Saturday 01 August 2020 12:13 PM IST : By സ്വന്തം ലേഖകൻ

ന്യൂസ് റിപ്പോർട്ടർക്ക് കാൻസർ; രോഗം കണ്ടുപിടിച്ചത് ടെലിവിഷൻ സ്ഥിരമായി കാണുന്ന പ്രേക്ഷക! വിചിത്രമായ അനുഭവം ഇങ്ങനെ

vixccrdtfygufhy

ജീവിതത്തിൽ വളരെ നിർണ്ണായകമായ അവസ്ഥയിലൂടെ പലരും കടന്നുപോകാറുണ്ട്. അത്തരമൊരു സാഹചര്യം തരണം ചെയ്തുവന്നിരിക്കുകയാണ് മാധ്യമപ്രവർത്തകയായ വിക്റ്റോറിയ പ്രൈസ്. തികച്ചും അപ്രതീക്ഷിതമായാണ് തനിക്ക് കാൻസർ ആണെന്ന് വിക്റ്റോറിയ പ്രൈസ് അറിഞ്ഞത്. കാൻസർ കണ്ടെത്തിയതാകട്ടെ, സ്ഥിരമായി വിക്റ്റോറിയയെ ടെലിവിഷനിലൂടെ കാണുന്ന ഒരു പ്രേക്ഷകയും. ജീവിതത്തെ മാറ്റിമറിച്ച ആ അനുഭവത്തെപ്പറ്റി വിക്റ്റോറിയ സോഷ്യൽ മീഡിയയിൽ കുറിച്ചതോടെ പുറംലോകമറിഞ്ഞു. 

ജോലിസംബന്ധമായി വരുന്ന ഇ-മെയിലുകളിൽ ഒന്നാണ് വിക്റ്റോറിയയുടെ ജീവൻ രക്ഷിച്ചത്. "ഞാൻ നിങ്ങളുടെ ന്യൂസ് റിപ്പോർട്ടുകൾ കണ്ടിരുന്നു. പക്ഷേ, എനിക്ക് ഏറെ ആശങ്ക തോന്നിയത് നിങ്ങളുടെ കഴുത്തിൽ കാണുന്ന മുഴയെ കുറിച്ചാണ്. എന്റെ കഴുത്തിൽ മുൻപ് ഇത്തരം ഒരു മുഴ ഉണ്ടായത് കാൻസറായിരുന്നു. അതുകൊണ്ട് തീർച്ചയായും നിങ്ങളുടെ തൈറോയ്ഡ് പരിശോധിക്കണം."- എന്നാണ്  ഇ-മെയിലിൽ ഒരു പ്രേക്ഷക കുറിച്ചത്.

സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന മുഴ പ്രേക്ഷക എങ്ങനെ ശ്രദ്ധിച്ചു എന്നാലോചിച്ച് വിക്റ്റോറിയ ആദ്യം അമ്പരന്നു. എങ്കിലും ഡോക്ടറെ കാണാൻ 28 വയസ്സുകാരിയായ വിക്റ്റോറിയ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ കഴുത്തിലെ മുഴ തൈറോയ്ഡ് കാൻസർ ആണെന്ന് ഡോക്ടർമാർ കണ്ടെത്തി. കാൻസർ സമീപത്തുള്ള ഗ്രന്ഥികളിലേക്കും പടർന്നു കയറിയ അവസ്ഥയിലായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം വിക്റ്റോറിയ ശസ്ത്രക്രിയയ്ക്ക് വിധേയയായി.

"അന്ന് ഇങ്ങനെയൊരു ഇ-മെയിൽ സന്ദേശം ലഭിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും കഴുത്തിലെ മുഴയെപ്പറ്റി ചിന്തിക്കുകയോ ചികിത്സ തേടുകയോ ചെയ്യില്ലായിരുന്നു. ഒരു കടപ്പാടുമില്ലാത്ത തികച്ചും അപരിചിതയായ ഒരു വ്യക്തി ആയിരുന്നിട്ടുകൂടി എന്റെ കാര്യത്തിൽ ആ പ്രേക്ഷക കാണിച്ച കരുതലിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല."- വിക്റ്റോറിയ പറയുന്നു.  

Tags:
  • Spotlight
  • Social Media Viral