Friday 17 December 2021 02:47 PM IST : By സ്വന്തം ലേഖകൻ

വെള്ളക്കുപ്പി ചുമന്ന് ആ സാധു ഉണ്ടാക്കിയ കാശാണ്: 77000 രൂപ പറ്റിച്ചു കൊണ്ടുപോയ മുതലാളി: കണ്ണീർക്കഥ

murukan

കണ്ണിൽച്ചോരയില്ലാത്ത ചൂഷണത്തിന്റെയും ചതിയുടേയും കഥകൾ പറയാനുണ്ട് പ്രവാസലോകത്തിന്. പരസ്പര വിശ്വാസങ്ങളെ കാറ്റിൽപ്പറത്തി സ്വാർത്ഥലാഭത്തിനു വേണ്ടി ചതിക്കുന്ന എത്രയോ പേർ വലിയ ഉദാഹരണങ്ങളായ് നമ്മുടെ മുന്നിലുണ്ട്. കണ്ണടച്ചു വിശ്വസിച്ച മുതലാളിയുടെ വഞ്ചനയ്ക്കിരയാകേണ്ടി വന്ന മുരുകേശന്റെ കഥ പറയുകയാണ് മാധ്യമപ്രവർത്തകനായ നസീൽ വോയ്സി.

‘പതിനെട്ടും ഇരുപതും ലിറ്റർ വെള്ളത്തിന്റെ കാനുകൾ ഗോഡൗണിൽ നിന്ന് ലോറിയിൽ കയറ്റി, ഓരോ കെട്ടിടത്തിനു മുന്നിലുമെത്തുമ്പോൾ ട്രോളിയിലും മറ്റുമായിറക്കി, തോളിലേറ്റിയും മറ്റും ഫ്ലാറ്റുകളിലെത്തിക്കുന്നതാണ് മുരുകേശണ്ണന്റെ ജോലി. വ്യത്യസ്ത റൂട്ടുകളിൽ കുറേ ബിൽഡിങ്ങുകളിലായി സ്ഥിരം കസ്റ്റമേഴ്സുണ്ടാവും. അവശ്യമനുസരിച്ച്, ഓരോ റൂട്ടിനും ഓരോ ദിവസമാണ്. ദിവസം പതിനഞ്ച് - പതിനാറ് മണിക്കൂർ ജോലിയുണ്ടാവും, ശമ്പളം 1500 ദിർഹമും താമസവും! ഇങ്ങനെ ചോര നീരാക്കിയുണ്ടാക്കിയ പൈസയാണ് ചതിയിലൂടെ നഷ്ടം വന്നിരിക്കുന്നത്.’– നസീൽ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

തിരുച്ചിറപ്പള്ളിക്കാരൻ മുരുകേശണ്ണനാണ് സ്ഥിരമായി ഫ്ലാറ്റിൽ കുടിവെള്ളം കൊണ്ടുതരുന്നത്. എട്ടും പത്തും വാട്ടർകാൻ വലിച്ചു വരുമ്പോഴും, രണ്ടെണ്ണം തോളിൽ കയറ്റിനിൽക്കുമ്പോഴുമെല്ലാം ചിരിച്ചു കൊണ്ട് നിൽക്കുന്ന, കുശലം പറയുന്ന ഒരു മനുഷ്യൻ. പറയാൻ വിട്ടുപോയാലും മറക്കാതെ വെള്ളം വാതിൽക്കലെത്തിക്കുന്ന ഒരാൾ.

കുറേ നാൾ കൂടിയാണ് മുരുകേശണ്ണൻ നാട്ടിൽ പോയത്. ഒന്നു രണ്ടു മാസം നിൽക്കുമെന്നൊക്കെ യാത്രപറയുമ്പോൾ പറഞ്ഞിരുന്നു. മൂന്നാഴ്ചക്കിപ്പുറം കുടിവെള്ളം വരുന്ന ബുധനാഴ്ച, വാതിലിലൊരു മുട്ടു കേട്ടു നോക്കുമ്പോൾ ദാ നിൽക്കുന്നു നാട്ടിൽ പോയ ആൾ! പുതിയ മുതലാളി നിർത്താതെ വിളിച്ചോണ്ടിരുന്നിട്ട് പെട്ടെന്ന് തിരിച്ചു പോന്നതാണ്.

കഥയൊക്കെ പറഞ്ഞ് പോകാൻ നേരം, ആൾ, അയാളുടെ "പഴയ മുതലാളിയുടെ നാടറിയാമോ" എന്ന് ചോദിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയായ ഒരാളായിരുന്നു മുൻപ് മുരുകേശണ്ണന്റെ മുതലാളി. കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്.

"അറിയാല്ലോ, കുറച്ചു ദൂരമുണ്ടെന്നേയുള്ളൂ" എന്ന് പറഞ്ഞു.

കാര്യമന്വേഷിച്ചപ്പോഴാണറിഞ്ഞത്, ഈ പാവത്തിന് കൊടുക്കാനുള്ള പൈസ കൊടുക്കാതെയാണ് അയാൾ റൂട്ടും ലോറിയും വിറ്റ്, എല്ലാം മതിയാക്കി നാട്ടിലേക്ക് പോയത്! ആദ്യം നാട്ടിലെ അക്കൗണ്ടിലിടാം എന്നൊക്കെ പറഞ്ഞു, ഇപ്പോൾ അണ്ണന്റെ നമ്പർ ബ്ലോക്കാക്കിയത്രേ!

ഒരു മാസത്തെ ശമ്പളവും വിസയടിക്കാനെന്ന പേരിൽ തിരിച്ചുതരാമെന്നുറപ്പിൽ വാങ്ങിയതുമടക്കം 3750 ദിർഹം (ഏകദേശം 77000 രൂപ) മുരുകേശണ്ണന് പഴയ മുതലാളിയിൽ നിന്ന് കിട്ടാനുണ്ട്. അവര് തമ്മിലുള്ള ഇടപാട് വ്യക്തിപരമായതിനാൽ പുതിയ മുതലാളിക്ക് ഉത്തരവാദിത്വമില്ല താനും.

18-20 ലിറ്റർ വെള്ളത്തിന്റെ കാനുകൾ ഗോഡൗണിൽ നിന്ന് ലോറിയിൽ കയറ്റി, ഓരോ കെട്ടിടത്തിനു മുന്നിലുമെത്തുമ്പോൾ ട്രോളിയിലും മറ്റുമായിറക്കി, തോളിലേറ്റിയും മറ്റും ഫ്ലാറ്റുകളിലെത്തിക്കുന്നതാണ് മുരുകേശണ്ണന്റെ ജോലി. വ്യത്യസ്ത റൂട്ടുകളിൽ കുറേ ബിൽഡിങ്ങുകളിലായി സ്ഥിരം കസ്റ്റമേഴ്സുണ്ടാവും. അവശ്യമനുസരിച്ച്, ഓരോ റൂട്ടിനും ഓരോ ദിവസമാണ്. ദിവസം പതിനഞ്ച് - പതിനാറ് മണിക്കൂർ ജോലിയുണ്ടാവും, ശമ്പളം 1500 ദിർഹമും താമസവും!

ഇങ്ങനെ ചോര നീരാക്കിയുണ്ടാക്കിയ പൈസയാണ് നഷ്ടം വന്നിരിക്കുന്നത്. ആകെ ബന്ധപ്പെടാനുള്ള മാർഗം ഫോൺ വഴിയാണ്, അതാണെങ്കിൽ ബ്ലോക്കാക്കി!

മാത്രവുമല്ല, പൈസ ചോദിച്ചതിന്റെ പേരിൽ പുതിയ മുതലാളിയോട് "മുരുകേശൻ പൈസ മോഷ്ടിക്കുന്ന ആളാണെ"ന്നും പറഞ്ഞു!

അതാണ് 'ആ നാട് അടുത്താണോ' എന്ന് ചോദിക്കാനുള്ള കാരണം. കഥയൊക്കെ പറയുമ്പോഴും ആ പാവം മനുഷ്യൻ തന്റെ നിസ്സഹായവസ്ഥക്കെന്തെങ്കിലും പരിഹാരമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്, ഒരിക്കൽ പോലും പഴയ മുതലാളിയെ ചീത്ത പറഞ്ഞില്ല.

ഇതുപോലെ, കഷ്ടപ്പെട്ട് അധ്വാനിക്കുന്ന, നിസ്സഹായരായ മനുഷ്യരെയൊക്കെ എങ്ങനെയാണ് ഓരോരുത്തർക്ക് പറ്റിക്കാൻ തോന്നുന്നത്! എന്ത് സാമ്പത്തിക പ്രയാസമുണ്ടെങ്കിലും, വണ്ടിയും റൂട്ടും വിറ്റുകിട്ടിയതിൽ നിന്ന് അധ്വാനിച്ചതിന്റെ കൂലിയും വാങ്ങിയ പൈസയുമെങ്കിലും കൊടുത്തൂടേ?

അനർഹമായി നേടിയ, ഒരാളുടെ വേദനയിൽ എരിയുന്ന, പറഞ്ഞ വാക്കും വ്യവസ്ഥയും പാലിക്കാതെ ഇങ്ങനെ നേടുന്നതും ബാക്കിവയ്ക്കുന്നതുമായ ഒരു സമ്പാദ്യവും ഉപകാരപ്പെടില്ല. തീർച്ച.