Wednesday 12 May 2021 01:25 PM IST

കോവിഡ് ഭീതിയില്‍ ഫോഗിങ്ങ് കൊള്ള നടത്തുന്നവര്‍ക്ക് മറുപടി: 75 പൈസ നിരക്കില്‍ നാടൊട്ടുക്കും മൃദുലിന്റെ നന്മ: ഹൃദയം നിറച്ച്

Binsha Muhammed

fogg

കണ്‍മുന്നില്‍ കാണുന്ന കാഴ്ചകളെല്ലാം വേദനകളുടേതാണ്. മരണവും, ആര്‍ത്തനാദങ്ങളും കണ്ട് ഈ കോവിഡ് കാലത്ത് വിറങ്ങലിച്ച് നില്‍പ്പാണ് നാട്. സ്വന്തം നിഴലിനെ പോലും വിശ്വാസമില്ലാത്ത തരം ഭീതിയാണ് ഈ കോവിഡ് കാലത്ത് പലരേയും പിടികൂടുന്നത്.അദൃശ്യനായ കൊലയാളിയെ പോലെ കോവിഡ് ചുറ്റുമുണ്ടോ എന്നതാണ് പലരുടേയും ഭയം. വരിഞ്ഞുമുറുക്കിയ ആ പേടിയുടെ ചങ്ങലകളെ പൊട്ടിക്കാനാണ് ഇവരെത്തുന്നത്. നാടും നഗരവും വീടും മുറ്റവും എല്ലാം അണുവിമുക്തമാക്കുക എന്നത് ജീവിതവ്രതമാക്കുന്ന ഈ ദമ്പതികളുടെ പേര് മൃദുല്‍-ശരണ്യ. എറണാകുളം പറവൂര്‍ സ്വദേശികള്‍. കോവിഡ് ഭീതി മുതലാക്കി സ്‌ക്വയര്‍ഫീറ്റിന് കൊള്ളവില ഈടാക്കുന്നവരുടെ കാലത്ത് കേവലം തുച്ഛമായ തുകയില്‍ ക്ലീനിങ്, ഫോഗിങ്ങ് ജോലികള്‍ ചെയ്യുന്ന ഇവര്‍ ഒരു നാടിന്റെ ആശ്വാസവാഹകരായ കഥയാണ് ഇത്. സോഷ്യല്‍ മീഡിയയുടേയും വിശിഷ്യാഎറണാകുളം സ്വദേശികളുടേയും ഹൃദയം കവര്‍ന്ന അവരുടെ വൈറല്‍ജോലിയെക്കുറിച്ച് മൃദുല്‍ തന്നെ മനസു തുറക്കുന്നു.

നാടാകെ പടരുന്ന നന്മ

ഇങ്ങനെയൊക്കെ സേവനം ചെയ്യാന്‍ ഒരു കോവിഡ് വേണ്ടി വന്നു എന്നതാണ് സത്യം. കോവിഡിന്റെ ആദ്യതരംഗത്തിലെ ഇരയായിരുന്നു ഞാന്‍. ശാരീരിക അവശതകളും പേറി പേടിയോടെ വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴാണ് ഇങ്ങനെയൊരു സര്‍വീസിനെ കുറിച്ച് ചിന്തിച്ചത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആകെയുണ്ടായിരുന്ന മെക്കാനിക്ക് പണിയും കോവിഡ് കാലത്ത് പണിമുടക്കിയ മട്ടിലായി. അതോടെ ക്ലീനിങ്ങ് ജോലിക്കിറങ്ങാം എന്നുറപ്പിച്ചു. മാന്യമായൊരു വരുമാനം, സമൂഹത്തിന് ഗുണമുള്ള കാര്യം. ഈ രണ്ടു കാര്യങ്ങളേ ചിന്തിച്ചിരുന്നുള്ളൂ- മൃദുല്‍ പറയുന്നു.

നാട്ടുകാര്‍ കോവിഡിനെ പേടിച്ചത് കുറേ പേര്‍ മുതലാക്കി രംഗത്തിറങ്ങിയിരുന്നു. സ്വക്വയര്‍ ഫീറ്റിന് 2 രൂപ വരെ ഈടാക്കിയാണ് പലരും ഫോഗിങ്ങ് ക്ലീനിങ്ങ് ജോലികള്‍ ചെയ്തിരുന്നത്. അതായത് 1500 സ്‌ക്വയര്‍ ഫീറ്റുള്ള ഒരു വീട് മുഴുവന്‍  ഫോഗിങ്ങ് ചെയ്യുമ്പോള്‍ തന്നെ മൂവായിരം രൂപയോളം ആകും. വരുന്നവരുടെ ചെലവ് വേറെ. ഇതോടൊപ്പം വീട്ടു പരിസരം ക്ലീന്‍ ചെയ്യാനുള്ള കൂലിയും വേറെ ഈടാക്കും. സാധാരണക്കാരന് ഒരു പക്ഷേ അത് താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. കോവിഡിന് പണക്കാരന്‍ പാവപ്പെട്ടവന്‍ വേര്‍തിരിവൊന്നും ഇല്ലല്ലോ?  കൊള്ളലാഭം കൊയ്യുന്നവരുടെ ഇടയില്‍ മാതൃകപരമായി പ്രവര്‍ത്തിക്കണമെന്നു തോന്നി. 

പതിനായിരംരൂപയോളം മുടക്കി ഫോഗിങ് മെഷീന്‍ വാങ്ങി. പ്രവര്‍ത്തന രീതികള്‍ പഠിച്ചു. ആദ്യം കൊച്ചിയിലും പരിസര പ്രദേശത്തും ഞങ്ങളുടെ  നിര്‍വേദ് എന്ന പേരുള്ള സാനിറ്റൈസിംഗ് സേവനം പോസ്റ്ററിലൂടെ പരിചയപ്പെടുത്തി. അന്ന് കാര്യമായ മറുപടികള്‍ ലഭിച്ചിരുന്നില്ല. പിന്നീട് സുഹൃത്തുക്കളുടെ വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയുമാണ് കൂടുതല്‍ പേരിലേക്കെത്തിയത്. പഞ്ചായത്ത് ഇടപെട്ടും ആശാവര്‍ക്കര്‍മാരിലൂടെയും കൂടുതല്‍ വര്‍ക്കുകള്‍ ഞങ്ങള്‍ക്ക് കിട്ടിയത് സ്വീകാര്യതയ്ക്കുള്ള തെളിവായി. 

കൊള്ള ചെയ്തുള്ള ലാഭം എനിക്കു വേണ്ട എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. ഒരിക്കല്‍ പോലും നാട്ടുകാരുടെ കോവിഡ് ഭീതിയെ മുതലാക്കാന്‍ ശ്രമിച്ചിട്ടില്ല.  സ്‌ക്വയര്‍ഫീറ്റിന് 75 പൈസ മാത്രമാണ് ഞാന്‍ ഈടാക്കുന്നത്. 1500 സ്വക്വയര്‍ ഫീറ്റുള്ള വീട് ഫോഗിങ് ചെയ്യാന്‍ ഞാന്‍ വെറും 1000രൂപയില്‍ താഴെ മാത്രമേ ചാര്‍ജ് ചെയ്യുന്നുള്ളൂ. 

സില്‍വോക്‌സ് 150എന്ന അംഗീകൃത ലായനിയാണ് ഫോഗിങ്ങിനായി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍തന്നെ ഉത്പാദിപ്പിക്കുന്ന ലായനിയാണത്. ഹൈഡ്രജന്‍ പെറോക്‌സൈഡും സില്‍വര്‍ നൈട്രേറ്റുമാണ് അടങ്ങിയിരിക്കുന്നത്. നല്ലൊരു ശതമാനം വൈറസുകളെയും സൂക്ഷ്മാണുക്കളും ഹാനികരവുമായ ബാക്ടീരിയകളെയും ഇത് നശിപ്പിക്കുമെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചുറ്റുപാട് വൃത്തിയാക്കാന്‍ സോഡിയം ഹൈഡ്രോക്ലോറൈഡ് മിശ്രിതമാണ് ഉപയോഗിക്കുന്നത്. 

കോവിഡിന്റെ രണ്ടാം തരംഗത്തിലും സേവനത്തിന് ഞങ്ങള്‍ കൊള്ളലാഭം ഈടാക്കുന്നില്ല. മിതമായ നിരക്കില്‍ എല്ലായിടത്തും സേവനം എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഒരുഘട്ടത്തില്‍ തൃശൂര്‍ വരെ ഞങ്ങള്‍ ഓടിയെത്തിയിട്ടുണ്ട്. ബൈക്കിലാണ് യാത്ര. മോശമല്ലാത്ത ഭാരമുള്ള മെഷീനും പേറി പോകേണ്ട ഘട്ടങ്ങളില്‍ഭാര്യ ശരണ്യയുംകൂട്ടിനെത്താറുണ്ട്. അവള്‍ കൂടി ഉള്ളതുകൊണ്ടാണ് മടുപ്പില്ലാതെ ഇപ്പോഴും നാനാദിക്കില്‍ ഓടിയെത്തുന്നത്. ചെയ്തതും ഇനി ചെയ്യാന്‍ പോകുന്നതും മഹാകാര്യമായി കരുതുന്നേയില്ല. നാടിനു വേണ്ടിചെയ്യുന്നതില്‍ അഭിമാനമേയുള്ളൂ.- മൃദുല്‍ പറഞ്ഞുനിര്‍ത്തി.

മൃദുലിന്‍റെ കോണ്ടാക്റ്റ് നമ്പര്‍- 8891851297