Saturday 31 December 2022 02:22 PM IST : By സ്വന്തം ലേഖകൻ

‘വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല, ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്’; രാത്രി യാത്രയിലെ വില്ലനാണ് ഉറക്കം! കുറിപ്പ്

sleep-driving655

ഇന്ത്യൻ ക്രിക്കറ്റ് താരം ​ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട വാർത്ത ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഭാഗ്യം  കൊണ്ടാണ് ​ഋഷഭിന്റെ ജീവന്‍ തിരിച്ചുകിട്ടിയത്. ഒരു നിമിഷം ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് ഋഷഭ് ഹോസ്പിറ്റലില്‍ വച്ച് പറഞ്ഞത്. ഈ സാഹചര്യത്തിൽ എംവിഡി കേരളാ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

എംവിഡി കേരളാ പങ്കുവച്ച കുറിപ്പ് വായിക്കാം;

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഏകദേശം 15 ശതമാനത്തോളം അപകടങ്ങളെ രാത്രി നടക്കുന്നുള്ളൂ എങ്കിലും, മരിക്കുന്നതിന്റെ അറുപത് ശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രി നടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല, ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതി വീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രി ഡ്രൈവിങ് വീലിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവന് ഭീഷണിയാകുന്ന പ്രവർത്തിയാണ് അതെന്ന്.

ഡ്രൈവർ നിരന്തരമായ പ്രവർത്തിയും അംഗചലനവും തിരക്കേറിയ റോഡിൽ വാഹനം ഓടിക്കുമ്പോൾ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ ഉറക്കം വരാനുള്ള സാധ്യത കുറവാണ് എന്നാൽ റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവർത്തിയുടെ ആവശ്യം കുറയുകയും മാത്രമല്ല, കൂടെ ഉള്ളവർ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോൾ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കുന്നു. 

സ്ഥിരമായി ഉറങ്ങുമ്പോൾ കേൾക്കുന്ന പാട്ടുകൾ കേൾക്കുന്നതും കൂടുതൽ ഭക്ഷണം കഴിക്കുന്നതും എല്ലാം ഉറക്കത്തിലേക്ക് നയിച്ചേക്കാം. രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം.

Tags:
  • Spotlight
  • Social Media Viral