Friday 13 July 2018 03:06 PM IST

നീരാളി കനേഡിയൻ ചിത്രമായ റെക്ക്ഡിന്റെ കോപ്പിയടിയാണോ? സാജു തോമസ് പ്രതികരിക്കുന്നു

Priyadharsini Priya

Senior Content Editor, Vanitha Online

saju-098

ജീവിതത്തിൽ ഒരു സിനിമാ ഷൂട്ടിങ് പോലും സാജു തോമസ് കണ്ടിരുന്നില്ല. വലിയ സ്ക്രീനിൽ സിനിമ കണ്ടു തുടങ്ങിയ കാലം മുതൽക്കേ മനസ്സിൽ ആ സ്വപ്നം തളിരിട്ടതാണ്. ഒരു സിനിമ എഴുതണം. പത്രപ്രവർത്തനം ജോലിയായി സ്വീകരിച്ചപ്പോഴും സ്വപ്നത്തിന് കരുത്തു കൂടി വന്നതേയുള്ളൂ. 12 വർഷമാണ് സാജു കഥകളുമായി സംവിധായകരുടെ പുറകെ നടന്നത്. കഥകൾ വായിച്ചിട്ട് കൊള്ളില്ല എന്ന് ആരും പറഞ്ഞുമില്ല. ‘നമുക്ക് ഇന്നു ചെയ്യാം, നാളെ തുടങ്ങാം...’ എന്നൊക്കെ പറഞ്ഞ് നാലുവർഷം വരെ പിന്നാലെ നടത്തിയവരുണ്ട്. ഒടുവിൽ കഥ കേട്ട സാക്ഷാൽ മോഹൻലാൽ ഓക്കേ പറഞ്ഞതോടെ സഫലമായത് സാജുവിന്റെ നീണ്ട കാത്തിരിപ്പു കൂടിയാണ്. സാജുവിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘എല്ലാം പെട്ടെന്നായിരുന്നു’. എന്നിട്ട് ഒരനുബന്ധം കൂടി, എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്, ദാസാ...

ലാലേട്ടൻ ഞെട്ടി, ഒപ്പം ഞാനും!

ഒരു നല്ല സിനിമയുണ്ടാകുന്നത് കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നടന്മാരെ കണ്ടെത്തുമ്പോഴാണ്. നീരാളിക്ക് വേണ്ടി ലാലേട്ടനെ തേടി അതുപോലൊരു യാത്രയിലായിരുന്നു ഞങ്ങൾ. ആദ്യമായി തിരക്കഥ പറയാൻ ലാലേട്ടന്റെ മുന്നിൽ പോകുമ്പോൾ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. അദ്ദേഹം സമ്മതിച്ചില്ലെങ്കിൽ ഈ പ്രോജക്റ്റ് ഒരിക്കലും നടക്കില്ല. കാരണം അദ്ദേഹത്തെ മുന്നിൽ നിർത്തി എഴുതിയതാണ് ഓരോ വരികളും. പിന്നെ ഞാനനുഭവിക്കുന്ന ക്രൈസിസ്, വർഷങ്ങളായുള്ള പരിശ്രമങ്ങൾ, ആഗ്രഹങ്ങൾ എല്ലാം അവിടെ അവസാനിപ്പിക്കേണ്ടിവരും.

saju-neerali3

തിരക്കഥ ലാലേട്ടനെ പറഞ്ഞു കേൾപ്പിക്കുകയായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂർ എടുത്താണ് കഥ പറഞ്ഞുതീർക്കുന്നത്. കഥ കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹത്തിനുണ്ടായ എക്സൈറ്റ്മെന്റ് എനിക്ക് വിവരിക്കാൻ കഴിയില്ല. അത്രയ്ക്ക് അദ്‌ഭുതം ആ മുഖത്തുണ്ടായിരുന്നു. യഥാർത്ഥത്തിൽ അവിടെനിന്നാണ് ഞങ്ങളുടെ ’നീരാളി’ നീന്തി തുടങ്ങുന്നത്. ഇത്രയധികം സിനിമകൾ ചെയ്ത ഒരാളെ അമ്പരപ്പിക്കാൻ കഴിഞ്ഞതാണ് ഈ സ്‌ക്രിപ്പിറ്റിലൂടെ എനിക്കുണ്ടായ എക്സൈറ്റ്മെന്റ്.

സിനിമയിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത് സുരാജ് വെഞ്ഞാറമൂടാണ്. അടുത്തതായി സുരാജിനോടായിരുന്നു കഥ പറഞ്ഞത്. കഥ കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. വളരെ ഇമോഷണലാണ് സിനിമയിൽ സുരാജിന്റെ ക്യാരക്ടർ. ഈ സിനിമയ്‌ക്ക് പ്രേക്ഷകരെ അമ്പരപ്പിക്കാൻ കഴിയും, ഒപ്പം കണ്ണു നിറയ്ക്കാനും. എന്നാൽ ഇതൊരു കണ്ണീർ സിനിമയല്ല. നീരാളി പൂർണ്ണമായും ഒരു ത്രില്ലർ ഡ്രാമ ചിത്രമാണ്. അത്യാവശ്യം ഇമോഷൻസ് വർക്ക്ഔട്ട് ചെയ്യുന്ന സാഹസികത നിറഞ്ഞ ചിത്രം. ഗ്രാഫിക്സിന്റെ സൗന്ദര്യവും ഈ സിനിമയിൽ കാണാൻ കഴിയും. സിനിമ തുടങ്ങി അവസാനം വരെ പ്രേക്ഷരിൽ ഉത്കണ്ഠ നിലനിർത്തുന്നതാണ് സ്ക്രിപ്റ്റ്.

saju-neerali2

കോപ്പിയടിയല്ല ഈ നീരാളി

സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് വന്ന അനാവശ്യ വിവാദങ്ങളാണ് ഏറെ വിഷമിപ്പിച്ചത്. നീരാളിയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ ’റെക്ക്ഡ്’ എന്ന വിദേശ സിനിമയുടെ കോപ്പിയാണിതെന്ന് പലരും പറയുന്നത് കേട്ടു. എനിക്ക് ആ സിനിമയൊന്ന് കാണണമെന്നുണ്ട്. വിദേശ സിനിമയുടെ കോപ്പിയാണെന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ, "നിങ്ങൾ ആദ്യം റെക്ക്ഡ് കാണുക, പിന്നെ  നീരാളിയും... എന്നിട്ടു തീരുമാനിക്കൂ ഇത് കോപ്പി ആണോയെന്ന്." സിനിമയുടെ പേരായിരുന്നു മറ്റൊരു പ്രശ്‌നം. നീരാളി എന്ന പേര് ഞാൻ തന്നെയാണ് സജസ്റ്റ് ചെയ്തത്. അത് ലാൽ സാറിനും സംവിധായകൻ അജോയിനും ഇഷ്ടപ്പെട്ടതോടെ ഫൈനലൈസ് ചെയ്തു. സിനിമയുടെ കഥയും സാഹചര്യവുമാണ് ഈ പേരിനു കാരണമായത്. നീരാളി എന്ന ജീവിയുമായി സിനിമയ്‌ക്ക് യാതൊരു ബന്ധവുമില്ല. മനുഷ്യനെ ചുറ്റിവരിയുന്ന നീരാളിപ്പിടുത്തം എന്നേ പേരുകൊണ്ട് ഉദ്ദേശിച്ചുള്ളൂ.

ലാലേട്ടനും സുരാജും കട്ടയ്ക്ക് കട്ടയ്ക്ക്!

മുംബൈയിലെ സ്റ്റുഡിയോയിലായിരുന്നു നീരാളിയുടെ ഷൂട്ട്. ജീവിതത്തിൽ ആദ്യമായാണ് ഞാനൊരു ഷൂട്ടിങ് കാണുന്നതും അതിന്റെ ഭാഗമാവുന്നതും. ഭൂരിഭാഗം ക്രൂ മെമ്പേഴ്‌സും മുംബൈയിൽ നിന്നുള്ളവരായിരുന്നു. അതായത് ബോളിവുഡിൽ സിനിമ ചെയ്ത് പരിചയ സമ്പത്തുള്ളവർ. നീരാളിയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ലാലേട്ടനും സുരാജും തകർത്ത് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ ടേക്കും ടക് ടക് എന്ന് മുന്നോട്ടു പോവുകയാണ്. ഒറ്റടേക്കിൽ എല്ലാം ഓക്കേ, റിപ്പീറ്റ് വരുന്നേയില്ല. ബോളിവുഡിൽ നിന്നുള്ള അണിയറപ്രവർത്തകർ അന്തംവിട്ടു കണ്ണുതള്ളി ഇരിക്കുകയാണ്. ഞാനിതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്.

saju-neerali4

കുറച്ചു കഴിഞ്ഞപ്പോൾ അവരിൽ ഒരാൾ എന്റെയടുക്കൽ വന്ന് അദ്‌ഭുതത്തോടെ ചോദിച്ചു, ’ഇതെങ്ങനെയാണ് ഇത്ര ഫാസ്റ്റായി പോകുന്നത്?’ ഞാൻ ലാലേട്ടനെയും സുരാജിനെയും ചൂണ്ടികാണിച്ചുകൊണ്ടു പറഞ്ഞു, "അവരിൽ ഒരാൾ മൂന്നു തവണ മികച്ച നടനുള്ള ദേശീയ അവാർഡ്  നേടിയ വ്യക്തിയാണ്. മറ്റൊരാൾ ഒരു തവണയും." ലാലേട്ടന്റെ നേട്ടം അവർക്കറിയാമെങ്കിലും സുരാജിന്റെ ദേശീയ അവാർഡ് ആദ്യത്തെ അറിവായിരുന്നു. സ്ക്രിപ്റ്റ് നന്നായി എഡിറ്റ് ചെയ്തിട്ടാണ് ഷൂട്ടിന് പോയത്. അതുകൊണ്ടുതന്നെ അനാവശ്യ ടേക്കുകളൊന്നും വേണ്ടിവന്നില്ല.

ലാലേട്ടന്റെ സമയനിഷ്ഠയാണ് എടുത്തുപറയേണ്ട മറ്റൊന്ന്. രാവിലെ 8. 30 നാണ് ലൊക്കേഷൻ സമയം. സെറ്റിൽ 8. 25നു തന്നെ ലാലേട്ടൻ ഹാജരാണ്‌. അദ്ദേഹത്തിന്റെ പ്രൊഫഷനോടുള്ള ഡെഡിക്കേഷൻ അത്രയ്‌ക്ക് വലുതാണ്. എന്നാൽ അദ്ദേഹത്തിന്റെ ഈ ഗുണം മറ്റുള്ളവരെയും സമ്മർദ്ദത്തിലാഴ്‌ത്തി എന്നുവേണം പറയാൻ. കാരണം അദ്ദേഹത്തെ പോലൊരാൾ സമയത്തിന് മുൻപ് എത്തുമ്പോൾ നമ്മൾ വൈകിക്കാൻ പാടില്ലല്ലോ. ഇക്കാര്യം കൊണ്ട് ഞങ്ങൾക്കിടയിൽ റാഷ് ഡ്രൈവിങ് പോലും ഉണ്ടായിട്ടുണ്ട്.

mohanlal-ajoy-varma

പതിമൂന്ന് വർഷത്തെ സൗഹൃദം നൽകിയത്...

നീരാളിയുടെ സംവിധായകൻ അജോയ് വർമ്മയുമായിട്ട് എനിക്ക് പതിമൂന്ന് വർഷത്തെ സൗഹൃദമുണ്ട്. വർഷങ്ങളായി സിനിമാ മോഹം നെഞ്ചിലേറ്റി നടക്കുന്നവരായിരുന്നു ഞങ്ങൾ. ഏകദേശം പത്തുവർഷം മുൻപ് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. അതൊരു ഹിന്ദി ചിത്രമായിരുന്നു. അതിലും ക്യാരക്ടർ റോളിൽ ലാലേട്ടൻ ഉണ്ടായിരുന്നു എന്നതാണ് ഒരു കൗതുകം. അദ്ദേഹത്തിന്റെ ഡേറ്റും ഞങ്ങൾക്ക് ലഭിച്ചിരുന്നു. ദൗർഭാഗ്യവശാൽ അത് നടന്നില്ല. അതൊരു ബിഗ് ബജറ്റ് സിനിമയായിരുന്നു. നായകനായി കണ്ടിരുന്നത് ബോളിവുഡിലെ പ്രമുഖ നടനെയും. പക്ഷെ ഈ പ്രോജക്റ്റുമായി മുന്നോട്ടുപോകാനുള്ള സാമ്പത്തിക പിന്തുണ ഞങ്ങൾക്ക് ലഭിച്ചില്ല.

ലുക്കിലൊന്നും കാര്യമില്ല, വർക്കിലാ കാര്യം

ലാലേട്ടന്റെ പുതിയ ലുക്കിലെത്തുന്ന ആദ്യ ചിത്രമാണ് നീരാളി. പലരും ലാലേട്ടന്റെ രൂപമാറ്റത്തെ നെഗറ്റീവ് ആയി നോക്കിക്കാണുന്നുണ്ട്. ലുക്ക് മാത്രം നോക്കി ചെയ്ത സിനിമയല്ല ഇത്. ഇതൊരു ക്യാരക്ടർ റോളാണ്. അതുകൊണ്ട് രൂപത്തിന് പ്രാധാന്യമൊന്നും ഈ സിനിമയിലില്ല. ലാലേട്ടന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം തന്നെയാണ് നീരാളിയിലേത്. വളരെ ചലഞ്ചിങ് ആയതുകൊണ്ടാണ് കഥ കേട്ടപ്പോൾ തന്നെ അദ്ദേഹം സിനിമയ്‌ക്ക് സമ്മതം മൂളിയത്. നാദിയാ മൊയ്തുവാണ് നായിക. സിനിമയിൽ ലാലേട്ടനും നാദിയയും തമ്മിൽ നല്ലൊരു കെമിസ്‌ട്രി ഉണ്ടായിരുന്നു. വർഷങ്ങളായി ഇരുവരും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നതുപോലെയാണ് സെറ്റിൽ പെരുമാറുക. സില്ലി കാര്യങ്ങളിലൂടെ പോകുന്ന വ്യക്തിയല്ല നാദിയ, വളരെ ബോൾഡാണ്.

sajuiuy

മൂന്ന് എന്ന സംഖ്യയുടെ അതിപ്രസരം

ശരിയാണ് ലാലേട്ടന്റെ 333 മത്തെ സിനിമയാണിത്. ഈ സിനിമ ഇറങ്ങാൻ പോകുന്നത് ജൂലൈ 13 നാണ്. ആവർത്തിച്ചു മൂന്ന് വന്നത് മോശം കാര്യമായി ഞങ്ങൾക്കാർക്കും ഫീൽ ചെയ്തിട്ടില്ല. ഇതൊന്നും മുൻകൂട്ടി പ്ലാൻ ചെയ്ത കാര്യമല്ല. ജൂൺ പതിനഞ്ചിനായിരുന്നു ആദ്യം റിലീസിങ് തീരുമാനിച്ചത്. അന്ന് നിപ്പ പ്രശ്നം വന്നതുകൊണ്ടാണ് ജൂലൈയിലേക്ക് മാറ്റിയത്. തികച്ചും ആകസ്മികമായാണ് മൂന്ന് എന്ന നമ്പർ നീരാളിയിൽ എത്തുന്നത്. പിന്നെ ഇതെല്ലാം ഓരോ മനുഷ്യരുടെയും വിശ്വാസമാണ്. അതിലൊന്നും കാര്യമില്ല. ഇങ്ങനെയൊക്കെ നോക്കുകയാണെങ്കിൽ ജാതകം നോക്കിയുള്ള വിവാഹങ്ങൾ എല്ലാം വിജയകരമാകണ്ടേ. അപ്പോൾപ്പിന്നെ നമ്മുടെ നാട്ടിൽ ഡിവോഴ്‌സ് ഒന്നും ഉണ്ടാകില്ലല്ലോ.

മാധ്യമ പ്രവർത്തനം വേണ്ട സിനിമ മതിയേ!

എന്റെ പിജി കാലഘട്ടം മുതൽ സിനിമ മനസ്സിലുള്ള കാര്യമാണ്. ഏതാണ്ടൊരു 12 വർഷമായിട്ട് ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മാധ്യമ പ്രവർത്തനം ഒരു വഴിക്ക്, സിനിമാമോഹം മറ്റൊരു പാതയിൽ. രണ്ടും സമാന്തരമായി മുന്നോട്ടു കൊണ്ടുപോയി. ഒടുവിൽ സിനിമയ്ക്കുവേണ്ടി 14 വർഷത്തെ മാധ്യമ പ്രവർത്തനം ഉപേക്ഷിച്ചപ്പോൾ വിഷമമൊന്നും തോന്നിയില്ല. ആ സമയത്തെല്ലാം എന്റെ കുടുംബത്തിന്റെയും സഹോദരന്മാരുടെയും പിന്തുണ വളരെ വലുതായിരുന്നു. അവരെന്നെ എല്ലാ രീതിയിലും മോട്ടിവേറ്റ് ചെയ്തുകൊണ്ടിരുന്നു.  വരുമാനം നിലച്ചപ്പോഴും, എന്റെ സ്വപ്നങ്ങൾക്ക് കരുത്ത് നൽകി ഭാര്യ പ്രഭ ഒപ്പമുണ്ടായിരുന്നു. അഭിഭാഷകയാണ്, ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. രണ്ടു മക്കളാണ്, ജൂണും ഹാരിയും.

നീരാളിയുടെ വിജയത്തിനുശേഷം മാത്രമേ അടുത്ത പ്രോജക്റ്റിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂ. ഏഴോ എട്ടോ വർഷം സിനിമയിൽ നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എനിക്ക് സിനിമയിൽ കൃത്യമായി ഗൈഡൻസ് തന്നയാളുകളുണ്ട്. ഈ അവസരത്തിൽ അവരോട് നന്ദി പറയുകയാണ്. സംവിധായകരായ രാജീവ് അഞ്ചൽ, അജോയ് വർമ്മ, ജോഷി, ക്യാമറാമാൻ എസ് കുമാർ എന്നിവരാണ് സിനിമയെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാൻ പ്രചോദനമായത്. 

sajuuu9