Tuesday 26 October 2021 03:26 PM IST : By സ്വന്തം ലേഖകൻ

‘ജോലീം കൂലീമില്ല, മറ്റൊരു ഭാര്യയുള്ളവൻ’: ആ അച്ഛൻ പിന്നെ എന്തു ചെയ്യണമായിരുന്നു: സ്നേഹിതന്റെ കുറിപ്പ്

nv-ajith

കുഞ്ഞിനെ ദത്ത് നൽകിയ കേസും അനുപമയെന്ന അമ്മയുടെ കണ്ണീരുമാണ് ഇപ്പോൾ കേരളീയ പൊതുസമൂഹം പങ്കുവയ്ക്കുന്നത്. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റി നിർത്തിയ കുടുംബക്കാർക്കെതിരെയുള്ള അനുപമയുടെ പ്രതിഷേധം ഒരുവശത്ത്. സ്വന്തം കുടുംബത്തെ അപമാനത്തിൽ നിന്നും രക്ഷിക്കാൻ ഏതൊരു അച്ഛനും ശ്രമിച്ചതേ താനും ചെയ്തുള്ളൂവെന്ന അനുപമയുടെ പിതാവ് എസ് ജയചന്ദ്രന്റെ വാക്കുകൾ മറുവശത്ത്. വിഷയം ഇപ്പോഴും സജീവമായി നിൽക്കുമ്പോൾ ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്യൂമെന്ററി ഫിലിം മേക്കർ എൻവി അജിത്. അഭിമാന ബോധവും മകളോടുള്ള വാത്സല്യവുമുള്ള ഒരു ശരാശരി അച്ഛനാണ് അദ്ദേഹമെന്ന് അജിത് പറയുന്നു.

‘അപമാനഭാരത്താൽ തലകുനിഞ്ഞ നാളുകളിൽ അയാൾ എന്നോട് ചോദിച്ചൊരു ചോദ്യമുണ്ട്:ഒരു ജോലീം കൂലീമില്ല.. അത് സാരമില്ല നമുക്കെന്തെങ്കിലും ചെയ്യാം. അവളുടെ ഇരട്ടിയോളംവരുന്ന പ്രായവും മറക്കാം. പക്ഷെ അയാൾക്കൊരു ഭാര്യയില്ലേ? ചത്താലും അവൾ ഡൈവോഴ്സിന് സമ്മതിക്കില്ലെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള ഒരവസ്ഥയിൽ നിങ്ങളാണെങ്കിൽ എന്തുചെയ്യും ?ഏതൊരു സാധാരണമനുഷ്യനെപ്പോലെയും അഭിമാനബോധമുള്ള ഒരാളായിരുന്നു അയാൾ.’– അജിത് കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ആ പിതാവിനെ എനിയ്ക്കറിയാം.

കോളേജിൽ പഠിക്കുന്ന മകളെപ്പറ്റി, അവളുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി അയാൾ വല്ലാതെ ഊറ്റം കൊണ്ടിരുന്നു. പൊതുവേദികളിലെ മകളുടെ പ്രസംഗത്തെപ്പറ്റി പറയുമ്പോൾ അയാളുടെ കണ്ണുകളിൽ കണ്ട തിളക്കം...

അത്, പ്രായത്തിന്റെ ചോരത്തിളപ്പുള്ള കാലത്തെ എടുത്തുചാട്ടത്തിൽ രാഷ്ട്രീയഭാവി ഉടഞ്ഞുപോയ ഒരു മനുഷ്യന്റെ സ്വപ്നങ്ങളുടെ തിളക്കമായിരുന്നു.

അതുകൊണ്ടു തന്നെ അവർ എടാപോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു.

ഇവിടെ വാടാ അച്ഛാ എന്നൊക്കെ അവൾ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു...

അവൾക്കിഷ്ടപ്പെട്ടതെന്തും അന്നേ ദിവസം തന്നെ സാധിച്ചു കൊടുത്തിരുന്ന അച്ഛനുമായിരുന്നു അയാൾ.

അപമാനഭാരത്താൽ തലകുനിഞ്ഞ നാളുകളിൽ അയാൾ എന്നോട് ചോദിച്ചൊരു ചോദ്യമുണ്ട്:

ഒരു ജോലീം കൂലീമില്ല.. അത് സാരമില്ല നമുക്കെന്തെങ്കിലും ചെയ്യാം. അവളുടെ ഇരട്ടിയോളംവരുന്ന പ്രായവും മറക്കാം. പക്ഷെ അയാൾക്കൊരു ഭാര്യയില്ലേ? ചത്താലും അവൾ ഡൈവോഴ്സിന് സമ്മതിക്കില്ലെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള ഒരവസ്ഥയിൽ നിങ്ങളാണെങ്കിൽ എന്തുചെയ്യും ?

ഏതൊരു സാധാരണമനുഷ്യനെപ്പോലെയും അഭിമാനബോധമുള്ള ഒരാളായിരുന്നു അയാൾ.

പാർട്ടിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അച്ഛൻ , അവസാന നാളുകളിൽ മറവി രോഗം പിടിപെട്ട് വീട്ടിൽ നിന്നും ഇറങ്ങി, ഏതോ ബസ്സിൽ കയറി എവിടേയ്ക്കോ പോകുമ്പോൾ വേവലാതിയോടെ പലരെയും വിളിച്ച്, പലയിടങ്ങളിൽ അന്വേഷിച്ച്‌ ഒടുവിൽ കണ്ടെത്തി ആളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്ന മകൻ...

തനിക്കുണ്ടായ അപമാനം നാട്ടിലോ നാട്ടാരെയോ അറിയിക്കാതിരിക്കാൻ അയാൾ ഏറെ പണിപ്പെട്ടു. പ്രത്യേകിച്ചും പാർട്ടി സഖാവായ അമ്മയോ ജേഷ്‌ഠനോ ആയിടയ്ക്ക് ബാങ്കിൽ മാനേജരായി പ്രവേശിച്ച മൂത്തമകളുടെ പ്രതിശ്രുതവരന്റെ വീട്ടുകാരോ ഇതറിയരുതെന്ന് നിർബന്ധമുണ്ടായിരുന്നു. എങ്കിലും അയാൾ വിവാഹത്തിനു മുമ്പ് തന്നെ ആ ചെറുപ്പക്കാരനെ വിവരങ്ങൾ ധരിപ്പിച്ചു. ബോധവും വിവരവുമുള്ള അവൻ, പിന്നീടയാൾക്ക് തുണയായി നിന്നു.

പത്തോളം ബ്ലോക്കുകൾ നീക്കം ചെയ്തു തുന്നിചേർത്ത ഹൃദയവുമായി മൂന്നോ നാലോ മാസത്തിനുള്ളിൽ തന്നെ അയാൾ മരണപ്പാച്ചിൽ തുടങ്ങി. കഠിനമായ സമ്മർദ്ദത്തിൽ പലരുമായും തർക്കങ്ങളിൽ ഏർപ്പെട്ടു. ചുറ്റുവട്ടത്തു തന്നെയുള്ള പല സുഹൃത്തുക്കളുമായും പിണങ്ങി. മകളുമായി കൗൺസിലിംഗ് സെന്ററുകളിൽ കയറിയിറങ്ങുമ്പോൾ അയാളുടെ പ്രതീക്ഷ ഒരു ദിവസം എല്ലാം ശരിയാകും എന്നു തന്നെയായിരുന്നു.

ഇന്നലെയും വൈകുന്നേരം ടിവിയിൽ വന്നിരുന്ന് , അച്ഛൻ ശിക്ഷ ഏറ്റുവാങ്ങുക തന്നെ വേണം എന്നൊക്കെ പറയുമ്പോൾ , മുട്ടിൽ ഇഴയുന്ന പ്രായം മുതൽക്കു അവളെ കാണുന്ന എന്റെ മനസ്സിൽ വരുന്നൊരു സംശയമിതാണ് .

ബിപി കൂടി അച്ഛന് ചെറിയൊരു തലകറക്കം വന്നാലുള്ള അവളുടെ പേടിയും പരിഭ്രമവുമെല്ലാം അഭിനയമായിരുന്നോ? ഒരു ബൈപ്പാസ് സർജറിയ്ക്ക് ശേഷമുള്ള ജീവിതത്തെപ്പറ്റിയൊക്കെ അവൾക്കും അറിവുള്ളതല്ലേ...

അതോ ഇനി ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയാണോ?

NB: ആത്യന്തികമായി അയാൾ ചെയ്തതിനോട് എനിക്കു യോജിപ്പില്ല. പക്ഷെ അത്തരമൊരവസ്ഥയിൽ മറ്റെന്തുചെയ്യണമായിരുന്നു എന്ന ചോദ്യത്തിന് രണ്ടു പെണ്മക്കളുള്ള പിതാവെന്ന നിലയിൽ ഉത്തരവുമില്ല.