Wednesday 28 November 2018 05:17 PM IST

14,000 അടിയിൽ നിന്ന് ഒറ്റച്ചാട്ടം! വ്ലോഗർ ജിൻഷ ബഷീർ സ്കൈഡൈവിങിൽ ലോകത്തെ അമ്പരപ്പിച്ച കഥ

Binsha Muhammed

jinsha

‘പതിനാലായിരം അടി ഉയരം... ഏഷ്യയിലെ ഏറ്റവും വലിയ സ്കൈ ഡൈവിംഗ്... ആകെ മൊത്തം ഒരു ഗുമ്മൊക്കെ ഉണ്ട്. പക്ഷേ സമ്മതപത്രത്തിലെ അവസാന വരി ഓടിച്ചു വായിച്ചപ്പോ ജിൻഷയ്ക്ക് ആകെ മൊത്തം ടോട്ടൽ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്. ഈ സാഹസിക പ്രവർത്തിക്കിടെ നിങ്ങളുടെ ജീവന് ഹാനി സംഭവിക്കുകയോ അംഗഭംഗം വരികയോ ചെയ്താൽ ഞങ്ങൾ ഉത്തരവാദികളല്ല’.– തുടക്കത്തിലെ വെറുപ്പിക്കുകയാണല്ലോ ഈ മനുഷ്യൻ. പട്ടായയിൽ നിന്ന് തിരികെ ആലപ്പുഴയിലേക്കുള്ള വണ്ടി പിടിക്കേണ്ടി വരുമോ? ട്രെയിനർ മാറ്റിനെ ജിൻഷ ഒന്നിരുത്തി നോക്കി.

ഇതിനല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ. കെ ജോസഫ് എന്ന ഇന്നസെന്റ് ചേട്ടന്റെ ഡയലോഗാണ് പിന്നെ ഓർമ്മ വന്നത്. കേരളത്തിൽ നിന്ന് കെട്ടും കെട്ടി വന്നതേ ചുമ്മാതങ്ങ് പോകാനല്ല സായിപ്പേ എന്ന് ആത്മഗതം മൊഴിഞ്ഞ് ഒന്നാന്തരം ഒരു ഒപ്പ് അങ്ങ് വച്ചു കാച്ചി. ‘സമ്മതം...നൂറുവട്ടം സമ്മതം.’

‘ഇറ്റ്സ് എ ഫോർമാലിറ്റി ഡിയർ...ഡോണ്ട് വറി...വീ ആർ ഓൾ വിത്ത് യൂ...’–രണ്ടും കൽപ്പിച്ചിരിക്കുന്ന ജിൻഷയ്ക്ക് ആശ്വാസം പകർന്നു മാറ്റിന്റെ വാക്കുകൾ എത്തി. സ്കൈ ഡൈവിംഗിന്റെ പടച്ചട്ട ശരീരത്തിലും നിർദ്ദേശങ്ങൾ മനസിലും ഏറ്റുവാങ്ങി നേരെ വിമാനത്തിലേക്ക്.

പിന്നെ സംഭവിച്ചതിനെ സ്വപ്നമെന്ന് വിളിക്കാനാണ് ജിൻഷയ്ക്കിഷ്ടം. ഗിരിശിഖരങ്ങൾക്ക് മീതേ... മേഘപാളികളെ തൊട്ടുരുമ്മി... പറവകളോട് കിന്നാരം പറഞ്ഞ് പഞ്ഞിക്കെട്ടു പോലെ താഴേക്ക്...

ഇപ്പോഴും ഉണ്ട്, ഇങ്ങനെയും ചില നാടൻ കല്യാണ വിഡിയോകൾ! ശ്രീരാഗം പാടിയെത്തുന്നത് അവതാരകൻ ഹരി

jinsha-1

ലക്ഷങ്ങൾ വരുമാനമുള്ള ബിസിനസ്സ് വിട്ട് സിനിമയിലെത്തി, ജീവിക്കാൻ സീരിയലിലും! രാജേഷ് ഹെബ്ബാർ പറയുന്നു, ആ തീരുമാനത്തെക്കുറിച്ച്

പേടിയെ പടിയടച്ചു പിണ്ഡം വച്ച്...റിസ്കിനു മേൽ റിസ്കെടുത്ത് ജിൻഷ ചാടിയ ആ ചാട്ടം എന്തായാലും വെറുതെയായില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൈഡൈവിംഗ് നടത്തുന്ന ആദ്യ മലയാളിയെന്ന റെക്കോഡ് കണ്ണുംപൂട്ടി ഇങ്ങ് കൂടെപ്പോന്നു. ആ ഹാങ് ഓവറിനു നടുവിൽ നിന്നു കൊണ്ട് ജിൻഷ സംസാരിക്കുകയാണ്. ജീവൻ പണയപ്പെടുത്തി നടത്തിയ ആ ആകാശച്ചാട്ടത്തെക്കുറിച്ച് വനിതാ ഓൺലൈനോട്.

തിരമാലയെ പേടിച്ച പെൺകൊടി

എന്റെ വീട്ടുകാർക്ക് പോലും ഈ ആകാശച്ചാട്ടത്തിന്റെ പേരിൽ പേടിയില്ലായിരുന്നു. ‘യൂ ക്യാൻ ഡിയർ...’ എന്റെ കെട്ടിയവൻ പറഞ്ഞ ആ വാക്കിന്റെ ബലത്തിലാണ് പട്ടായയിലേക്ക് വണ്ടിപിടിച്ചത്– ജിൻഷ പറഞ്ഞു തുടങ്ങുകയാണ്.

jumping-5

തിരമാലയെ പേടിച്ച് പപ്പയുടെ പുറകിലൊളിച്ചിരുന്ന പൊട്ടിപ്പെണ്ണായിരുന്നു ഞാൻ. അങ്ങനെയുള്ള എനിക്ക് ധൈര്യം തന്നത് പപ്പയാണ്. ഒന്നാന്തരം മിലിട്ടറി ഓഫീസറാണ് അദ്ദേഹം. യാത്രകളിൽ അദ്ദേഹം തന്ന ഉപദേശങ്ങൾ, ശാസനകളിൽ ഒളിപ്പിച്ച സ്നേഹം.. എന്നെ തന്റേടവും ധൈര്യവുമുള്ള പെണ്ണാക്കി മാറ്റിയത് അതെല്ലാമാണ്. ഇന്ന് ഞാനീ സാഹസത്തിന് മുതിർന്നുവെങ്കിൽ പപ്പ എനിക്ക് പകുത്തു നൽകിയ ധൈര്യം ഒന്നു കൊണ്ട് മാത്രമാണ്.

യാഥാസ്ഥിതിക മുസ്ലീം കുടുംബങ്ങളിലേതു പോലെ കെട്ടിയിട്ടല്ല പപ്പ ഞങ്ങളെ വളർത്തിയത്. ചൂഷണം ചെയ്യാത്ത വിധമുള്ള സ്വാതന്ത്ര്യം തന്നു, ആവോളം സ്നേഹം തന്നു. പപ്പയ്ക്കു മാത്രമല്ല എന്റെ വീട്ടുകാർക്കുമറിയാം ആ സ്വാതന്ത്ര്യം ഞാൻ ചൂഷണം ചെയ്യില്ലെന്ന്. അവർ നൽകിയ സ്നേഹ പരിലാളനം മാത്രമാണ്... ഇന്നീ ആകാശജാലകം എനിക്കായി തുറന്നിട്ടത്.

പട്ടായയിൽ എന്റെ സ്വപ്നം

jumping-4

‘ദുബായി പോലുള്ള സ്വതവേ എത്തിപ്പെടാൻ എളുപ്പമുള്ള സ്ഥലങ്ങളിൽ സ്കൈഡൈവിംഗ് ഉണ്ടെന്ന് അറിഞ്ഞിട്ടും തായ്‍ലാൻഡിലെ പട്ടായയിലേക്ക് വണ്ടികയറിയത് എന്തിനെന്നായിരുന്നു പലരുടേയും സംശയം. ഈ ആകാശച്ചാട്ടത്തിൽ ഒളിഞ്ഞിരിക്കുന്ന സാഹസികതയിൽ തന്നെ അതിനുള്ള ഉത്തരമുമുണ്ട്. ഏഷ്യയിലെ ഏറ്റവുംവലിയ സ്കൈ ഡൈവിംഗ്, അപകട സാധ്യത കൂടുതൽ ഇതൊക്കെ തന്നെയാണ് എന്നെ ഇതിലേക്ക് അടുപ്പിച്ചത്. ജീവിതത്തിൽ അൽപ സ്വൽപം റിസ്ക്കൊക്കെ വേണ്ടേ...മാഷേ.’– ജിൻഷയുടെ മുഖത്ത് കുസൃതിച്ചിരി.

യാത്രകളോടുള്ള എന്റെ ഇഷ്ടം വീട്ടുകാർക്ക് നന്നേ ബോധ്യമുണ്ട്. സാഹസികതയോടുള്ള പ്രിയം അതിലേറെ ബോധ്യമുണ്ട്. അവർ ഗ്രീൻ സിഗ്നൽ നൽകിയപ്പോൾ പിന്നൊന്നും നോക്കിയില്ല. ‘പ്രിയതമാ...ഞാൻ തിരികെ വരും...’ സിനിമാ സ്റ്റൈലിൽ എന്റെ ചെറുക്കന്‍ ഫൈസലിന് വാക്കും കൊടുത്ത് നേരെ പട്ടായയിലേക്ക് വണ്ടികയറി. ശേഷം സ്ക്രീനിൽ.

പേടിപ്പിക്കല്ലേ സായിപ്പേ

jumping-3

ഡെക്സ് ട്രിപ്പ് എന്ന പട്ടായയിലെ കമ്പനിയാണ് സ്കൈ ഡൈവിംഗ് നടത്തുന്നത്. അവരുടെ ഓഫീസിൽ വച്ചുള്ള എഗ്രിമെന്റ് സൈനിംഗ് ആയിരുന്നു ഏറ്റവും കോമഡി. ‘ഈ സാഹസിക പ്രവർത്തിക്കിടെ നിങ്ങളുടെ ജീവന് ഹാനി സംഭവിക്കുകയോ അംഗ ഭംഗം വരികയോ ചെയ്താൽ ഞങ്ങൾ ഉത്തരവാദികളല്ല’. സ്കൈ ഡൈവിംഗിനു മുന്നേ പൂരിപ്പിച്ച് നൽകേണ്ട സമ്മതപത്രത്തിലെ വാചകങ്ങളാണ്. ,സത്യത്തിൽ അന്നേരം അത് വായിച്ചാൽ ആരുടേയും കിളിപറന്നു പോകും. ഇത് വായിച്ച് സ്കൈ ഡൈവിംഗ് വേണ്ടെന്നു വച്ച് തിരികെ പോയവർ വരെയുണ്ട്. പക്ഷേ നമ്മളങ്ങനെ പേടിച്ചാൽ കൊള്ളില്ലല്ലോ? മുന്നോട്ട് വച്ചകാൽ മുന്നോട്ടു തന്നെ.

jumping-2

സ്കൈ ഡൈവിംഗ് എന്ന കേട്ടപാടെ വണ്ടിയും വള്ളവും എടുത്ത് പുറപ്പെട്ട ചില ഇംഗ്ലീഷുകാരികൾ ഇതൊക്കെ കണ്ട് അന്തം വിട്ടിരിക്കുകയാണ്. ‘ജീവൻ വച്ചുള്ള കളിക്ക് നമ്മളില്ലപ്പാ...’ എന്ന് പറഞ്ഞ് പലരും പിൻവാങ്ങുകയും ചെയ്തു. പക്ഷേ ഇതൊന്നും എന്നെ തളർത്തിയില്ല. ‘എങ്ങോട്ടേക്കാണ് മിസ്റ്റർ ചാടേണ്ടത്’ എന്ന മട്ടിൽ മുന്നോട്ടു പോയി. നമ്മളാരാ...മോൾ

jump-7
jump-6

മേഘങ്ങളെ തൊട്ടുരുമ്മി...

ഏഷ്യയിലെ ഏറ്റവും വലിയ സ്കൈ ഡൈവിംഗ് നടത്തിയ പെൺകൊടി. ഇന്ത്യയിലെ നാലാമത്തെ പെണ്ണ്. റെക്കോഡുകൾ അങ്ങനെ പലതും പിന്നാലെയെത്തി കേട്ടോ. ചുരുക്കി പറഞ്ഞാല്‍ പട്ടായയിൽ നമ്മളൊരു സൂപ്പർസ്റ്റാറായി മാറി. പക്ഷേ അതുക്കും മേലെയായിരുന്നു ആ ആകാശച്ചാട്ടം നൽകിയ അനുഭവം. ഭാരമേതുമില്ലാതെ ഇങ്ങനെ ആകാശത്ത് പറന്നു നടക്കുക എന്നു പറ‍ഞ്ഞാല്‍ അതൊരു വല്ലാത്ത എക്സ്പീരിയൻസ് ആണ് കേട്ടോ. എല്ലാം സ്ലോ മോഷനിലെന്ന പോലെയാണ് നമ്മുടെ മുന്നിൽ തെളിഞ്ഞത്. മേഘപാളികൾ...മഞ്ഞുകണങ്ങൾ...ഗിരിശിഖരങ്ങൾ എല്ലാം നമ്മുടെ കൈക്കുമ്പിളിലെന്ന പോലെ. ഇങ്ങു താഴെ പൊട്ടു പോലെ മനുഷ്യർ. അപ്പൂപ്പൻ താടിയുടെ അത്രയും വലുപ്പത്തിൽ മരങ്ങൾ. വേറേതോ ലോകത്തെത്തിയതു പോലെ. എന്ത് പറഞ്ഞ് വിശേഷിപ്പിക്കണം ആ നിമിഷത്തെ.–ജിൻഷയുടെ വാക്കുകളിലിപ്പോഴും ആ നിമിഷത്തിന്റെ ഹാങ് ഓവർ.

തനിക്കു മുന്നിൽ തുറന്നിട്ട ആ ആകാശ ജാലകവും അതിന്റെ കിസയും ജിൻഷയ്ക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയായിട്ടില്ല. ആ ഹാങ് ഓവർ മാറും മുമ്പേ ജിൻഷയുടെ മൊബൈൽ ഫോൺ ശബ്ദിച്ചു. ‘ടൂർ ഓപ്പറേറ്റർമാരായ ഡെക്സ് ട്രിപ്പിൽ നിന്നാണ് ആ വിളി. 400 കിലോ വീതം ഭാരമുള്ള ഏഴ് കടുവകൾക്കൊപ്പം ഒരു കൂട്ടിൽ. അതാണ് പുതിയ സാഹസികത. പോയേച്ചും വരാം...ജിൻഷ യാത്ര പറഞ്ഞിറങ്ങി.

നായിക അമലാ പോളുമായി വിവാഹ വാർത്ത; വൈകാരികമായി പ്രതികരിച്ച് ’രാക്ഷസന്‍’ നായകന്‍ വിഷ്ണു!

’ചാര്‍ലി’ സിനിമ കണ്ട് വിഷാദരോഗം മാറി; മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്നു പേരിട്ട് ബംഗ്ലാദേശി യുവാവ്!

നിർഭയ കേസിൽ സംഭവിച്ച വീഴ്ചകൾ മറയ്ക്കാൻ അയാൾ ശ്രീയെ ബലിയാടാക്കുകയായിരുന്നു: ഭുവനേശ്വരി

വിവാഹവാർഷിക ദിനത്തിൽ ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം; പ്രിയതമൻ മരണപ്പെട്ടതറിയാതെ യാത്ര തുടർന്ന് ഭാര്യ!

‘സൗന്ദര്യമാണോ നിങ്ങളുടെ പ്രശ്നം, എന്തിനാണ് ഈ കുട്ടിയെ ഇങ്ങനെ കളിയാക്കുന്നത്’; രോഷത്തോടെ കുറിപ്പ്