Thursday 13 August 2020 05:08 PM IST : By സ്വന്തം ലേഖകൻ

സർ പ്ളീസ്... ആളുകൾ അവിടെ കിടന്ന് മരിക്കും ഞങ്ങൾ രക്ഷിക്കട്ടെ; തീ പടർന്നാൽ തീരുന്ന വിമാനത്തിനരികിൽ അവർ; കുറിപ്പ്

karipur-fire-force

സ്വജീവൻ പോലും വകവയ്ക്കാതെ സഹജീവിയുടെ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയ മലപ്പുറത്തിന്റെ സ്നേഹഗാഥ സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ കരിപ്പൂരിൽ വിമാനപകടമുണ്ടയ നിമിഷത്തെക്കുറിച്ച് അഗ്നിശമനാ വിഭാഗം റീജിയണല്‍ ഓഫീസർ അബ്ദുല്‍ റഷീദ് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വിമാനത്തിൽ തീ പടരാനുള്ള സാധ്യത ഉള്ളപ്പോഴും അതൊന്നും വകവയ്ക്കാതെ കൈ മെയ് മറന്നിറങ്ങിയ പ്രദേശ വാസികളെക്കുറിച്ചാണ് അബ്ദുൽ റഷീദിന്റെ വാക്കുകൾ. ‘ഞാൻ അവരോട് വിമാനത്തിന്റെ അടുത്ത് നിന്ന് മാറി നിൽക്കാൻ ആവുന്നത്ര ഉച്ചത്തിൽ വിളിച്ച് പറഞ്ഞു. ഏത് നിമിഷവും തീ പടരാൻ സാധ്യതയുണ്ട്. തീ പിടിച്ചാൽ ഉഗ്രൻ പൊട്ടിത്തെറി ഉണ്ടാവും പ്ലീസ് എല്ലാരും മാറി നിൽക്കൂ. പക്ഷെ ഓടിക്കൂടിയ ആളുകൾ അതൊന്നും വകവെക്കാതെ ഓരോരുത്തരെയായി പുറത്തെത്തിച്ചു കൊണ്ടിരുന്നു.’– അബ്ദുൽ റഷീദ് അനുഭവം പങ്കുവയ്ക്കുന്നു. അബ്ദുൽ റഷീദിന്റെ വാക്കുകളെ ഉദ്ധരിച്ച് ബിനിഷ് മാത്യുവാണ് ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

കരിപ്പൂരിൽ വിമാനപകടമുണ്ടായ നിമിഷം ഓടിയെത്തിയ അഗ്നിശമനാ വിഭാഗം റീജിയണല്‍ ഓഫീസർ അബ്ദുല്‍ റഷീദ് . സ്മരിക്കുന്നു.

ഞാൻ അവരോട് വിമാനത്തിന്റെ അടുത്ത് നിന്ന് മാറി നിൽക്കാൻ
ആവുന്നത്ര ഉച്ചത്തിൽ വിളിച്ച് പറഞ്ഞു.
ഏത് നിമിഷവും തീ പടരാൻ സാധ്യതയുണ്ട്
തീ പിടിച്ചാൽ ഉഗ്രൻ പൊട്ടിത്തെറി ഉണ്ടാവും പ്ലീസ് എല്ലാരും മാറി നിൽക്കൂ.
പക്ഷെ ഓടിക്കൂടിയ ആളുകൾ അതൊന്നും വകവെക്കാതെ
ഓരോരുത്തരെയായി പുറത്തെത്തിച്ചു കൊണ്ടിരുന്നു.

വിമാനത്തിലേക്ക് വെള്ളം ചീറ്റി തുടങ്ങുന്നതേയുള്ളൂ
എങ്ങാനും തീ പടർന്നാൽ എല്ലാം തീരും
അവരിൽ പലരും ഞാൻ പറഞ്ഞത്
കേട്ടിരുന്നു പക്ഷെ ആർക്കും എന്റെ വാക്കുകൾ അനുസരിക്കാനുള്ള മനസ്സുണ്ടായിരുന്നില്ല ....

അവർക്ക് അവരുടെ ജീവനായിരുന്നില്ല വലുത്

വണ്ടി കൊണ്ട് എല്ലാവരോടും വേഗം വരാൻ പറയ് ....
അവർ പരസ്പരം ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു.

അപ്പോഴേക്കും CRPF ന്റെ കുറച്ച് പേർ അവിടേക്ക് പാഞ്ഞടുത്തിരുന്നു.
അവർ ഗയിറ്റ് ചാടി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ തടഞ്ഞു.
" സർ പ്ളീസ് ആളുകൾ അവിടെ കിടന്ന് മരിക്കും
ഞങ്ങൾ രക്ഷിക്കട്ടെ പ്ളീസ്...

ജനങ്ങളുടെ അപേക്ഷ കേട്ട് CRPF
ഭടൻമാർ അന്തം വിട്ട് മാറി നിന്നു രക്ഷാപ്രവർത്തനത്തിൽ അവരോടൊപ്പം ചേർന്നു.

ഓടിക്കൂടിയ നാട്ടുകാരാരും കാഴ്ചക്കാരായി നിന്നില്ല
സെൽഫിയെടുക്കാൻ ആരും നിന്നില്ല
പകരം
ഓടി വന്ന ഒരാൾ രക്ഷാ പ്രവർത്തനത്തിന് തടസ്സമായ തന്റെ പോക്കറ്റിലെ മൊബയിലും പഴ്സും പോക്കറ്റിൽ നിന്നെടുത്ത്
ഒരിടത്തേക്കെറിഞ്ഞു.
അത് നഷ്ടപ്പെടുമോയെന്ന വ്യാവലാതിയേ അയാൾക്കില്ല.

ഞാനിത് പറയുമ്പോൾ നിങ്ങൾക്ക് ഒരു സംശയം തോന്നും ഞാനിതൊക്കെ നോക്കി നിൽക്കായിരുന്നോ എന്ന് ..
അതെ വെള്ളം ശക്തിയായി ചീറ്റു മ്പോൾ ഹോസിന്റെ ഗണ്ണിൽ മുറുകെ പിടിച്ചിരുന്ന വിറക്കുന്ന കൈകൾ (വിറച്ചത് പേടി കൊണ്ടായിരുന്നു അത് എന്റെ ജീവനിലല്ല ആ പാവം സംരക്ഷകരുടേയും യാത്രക്കാരുടേയും ജീവനോർത്ത് )

ആ പാവം മനുഷ്യരുടെ നേരെ വെള്ളം ശക്തിയോടെ വരാതിരിക്കാൻ ഒരു പാട് ഞാൻ ബുദ്ധിമുട്ടിയിരുന്നു
കാരണം അവർ ദൈവ ദൂതരാണ്...

മലപ്പുറം ഭാഷയിൽ പറഞ്ഞാ

ചങ്ങായാളെ ഇങ്ങള് വല്ലാത്ത മനുഷര് തന്നെ
സ്വന്തം ജീവൻ പണയം വെച്ച് അന്യന്റെ ജീവന് വേണ്ടി പൊരുതിയ ആ ഹമുക്കാളെ ഒന്ന് നേരിൽ കാണണം എന്തിനാന്നോ
ഞാൻ കേറിയ ആരാധനാലയങ്ങളിൽ കാണാത്ത ദൈവങ്ങളെ ഒന്നു കൂടെ കാണാൻ...