Saturday 28 September 2019 04:47 PM IST

ജോലി ചെയ്തു മടുത്തുവോ? മാനസിക സമ്മർദം ഇല്ലാതാക്കാൻ വഴിതേടുന്നവർ അറിയേണ്ട കാര്യങ്ങൾ!

Tency Jacob

Sub Editor

_ASP3697-(2)

ജോലി ചെയ്തു മടുത്താണോ ഓഫിസിൽ നിന്ന് വീട്ടിലേക്കു വരുന്നത്? ഓഫിസിലെ ടെൻഷൻ കുടഞ്ഞു കളഞ്ഞ് ഫ്രഷാകാൻ കുറച്ചു മാർഗങ്ങൾ.

1. കാറ്റിനെ കൂട്ടുപിടിച്ചൊരു നടത്തം  

എല്ലാ ദിവസവും വ്യായാമം ശീലമാക്കൂ. ദിവസവും ഒരു മണിക്കൂർ വീതം  ആഴ്ചയിൽ നാലു ദിവസം വ്യായാമത്തിനു  വേണ്ടി മാറ്റി വയ്ക്കണമെന്നല്ല പറഞ്ഞു വരുന്നത്. ശരീരം നന്നായി സ്ട്രെച്ച് ചെയ്യാൻ വേണ്ടിയുള്ള എന്തെങ്കിലും ഒരു എ ക്സർസൈസ് ദിവസവും ചെയ്യുക. പത്തു മിനിറ്റ് അതിനുവേണ്ടി മാറ്റി വയ്ക്കുക. അതു നിങ്ങളുടെ ശാരീരികോന്മേഷം കൂട്ടുമെന്നു മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. പതിവായി യോഗ ചെയ്യാനാകുമെങ്കിൽ വളരെ നല്ലതാണ്. രാവിലെയും വൈകുന്നേരവും അൽപ സമയം നടത്തം ശീലമാക്കുന്നത് മനസ്സിന് ഉന്മേഷം നൽകും.

വ്യായാമം പോലെ തന്നെ പ്രധാനമാണ് ഉറക്കവും. എട്ടു മ ണിക്കൂർ ഉറങ്ങി എണീക്കുമ്പോൾ കിട്ടുന്ന ഉണർവ് ദിവസം മുഴുവൻ ഗുഡ്ഫീൽ നൽകും.

ഓഫിസിൽ നിന്ന് മടുത്താണ് വരുന്നതെങ്കിൽ ചൂടുവെള്ളത്തിൽ ഒന്നു കുളിച്ചശേഷം ഇഷ്ടമുള്ള ആഹാരം കഴിച്ച് നന്നായൊന്ന് ഉറങ്ങുക. എഴുന്നേൽക്കുമ്പോഴേക്കും മടുപ്പെല്ലാം പമ്പ കടക്കും.

2. ഇത് എനിക്ക് ഇഷ്ടമായിരുന്നു

കേട്ടിട്ടില്ലേ പഴമൊഴി? ‘ഉരുളുന്ന കല്ലിൽ പായൽ കെട്ടില്ല, വെറു തെയിരിക്കുന്ന കല്ലിലേ പായൽ കെട്ടൂ.’ അതിന് നല്ല ഉദാഹരണമാണ് കുട്ടികൾ. ശ്രദ്ധിച്ചിട്ടില്ലേ, ഒന്നിനും മടുപ്പില്ലാതെ എന്തു ഉത്സാഹശീലരായാണ്  അവർ നടക്കുന്നത്. പുതിയ കാര്യങ്ങൾ പഠിച്ച്, ഒന്നിൽ നിന്ന് വേറൊന്നിലേക്ക് കുതിച്ച്...

ചെറുപ്പത്തിൽ പഠിക്കണമെന്ന് ആഗ്രഹിച്ച എന്തെങ്കിലും ഉള്ളിൽ ഒളിഞ്ഞു കിടപ്പുണ്ടാകില്ലേ. ഉദാഹരണത്തിന്, സ്കേറ്റിങ്, ആർച്ചറി, നൃത്തം, ചിത്രരചന, പാട്ട് അങ്ങനെ എന്തെങ്കിലും. മനസ്സിൽ കുന്നു കൂടുന്ന മടുപ്പിനെ ഒഴുക്കി കളയാൻ പുതിയതൊന്ന് പഠിക്കുന്നതിലും നല്ലത് വേറൊന്നില്ല. അതുമല്ലെങ്കിൽ ജിമ്മിൽ പോകാം. അര മണിക്കൂർ വർക്കൗട്ട് ചെയ്ത് വീട്ടിലേക്ക് ഫ്രഷായി കടന്നു വരാം.

3. പൂക്കളോട് മിണ്ടി ...

വന്നപാടെ ബാഗെടുത്ത് മൂലയ്ക്കെറിഞ്ഞ് സോഫയിൽ ചടഞ്ഞു കൂടുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി മുതൽ മുറ്റത്തെ റോസാച്ചെടി പൂവിട്ടോ എന്ന് ഒന്നു നോക്കിയാലോ? അല്ലെങ്കിൽ നീല ചെമ്പരത്തി ഇതൾ നീട്ടിയോ എന്ന്? മുഖത്ത് താനെ വിടരും പുഞ്ചിരി. ഗാർഡനിങ് ഇഷ്ടമുള്ളവർക്ക് പൂന്തോട്ടത്തില്‍ ചെലവഴിക്കുന്നത് സ്ട്രെസ് റിലീഫിന് നല്ല ഔഷധമാണ്.

വല്ലാത ക്ഷീണം തോന്നുന്ന ദിവസങ്ങളിൽ മൂഡ് ഓഫാക്കാൻ സാധ്യതയുള്ള ഒരു കാര്യവും മക്കളോടു ചോദിക്കാതിരിക്കുക. ഹോം വർക്ക്, സഹോദരങ്ങൾ തമ്മിലുള്ള അടിപിടി, പരീക്ഷാ പേപ്പർ എന്നിവയെ കുറിച്ചൊന്നും മിണ്ടേണ്ട. പകരം സ്നേഹത്തോടെ അഞ്ചു മിനിറ്റു നേരം അവരോടു വർത്തമാനം പറയൂ. സ്കൂളിലെ വിശേഷങ്ങളും കൂട്ടുകാരോടൊപ്പമുള്ള കളികളെക്കുറിച്ചുമെല്ലാം അവരോടു ചോദിക്കൂ. സന്തോഷം തുളുമ്പുന്ന ഒരാളാക്കിയിട്ടേ അവർ നിങ്ങളെ അവിടെ നിന്ന് എഴുന്നേൽപിക്കൂ. പിന്നെ, നിങ്ങളുടെ ടെംപർ തെറ്റില്ല.

4. മുന്നൊരുക്കങ്ങളില്ലാതെ യാത്ര

യാത്ര മെഡിറ്റേഷന്റെ ഗുണം ചെയ്യും. ഒരു ദിവസം ലീവെടുത്ത് പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ലാതെ യാത്ര പോകൂ... അ ധികം ദൂരത്തേക്കൊന്നും ആകണമെന്നില്ല. തനിയെ ഡ്രൈവ് ചെയ്ത് പോകാവുന്നിടത്ത്, അല്ലെങ്കിൽ ഒരു ദിവസം കൊണ്ടു പോയി തിരിച്ചു വരാവുന്നിടത്തേക്ക്. തിരക്കു പിടിക്കാതെ അലസമായി കാഴ്ചകൾ കണ്ട്, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്... മനസ്സിനെ പുൽമേട്ടിലൂടെ ശാന്തമായൊന്ന് അലയാൻ വിടൂ. മനസ്സ് റിഫ്രഷ് ആകട്ടെ.

പ്ലാൻ ചെയ്ത് കുടുംബവുമൊത്തോ കൂട്ടുകാരുമൊത്തോ യാത്ര പോകാം. അതുപോലെ സഹപ്രവർത്തകരുമൊത്തുള്ള ചെറിയ യാത്രകളും നടത്താം. എങ്ങനെയുള്ള യാത്രകളാണോ നിങ്ങളെ ആനന്ദിപ്പിക്കുന്നത് അത്തരം യാത്രകള്‍ തിര ഞ്ഞെടുക്കുക.

5. ഇഷ്ടമുള്ളത് ഇഷ്ടമുള്ളപ്പോൾ

വായന, സിനിമ, കൂട്ടുകാരോട് സല്ലപിച്ചിരിക്കുന്നത് എന്താണോ നിങ്ങൾക്കിഷ്ടം അതു ചെയ്യുക. വെറുതെ മുറിയിൽ അടച്ചിരിക്കാനാണ് തോന്നുന്നതെങ്കിൽ അങ്ങനെ. ചിട്ടപ്പടിയുള്ള ജീവിതത്തെ ഇടയ്ക്കൊന്ന് താളംതെറ്റിക്കുന്നത് പുത്തൻ ഉന്മേഷം നൽകും.

6. കരിയറിൽ വളരാൻ

ഇപ്പോൾ ചെയ്യുന്നതാണ് അവസാന ജോലി എന്നു ചിന്തിക്കരുത്. പലരും വിചാരിച്ച ഒരു ജോലിയിലെത്തുമ്പോഴേക്കും ഇ നി ഇവിടെനിന്ന് പെൻഷൻ പറ്റി പിരിയാം എന്നു ചിന്തിക്കുന്നവരാണ്. നാളുകൾ കഴിയുമ്പോൾ ആ ചിന്ത നമ്മുടെ വളർച്ചയെ ഇല്ലാതാക്കും.

കരിയറിൽ ഉയർച്ചയുണ്ടാകാൻ എന്തു ചെയ്യണമെന്ന് ചിന്തിക്കൂ. അതിനായി പദ്ധതി തയാറാക്കൂ. അതു നിങ്ങളെ ഉന്മേഷവൻമാരാക്കും. ഈ ജോലിയിലൂടെ എങ്ങനെ വളരാൻ പറ്റും എന്ന് നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുക. പണം മാത്രമല്ല, ജോലി നമുക്ക് തരുന്നത്. നല്ല ബന്ധങ്ങളും അറിവുമൊക്കെ അത് സമ്മാനിക്കുന്നുണ്ട്. അതിലെല്ലാം ആത്മാർഥമായ ഒരു സമീപനമാണെങ്കിൽ ജോലി ഹരമായി മാറും.

_ASP3830

7. പാചകത്തിന്റെ ഗന്ധം

ഏറ്റവും ക്രിയേറ്റീവായ ഒരിടമാണ് അടുക്കള. നല്ല മടുപ്പുള്ള ദിവസം ഇഷ്ടമുള്ള ഭക്ഷണം അല്ലെങ്കിൽ പുതിയൊരു റെസിപ്പി കുക്ക് ചെയ്തു നോക്കൂ. അതിനുള്ള തയാറെടുപ്പു തന്നെ പുതിയൊരുന്മേഷം തരും. വിഭവത്തിന്റെ ഗന്ധം പോലും മടുപ്പിനെ തുടച്ചു നീക്കും. പങ്കാളിയെയും മക്കളെയും പാചകത്തി ൽ കൂട്ടാം. നല്ലൊരു ആനന്ദവേളയായിരിക്കും അത്.

നിങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്ത് ആരാണ്? ജോലി വ ല്ലാതെ മടുത്തുവെന്നു തോന്നുന്ന സമയത്ത് സുഹൃത്തിനെ വിളിച്ച് എവിടെയെങ്കിലും ഒരുമിച്ചു കൂടു. ഇഷ്ടമെങ്കിൽ മറ്റുള്ളവരെ വേദനിപ്പിക്കാത്ത തരത്തിൽ അൽപം പരദൂഷണം വരെയാകാം. ഒരു ഫലൂദയോ, കാൻഡിൽ ലൈറ്റ് ഡിന്നറോ കഴിക്കാം. നിറഞ്ഞു തുളുമ്പി വീഴുന്ന സന്തോഷം നാളുകളോളം നിലനിൽക്കും.

8. വളരെ തിരക്കുള്ള ദിവസങ്ങളിൽ

‘‘ഭക്ഷണം പോലും കഴിക്കാനാകാത്ത അത്ര തിരക്കായിരുന്നു, സീറ്റിൽ നിന്ന് ഒന്നെഴുന്നേറ്റിട്ട് പോലുമില്ല’’ സൗമ്യ വീട്ടിൽ വ ന്നതും ബാഗ് അലക്ഷ്യമായി വലിച്ചെറിഞ്ഞ് ചടഞ്ഞുകൂടി കട്ടിലിൽ കിടന്നു. ഒരു വ്യക്തിയുടെ മാനസിക വൈകാരിക അവസ്ഥ സൈക്കോളജിയുമായി ബന്ധപ്പെട്ടതാണ്. മടുത്തിരിക്കുകയാണെങ്കിൽ നിങ്ങൾ സീറ്റിൽ ചടഞ്ഞുകൂടിയാണ് ഇരിക്കുക. നിരാശ ബാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ നടത്തം തളർന്ന മട്ടിലായിരിക്കും. നിങ്ങളുടെ ഓരോ ചലനവും മനസ്സിലുള്ള വികാരത്തെ എടുത്തു കാണിക്കും. നടപ്പിൽ, ഇരിപ്പിൽ എല്ലാം വ്യത്യാസം വരുത്തിയാൽത്തന്നെ മൂഡ് മാറ്റാം. മടുപ്പ് വന്ന് കീഴടക്കാൻ തുടങ്ങുമ്പോൾ തന്നെ ചടുലമായ ചലനങ്ങളോടെ നടക്കുക. ഒരു പരിധിവരെ അത് നിങ്ങളെ ഉന്മേഷവന്മാരാക്കും.

ടെൻഷൻ വരുമ്പോൾ നമ്മളറിയാതെ തന്നെ നമ്മുടെ ബ്രീതിങ് വേഗത്തിലാകുന്നുണ്ട്. അത് നിയന്ത്രണത്തിലാക്കിയാൽ ടെൻഷൻ മഞ്ഞുപോലെ അലിഞ്ഞു പോകും. ബ്രീത്തിങ് എക്സൈർസ് നല്ല ഉപാധിയാണ്. അതു ചെയ്യുമ്പോൾ ബ്രീത്തിങ്ങിന്റെ വേഗം കുറയുന്നു. ഒപ്പം ടെൻഷനും അകലും.

9. ഈ ജോലി ഇല്ലെങ്കിൽ

പെട്ടെന്ന് ജോലി നഷ്ടപ്പെടുമ്പോൾ അല്ലെങ്കിൽ ജോലിയിൽ നിന്ന് പിരിയുമ്പോൾ ഓഫിസില്‍ നിന്ന് നമുക്ക് കിട്ടുന്ന അവകാശങ്ങളെല്ലാം നഷ്ടപ്പെടുന്നു. ഫോൺ, ലാപ്ടോപ്പ്, കാർ...എന്നാൽ നമ്മുടെ ജോലിയിൽ നിന്ന് നാം ആർജിച്ചെടുത്ത വിലപ്പെട്ടവ ആർക്കും തിരിച്ചെടുക്കാൻ സാധിക്കില്ല.

 നല്ല പെരുമാറ്റം, ജോലി ചെയ്യുന്ന വിഷയത്തിലുള്ള അഗാധമായ അറിവ്, നന്നായി കോർഡിനേറ്റ് ചെയ്യാനുള്ള അറിവ് എല്ലാം നമ്മുടേതു മാത്രമാകുന്നു. തിരിച്ചെടുക്കാൻ പ റ്റാത്ത കാര്യങ്ങൾ ആർജിച്ചെടുക്കാൻ ശ്രമിക്കുന്നതു തന്നെ ആത്മവിശ്വാസം കൂട്ടും. ആത്മവിശ്വാസമുള്ളിടത്ത് മടുപ്പ് എ ത്തിനോക്കുക പോലുമില്ല.

10. നിങ്ങളെ താലോലിക്കൂ

ഉച്ചയ്ക്കുശേഷം അവധിയെടുത്ത് ബ്യൂട്ടി പാർലറിലേക്ക് പോകുക. ഹോട്ട് ഓയിൽ മസാജ്, അല്ലെങ്കിൽ അലോവേര ഫേഷ്യൽ അതുമല്ലെങ്കിൽ പെഡിക്യൂർ ഇതെല്ലാം നിങ്ങളെ റിലാക്സഡാക്കും.

ദേഹത്ത് എണ്ണ പുരട്ടി മസാജ് ചെയ്ത് കുളിച്ച് സുന്ദരിയാകൂ. പിന്നെ, കണ്ണാടിയിൽ മുഖം നേക്കി നിൽക്കുമ്പോൾ നിങ്ങൾക്കു തന്നെ നിങ്ങളോട് ഇഷ്ടം തോന്നും. മടുപ്പിനെ ഇ ല്ലാതാക്കാൻ അതാണല്ലോ വേണ്ടതും.

ബോറടിച്ചാൽ തിരിച്ചടിക്കണം

മിക്കവരും ആഴ്ചയിലൊരിക്കൽ എങ്കിലും പറയുന്ന വാക്കാണ് ‘ബോറടിക്കുന്നു.’ ആവർത്തിച്ച് പണിയെടുത്താൽ മടുപ്പു തോന്നുമെന്ന് പറയുന്നത് തെറ്റാണ്. ജോലി ശ്വാസം എടുക്കുന്നതു പോലെയാകണം. ഒരു താളക്രമം പോലെ ചിട്ടപ്പെടുത്തണം. ഇതെന്തൊരു ജോലി എന്നു കരുതാതെ ആസ്വദിച്ച് ചെയ്താൽ എല്ലാം എളുപ്പമാകും. ജോലിയെക്കുറിച്ച് മടുപ്പു പറയുന്നവരായിരിക്കും സഹപ്രവർത്തകരിൽ കൂടുതൽ പേരും. അത്തരം സംഭാഷണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.

ഒരു യന്ത്രം പോലെ തുടർച്ചയായി ഇരുന്നു ജോലി  ചെയ്യാതെ ഇടയ്ക്ക് എഴുന്നേറ്റു നടക്കാം. ഉച്ചയ്ക്ക് കൂട്ടുകാരോടൊപ്പമിരിക്കുമ്പോൾ യാത്രയ്ക്കിടെ കണ്ട കാഴ്ചകളും വീട്ടിലുണ്ടായ ചെറുതമാശകളും പങ്കുവ യ്ക്കാം. അതു നിങ്ങളുടെ ഊർജം കൂട്ടും. പത്രവാർത്തകളെക്കുറിച്ചും ചുറ്റും നടക്കുന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം സംസാരിക്കാം.

ആത്മവിശ്വാസം തിളങ്ങട്ടെ

‘ഈ വിജയത്തിനു പിന്നിൽ എന്റെ ആത്മവിശ്വാസമാണ്’ പത്താം ക്ലാസിൽ റാങ്ക് നേടിയ കുട്ടി മുതൽ വമ്പൻ ബിസിനസ്സിൽ കോടികൾ കൊയ്യുന്ന  വ്യവസായി വരെ പറയുന്ന ഒരു വാചകമാണിത്. ആത്മവിശ്വാസത്തിന്റെ കൈ പിടിച്ചാണ് അവർ ഓരോ പടിയും കയറിയത്. ആത്മവിശ്വാസം വളർത്താൻ ഇതാ ചി ല വഴികൾ.

∙ ‘നാളെ മുതൽ അഞ്ചിന് ഉണരും’ ഈ കൊച്ചുതീരുമാനം പോലും നിറവേറ്റാനായാൽ മനസ്സിൽ ഒത്തിരി സ ന്തോഷം തോന്നും. നമ്മൾ തീരുമാനിച്ച കാര്യം ചെയ്തു എന്ന ആത്മവിശ്വാസവും. ചെറിയ കാര്യമെന്നോ വലി യ കാര്യമോന്നോ നോക്കേണ്ട, തീരുമാനം  എന്തായാലും അത് പ്രാവർത്തികമാക്കുക. ആത്മവിശ്വാസം വളരാൻ നല്ല വഴിയാണിത്.

∙ ഒരു ഗോൾ ചാർട്ട് വേണം. അതിനനുസരിച്ച് ലക്ഷ്യങ്ങളിലെത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കണം. നല്ലൊരു ജോലിയാണ് ലക്ഷ്യമെങ്കിൽ അതിലേക്കെത്താൻ നിങ്ങൾ ചെയ്യുന്ന പ്രവർത്തികളെല്ലാം എഴുതി വയ്ക്കാം. എത്ര ആപ്ലിക്കേഷൻ അയച്ചു, ഇന്റർവ്യൂവിനു വേണ്ടി അധികമായി എന്തെല്ലാം പഠിച്ചു അങ്ങനെയെല്ലാം.

∙ നിങ്ങളുടെ ഏറ്റവും നല്ല വേർഷൻ ഏതെന്നു തിരിച്ചറിയുക, ആ വേർഷൻ എത്തും വരെ സ്വയം അപ്ഗ്രേഡ് ചെയ്യുക. മറ്റുള്ളവർക്കു കൂടി ഗുണമായി മാറുന്ന മൂല്യങ്ങളിൽ  ഊന്നിനിന്നുള്ള പ്രവർത്തനങ്ങൾ ആത്മവിശ്വാസം കൂട്ടാൻ സഹായിക്കും.

∙ ‘നിന്നെ കൊണ്ട് പറ്റില്ല’ എന്നൊരാൾ പറഞ്ഞാൽ തളരുകയല്ല വേണ്ടത്. അവർ അവരുടെ പരിധി വച്ചാണ് നിങ്ങളുടെ കഴിവിനെ അളക്കുന്നത്. അല്ലാതെ നിങ്ങളെ അംഗീകരിച്ചു കൊണ്ടല്ല. അതിനാൽ സ്വയം വിശ്വസിച്ച് ഉറച്ച മനസ്സോടെ മുന്നോട്ടു പോകുക.

∙ പണം സമ്പാദിക്കാൻ തീരുമാനമെടുത്താൽ എല്ലാ ആഴ്ചയും ഷോപ്പിങ്ങിന് പോകാൻ കഴിയില്ല അല്ലേ. ചി ല തീരുമാനങ്ങൾക്കു വേണ്ടി അൽപം ത്യാഗം വേണ്ടി വരുമെന്നു സാരം. കംഫർട് സോണിൽ നിന്നു മാറി പ്ര യത്നിക്കുന്നത് ആത്മവിശ്വാസം കൂട്ടും. മാത്രമല്ല, ഭാവിജീവിതം സന്തോഷം നിറഞ്ഞതാക്കുകയും ചെയ്യും.

വിവരങ്ങൾക്ക് കടപ്പാട്: മധു ഭാസ്കരൻ,എച്ച്ആർ‌ഡി ട്രെയ്നർ ആൻഡ് പഴ്സനൽ കോച്ച്, എറണാകുളം

Tags:
  • Spotlight
  • Inspirational Story