Wednesday 12 January 2022 11:14 AM IST : By സ്വന്തം ലേഖകൻ

മദ്യപിച്ച് വീട്ടിലെത്തിയ അച്ഛൻ മകനുമായി വഴക്കിട്ടു; തർക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി മകൻ, അറസ്റ്റിൽ

man-found-dead-inside-his-h.jpg.image.845.440

തിരുവനന്തപുരം വര്‍ക്കലയില്‍ വീട്ടിനുള്ളില്‍ വൃദ്ധന്‍ മരിച്ചനിലയില്‍ കണ്ടത് കൊലപാതകമെന്ന് പൊലീസ്. മദ്യപിച്ചുള്ള തര്‍ക്കത്തിനിടെ മകന്‍ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നതാണെന്നും കണ്ടെത്തി. മകന്‍ സതീഷ് അറസറ്റില്‍. വര്‍ക്കല ഏണാര്‍വിള കോളനിയില്‍ താമസിക്കുന്ന 65 വയസ്സുകാരന്‍ സത്യനെ ഞായറാഴ്ചയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. 

തലയ്ക്ക് പിന്നില്‍ പരുക്കേറ്റിട്ടുണ്ടായിരുന്നതിനാല്‍ വീണ് പരുക്കേറ്റതാവാം മരണകാരണമെന്നാണ് കരുതിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് അടിയേറ്റുണ്ടായ മുറിവാണെന്ന് സ്ഥിരീകരിച്ചു. അതോടെയാണ് മകനിലേക്ക് അന്വേഷണം എത്തിയത്. 

ഞായറാഴ്ച വൈകിട്ട് 4 മണിയോടെ സത്യന്‍ മദ്യപിച്ച് വീട്ടിലെത്തി. ആ സമയം മകന്‍ സതീഷ് കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കവും വഴക്കുമായി. വഴക്കിനിടെ സതീഷ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. പിന്നീട് പിടിച്ച് തള്ളുകയും ചെയ്തതോടെ തലയടിച്ച് നിലത്ത് വീഴുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ സതീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Tags:
  • Spotlight