Wednesday 27 May 2020 03:52 PM IST : By സ്വന്തം ലേഖകൻ

മരണം വിതയ്ക്കും വാതിലുകൾ തുറക്കുമ്പോൾ ഒരു അറിയിപ്പ് നൽകണം; അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നതിൽ രോഷക്കുറിപ്പ്

dam

ദുരന്തം വിതയ്ക്കാൻ സാധ്യതയുള്ള വാതിലുകൾ തുറക്കുമ്പോൾ ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ലക്ഷ്മി സുഭാഷ്.  അരുവിക്കര ഡാമിലെ ആറു ഷട്ടറുകളിൽ അഞ്ചു ഷട്ടറുകളാണ് അർധരാത്രി കാലാവസ്ഥാമുന്നറിയിപ്പോ , ജാഗ്രതാ മുന്നറിയിപ്പോ നൽകാതെ തുറന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിയുടെ കുറിപ്പ്. ഉറങ്ങിക്കിടക്കുന്ന മനുഷ്യന്റെ വീടുകളിലേയ്ക്ക് വെള്ളം ഇരച്ചുകയറുമ്പോൾ പാലായനം ചെയ്യപ്പെടേണ്ടി വരുന്നവേദന സെക്യൂരിറ്റി ഗാർഡുകളും , ഗൺമാൻമാരും ചുറ്റുവട്ടത്തും നിന്ന് സംരക്ഷിക്കുന്ന രാഷ്ട്രീയക്കാർക്കും ,ബ്യൂറോക്രാറ്റുകൾക്കും മനസ്സിലാവില്ലെന്ന് ലക്ഷ്മി രോഷത്തോടെ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഏതു കവാടങ്ങളും തുറക്കപ്പെടേണ്ടത് തന്നെ . പക്ഷേ മരണത്തിലേയ്ക്കുള്ള , ദുരിതത്തിലേക്കുള്ള വാതിലുകൾ തുറക്കുമ്പോൾ ഒരു മുന്നറിയിപ്പുകൊടുക്കണം പാവങ്ങൾക്ക് . ഉറങ്ങിക്കിടക്കുന്ന മനുഷ്യന്റെ വീടുകളിലേയ്ക്ക് വെള്ളം ഇരച്ചുകയറുമ്പോൾ പാലായനം ചെയ്യപ്പെടേണ്ടിവരുന്നവന്റെ വേവലാതി അതുപറഞ്ഞാൽ സെക്യൂരിറ്റി ഗാർഡുകളും , ഗൺമാൻമാരും ചുറ്റുവട്ടത്തും നിന്ന് സംരക്ഷിക്കുന്ന രാഷ്ട്രീയക്കാർക്കും ,ബ്യൂറോക്രാറ്റുകൾക്കും മനസ്സിലാവില്ല.

പരസ്പരം പഴിചാരി ജില്ലാ ഭരണകൂടവും , സർക്കാരും , കോർപറേഷനും രക്ഷപ്പെടുമ്പോൾ അറിയണം ഇതാണ് രാഷ്ട്രീയ ഗിമ്മിക്സ് എന്ന് . അരുവിക്കര ഡാമിലെ ആറു ഷട്ടറുകളിൽ അഞ്ചു ഷട്ടറുകളാണ് അർധരാത്രി കാലാവസ്ഥാമുന്നറിയിപ്പോ , ജാഗ്രതാ മുന്നറിയിപ്പോ നൽകാതെ തുറന്നത് . കരമാനയാറിന്റെ തീരത്തുള്ള നൂറുകണക്കിന്‌ വീടുകളിൽ വെള്ളം കയറി .കളക്ടർ പറയുന്നു റവന്യൂ വകുപ്പിലും , പോലീസിലും വിവരം അറിയിച്ചുവെന്ന് . എന്നാൽ ഇവരറിഞ്ഞാൽ മതിയോ ? ജനം അറിയണ്ടേ ? ഒരു മൈക്ക്‌ അനൗൺസ്‌മെന്റ് നടത്തി ജാഗ്രത നിർദേശം കൊടുക്കാൻ എന്താ കോടികളുടെ പാക്കേജ് വേണമോ? ജനങ്ങളുടെ ജീവനും , സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണവർഗം അതെടുത്തു പന്താടരുത് ? കൃഷി നാശവും , സാമ്പത്തിക നഷ്ടവും ആരു നികത്തും . സെലിബ്രറ്റികൾ കുട്ടുവത്തിലും , ഫയർഫോഴ്‌സിന്റെ റെസ്ക്യൂ സംവിധാനത്തിലും കയറി പാലായനം ചെയ്യുന്നത് കാണുമ്പോൾ നമുക്ക്‌ ട്രോളുകൾ കണ്ട് ആസ്വദിക്കാം . വന്നു വന്ന് ഓഖിയും , പ്രളയവും , പേമാരിയുമെല്ലാം സർക്കാരിന് വരുമാന മാർഗങ്ങളാവുകയാണ് . അല്ലെങ്കിൽ ഇത്തരം ഒരു തോന്ന്യവാസം ഉണ്ടാകുമോ . ഉറങ്ങിക്കിടക്കുന്ന ജനത്തിന്റെ വീടുകളിലേയ്ക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ ഡാം തുറന്നു വിടുമോ ? മഴ തുടങ്ങിയപ്പോഴേ ഷട്ടർ ചെറുതായി ഉയർത്തിത്തുടങ്ങിയിരുന്നെങ്കിൽ ഒട്ടേറെ വെള്ളം ഒഴുകിപോകാനുള്ള സാവകാശം കിട്ടിയേനെ .പിടിപ്പുകേടിന്റെ ഫലങ്ങളെല്ലാം ഒന്നോടെ അശിനിപാതം പോലെ എന്നും വന്നു വീഴുന്നത് സാധാരണക്കാരന്റെ തലയിലേക്കാണല്ലോ ? തേനും പാലും ഒഴുക്കാനും , ലോഡ് കയറ്റാനും വന്ന അതിമാനുഷികനായ അവതാരപുരുഷൻ മുൻമേയർ ബ്രോയും , കോർപറേഷനും തമ്മിലുള്ള നാത്തൂൻപോര് കഴിഞ്ഞദിവസങ്ങളിൽ പുറത്തു വന്നതേ ഉള്ളു . അപ്പോഴാണ് ജില്ലാ ഭരണകൂടവും , കോർപറേഷനും തമ്മിലുള്ള അടുത്തപോര് . വേണമെങ്കിൽ ഇതിന്റെ പേരിലും സർക്കാരിന് ഒരു പിരിവിന്റെ വകുപ്പുണ്ട് ? ബക്കറ്റ് എടുക്കേണ്ടവർക്ക് അതും ആകാം . പക്ഷേ ഓർക്കണം ഏതു തെമ്മാടിത്തരത്തിനും വേണം ഒരു അതിരും , പരിധിയും . അധികമാവരുത് ക്ഷമയെ പരീക്ഷിക്കുകയും അരുത് .