Monday 06 December 2021 11:49 AM IST

‘നമ്മളെന്താ ഒരുമിച്ചല്ലാത്തത് എന്ന്...’ ചിലപ്പോള്‍ അവന്‍ ചോദിക്കും: 27 വയസുതൊട്ട് സിംഗിൾ മദർ: മരിയ പറയുന്നു

Shyama

Sub Editor

maria-dom

കുടുംബം എന്നു പറഞ്ഞാൽ മനസ്സില്‍ തെളിയുന്നൊരു ചിത്രമുണ്ട്. ചെറിയ ക്ലാസുകളിലെ പുസ്തകങ്ങളില്‍ കണ്ട് മനസ്സി ല്‍ പതിഞ്ഞ ചിത്രം. അമ്മ, അച്ഛൻ, അ മ്മൂമ്മ, അപ്പൂപ്പൻ, അനിയത്തി, അനിയന്‍... തുടങ്ങി ഒരുപാടു പേരുണ്ട് അവിെട.

കാലം ഇത്ര മാറിയിട്ടും അമ്മയും കുട്ടിയും മാത്രം സന്തോഷത്തോെട ജീവിച്ചാല്‍ അതു കുടുംബമാണെന്നു പറയാന്‍ മടിയാണ് പലർക്കും. അച്ഛനും കുട്ടിയും േചര്‍ന്നു താമസിക്കുന്നതും ആണും പെണ്ണും മാത്രം കൂട്ടായി ജീവിക്കുന്നതും ട്രാൻസ് വ്യക്തികളുെട കൂട്ടായ്മയും ഒക്കെ ‘കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന കുടുംബ’ങ്ങള്‍ തന്നെയെന്ന് ഒരിടത്തും പരാമർശിക്കുന്നില്ല. മാറ്റങ്ങൾ ഉൾക്കൊണ്ട് നിർവചിക്കാൻ കഴിയാത്തി ടത്തു നിന്നു തന്നെ നമ്മൾക്കു ‘സിംഗിൾ മദേഴ്സി’നെ കുറിച്ചു സംസാരിച്ചു തുടങ്ങാം.

വിവാഹബന്ധം വേർപിരിഞ്ഞ് കുഞ്ഞിന്റെ ചുമതല സ്വയം ഏറ്റെടുത്ത് ജീവിക്കുന്ന നാല് അമ്മമാര്‍. ‘നിങ്ങൾ പൂർണരല്ല’, ‘നിങ്ങൾക്ക് യഥാർഥ സന്തോഷമുണ്ടാ കില്ല, നിങ്ങൾ കുഞ്ഞിന്റെ ജീവിതം കൂടി ഓർക്കണം’ തുടങ്ങിയ ആവലാതികൾ നേരിട്ടും അല്ലാതെയും കേ ൾക്കേണ്ടി വരുന്ന അമ്മമാരുടെ പ്രതിനിധകളാണിവർ.

വരച്ചിട്ട കളത്തിനുള്ളിൽ ജീവിക്കുന്നവരെ മാത്രം സ്നേഹിക്കുന്ന സമൂഹത്തോട് പടവെട്ടി, സ്വന്തം കാര്യം നോക്കി തന്റേടത്തോടെ ജീവിക്കുന്ന അവർ ഇനി ബാക്കി പറയട്ടെ...

സന്തോഷം നിറയുന്ന വീട്– മരിയ ഡോമിനിക്

ഇരുപത്തി രണ്ടാമത്തെ വയസ്സിലായിരുന്നു കല്യാണം. രണ്ടു വര്‍ഷം കഴിഞ്ഞു മോനുണ്ടായി. ജോർജി. 2017 തുടക്കത്തിലാണ് ഞാനും ഭര്‍ത്താവും വേർപിരിയുന്നത്. 27വയസ്സു തൊട്ട് ഞാൻ സിംഗിൾ മദറാണ്. ചെന്നൈയിലായിരുന്നു താമസം. ഇപ്പോള്‍ കോട്ടയത്ത് എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം.

ഇവിെട കണ്ടാലുടന്‍ നാട്ടുകാരുെട ആദ്യ ചോദ്യം ‘ചെന്നൈയിൽ നിന്നു വന്നോ...? എപ്പോഴാ തിരിച്ചു പോകുന്നേ?’ എന്നാണ്. ആദ്യമൊക്കെ ഞാൻ കള്ളം പറഞ്ഞിരുന്നു. സിംഗിൾ മദർ എന്നു തുറന്നു പറയാൻ ബുദ്ധിമുട്ട്. അപ്പോഴും വീട്ടുകാർ വളരെയധികം സപ്പോർട്ട് തന്നു. ഒരിക്കല്‍ അപ്പ എന്നോടു ചോദിച്ചു, ‘എന്തിനാ നീ ഇങ്ങനെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നേ? എനിക്കും നിനക്കും അറിയാം നീയാണ് ശരിയെന്ന്. അപ്പോ പിന്നെ തുറന്നങ്ങ് പറ.’

അപ്പ തന്ന ആ ധൈര്യം വളരെ വലുതായിരുന്നു. അതിനു ശേഷം ‘ഞങ്ങൾ വേർപിരിഞ്ഞു, ഇനി തിരികെ പോകുന്നില്ല’ എന്ന് ആത്മവിശ്വാസത്തോടെ പറയാൻ തുടങ്ങി. ആ തുറന്നു പറച്ചിൽ തന്നെ വല്ലാത്ത ധൈര്യം തന്നിട്ടുണ്ട്. ചോദ്യങ്ങളും കുറഞ്ഞു തുടങ്ങി.

മുൻഭർത്താവിനും എനിക്കുമായി ധാരാളം കോമൺ ഫ്രണ്ട്സ് ഉണ്ട്. അവരുടെയൊക്കെ ചടങ്ങുകൾക്ക് പോകുമ്പോൾ അദ്ദേഹവും അവിെടയുണ്ടാകും. ഇതു കാണുമ്പോള്‍ ചില അകന്ന ബന്ധുക്കള്‍ അമ്മയെ വിളിച്ചു പറയും, ‘മരിയയോട് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കാൻ പറ’ അതിനൊക്കെ അപ്പോത്തന്നെ അമ്മ നല്ല ചുട്ടമറുപടി തിരിച്ചും കൊടുക്കും.

ഞാൻ സോഷ്യൽ മീഡിയ മാർക്കറ്റിങ് വഴിയാണ് വരുമാനം കണ്ടെത്തുന്നത്. കല്യാണം കഴിഞ്ഞ ശേഷം ജോലിക്കു പോകാനൊന്നും സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ പുതിയ ജോലി നോക്കുന്നുണ്ട്.

അവിചാരിതമായിട്ടാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഞാനും മകൻ ജോർജിയു മായായുള്ള ഫോട്ടോസ് ഇടുകയും ഞാൻ സിംഗിൾ മദറാ ണെന്ന് തുറന്നു പറയുകയും ചെയ്യാറുണ്ട്. ഒരുപാടാളുകൾ സംസാരിക്കും. ഞാൻ ആരെയും ജഡ്ജ് ചെയ്യാറില്ല, അതാകാം ആളുകൾ തുറന്ന് സംസാരിക്കുന്നത്.

maria-2

ഞങ്ങൾക്ക് സന്തോഷത്തിന് കുറവില്ല

മറ്റേതൊരു കുടുംബത്തിലേ പോലെയുള്ള സന്തോഷവും ദുഃഖവുമൊക്കെയാണ് എനിക്കും എന്റെ മോനും ഉള്ളത്. അവനിപ്പോള്‍ ഏഴു വയസ്സായി. അമ്മ മാത്രം നോക്കുന്നതു കൊണ്ട് ദുഃഖം മാത്രം എന്നൊരു നിർവചനം ഒന്നുമില്ല, അതൊക്കെ പൊള്ളയായ ചിന്തകളാണ്.

മോനോട് ഒരിക്കലും അച്ഛന്റെ കുറ്റം പറഞ്ഞിട്ടില്ല. ചിലപ്പോള്‍ അവന്‍ ചോദിക്കും, ‘നമ്മളെന്താ ഒരുമിച്ചല്ലാത്തത് എന്ന്...’ അന്നേരം ഞാന്‍ പറയും ‘സന്തോഷമായി ജീവിക്കാനല്ലേ നമ്മൾ ഒരുമിച്ച് താമസിക്കുന്നത്. അപ്പയും അമ്മയും ഒരുമിച്ചു ജീവിച്ചപ്പോള്‍ ഹാപ്പി ആയിരുന്നില്ല. അതുകൊണ്ട് ഞങ്ങളോർത്തു രണ്ട് വീട്ടിൽ മാറി നിന്നു പരസ്പരം നോവിക്കാതെ സന്തോഷമായിട്ടിരിക്കാം എന്ന്. മോനിപ്പോള്‍ അമ്മയ്ക്കൊപ്പം നിൽക്കുമ്പോൾ ഹാപ്പിയല്ലേ? വല്ലപ്പോഴും പപ്പയെ കാണുമ്പോഴും ഹാപ്പിയല്ലേ? ഒരുമിച്ച് നിന്നിരുന്നെങ്കിൽ ഇത്രയും സമാധാനവും സന്തോഷവും നമുക്കാർക്കും ഉണ്ടാകില്ലായിരുന്നു...’

മോന്‍ ഇതൊക്കെ പയ്യപ്പയ്യെ മനസ്സിലാക്കി വരുന്നു. അ വന്റെ പപ്പ വീണ്ടും കല്യാണം കഴിച്ചപ്പോൾ മാത്രം സങ്കട മുണ്ടായിരുന്നു. ഇപ്പോ അതും മാറി.

ഞാൻ ഇൻഫ്ലുവൻസറായതു കൊണ്ട് ഫോട്ടോസ് പോസ്റ്റ് ചെയ്യുമ്പോഴൊക്കെ ആവശ്യമില്ലാത്ത കമന്റുമായി വ രുന്നവരുണ്ട്. ഒരു പെണ്ണ് കരഞ്ഞോണ്ടിരുന്നാൽ സന്തോഷിക്കുന്നവരാണ് കൂടുതലും. പക്ഷേ, എന്റെ കുഞ്ഞിന്റെ സന്തോഷം പോലെ തന്നെ സ്വന്തം സന്തോഷത്തിനും വില കൊടുക്കുന്ന ആളാണ് ഞാൻ.

മകൻ ഉണ്ടെന്നു കരുതി, എന്റെ സ്വപ്നങ്ങളേയും ആഗ്രഹങ്ങളേയും ഒന്നും കോംപ്രമൈസ് ചെയ്യാറില്ല. മക്കള്‍ക്കു വേണ്ടി അമ്മമാർ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാറ്റി വച്ച് ജീവിക്കണം എന്നൊക്കെ പറയുന്നത് അറുപഴഞ്ചൻ ചിന്താഗതിയാണ്. എന്തുകൊണ്ടാണ് അച്ഛന്മാരോട് സമൂഹം ഇങ്ങനെയൊന്നും ഉപദേശിക്കാത്തത്? സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾക്ക് നല്ല മറുപടി കൊടുക്കും. മോശമായി മെസേജ് അയക്കുന്നവരെ നന്നാക്കിയെടുക്കണം എന്നൊരു ചിന്തയില്ലാത്തതു കൊണ്ട് അങ്ങ് ബ്ലോക്കും ചെയ്യും.

maria-1