Saturday 25 September 2021 03:38 PM IST : By സ്വന്തം ലേഖകൻ

ആർത്തലച്ച് ഒഴുകി എത്തുന്ന ജലം പതിക്കുന്നത് 853 അടി താഴ്ചയിലേക്ക്... ജോഗ് വെള്ളച്ചാട്ടം പൂർണരൂപത്തിൽ കാണാൻ ഇതു നല്ല സമയം

Jog waterfalls

കർണാടകത്തിൽ ഷിമോഗ–ഉത്തര കന്നഡ ജില്ലകളുടെ അതിർത്തിയിൽ സിദ്ധാപുരിലാണ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ ജലപാതങ്ങളിലൊന്നായ ജോഗ് വാട്ടർഫാൾസ്. ശരാവതി നദിയിലെ ഈ വെള്ളച്ചാട്ടത്തിൽ 853 അടി താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്ലഞ്ജ് ജലധാരയാണ് ഇത്. ഒഴുകി എത്തുന്ന ജലം പാറക്കെട്ടുകളിൽനിന്ന് താഴേക്കു പതിക്കുമ്പോൾ പാറകളിൽ സ്പർശിക്കാതെ നേരേ താഴേക്കു വീഴുന്ന വെള്ളച്ചാട്ടങ്ങളാണ് പ്ലഞ്ജ് ജലധാരകൾ. വെള്ളം വന്നു പതിക്കുന്ന ഉയരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ മൂന്നാമത്തെ വലിയ വെള്ളച്ചാട്ടമാണ് ജോഗ്.

ജോഗഡ ഗുണ്ഡി, ജോഗ ജലപാത, ഗരിസപ്പ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടത്തിന് 4 ജലധാരകളാണ് ഉള്ളത്. രാജാ, റാണി, റോറർ, റോക്കറ്റ് എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നു.

ജോഗ് ഫാൾസിന്റെ വ്യൂപോയിന്റ് ഷിമോഗ ജില്ലയിലെ സാഗരയിലാണ്. വ്യൂപോയിന്റിൽനിന്ന് താഴേക്ക് ഇറങ്ങിയാൽ വെള്ളച്ചാട്ടത്തിന്റെ താഴെ എത്താം. 1400 പടവുകൾ ഇറങ്ങി വേണം താഴെ എത്താൻ.

Jog waterfalls1

മൺസൂൺ കാലത്താണ് ജോഗ് വാട്ടർ ഫാൾസ് അതിന്റെ ഏറ്റവും ഗാംഭീര്യത്തിൽ കാണാൻ സാധിക്കുന്നത്. ശരാവതി നദിയിലെ ജലപ്രവാഹം ശക്തമാകുകയും തടസ്സങ്ങളില്ലാതെ ഒഴുകി എത്തുകയും ചെയ്യുന്ന സമയത്ത് ജോഗ് വെള്ളച്ചാട്ടത്തെ അതിന്റെ പൂർണ ഗാംഭീര്യത്തിൽ കാണാം. മൺസൂൺ അവസാനിച്ചതിനു തൊട്ടു പിന്നാലെ ജോഗ് സന്ദർശിക്കുന്നതാണ് നല്ലത്. ജൂൺ മുതൽ ഡിസംബർ വരെയാണ് സാധാരണ ഇവിടത്തെ ടൂറിസ്റ്റ് സീസണായി കണക്കാക്കുന്നത്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും വന്യതയും നിറയുന്ന പശ്ചാത്തലവും അന്തരീക്ഷവും ജോഗ് കാഴ്ചകളുടെ സൗന്ദര്യം വർധിപ്പിക്കുന്നു.

Jog waterfalls2

ബെംഗളൂരുവിൽനിന്ന് 379 കിമീ, മംഗളൂരുവിൽനിന്ന് 216 കിമീ, ഷിമോഗയിൽനിന്ന് 100 കിമീ എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽനിന്നുള്ള ദൂരം. തുംകൂർ–ബെല്ലാരി ദേശീയ പാത 206ൽ ആണ് ജോഗ് ഫാൾസ്. മംഗളൂരു, ബെംഗളൂരു, ഷിമോഗ തുടങ്ങിയ നഗരങ്ങളിൽനിന്ന് ഒട്ടേറെ ബസ് സർവീസുകൾ ഇതുവഴിയുണ്ട്. സമീപ വിമാനത്താവളം ഹുബ്ലിയിൽ. അന്താരാഷ്ട്ര വിമാനത്താവളം മംഗലാപുരവും. ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്‌റ്റേഷൻ ഷിമോഗ. ബിരൂർ ജങ്ഷനും സാഗരയും തളഗുപ്പയും അടുത്തുള്ള റയിൽവേ സ്‌റ്റേഷനുകളാണ്. ഷിമോഗയിൽനിന്ന് ഇങ്ങോട്ടേക്ക് പാസഞ്ചർ ട്രെയിനുകൾ കിട്ടും. ബെംഗളൂരുവിൽനിന്ന് വരുമ്പോൾ പുലർച്ചെ തളഗുപ്പയിൽ ഇറങ്ങാവുന്ന വിധം ട്രെയിൻ സർവീസ് ഉണ്ട്. ജോഗ് ഫാൾസിനു സമീപം പരിമിതമായ താമസസൗകര്യം പരിമിതമാണ്. കർണാടകത്തിൽ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട കോവിഡ് നിബന്ധനകൾ പാലിക്കാൻ ശ്രദ്ധിക്കുക.

Tags:
  • Manorama Traveller
  • Travel Destinations
  • Travel India