Friday 18 June 2021 04:41 PM IST : By സ്വന്തം ലേഖകൻ

പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ പൊലീസിന് ജാഗ്രതക്കുറവ്: ഗൗരവതരമെന്ന് വനിത കമ്മീഷന്‍

drisya 741

മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് പെണ്‍കുട്ടിയ കുത്തിക്കൊന്ന സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിത കമ്മിഷന്‍. കടയ്ക്ക് തീയിടുകയും കടയുടമയുടെ യുവതിയായ മകളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് വനിത കമ്മിഷന്‍ ആവശ്യപ്പെട്ടു. 

പെരിന്തല്‍മണ്ണ എളാട് കൂഴംതുറ ചെമ്മാട്ടില്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയായ വിനീഷ് വിനോദിനെ(21) പൊാലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് ജാഗ്രതകുറവുണ്ടായി. കമ്മിഷന്‍ ഇതിനെ ഗൗരവതരമായി കാണുന്നതായും അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. 

ദൃശ്യയ്‌ക്കൊപ്പം മുറിയിലുണ്ടായിരുന്ന ദേവശ്രീയെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ദൃശ്യ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.