Saturday 09 May 2020 02:30 PM IST : By Shyama

മനസ്സിൽ കാണുന്ന രൂപത്തിനൊക്കുന്ന ഇലകൾ തേടിനടക്കും; പത്ത് മിനിറ്റിൽ വർണകാഴ്ചകൾ ഒരുക്കുന്ന ശരത്തിന്റെ ‘ലീഫ് ആർട്’

shyama

X: എന്തിനാകും ശരത് അങ്ങനെ പാതിനോട്ടം മുറ്റത്തേക്ക് നോക്കുന്നത്?

Y: പുള്ളിക്കാരൻ ഇലകൾ നോക്കുവാ...

X: അതെന്താ വീട്ടിൽ വല്ല ആടോ പശുവോ ഒക്കെ ഉണ്ടോ?

Y: ഇത് ആടിനും പശുവിനും ഒന്നുമല്ല. പുള്ളിക്ക് തന്നാ...

X: ഈയോ ഡാ... ചെക്കൻ ഇലയും പുല്ലും ഒക്കെയാണോ തിന്നുന്നേ?

Y: ഓ... എന്ത് പറഞ്ഞാലും ഒരു തീറ്റക്കാര്യം! അതൊന്നുമല്ല, ഇത് ലീഫ് ആർട്ട് ആണ്.

X: ലീഫ് ആർട്ട്‌. അതെന്താ സംഗതി?

ഇലകൾ കൊണ്ട് ശരത് ഒരുക്കുന്ന വർണ കാഴ്ചയാണ് ലീഫ് ആർട്ട്‌. പല തരം ഇലകളും ചെറിയ കമ്പുകളും ഒക്കെ കൊണ്ട് ശരത് ഉണ്ടാക്കിയെടുക്കുന്ന ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രതേകത അതിലെ നിറങ്ങളും പാറ്റേണുകളുമാണ്. പക്ഷികളാണ് ശരത്തിന്റെ ഇഷ്ടക്കാർ. അവയുടെ തൂവലുകളും മറ്റും അതേപോലെ ഇലകൾ കൊണ്ട് പുനഃസൃഷ്ടിക്കുന്നു ഈ കലാകാരൻ.

"എഫ്. എ. സി. ടി. യിൽ കെമിസ് ആയി കോൺടാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുകയാണ് ഞാൻ. വില്ലിങ്ടൺ ഐലന്റിലായിരുന്നു എനിക്ക് ജോലി. ജോലിക്കിടയിൽ കിട്ടുന്ന ഒഴിവു സമയത്താണ് ഇത് ആദ്യം ചെയ്ത് തുടങ്ങിയത്. ആദ്യത്തെ വീഡിയോ തന്നെ വൈറൽ ആയപ്പോ പിന്നെ ആവേശം കൂടി. തൊടിയിലും പറമ്പിലും ഒക്കെ നടക്കുമ്പോ കാണുന്ന ഇലകൾ സൂക്ഷിച്ചെടുക്കും. മനസ്സിൽ കാണുന്നൊരു രൂപത്തിനൊക്കുന്ന ബാക്കി ഇലകൾ കൂടി തപ്പിപിടിക്കും. കൃത്യമായ ഇലകൾ കണ്ടുപിടിച്ചെടുക്കാനാണ് പാട്. ഉണ്ടാക്കുന്നതൊക്കെ പത്ത്‌ മിനിറ്റിൽ കഴിയും." ശരത് നല്ല സന്തോഷത്തിലാണ്.

"വീട്ടിൽ അച്ഛൻ രാമചന്ദ്രൻ അമ്മ അംബിക ചേട്ടൻ രഞ്ജിത് ഒക്കെ ഉണ്ട്. അച്ഛന് തടിയുടെ വർക്.ഷോപ്പ് ഉണ്ട്. അമ്മ ഹൗസ് വൈഫ് ആണ് ചേട്ടൻ ഹെൽത് ഇൻസ്‌പെക്ടറും. വീട്ടിൽ ആർക്കും അങ്ങനെ വരയൊന്നും ഇല്ല... വീട്ടിലെ കലാകാരൻ ഞാനാണ്. സ്കൂളിൽ പഠിക്കുമ്പോ വര, ഡാൻസ് ഒക്കെ ഉണ്ടായിരുന്നു... കോട്ടയം പാലായിലാണ് നാട്. അച്ഛനാണ് ഭയങ്കര സപ്പോർട്ട്. ഇതൊക്ക എല്ലാരേം കാണിക്ക് എന്നൊക്ക പറയും.

എന്റെ കസിൻസ് ഒക്കെയാണ് ഞെട്ടിയത്. "ഈയോ ഇവനെ നമ്മൾ അറിയാതെ പോയല്ലോ" എന്നൊക്കെയായിരുന്നു റിയാക്ഷൻ."

കോൾ വെച്ച് കഴിഞ്ഞ് മുറ്റത്തേക്കിറങ്ങുമോ എന്ന്‌ ചോദിച്ചപ്പോൾ "ഞാൻ മുറ്റത്തു തന്നാ, പാതി നോട്ടം ഇപ്പോഴും ഇലയിലും" ഒരു പൊട്ടിച്ചിരിയോടെ ശരത്....



Tags:
  • Spotlight