഗിക്കുന്നവരാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ കൗൺസിലിങ്ങും മറ്റു ചികിത്സാ സഹായങ്ങളും വേണ്ടിവരും. നിങ്ങളുടെ കുട്ടി ഇൻറർനെറ്റ് അഡിക്ടെഡ് ആണോ എന്ന് മനസ്സിലാക്കാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

1. കയ്യിൽ എപ്പോഴും മൊബൈൽ കൊണ്ടുനടക്കുകയും ഇടയ്ക്കിടെ മെസ്സേജ് വരുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക.

2. രാത്രി ദീർഘസമയം ഇൻറർനെറ്റിൽ ചെലവഴിക്കുക.

3. ഇൻറർനെറ്റിൽ ഇരിക്കുമ്പോൾ ഭക്ഷണം കഴിക്കാനോ പഠിക്കാനോ മറ്റുകാര്യങ്ങൾക്കോ വിളിച്ചാൽ ദേഷ്യപ്പെടുക.

4. ഇൻറർനെറ്റ് അമിത ഉപയോഗത്തെ കുറിച്ച് ചോദ്യം ചെയ്യുമ്പോൾ വൈകാരികമായി പ്രതികരിക്കുക.

5. വീട്ടിലുള്ള മറ്റ് ആൾക്കാരോട് അധികം സംസാരിക്കാതെ ഇരിക്കുകയും ഏൽപ്പിക്കുന്ന ജോലികളിലും മറ്റും അലസരാവുകയും ചെയ്യുക.

6. മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ട് എപ്പോഴും ഇൻറർ നെറ്റിന് മുമ്പിൽ ഇരിക്കുക.

7. ഫേസ്ബുക്ക് , വാട്സ്അപ്പ്, ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് എന്നിവ ഇടയ്ക്കിടെ മാറ്റി കൊണ്ടിരിക്കുക.

8. പഠിക്കേണ്ട കാര്യത്തിനല്ലാതെ നീണ്ട സമയം ഇൻറർനെറ്റിൽ ചെലവിടുക.

ഇതെല്ലാം ഇൻറർനെറ്റ് അഡിക്ഷനായതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം. അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ഇൻറർനെറ്റ് ഒഴിവാക്കിക്കൊണ്ടുള്ള പ്രതിരോധം ശരിയായ മാർഗ്ഗമേയല്ല.പഠനങ്ങൾക്കും ആശയവിനിമയങ്ങളും മറ്റുമായി ഇൻറർനെറ്റ് ഉപയോഗം വർധിച്ചുവരുന്ന ഇക്കാലത്ത് അവയെ മാറ്റി നിറുത്തിക്കൊണ്ടുള്ള ബോധവൽക്കരണം സാധ്യമല്ല.

1.കുട്ടികൾക്ക്

ഇൻറർനെറ്റ് ഉപയോഗിക്കുന്നതിന് കൃത്യമായ സമയം നിശ്ചയിക്കുക.നിങ്ങളുടെ മൊബൈലിലെ ഇൻറർനെറ്റ് കണക്ഷൻ പരിധിയിൽനിന്ന് അനുവദിക്കുകയാണെങ്കിൽ ഫോണിൽ സമയം സെറ്റ് ചെയ്തു വയ്ക്കുക. അവർ നെറ്റ് ഉപയോഗിക്കുന്ന സമയം കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.കുട്ടികൾക്ക് ഇൻറർനെറ്റ് ഉപയോഗിക്കാൻ സമയം നിജപ്പെടുത്തുമ്പോൾ മാതാപിതാക്കൾക്കും ആ നിയമം ബാധകമാണ്. അവർ നിങ്ങളെ അനുസരിക്കുന്നില്ല എന്നതിനേക്കാൾ അവർ നിങ്ങളെ ശ്രദ്ധിക്കുന്നു എന്നതിലാണ് കൂടുതൽ ഭയപ്പെടേണ്ടത്.അതുകൊണ്ടുതന്നെ ഗെയിമുകളും മറ്റ് അനാശാസ്യ കാര്യങ്ങളും ഓൺലൈനിൽ ചെയ്യാതിരിക്കാൻ മാതാപിതാക്കളും കരുതേണ്ടതുണ്ട്.

2.കുട്ടികൾ വിവരങ്ങൾ സെർച്ച് ചെയ്യുമ്പോൾ അനാവശ്യ സൈറ്റുകൾ കയറി വരാതിരിക്കാൻ ഗൂഗിളിലും വിൻഡോസിലും യൂട്യൂബിൽ എല്ലാമുള്ള സേഫ്റ്റി ഫിൽട്ടേഴ്സ് മെത്തേഡുകൾ ആക്റ്റീവ് ആക്കുക. അതുപോലെ സോഷ്യൽ മീഡിയകളിലും ധാരാളം സുരക്ഷിത കമാൻഡുകൾ ഉണ്ട്.

3.അവരുടെ ഓൺലൈൻ പ്രവർത്തികൾ നിരീക്ഷിക്കുക. ഇടയ്ക്കിടെ ഫേസ്ബുക്കിലെ ആക്ടിവിറ്റി ബ്ലോഗുകളും ഗൂഗിൾ ഹിസ്റ്ററികളും പരിശോധിക്കുക.

ഒരു കാര്യം സെർച്ച് ചെയ്യുമ്പോൾ ഇടയ്ക്ക് കയറി വരുന്ന പോപ്പപ്പ് മെനുകളെ കുറിച്ചും അവ ഒഴിവാക്കേണ്ടത് എങ്ങനെയെന്നും പറഞ്ഞു കൊടുത്തിരിക്കണം. അതുപോലെ അറിയാത്ത ലിങ്കുകളോ ഇമെയിൽ ഫയലുകളോ ടെക്സ്റ്റുകളോ സോഷ്യൽ മീഡിയ സൈറ്റുകളോ തുറക്കരുതെന്നും വ്യക്തിപരമായ വിവരങ്ങൾ ഷെയർ ചെയ്യേണ്ടതില്ലെന്നും മനസ്സിലാക്കി കൊടുക്കണം.

4.ഓൺലൈൻ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി സംസാരിച്ചിരിക്കണം. ഉപയോഗിക്കുന്ന ചിത്രങ്ങളിലും ഭാഷയിലും പുലർത്തേണ്ട മാന്യതയെ കുറിച്ചും അവരിൽ നിന്ന് പ്രതീക്ഷിക്കുന്ന അച്ചടക്കത്തെ കുറിച്ചും അല്ലാത്തപക്ഷം ഇൻറർനെറ്റ് ഉപയോഗത്തിൽ നിന്ന് വിലക്കുമെന്നും അവർക്ക് ബോധ്യപ്പെടണം.

5.കുട്ടികൾക്ക് അടച്ചിട്ട മുറികളിൽ ഇരുന്ന് ഇൻറർനെറ്റ് ഉപയോഗിക്കാൻ അവസരം കൊടുക്കരുത്.

6. കുട്ടികളെ അടക്കി ഇരുത്താനുള്ള മാർഗമായി ഒരിക്കലും ഇൻറർനെറ്റ് മാറാതിരിക്കട്ടെ. വായന, പൂന്തോട്ട പരിപാലനം, അടുക്കളത്തോട്ടം, വീട്ടിലെല്ലാവരും ഒരുമിച്ചുള്ള കളികൾ എന്നിങ്ങനെ എത്രയോ ക്രിയേറ്റീവായി ചെയ്യാവുന്ന കാര്യങ്ങൾ ഉണ്ട്‌. കുട്ടികളെ ഇതിലെല്ലാം വ്യാപൃതരാക്കാം.

7.അടിക്കുകയോ വഴക്കു വഴക്കു പറയുകയോ ചെയ്യുന്നതിനേക്കാൾ നല്ലത് സമയം കുറേക്കൂടി ക്രിയാത്മകമായി പ്രയോജനപ്പെടുത്താനുള്ള മാർഗങ്ങൾ പറഞ്ഞു കൊടുക്കുക.

(വിവരങ്ങൾക്ക് കടപ്പാട്: കെ സഞ്ജയ്കുമാർ ഗുരുദിൻ IPS)