Thursday 18 April 2019 12:26 PM IST

മരിക്കുന്നതിന് മൂന്ന് നാൾ മുമ്പ് മാഷ് പറഞ്ഞു, നീ വിഷമിക്കരുത് നമുക്ക് കുഞ്ഞുങ്ങളുണ്ടാകും

Vijeesh Gopinath

Senior Sub Editor

shilna
ഫോട്ടോ: ശ്രീകുമാർ എരുവട്ടി

പുഞ്ചിരിയുടെ പുൽനാമ്പു പോലും മുളയ്ക്കാത്ത കനൽച്ചൂടിലിരുന്നാണ് സുധാകരനെക്കുറിച്ചു പറഞ്ഞു തുടങ്ങേണ്ടത്. വെയിൽ പൊള്ളലേറ്റ വെളുത്ത പൂക്കൾ പോലെ ചിതറിക്കിടക്കുന്ന കുറെ ഒാർമകൾ...

ഇടിവാളേറ്റ് സ്വപ്നങ്ങൾ പച്ചയ്ക്കു കത്തിപ്പോകുന്നതു കണ്ടിട്ടുണ്ടോ? അതായിരുന്നു കെ.വി. സുധാകരൻ എന്ന അധ്യാപകന്റെ, എഴുത്തുകാരന്റെ ജീവിതം.

ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സുധാകരൻ എന്ന തണൽമരച്ചുവട്ടിലേക്ക് ഷിൽന കടന്നു വന്നത്. സൗഹൃദവും പ്രണയവും കടന്ന് വിവാഹത്തിലേക്കെത്തിയപ്പോഴേക്കും ഒരു പതിറ്റാണ്ട് കടന്നുപോയി.പിന്നെ, വെറും പത്തുവർഷം. പൂജ്യത്തിൽ നിന്ന് അക്കങ്ങളിലേക്ക് തുഴഞ്ഞു തുടങ്ങിയ നാളുകൾ. ഒരു കുഞ്ഞെന്ന മോഹത്തിന്റെ മിടിപ്പുകൾക്കു വേണ്ടിയുള്ള ചികിത്സകൾ... അതിനൊക്കെ മുകളിലൂടെയാണ് 2017 ഓഗസ്റ്റ് 15ന് ആ ലോറി കയറി ഇറങ്ങിയത്.

shilna-1

‘‘ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴാണ് മാഷിന് ആദ്യം കത്തെഴുതുന്നത്. അതു കഴിഞ്ഞ് ആറു വർഷം കഴിഞ്ഞാണ് തമ്മിൽ ആദ്യമായി കാണുന്നത്. പിന്നെ, ആ ദിവസം മാഷിന്റെ മരവിച്ച നെറ്റിയിൽ ഞാനവസാനമായി ചുണ്ടമർത്തിയത്. പക്ഷേ, ഈ കാഴ്ചകളിൽ നിന്നൊന്നുമല്ല സംസാരിച്ചു തുടങ്ങേണ്ടത്.’’

സുധാകരന്‍ സമ്മാനിച്ചിട്ടു പോയ രണ്ടു കുരുന്നുകൾ ചുരത്തുന്ന പാൽനിലാച്ചിരി എല്ലാ ഒാർമപ്പൊള്ളലുകളെയും മായ്ക്കുന്നതു പോലെ... ‘മാഷ്’ എന്നേ സുധാകരനെ ഷിൽന വിളിച്ചിട്ടുള്ളൂ. ഇന്നും അങ്ങനെ തന്നെ. പ്രണയത്തിന്റെ പതിവുകൾ അത്ര വേഗം മാഞ്ഞു പോകുമോ?

ആ പേരുകൾ

മരിക്കുന്നതിന്റെ രണ്ടു മൂന്നു ദിവസം മുൻപ്. അന്ന് കണ്ണൂരിലെ ഫ്ലാറ്റിലായിരുന്നു സുധാകരനും ഷിൽനയും

സംസാരത്തിനിടയിൽ സുധാകരൻ പറഞ്ഞു, നീ വിഷമിക്കരുത്. നമുക്ക് കുഞ്ഞുങ്ങളുണ്ടാകും. രണ്ട് പെൺകുഞ്ഞുങ്ങൾ. അവരുടെ പേര് ഞാൻ ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്. അടുത്താഴ്ച വീട്ടിൽ പോകുമ്പോൾ നീ നോക്കിയാൽ മതി.

പക്ഷേ, പിന്നെ ആ വീട്ടിലേക്ക് ഷിൽന ഒറ്റയ്ക്കാണ് കയറി ച്ചെന്നത്. ഡയറിയിലെ താളിൽ എഴുതി പൂർത്തിയാക്കാനുള്ള കഥകളുടെ പേര്. അതിനും അടിയിൽ നിമ, നിയ എന്നു രണ്ടു പേരുകൾ. വടിവൊത്ത അക്ഷരത്തിൽ...

‘‘ ഇനി സ്വപ്നം മാഷിന്റെ കഥകളുടെ സമാഹാരം ഇറക്കുകയാണ്. മാഷിന്റെ സുഹൃത്തുക്കൾ അതിനു പിറകേയാണ്.

‘നിന്റെ ജീവിതം എന്തിന് എല്ലാവരോടും പറയുന്നു’ എന്ന് ചിലർ ചോദിക്കാറുണ്ട്. വളരുമ്പോൾ എന്റെ കുഞ്ഞുങ്ങൾ അ വരുടെ അച്ഛനെക്കുറിച്ച് അറിയണം. അവർ എങ്ങനെ ജനിച്ചു എന്നറിയണം. അമ്മ വളർത്തിയ ഒരുപാടു കുഞ്ഞുങ്ങൾ ഈ ലോകത്തില്ലേ... ഇവരും വളരും അച്ഛനെക്കുറിച്ച് കേട്ടറിഞ്ഞ്...

മുറിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന കാൽത്തളക്കിലുക്കംങ്ങൾ സുധാകരൻ കേൾക്കുന്നുണ്ട്, ഉറപ്പ്.

കൂടുതൽ വായനയ്ക്ക് വനിത ഏപ്രിൽ ലക്കം കാണുക