Tuesday 31 March 2020 06:33 PM IST

അധ്യാപികയെ ശിഷ്യർ സ്നേഹത്തോടെ ചേച്ചി എന്ന് വിളിക്കുന്നു; മഹാരാജാസിന്റെ സ്വന്തം 'ടീച്ചർ ചേച്ചി'യുടെ കഥ!

Vijeesh Gopinath

Senior Sub Editor

teacher Photo: Shahid Manakkappady

അധ്യാപികയെ ശിഷ്യർ സ്നേഹത്തോടെ ചേച്ചി എന്ന് വിളിക്കുന്നു. അത്  അധ്യാപന ജീവിതത്തിലെ ഒരു വലിയ ഭാഗ്യം. അധികം പേർക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല.. എന്നാൽ മഹാരാജാസ് കോളേജിലെ രോഹിണി എന്ന ഇംഗ്ലീഷ്  അധ്യാപിക പഠിച്ചിറങ്ങിയവർക്കെല്ലാം രോഹിണി ചേച്ചിയാണ്. ജീവിതത്തിന്റെ വെയിലിലും തണലിലും എല്ലാം അവർക്കൊപ്പം നിന്ന പ്രിയപ്പെട്ട ചേച്ചി. ആ ചേച്ചി ഔദ്യോഗിക ജീവിതം പൂർത്തിയാക്കി ഇന്ന് മഹാരാജാസ് കോളജിന്റെ പടിയിറങ്ങുന്നു...

എബിസിഡി, പാവാട, 1983 തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ബിപിൻ ചന്ദ്രൻ ആ സ്നേഹപുഞ്ചിരി ഓർക്കുകയാണ്.

ടീച്ചറ് ചേച്ചി- ബിപിൻ ചന്ദ്രൻ..

ടീച്ചറമ്മ എന്ന വാക്ക് കേരളത്തിലെമ്പാടും ഹിറ്റായി കത്തി നിൽക്കുന്ന കാലമാണിത്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിന്റെ കരുതലിനു മുന്നിൽ കോവിഡ്  എന്നല്ല  കൊറോണ എന്നല്ല സാക്ഷാൽ കാലൻ തന്നെ വന്നാലും കീഴടങ്ങും എന്ന വിശ്വാസം വന്നപ്പോഴാണ് മലയാളികൾ ഒരു മന്ത്രിയെ അമ്മയെന്നു  വിളിച്ചുതുടങ്ങിയത്. എന്നാൽ മൂന്ന് പതിറ്റാണ്ടുകളായി മഹാരാജാസുകാർ രോഹിണി എന്ന ടീച്ചറെ ചേച്ചി എന്ന് വിളിച്ച് ചങ്കോട് ചേർത്തു നിർത്തുന്നതും സമാനമായൊരു വികാരത്തിന്റെയും വിശ്വാസത്തിന്റെയും  ഉറപ്പിലാണ്. 

1981 ൽ മഹാരാജാസ് കോളേജിൽ പഠിക്കാൻ വന്ന രോഹിണി 1986 ൽ അവിടെ നിന്ന് പഠിച്ചിറങ്ങി എന്ന് പറഞ്ഞാൽ തെറ്റായി പോകും. പഠിച്ചു പക്ഷേ, ഇറങ്ങിയില്ല അതാണ് സത്യം. കോഴ്സ് കഴിഞ്ഞിട്ടും അവർ മഹാരാജാസിൽ പഠിച്ചു കൊണ്ടിരുന്നു. ക്ഷേത്രത്തിൽ എന്നും എത്തുന്ന ഭക്തയെ പോലെ മഹാരാജാസ് കോളേജിൽ നിത്യസന്ദർശകയായപ്പോൾ രോഹിണി അടുത്ത തലമുറയിലെ മഹാരാജാസ് കാരുടെ രോഹിണി ചേച്ചിയായി.

പിന്നെ എത്രയോ തലമുറകൾ ആ  ചേച്ചിയെ നെഞ്ചിനുള്ളിൽ പാർപ്പിച് വളർത്തിവലുതാക്കി. ആ രോഹിണി ചേച്ചി പിന്നീട് മഹാരാജാസിൽ തന്നെ ടീച്ചറായി. അപ്പോഴും ഭൂരിപക്ഷം വിദ്യാർഥികളും അവരെ ചേച്ചി എന്ന് തന്നെ വിളിച്ചു. മൊഴിയിൽ  മാത്രമല്ല മനസ്സിലും മഹാരാജാസ്കാർക്ക് രോഹിണി സ്വന്തം ചേച്ചി തന്നെയായിരുന്നു.

rohiniyteews

സി ഐ സി സി ബുക്സിന്റെ  ഉടമ ജയചന്ദ്രൻ ചേട്ടൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്  എത്ര സത്യം. "ഒരു കലാലയ ചരിത്രത്തിലും ഒരു അധ്യാപികയെ ചേച്ചി എന്ന് വിദ്യാർത്ഥിസമൂഹം വിളിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് വിരമിക്കുന്ന ഇംഗ്ലീഷ് അധ്യാപിക രോഹിണി നായരെ അല്ലാതെ. ആ അധ്യാപികയുടെ വീടും കുടുംബവും എല്ലാമെല്ലാം ആയിരുന്നു മഹാരാജകീയ കലാലയം.

സിനിമാ സംവിധായകൻ ആഷിക് അബു എഡിറ്ററായ മഹാരാജാസ് മാഗസിനിൽ ഒരു ഫീച്ചർ എഴുതുന്നതിനായാണ് ഞാൻ രോഹിണി ചേച്ചിയെ ആദ്യമായി കാണുന്നത്.   ചേച്ചിയുടെ ആദ്യ 'ചരിത്രകാരനായ' ഞാൻ അന്ന് മഹാരാജാസിൽ വിദ്യാർത്ഥിയും ആയിട്ടില്ല. പക്ഷേ ചേച്ചിയെ കുറിച്ച് ആദ്യമായി അച്ചടിമഷി പുരണ്ടത് ആഷിക് അബുവിന്റെ 'ഓർമ്മ'യിൽ വന്ന ഫീച്ചറിൽ ആണെന്ന് ഓർക്കുമ്പോൾ കുളിരുള്ള ഒരു കാര്യമാണ്. 

22 വർഷം കഴിയുന്നിപ്പോൾ. രോഹിണി ചേച്ചിയുടെ ഉദ്യോഗപർവ്വത്തിന് കർട്ടൻ വീഴുന്നു. പക്ഷേ മഹാരാജാസിന്റെ ചരിത്രം ഇനി രോഹിണി എന്ന പേര് കാരിയെ ഒഴിവാക്കിക്കൊണ്ട് എഴുതാനാവില്ല. അഥവാ എഴുതിയാൽ തന്നെ അത് പൂർണമാകില്ല എന്നതാണ് വാസ്തവം, ജീവിച്ചിരിക്കെ ചരിത്രമായി തീർന്ന കനിവിന്റെ ചേച്ചീ... നിങ്ങൾക്കീ വിനീത ചരിത്രകാരന്റെ വലിയ സലാം.

Tags:
  • Spotlight