Wednesday 09 December 2020 04:29 PM IST

ഡേകെയറിൽ എന്റെ കുഞ്ഞ് കാത്തിരിക്കുകയായിരുന്നു, അമ്മ മറ്റൊരു ലോകത്തേക്ക് പോയതറിയാതെ; കുറിപ്പ്

Lakshmi Premkumar

Sub Editor

sarath

"റോഡിലെ കുഴിയിൽ വീണ യുവതി ബസ് കയറി  മരിച്ചു ". നിത്യവും എന്ന പോലെ പത്രങ്ങളിൽ ഈ രൂപത്തിൽ ഈ ഭാവത്തിൽ നമ്മൾ വാർത്തകൾ കാണാറുണ്ട്. എന്നാൽ കണ്ണിൽ നിന്നും മറയുന്നത്തോടെ നമ്മൾ ആ വാർത്ത മറക്കും. പക്ഷെ  അപ്പുറം  ആ നഷ്ടം ഉണ്ടാക്കുന്ന മാറ്റങ്ങൾ, ശീലങ്ങൾ, തിരിച്ചറിയലുകൾ വലുതായിരിക്കും. അനുഭവിച്ചവർക്ക് മാത്രമേ അതിനെ കുറിച്ചു പറയാൻ കഴിയു.

2019 ഒരു മെയ് 31 നാണ് ചോറ്റാനിക്കര സ്വദേശി ശരത്തിന്റെയും ജീവിതത്തിൽ വിധി പുതിയൊരു താൾ കൂടെ എഴുതി ചേർത്തത്. വിവാഹത്തിന്റെ പുതുമ പോലും തീരും മുന്നേ പ്രിയപെട്ടവളെ മരണം കൂട്ടികൊണ്ട് പോയി. അതും ഒരു അപകടത്തിന്റെ രൂപത്തിൽ. രണ്ടു വയസുകാരൻ രോഹൻ   ഡേ കെയറിൽ അമ്മയേം കാത്തിരിക്കുന്നു. ഏതോ ഒരു ഡ്രൈവറുടെ അശ്രദ്ധയിൽ അവന്റെ അമ്മ മറ്റൊരു ലോകത്തേക്ക് യാത്രയായത് അറിയാതെ.

" ഏഴ് മിനിറ്റ് മുന്നേ സംസാരിച്ചയാൾ പിന്നീട് ഒരിക്കലും വിളികേൾക്കാത്ത ലോകത്തേക്ക് പോകുമെന്ന് വിശ്വസിക്കാൻ പറ്റുമോ? പക്ഷെ വിശ്വസിക്കണം പറയുന്നത് എന്റെ ജീവിതമാണ്. ഒരിക്കലും തോറ്റു കൊടുക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാനും മോനും മുന്നേറുന്ന ജീവിതം. ഒരു പാവം പെൺകുട്ടിയായിരുന്നു സുപ്രിയ. ഞാൻ മസ്കറ്റിൽ ആയത് കൊണ്ട് എന്റെ മോന്റെ കാര്യങ്ങൾ, വീട്ടിലെ കാര്യങ്ങൾ എല്ലാം ഒരു കുറവും വരുത്താതെ നോക്കുന്നവൾ. വൈറ്റിലയിൽ നിത്യവും അവൾക്ക് ഒരു കമ്പ്യൂട്ടർ  ക്ലാസ്സ്‌ ഉണ്ട്. മോനെ ഡേ കെയറിൽ ആക്കിയിട്ടാണ് അവൾ പോകുന്നത്. സുപ്രിയ മരിക്കുന്നതിന് കൃത്യം ഒരു വർഷം മുന്നേ എന്റെ അമ്മയും ഞങ്ങളെ വിട്ടു പോയിരുന്നു. അതിന്റെ ക്ഷീണം മാറുന്നതിനു മുന്നേയാണ്. പക്ഷെ എനിക്ക് ഇപ്പോൾ ദുരന്തങ്ങൾ എന്ന് കേൾക്കുന്നതെ ഒരു തമാശപോലെയാ. കാരണം മനസ് അത്രയും സ്ട്രോങ്ങ്‌ ആയി.  റോഡിൽ കുഴി കണ്ടപ്പോൾ പെട്ടന്ന് വെട്ടിച്ചതാണ്. വണ്ടി എതിർ ദിശയിൽ  വരുന്ന ട്രാക്കിന്റെ  അടിയിൽ പോയി.

വീട്ടിൽ എത്തിയിട്ടും വിളിക്കുന്ന സമയമായിട്ടും ഫോൺ വരാതായപ്പോൾ എനിക്ക് ഒരു ടെൻഷൻ തോന്നി. പക്ഷെ വെറേ എന്തേലും തിരക്കായികാണും എന്ന് കരുതി. വിളിച്ചിട്ട് എടുക്കുന്നുമുണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞു  നോക്കുമ്പോൾ എന്നെ നാട്ടിലെ  എല്ലാ വാട്സ്ആപ്പ് ഗ്രുപ്പുകളിൽ നിന്നും പുറത്താക്കിയിരിക്കുന്നു. അപ്പോഴേ എനിക്ക് അപകടം മണത്തു. പക്ഷെ ആര്? എങ്ങനെ? ഇങ്ങനെ നൂറു ചോദ്യമായിരുന്നു മനസ്സിൽ. ഒടുവിൽ ഞങളുടെ ഒരു ഫാമിലി ഫ്രണ്ട് ഉണ്ട് മസ്കറ്റിൽ ചേട്ടൻ വന്നിട്ടാണ് എന്നോട് കാര്യം പറയുന്നത്. 'സുപ്രിയക്ക് ഒരു അപകടം. ഞാൻ ആകെ തിരിച്ചു ചോദിച്ചത് 'എനിക്ക് അവളെ കിട്ടുമോ ഇല്ലയോ. വളരെ സീരിയസ് ആണ് അദ്ദേഹം പറഞ്ഞു. അപ്പോൾ തന്നെ എനിക്ക് മനസിലായി. പിന്നെ എങ്ങനേം നാട്ടിൽ എത്തിയാൽ മതി . പെട്ടന്ന് ആവശ്യം വന്നാൽ ഫ്ലൈറ്റ് കിട്ടുമോ. അതുമില്ല. പ്രത്യേകിച്ച് പിറ്റേ ദിവസം റംസാൻ പോലെ എന്തോ ആഘോഷവും. ഒടുവിൽ ചുറ്റി തിരിഞ്ഞ് 15 മണിക്കൂർ എടുത്താണ് ഞാൻ അവളെ അവസാനമായി കാണാൻ എത്തിയത്. അപ്പോഴും ഒന്നുമറിയാതെ എന്റെ രണ്ടു വയസുകാരൻ മോൻ എന്റെ ചിറ്റേടെ കൈകളിൽ ഉണ്ടായിരുന്നു.

പിന്നെ ഇങ്ങോട്ട് പോരാട്ടത്തിന്റെ വർഷമായിരുന്നു. എന്റെ വീട്ടുകാരും സുപ്രിയയുടെ വീട്ടുകാരും എന്റെ കൂടെ നിന്നതാണ് ഏറ്റവും വലിയ ധൈര്യമായി മാറിയത്. തിരികെ പോകുമ്പോൾ ഏറ്റവും ടെൻഷൻ മോനെ കുറിച്ച് ഓർക്കുമ്പോളായിരുന്നു. പക്ഷെ നീ ധൈര്യമായി പൊക്കോ, മോനെ ഞങ്ങടെ കുഞ്ഞായി നോക്കും എന്ന് പറഞ്ഞത് എന്റെ എന്റെ അമ്മയുടെ അനിയത്തി വൃന്ദയും  ഭർത്താവ് ജയകുമാറുമാണ്.പിന്നെ എന്റെ ബന്ധുക്കളും. ദൈവം പല സമയങ്ങളിൽ പല രൂപത്തിൽ നമ്മുടെ അടുത്തെതും. എന്റെ കൊച്ചച്ചനെ പോലെ... ചിറ്റയെ പോലെ. അങ്ങനെ   ഞാൻ തിരികെ മസ്കറ്റിലേക്ക് വന്നു. ഞങ്ങൾ ഒന്നിച്ചു ജീവിച്ച വീട്, സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കു വെച്ചയിടം. സുപ്രിയ ഇല്ലാതെ, അവൾ ഒരു ഫോൺ കോളിനപ്പുറം ഇല്ലാതെ അവിടെ ജീവിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.  എല്ലാത്തിലുമുപരി എന്റെ മോനെ കാണാതെ  ഒരു നിമിഷം പോലും തള്ളി നീക്കാൻ പറ്റാത്ത അവസ്ഥ. അങ്ങനെ ഞാൻ അവനെ കൂടെ എന്റെ കൂടെ കൊണ്ട് വന്നു. പിന്നെ ഞങളുടെ ലോകമായിരുന്നു. ഐ ആം എ പ്രൗഡ്  സിംഗിൾ പേരന്റ്. ഓഫീസിൽ പോകുമ്പോൾ അവനെ ഡേ കെയറിൽ ആക്കും. തിരിച്ചു വരുമ്പോൾ അവനേം കൂട്ടും. ഒരേ സമയം അമ്മയായും അച്ഛനായും അവനൊപ്പം. അവനും ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്ന കുട്ടിയായി മാറിയിരുന്നു അപ്പോഴേക്കും. കഴിച്ച പ്ലേറ്റ് സിങ്കിൽ കൊണ്ടുപോയി വെച്ചും, വല്യ ബഹളങ്ങളും വാശിയും കാണിക്കാതെയും അവൻ അച്ഛനെ കൂടുതൽ കംഫട് ആക്കി. രാത്രിയിൽ ഞങ്ങൾ ഒന്നിച്ചു സിനിമകൾ കണ്ടു. എല്ലാ ദിവസവും നൈറ്റ് ഡ്രൈവ് പോയി. അവന്റെ കുഞ്ഞു മനസ് നിറയാൻ അതൊക്കെ മതിയായിരുന്നു.

പക്ഷെ എനിക്ക് തോന്നി അവന് ഒരു അമ്മയെ വേണം. ഒരു ദിവസം കുഞ്ഞിന് പനി വന്നു. ഞാൻ ജീവിതത്തിൽ ഇത്രയും പേടിച്ച ദിവസങ്ങൾ ഇല്ല. ആ പനി എനിക്കായിരുന്നു വന്നതെങ്കിൽ എന്റെ കുഞ്ഞ് എന്തു ചെയ്യുമായിരുന്നു എന്ന് ഓർത്തപ്പോൾ മനസ്സിൽ ഉറപ്പിചു. ഒരു കൂട്ട് വേണം. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു പലരും പ്രതികരിച്ചത്.  രണ്ടാമത് വിവാഹം കഴിക്കുന്നത് എന്തോ വലിയ പാപം ആണെന്നാണ് പലരുടെയും ധാരണ. മാത്രമല്ല അതിനു നിശ്ചിത മായ സമയക്രമം ഒക്കെയുണ്ട്. ഒരു വർഷം കഴിയണം. രണ്ടു വര്ഷം കഴിയണം.  അതിനെ കുറിച്ചു നമ്മൾ പറയുന്നത് പോലും തെറ്റാണ്. പല  ബന്ധുക്കൾ പോലും എന്നോട് ചോദിച്ചു നിനക്ക് ഇപ്പോൾ കല്യാണം കഴിക്കേണ്ട ആവശ്യം എന്താ...? ഞാൻ ജോലിക്ക് പോകുമ്പോൾ, എന്തെങ്കിലും തിരക്കിൽ ആകുമ്പോൾ എല്ലാം മനസ്സിൽ കുഞ്ഞിനെ കുറിച്ചുള്ള വേവലാതിയാണ്. അവനെ ഒന്ന് സേഫ് ആക്കുക എന്ന കാര്യം എല്ലാരും മറക്കും.   പിന്നെയും ഞെട്ടിച്ച സംഭവം ഉണ്ട്. വിവാഹ ആലോചനയൊക്കെ വന്ന് ഏകദേശം ശരിയാകുമ്പോൾ ചിലർ വീണ്ടും വീണ്ടും ചോദിക്കും  ശരിക്കും എങ്ങനെയാണ് മരിച്ചതെന്നു. ഡിവോഴ്സ്ഡ് ആയിട്ടുള്ളവരിൽ ചിലർക്ക് നമ്മൾ പറയുന്നത് എത്രയായാലും വിശ്വാസമില്ലാത്ത പോലെയാണ്. അവരുടെ ജീവിതത്തിലെ അനുഭവം വെച്ചാണ് അവർ എല്ലാവരെയും അളക്കുക.  നമ്മൾ കാണുന്നതെയല്ല ലോകമെന്നു ഞാൻ മനസിലാക്കിയത് അങ്ങനെയാണ്.

ഇപ്പോഴും വിവാഹ ആലോചനകൾ എന്റെ വളരെ അടുത്ത ആളുകൾ നടത്തുന്നുണ്ട് . സമൂഹത്തിന്റെ ചിന്തകളും, നിഗമനങ്ങളും പലതായിരിക്കും. പക്ഷെ ഒരാൾ ഇല്ലാതാകുമ്പോഴുള്ള നഷ്ടം. അതു അനുഭവിച്ചവർക്ക് മാത്രമേ അറിയൂ.  അതിനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നെ ബാധിക്കുന്ന പ്രശ്നമേയല്ല. എനിക്ക് 33 വയസു മാത്രേ ആയിട്ടുള്ളു. എന്റെ കുഞ്ഞിന് നാലു വയസും. ജീവിതത്തിൽ ഒരു കൂട്ട് വേണം.

ഞങ്ങൾ സുപ്രിയയുടെ നാടായ ഒറ്റ പാലത്തു പോകാറുണ്ട്. അവിടുത്തെ അച്ഛനും അമ്മയും ഇപ്പോഴും എന്റേത് തന്നെയാണ്. ജീവിതത്തിൽ ആരൊക്കെ വന്നാലും അവരെ ഞാൻ എന്നും എന്റേതായി തന്നെ ചേർത്ത് നിർത്തും . പലരും ചോദിക്കാറുണ്ട്, വിവാഹം നോക്കുമ്പോൾ എങ്ങനെയുള്ള പെൺകുട്ടിയെയാണ് നോക്കുന്നതെന്നു. എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ മോന് നല്ലൊരു അമ്മ. 2 വയസിൽ ഒന്നും അറിയാത്ത പ്രായത്തിൽ അവന് അമ്മ നഷ്ടപ്പെട്ടതാണ്. ഒരുപാട് സ്നേഹമുള്ള ഒരാൾ വേണം. അതു മാത്രെമേ ഉള്ളൂ ആഗ്രഹം.   എന്റെ വീട്ടുകാരെ സ്വന്തമായി കാണാൻ കഴിയുന്ന ഒരാൾ.  അതുവരെ ഞങ്ങൾ ഇങ്ങനെ മച്ചാൻ മച്ചാൻമാരായി ജീവിതം അടിച്ചു പൊളിച്ചു നടക്കും... പിന്നെ ഒരു കാര്യം കൂടെയുണ്ടേ... ഞാൻ  സെയിൽസ് പ്രഫഷനിൽ ജോലി ചെയ്യുന്ന ഒരാളാണ്. നിത്യവും നമ്മൾ കാണുന്നതിൽ 10 പേരിൽ 7 പേര് നോ പറയുന്നവരായിരിക്കും. ഈ നോ കേട്ടു കേട്ട് മനസിന് നല്ല ഉറപ്പു വന്നു... ചെറിയ കാറ്റും കോളും ഒന്നും ഇനിയെന്നെ ഉലയ്ക്കില്ല.