Thursday 17 May 2018 05:26 PM IST : By സ്വന്തം ലേഖകൻ

വാട്സ് ആപ്പിലൂടെ ചിത്രങ്ങളുപയോഗിച്ച് മാനത്തിന് വിലപേശി; യുവാവിനെ പൂട്ടി മോഡൽ ജേജി ജോൺ

jagee_john

ഫെയ്സ്ബുക്ക് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് വാട്സാപ്പിലൂടെ ദുരുപയോഗം ചെയ്ത യുവാവിനെതിരെ മോഡലും അവതാരകയുമായ ജേജി ജോൺ. 30 മുതൽ 32 വരെ വയസു പ്രായമുള്ള ആൺകുട്ടികളെ വേണം, ഈ ചിത്രത്തിൽ കാണുന്ന സ്ത്രീയ്ക്കാണ് എന്ന രീതിയിൽ ഇവന്റ് കോർഡിനേറ്റർ കൂടിയായ ആയ അനു പാലത്തിങ്കലിനാണ് യുവാവ് ജേജിയുടെ ചിത്രങ്ങളടങ്ങിയ സന്ദേശങ്ങൾ അയച്ചത്. അവർ ഇക്കാര്യം ഫെയ്സ് ബുക്ക് പേജിൽ ഷെയർ ചെയ്തപ്പോഴാണ് ജേജി ഇക്കാര്യം അറിയുന്നത്.

തുടർന്ന് അനുവുമായി സംസാരിച്ച ജേജി തന്റെ ഫെയ്സ്ബുക്ക് പേജിലും ഇക്കാര്യം ഷെയർ ചെയ്തിട്ടുണ്ട്. മോഡലിങ് രംഗത്തുള്ളവരെല്ലാം ശരീരം വിലപറയുന്നവരല്ലെന്ന് മുൻ മിസിസ് തിരുവനന്തപുരവും ഗ്രൂമിങ് സ്റ്റൈലിസ്റ്റ് എക്സ്പേർട്ടും സെലിബ്രിറ്റി ഷെഫുമായ ജേജി പറഞ്ഞു. താൻ ഇത് ഫെയ്സ് ബുക്ക് പേജിൽ ഷെയർ ചെയ്തപ്പോൾ മറ്റു പന്ത്രണ്ടുപേരും യുവാവിനെതിരെയുള്ള പരാതികൾ തന്നോട് പങ്കുവച്ചതായും ജേജി പറയുന്നു. കമ്മീഷണർ ഓഫീസിലെത്തി പരാതി നൽകിയ ജേജി ജോൺ സൈബർ സെല്ലിലും പരാതി നൽകാനൊരുങ്ങുകയാണെന്ന് വനിത ഓൺലൈനോട് പറഞ്ഞു.

അനു പാലത്തിങ്കലും തനിക്ക് നേരെ ഉണ്ടായ മോശമായ പെരുമാറ്റം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.