Friday 23 September 2022 02:11 PM IST : By സ്വന്തം ലേഖകൻ

പരീക്ഷയ്ക്ക് രണ്ടു മാസം മുൻപ് അപകടത്തിൽ പരുക്ക്, ആശുപത്രിക്കിടക്കയിലും അവർ മത്സരിച്ചു പഠിച്ചു; വിധിയോടു പോരാടി ദമ്പതികൾക്ക് എ പ്ലസ് തിളക്കം

kollam-oachira-plus-two-passed.jpg.image.845.440

വിധിയോടു യുദ്ധം ചെയ്ത് 72-ാം വയസ്സിൽ ഭാര്യയോടൊപ്പം പന്ത്രണ്ടാം തരം തുല്യതാ പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ എ പ്ലസോടെ വിജയം നേടി മുൻ സൈനികൻ. ഓച്ചിറ ചങ്ങൻകുളങ്ങര കണ്ണമത്ത്തറ കൗസ്തുഭവത്തിൽ രമണൻ (72) ഭാര്യ പത്മിനി (61) എന്നിവരാണ് മിന്നും വിജയം കരസ്ഥമാക്കിയത്. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണു രമണൻ. 1967 ൽ എസ്എസ്എൽസി പാസായ രമണന് അടുത്തവർഷം തന്നെ സിആർപിഎഫിൽ സിലക്‌ഷൻ‍ ലഭിച്ചു. തുടർന്ന് 15 വർഷം സൈന്യത്തിന്റെ ഭാഗമായി രാജ്യ സേവനം നടത്തി. പിന്നീട് വിദേശത്ത് പല ജോലികളിലും ഏർപ്പെട്ടിരുന്നു. തിരികെ നാട്ടിലെത്തിയതിനു ശേഷം വിവിധ കമ്പനികളിൽ സുരക്ഷാ ഉദ്യോഗസ്ഥനായി.

ഭാര്യ പത്മിനി എൽഐസി ഏജന്റായി ജോലി നോക്കുകയാണ്. ഇതിനിടയിൽ ഭാര്യയെ സഹായിക്കാൻ രമണനും ഭാര്യയോടൊപ്പം ഫീൽഡ് വർക്കിനു പോകാൻ തുടങ്ങി. കോവിഡ് കാലത്താണ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് തുല്യത കേന്ദ്രത്തിലെ കോഓർഡിനേറ്റർ ശ്രീലേഖ12-ാം തരം തുല്യത കോഴ്സിനു പഠിക്കാൻ ആഗ്രഹമുള്ളവരെ തേടി എത്തുന്നത്. തുടർന്ന് ഇരുവരും കൃത്യമായി ക്ലാസുകളിൽ പങ്കെടുത്തു. അറിവു നേടാനുള്ള മാതാപിതാക്കളുടെ ആഗ്രഹത്തെ മക്കളായ പ്രിൻസും പ്രിയങ്കയും കൊച്ചുമക്കളും പ്രോത്സാഹിപ്പിച്ചതോടെ ഇരുവരും പഠനംവുമായി മുന്നേറി.

പരീക്ഷയ്ക്ക് രണ്ടു മാസം മുൻപ് അപകടത്തിൽ രണ്ടു പേർക്കും പരുക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നപ്പോഴും അവർ മത്സരിച്ചു പഠിച്ചു. ഓച്ചിറ ഗവ. എച്ച്എസ്എസിലാണ് പരീക്ഷ എഴുതിയത്. ഫലം വന്നപ്പോൾ മിക്ക വിഷയങ്ങളിൽ എ പ്ലസ് നേടി രമണനും പത്മിനിയും വിജയിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ നിന്നു പരീക്ഷ എഴുതിയ 30 പേരിൽ 29 പേരും വിജയിച്ചു. സംസ്ഥാന തലത്തിലും രമണൻ മുന്നിലെത്തുമെന്നും പ്രതീക്ഷയിലാണ്.

Tags:
  • Spotlight