Saturday 11 April 2020 04:03 PM IST

പോകുന്നത് കോഴിക്കോട്ടേക്കാണ്, രുചിയുടെ ദം ബിരിയാണിച്ചെമ്പിലേക്ക്; നാടിന്റെ തനത് വിഭവങ്ങൾ തേടിയൊരു യാത്ര!

Vijeesh Gopinath

Senior Sub Editor

_I5A2617-1 ഫോട്ടോ: അരുൺ പയ്യടിമീത്തൽ

രാത്രി പത്തുമണി കഴിയുമ്പോൾ ഇരുട്ടിൽ ഒറ്റയ്ക്കായി പോകുന്ന കടലിനെക്കുറിച്ച് ഒാർത്തിട്ടുണ്ടോ? പകൽ, പറക്കുന്ന പട്ടങ്ങൾ കണ്ട്, ച‍ൂടു കടല കൊറിച്ച്, തിരയെണ്ണുന്നവരെ നോക്കി, കുടമറയത്ത് പരസ്പരം കൈമാറുന്ന മിന്നലുമ്മകള്‍ കണ്ടു കണ്ട് കടലിങ്ങനെ തുള്ളിക്കളിക്കും...പക്ഷേ, എട്ടുമണി കഴിഞ്ഞാൽ കളിമാറും.  അപ്പോഴേക്കും മണൽത്തരികൾ പറ്റിപ്പിടിച്ച കാലുമായി കുട്ടികൾ വീടെത്തിയിട്ടുണ്ടാകും. രാത്രിഭക്ഷണം പുറത്തു നിന്നു കഴിച്ച സന്തോഷത്തിൽ വീട്ടമ്മമാർ നേരത്തേ അടുക്കള അടച്ചിട്ടുണ്ടാകും. കടപ്പുറത്ത് ബാക്കിയാകുന്നവരെ ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ് പൊലീസ് ‘തീരം വഴി’ ഒാടിച്ചിട്ടുണ്ടാകും. കാലുറയ്ക്കാത്തവരുടെ പാട്ടും അടക്കിപ്പിടിച്ച ചിരികളും മാത്രം ബാക്കിയായേക്കാം... ഇതൊക്കെ കണ്ടുകണ്ട് ഉറക്കം വരാതെ കടൽ തിരിഞ്ഞും മറിഞ്ഞും കിടക്കും.

‘‘നിങ്ങളിത് ഏത് കടലിനെക്കുറിച്ചാഷ്ടാ പറയണത്?’’ ചോദ്യം കോഴിക്കോട്ടുകാരനായി മാറിയ ചങ്ങാതി ഉമേഷിന്റേതാണ്.  ‘‘കോഴിക്കോടു ബീച്ചിന് ഒരു പ്രത്യേകതയുണ്ട്. പാതിരാ വരെ കുടുംബങ്ങൾ കടൽ തീരത്തിരുന്ന് കത്തിവയ്ക്കുന്നത് പതിവു കാഴ്ചയാണ്. കടലു കാണാതെ ഒരു സമാധാനവും ഇല്ലെന്നു കരുതുന്നവർ. രാത്രി പത്തു മണിക്ക് ബീച്ചിലേക്കു പോരൂ... ബാക്കി ഇവിടെ നേരിട്ടു കാണാം.’’ കോഴിക്കോട് സിറ്റി പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് ക്ഷണിക്കുന്നു...

പോകുന്നത് കോഴിക്കോട്ടേക്കാണ്. രുചിയുടെ ദം ബിരായാണിച്ചെമ്പിലേക്ക്. കണ്ണടച്ചാലോചിച്ചു. പാരഗണിലെ അപ്പവും മട്ടൺ കറിയും, പാതിരായ്ക്ക് പോയാലും ചോറും അയക്കൂറ വറത്തതും  കിട്ടുന്ന സാഗർ,  ബീഫ് ബിരിയാണി കാണുമ്പോൾ ‘ഇയ്യ്ങ്ങട്ട് ബാ മുത്തേ’ എന്നു പറഞ്ഞ് ഇടതും വലതും നോക്കാതെ വലിച്ചടുപ്പിക്കുന്ന റഹ്മത്ത്, അമ്മ മെസ്സിലേ മീൻ വറുത്തതും ചൂടു കഞ്ഞി വെള്ളവും, ടോപ്ഫോമിലെ പൊറോട്ടേം കറികളും, ആദാമിന്റെ ചായക്കടയിലെ ചിക്കൻ പൊട്ടിത്തെറിച്ചത്, പിന്നെ മിൽക്ക് സർബത്ത്, ഷാർജാ ഷേക്ക്.... ബീവറേജിലെ ക്യൂ പോലെ എപ്പോൾ നോക്കിയാലും രുചിത്തിരക്ക് വരിവരിയായി നിൽക്കും.

ഒരു തീരുമാനം ഇതാ ഇപ്പോ എടുക്കണം. പോകുന്നത് പാതിരാക്കടൽ കാണാനാണ്. അല്ലാതെ സ്ഥിരം രുചിസാമ്രാജ്യങ്ങളിൽ കയറി ‘ആക്രാന്തിക്കാനല്ല’.  അതിനൊക്കെ അവധി കൊടുക്കാം.  കടലുകണ്ട്, വലിയ വെറൈറ്റികളില്ലെങ്കിലും കടലിനോടു ചേർന്നുള്ള കടകളിലെ ചെറിയ വിഭവങ്ങൾ കഴിച്ച് തിരയെണ്ണി കാറ്റുകൊണ്ട് ഒരു രാത്രി തീർക്കണം. ഈ യാത്രയിൽ രുചികളല്ല, കടലിന്റെ രാപ്രണയമാണ് നെഞ്ചോടു ചേർക്കേണ്ടത്.

_I5A2657-1

സൈക്കോ നെല്ലിക്ക

പത്തര കഴിഞ്ഞു... ഇരുട്ടിന്റെ കുപ്പായമിട്ട് കടലിരമ്പുന്നു. അപ്പോഴും കരയിലെ ഉന്തുവണ്ടികൾ വെളിച്ചത്തിൽ മുങ്ങി കുളിച്ചു നിൽക്കുന്നുണ്ട്. പെട്ടെന്ന് ഉപ്പിലിട്ട വിഭവങ്ങൾ നിറച്ച ഭരണിക്കുള്ളില്‍ നിന്നൊരു വിളി:

‘‘വേഗം വന്ന് കയിച്ചോളീ... പതിനൊന്നു മണിക്ക് മ്മ്ടെ കടപൂട്ടും... പിന്നെങ്ങ ക്ക് ചിക്കൻ കബാബു കിട്ടും? പക്ഷേ, െഎസൊരതി കിട്ടൂലാാ, ഉപ്പിലിട്ട നെല്ലിക്കേം കിട്ടൂലാ...’’

അത് ശരിയാണ്. െഎസൊരതി അ ല്ലെങ്കിൽ ഉപ്പിലിട്ടത്. ഏതെങ്കിലും ഒന്നു കഴിക്കണം. വൈകുന്നേരമാണെങ്കിൽ ചൂടു കല്ലുമ്മക്കായ് പൊരിച്ചതിനിട്ടൊരു പിടിപിടിക്കാമായിരുന്നു. പക്ഷേ, ആ തട്ടുകടയ്ക്ക് ഷട്ടര്‍ വീണു.

തണുപ്പു കാറ്റ് ചുറ്റിപ്പിടിക്കുന്നുണ്ട്. അതിനിടയ്ക്ക് െഎസൊരതി വേ ണോന്നൊരു സംശയം. െഎസ് ഉരച്ച് തരിയാക്കി കുഞ്ഞിക്കപ്പിലേക്ക് നിറയ്ക്കും. പിന്നെ,  പലതരം ഫ്ലേവറുകളും ചേർത്ത് രുചിയുടെ തിരയിളക്കും. ഒാർത്തപ്പോഴേ വാങ്ങാൻ കൈതരിച്ചെങ്കിലും ‘അടങ്ങ് മോനേ... അടങ്ങെന്ന്’ മ നസ്സു  പറഞ്ഞു.  തണുപ്പിൽ ‘െഎസൊരതി’ കഴിച്ച് കിടന്നുറങ്ങി എഴുന്നേൽക്കുമ്പോഴേക്കും തൊണ്ട കണ്ണുപൊട്ടുന്ന ചീത്തവിളക്കും.

പക്ഷേ, ഉപ്പിലിട്ടത് – അത് ‘മസ്റ്റാണ്’. കക്കിരി, മാങ്ങാ, കാരറ്റ്, പേരയ്ക്ക, ചൗചൗ, പൈനാപ്പിൾ, നെല്ലിക്ക, എലന്തപ്പഴം.... നിരന്നു നിൽക്കുന്നു. നെല്ലിക്കയും വാങ്ങി തിരയെണ്ണാനിരുന്നു.

 നെല്ലിക്ക ആള് സൈക്കോ ആണെന്ന് പണ്ടേ തോന്നിയിട്ടുണ്ട്. ഇത്രയും രുചിഭേദങ്ങൾ ഈ ചെറിയ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു വച്ച മറ്റാരുണ്ട്? കയ്പും പുളിയും ചവർപ്പും പിന്നെ, വെള്ളം കുടിച്ചാൽ ഇതൊന്നുമല്ലാത്ത കുഞ്ഞിമധുരവും... ഇനി പിടിച്ച് തേനിലിട്ടാൽ ഈ രുചികളൊക്കെ മാഞ്ഞ് കടും മധുരമാകും. ഉപ്പിലിട്ടാലോ, തികച്ചും മറ്റൊരാൾ. എത്രയെത്ര സൈക്കോ ഭാവങ്ങളാണ് മിന്നി മറയുന്നത്.  

അപ്പോഴാണ് ദേ, രണ്ടുപേർ മുന്നിൽ വന്നത്. സഫ്ദറും സാഫിറും. ഒരാൾ പരസ്യസംവിധായകൻ. മറ്റെയാൾ ഗ്രാഫിക് ഡിസൈനർ. പതിവു പോലെ വീട്ടിലേക്കു പോകും മുന്നേ കടലുകാണാനിറങ്ങിയതാണ്.

‘‘കേരളത്തിൽ ഇതു പോലെ സജീവമായ കടൽ തീരം വേ റെ ഉണ്ടാകുമോ എന്നു സംശയമാണ്. വെളുപ്പിനെ നാലു മണി മുതൽക്കേ ആളനക്കം തുടങ്ങും; ആദ്യം  നടക്കാൻ വരുന്നവർ. ഒൻപതു മണി കഴിയുന്നതോടെ പല നാടുകളിൽ നിന്നുള്ള  വർ എത്തി തുടങ്ങും. പിന്നെ, സമയം ചെലവഴിക്കാൻ ഇവിടേക്കെത്തുന്നവർ, സുഹൃത്തുക്കൾ, പ്രണയിക്കുന്നവർ. അറുപതു വയസ്സായവരുടെ ഒരു സംഘം ഉണ്ട്. അവർക്ക് വന്നിരിക്കാൻ സ്ഥിരമായ സ്ഥലവുമുണ്ട്.

പതിനൊന്നു മണിയാകുമ്പോഴേക്കും ദൂരെയുള്ളവരെല്ലാം പോകും. പിന്നെ, വരുന്നത് കോഴിക്കോടും പരിസരത്തുമുള്ള  കുടുംബങ്ങളാണ്. വെള്ളി, ശനി, ഞായർ; ഈ മൂന്നു ദിവസവും ഒരു മണി കഴിഞ്ഞും കുടുംബങ്ങളുണ്ടാകും. പിന്നെ, 24 മ ണിക്കൂറും ഏതു വിഭവവും കിട്ടുന്ന ഹോട്ടലുകൾ നഗരത്തിലുണ്ടെന്ന കാര്യം എടുത്തു പറയേണ്ടല്ലോ....

രാത്രികളിൽ പിറന്നാളാഘോഷങ്ങൾ, വിവാഹവാർഷികങ്ങൾ, ഗസലുകൾ, ഫുട്ബോൾ, വോളിബോൾ... എല്ലാം പലയിടങ്ങളിലായിട്ട് നടക്കും. പാതിരാക്കടപ്പുറം എന്ന കൂട്ടായ്മ തന്നെയുണ്ട്. തീരത്തിനപ്പുറത്തുള്ള പടിക്കെട്ടിൽ അവരുണ്ടാകും.’’ സഫ്ദറും സാഫിറും പറഞ്ഞതു കേട്ട് അങ്ങോട്ടു നടന്നു.

_I5A6765-1

പാതിരാക്കടൽക്കൂട്ടം

അങ്ങനെ ഒരു കൂട്ടമോ,  എന്നാൽ കണ്ടുകളയാം. സമയം പന്ത്രണ്ടാകുന്നു. ഉത്തരയും നിഖിതയും കളിയിലാണ്. രണ്ടു പേരും പ്രൊവിഡൻസ് സ്കൂളിലെ ആറാം ക്ലാസ് കുട്ടികൾ.

‘‘നാളെ സ്കൂളില്ലേ?’’

‘‘അതിനെന്താ... കുറച്ചു നേരം കളിച്ചിട്ട് വേഗം പോയിക്കിടന്ന് ഉറങ്ങാം. എല്ലാം പഠിച്ചു കഴിഞ്ഞ് ഒന്നു കടലു കാണാൻ വന്നതല്ലേ ഞങ്ങൾ... വന്ന സ്ഥിതിക്ക് ഇപ്പോ െഎസ് സ്റ്റിക് കഴിച്ചിട്ടു പോകാം.’’ ഉത്തരയുടെ അച്ഛൻ ഉമേഷ് െഎസ് സ്ക്രീം വാങ്ങാൻ പോയതാണ്.  

ഉമേഷിന്റെ ചങ്ങാതിമാർ യാഷർ അലിയും നിഖിലയും നിയാസും ആന്റണിയും ജിജിയും എല്ലാം െഎസ്ക്രീമും കാത്തിരിക്കുകയാണ്...

‘‘മിക്ക ദിവസവും ഞങ്ങൾ കടപ്പുറത്ത് എത്താറുണ്ട്. പിറ്റേന്ന് അവധി ദിവസമാണെങ്കിൽ വെളുപ്പിനെ വരെ കത്തി വ യ്ക്കൽ നടക്കും. പരീക്ഷാക്കാലമായതോടെ തിരക്കൽപ്പം  കുറവാണ്. പാതിരാക്കടപ്പുറം സജീവമായി കാണണമെങ്കിൽ നിങ്ങൾ നോമ്പുകാലത്തു വരണം. പുലരും വരെ ആൾക്കാരുണ്ടാകും. വെളുപ്പിനെ നാലുമണിക്ക് നോമ്പിന്റെ അത്താഴവും കഴിച്ച് പോയിക്കിടന്നുറങ്ങും. വലിയ ഹോട്ടലുകളിൽ ഞങ്ങൾ സാധാരണ പോകാറില്ല. മസാല കാടമുട്ട കിട്ടുന്ന അബ്ദുക്കാന്റെ തട്ടുകട, നൂറിന്റെ പത്തിരിക്കട... ഇവിടൊക്കെ കയറും.’’യാഷർ അലിയും നിഖിലയും പറയുന്നു.

അപ്പോഴാണ് പപ്പടവും കടലമിഠായിയുമായി ജ്യോതിയേടത്തി വന്നത്. ഇരുപതു വർഷമായി കോഴിക്കോട്ടെ തിരക്കിനിടയിൽ ജ്യോതി പപ്പടം വിൽക്കുന്നു. സന്ധ്യയായാൽ ബീച്ചിലെത്തും. പിന്നെ പതിനൊന്നു മണിയാകുമ്പോൾ വീട്ടിലേക്കു തിരിച്ചു പോകും.

‘‘നീയൊരു സ്ത്രീയല്ലേ, ഈ രാത്രിയില്‍ എന്തിനാ പപ്പടവുമായി നടക്കുന്നത് എന്നു പലരും ചോദിച്ചിട്ടുണ്ട്, സ്ത്രീകൾക്കെന്താ ഇറങ്ങി നടന്നാൽ? ഇത് വിറ്റു കിട്ടുന്ന പൈസകൊണ്ടാണ് ഞാൻ ജീവിക്കുന്നത്, ഇപ്പോഴത്തെ ഭാര്യമാരൊക്കെ ഭാഗ്യം ചെയ്തവരാണ്. കല്യാണം കഴിഞ്ഞ സമയത്ത് എനിക്ക് ഇങ്ങനെ കടപ്പുറത്ത് തണുപ്പുകൊണ്ടിരിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു.നടന്നില്ല’’ ജ്യോതി ചിരിക്കുന്നു.

എങ്കിലും എങ്ങനെയായിരിക്കാം കോഴിക്കോട് ബീച്ച് മാത്രം പാതിരായ്ക്ക് ഉറങ്ങാതിരിക്കുന്നത്. ഉത്തരം പറഞ്ഞത് പാതിരാക്കടപ്പുറ കൂട്ടത്തിലെ നിയാസും ആന്റണിയും ജിജിയും ഒക്കെയാണ്.  

‘‘ആദ്യം ബീച്ചിനടുത്ത് കുറ്റിച്ചിറയിലൊക്കെ താമസിക്കുന്നവരുടെ ശീലമായിരുന്നു ഇത്. പല മുസ്‌ലിം കുടുംബങ്ങളിലും ഭർത്താക്കന്മാർ പുയ്യാപ്ലമാരാണല്ലോ. ഭാര്യയുടെ വീട്ടിലായിരിക്കും താമസം. മിക്കവർക്കും ജോലി കച്ചവടമായിരിക്കും. അവർ കട അടച്ചു വരുമ്പോഴേക്കും രാത്രി വൈകും. പിന്നെ, ഭക്ഷണവും കഴിച്ച് ഭാര്യയുമായി  ബീച്ച് കാണാനിറങ്ങും.

 നാലു വർഷത്തിൽ കൂടുതലായി കാണും ബീച്ചിൽ നിന്ന് അകലെ ഉള്ളവരും രാത്രി വൈകിയും ഇവിടെ ഇരിക്കാൻ തുടങ്ങി. ഒരു ശല്യവും ഇല്ല. എന്താണ് വീട്ടിൽ പോകാനായില്ലേ എന്ന് ഞങ്ങളോടാരും ചോദിച്ചില്ല.’’ അപ്പോഴേക്കും െഎസ് സ്റ്റികുമായി ഉമേഷ് എത്തി.

ഒാറഞ്ച്, ഗ്രേപ്, പൈനാപ്പിൾ– അഞ്ച് രൂപയേയുള്ളൂ... ഒ ന്നെടുത്ത് വായിൽ വച്ചപ്പോഴേക്കും നൊസ്റ്റാൾജിയയുടെ  തണുപ്പ് നാവിൽ തട്ടി. പഴയ കോലൈസിന്റെ അതേ ടേസ്റ്റ്.  അഞ്ചുരൂപയ്ക്ക് എവിടെയാണ് ഈ നേരത്ത് ഈ കാലത്ത് കാൻഡി െഎസ് സ്റ്റിക് കിട്ടുന്നത്? അതിനുത്തരം കിട്ടിയത് ബീച്ചിൽ നിന്ന് രണ്ടു വളവ് തിരിഞ്ഞാൽ കാണുന്ന മെമ്മറൈസിൽ നിന്നാണ്. ഇവിടെയാണ് കോലൈസിന്റെ വീട്.  

kcfyvgughft

തിരപൊന്തും രുചികൾ

മെമ്മറൈസിന്റെ മാനേജിങ് പാർട്ണർ വസീം പറയുന്നു.‘‘ര ണ്ടു തരം െഎസ് സ്റ്റിക് ആണ്  ഇവിടെയുള്ളത്. െഎസ്ക്രീം സ്റ്റികും പിന്നെ, അഞ്ചു രൂപയുള്ള കാൻഡി സ്റ്റികും. െഎസ്ക്രീം സ്റ്റിക് ഇരുപതു തരം രുചികളിലുണ്ട്. ഇളനീർ, ഡേറ്റ്സ്, ചിക്കു, അത്തിപ്പഴം, ഗുവാ, സീതപ്പഴം....

 നൊസ്റ്റാൾജിയയിൽ നിന്നു തുടങ്ങിയ സ്വപ്നമാണിത്.  ഞങ്ങളുടെ കുട്ടിക്കാലത്ത് വീട്ടിൽ െഎസ് സ്റ്റിക് ഉണ്ടാക്കി തരുമായിരുന്നു. വലുതായപ്പോൾ ആ ടേസ്റ്റും ഒാർമയിൽ ത ന്നെ നിന്നു. അങ്ങനെയാണ് പുതുതലമുറ ഒരുമിച്ച് മെമ്മറൈസ് തുടങ്ങുന്നത്. പഴങ്ങളുടെ പൾപ്പ് ഉൾപ്പെടയുള്ള നാച്ചുറ ൽ സാധനങ്ങൾ ഉപയോഗിച്ച് പണ്ട് വീട്ടിൽ ഉണ്ടാക്കിയ അ      തേ റെസിപ്പിയിലാണ് ഇന്നും ഉണ്ടാക്കുന്നത്.’’

 ഗുവയും ചിക്കുവും കഴിച്ച് കഴിഞ്ഞപ്പോഴാണ് അതാ പുതിയൊരു െഎറ്റം ഇരിക്കുന്നു. ഹിന്ദി സിനിമാ നടന്മാരുടെ പേരു പോലുണ്ട്. സാരിഷ് – അതെന്താ സാധനമെന്ന് അറിയണമെല്ലോ. തണുപ്പും  കാപ്പിരുചിയും നാവിൽ കെട്ടുപിണഞ്ഞു. ബൂസ്റ്റും ചോക്‌ലെറ്റും പാലും ചേർത്തുണ്ടാക്കിയതാണിതെന്ന് പിന്നെയാണ് മനസ്സിലാക്കിയത്.

പുറത്തേക്കിറങ്ങി ചെന്നു നിന്നത് ഒരു ആൾക്കൂട്ടത്തിനു ന ടുവിൽ. മുന്നിൽ  ജ്യൂസ് കടയാണ്. പേര് സുഹ്റ ജ്യൂസ് ഷോപ്പ്. ഉടമ അബ്ദുൾ നാസർ പറയുന്നു,‘‘രാവിലെ പതിനൊന്നു മുതൽ രാത്രി രണ്ടു മണിവരെയാണ് ഞങ്ങൾ തുറക്കുന്നത്. അറുപതോളം  ജ്യൂസും പിന്നെ, ഷേക്കുകളും ഉണ്ട്. ഇപ്പോൾ അലോവെര, നെല്ലിക്ക മസാല ഹെൽത് ജ്യൂസുകളും ഉണ്ട്. നെല്ലിക്കയും സാലഡ് കുക്കുമ്പറും ഇഞ്ചിയും വെളുത്തുള്ളിയും കാന്താരിമുളകുമൊക്കെ ചേർത്തതാണ് നെല്ലിക്ക മസാല ജ്യൂസ്.  സീതപ്പഴം, ഒറിയോ ഷേക്കുകളും ഹിറ്റാണ്.’’ എന്നാൽ പോരട്ടെ ഒറിയോ ഷേക്ക്.

പിന്നെയും കടൽത്തീരത്ത്. പെട്ടെന്നു വന്ന കാറ്റ് തല വഴി തണുപ്പു വാരിയിട്ടു. മധുരം തലയ്ക്ക് പിടിച്ചിട്ടുണ്ട്. സമയം പന്ത്രണ്ടാകുന്നു. ഉറക്കം വന്ന് മുട്ടി നോക്കുന്നുണ്ട്. ഇത്രയും ദൂരെ പാതിരാക്കടൽ കാണാൻ വന്നിട്ട് ഉറങ്ങിക്കളയാനോ...  കുറച്ച് എരിവു കഴിക്കാൻ തോന്നി.

നേരെ അബ്ദുക്കയുടെ കടയിലേക്ക് നടന്നു. സൗത്ത് ബീച്ചിനടുത്താണ് ഒറ്റമുറിക്കട. അതിനു മുറ്റത്ത് ഒന്നു രണ്ട് സ്റ്റൂൾ ഇട്ടിട്ടുണ്ട്. കണ്ണാ‌ടിയലമാര കാലിയായി.  

‘‘അയ്യന്റെ കുട്ട്യേ എല്ലാം തീർന്നു പോയി. ഫോട്ടോ നാളെ എടുക്കാം. എന്നാലും ഒരൈറ്റം തരാം. കാടമുട്ട മസാല.’’ കാടമുട്ട പുഴുങ്ങിയെടുക്കും. ഇറച്ചി മസാലയും മല്ലിപ്പൊടിയും ചൂടാക്കി അതിലേക്ക് ഏലം, കറുവാപ്പട്ട, ജാതിക്കാ പൊടിച്ചതുംചേർക്കും. പിന്നെ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും. ഗ്രേവിപരുവമായ മസാലയിലേക്ക് കാടമുട്ട ഇളക്കും. കാടമുട്ട മൂന്നെണ്ണം പടപടാന്ന് വയറ്റിലെത്തി. എരിവും മസാലഗന്ധവും മനസ്സിൽ ഇട്ട് കടപ്പുറത്തേക്ക്.

അവിടെ രാമക‍‍‍ൃഷ്ണേട്ടനുണ്ട്. അടുത്ത് സൈക്കിളിൽ ചുക്കു കാപ്പിയും. ഒരു മണി വരെ കടലിനടുത്ത് രാമകൃഷ്ണനുണ്ടാകും, ചുക്കും കുരുമുളകും ഇട്ട കാപ്പിയുമായി.

പാതിരാക്കൂട്ടം പോകാനുള്ള ഒരുക്കത്തിലാണ്. ഒരു ഗ്ലാസ് ചൂടു ചുക്കുകാപ്പിയുമായി കടൽത്തീരത്തേക്കു നടന്നു. തിര കാലിൽ വന്നു തൊട്ടു, ആരുപോയാലും കൂട്ടിന് ഞാനുണ്ടെന്ന മട്ടിൽ...

drdtvhvgutrr

അറേബ്യൻ രുചി തീരം

തീരത്ത് ബീച്ച് ഹോട്ടൽ മുതല്‍ കോർപറേഷൻ ഒാഫിസ് വരെ രുചികൊണ്ട് ഉത്സവം നടത്തുന്ന പല ഹോട്ടലുകളുണ്ട്. അതിലൊന്നാണ് കാലിക്കറ്റ് കറാച്ചി ദർബാർ. ചുട്ട െഎറ്റംസ് മാത്രമേ ഇവിടെയുള്ളൂ. ചിക്കനിലും ബീഫിലും മൂന്നു താരങ്ങൾ. കബാബ്, ടിക്ക, ബാർബി ക്യൂ. അഫ്ഗാനി ടിക്കയ്ക്ക് ആരാധകർ ഏറെയാണ്.   

‘‘ഫൊട്ടോഗ്രഫിയും യാത്രയുമായിരുന്നു പാഷൻ. രുചി തിരഞ്ഞു തന്നെ ഒരുപാടു യാത്രകൾ ചെയ്തിട്ടുണ്ട്. അങ്ങനെ ദുബായിൽ വച്ചാണ് കറാച്ചി ഹോട്ടലിലെ ഭക്ഷണം കഴിക്കുന്നത്, അതിഷ്ടപ്പെട്ടാണ് ഇവിടെ കറാച്ചി ഹോട്ടൽ തുടങ്ങിയത്.’’ ഉടമ ജംഷി ഹോട്ടൽ കഥ പറയുമ്പോൾ കയ്യിലെ ചിക്കൻ ടിക്കയിലേക്ക് അൽപം  മയനീസ് ഒഴിച്ചു. പതുക്കെ വായിലേക്ക്, ‘ന്റെ സാറേ...’

_I5A6709-1
Tags:
  • Pachakam