Friday 06 March 2020 03:31 PM IST

എന്തു കിട്ടിയാലും ഉടൻ അച്ചാർ; പച്ചീർക്കിലി മുതൽ റോസാപ്പൂ വരെ! വയനാടൻ രുചിയുടെ ചുരം കയറി...

Vijeesh Gopinath

Senior Sub Editor

NAJ05539 ഫോട്ടോ: നൗഷാദ് യാൻ, സാജു, ഷാഫി കോട്ടനാട്

അടിവാരത്തു നിന്ന് കെഎസ്ആർടിസി ബസ് പതുക്കെ ചുരം കയറിത്തുടങ്ങി. അരിയും ഉഴുന്നും മിക്സിയിലിട്ട് അരയ്ക്കുന്നതിനിടയിൽ വെള്ളം കുറയുമ്പോഴുള്ള ശ്വാസംമുട്ടലില്ലേ... അതുപോലെ ഒാരോ കൊടുംവളവിലും കിതച്ചുകൊണ്ട് നടുവിനു കൈ കൊടുത്ത് ബസ് ഒന്നു നിൽക്കും. പിന്നെ, വീണ്ടും ശ്വാസമെടുത്ത്, ‘ഉയ്യന്റപ്പാ...’ എന്നു പറഞ്ഞു കുതിക്കും.

നേരം പുലർന്നിട്ടില്ല. പതുക്കെ ഷട്ടർ പൊക്കി വച്ചു. പെട്ടെന്നു കയറി വന്ന തണുപ്പ്  ആരും കാണാതെ കവിളിൽ ഒരുമ്മ തന്നു. പിന്നെ, തൊട്ടുതൊട്ടിരുന്ന് ഷർട്ടിന്റെ മേൽബട്ടനഴിച്ച് തണുപ്പിന്റെ വിരലുകൾ ഒരു കെട്ടിപ്പിടിത്തം. വയനാടൻ ചുരം പഴയ കാമുകിയെ പോലെയാണെന്ന് വെറുതെയല്ല പറയുന്നത്. എപ്പോ കണ്ടാലും നമുക്കു മാത്രം തിരിച്ചറിയാനാകുന്ന ഒരു മിടിപ്പ് മനസ്സിൽ പിടയ്ക്കും,

മഞ്ഞു മാറിയപ്പോൾ ദൂരെ ഇരുട്ടിന്റെ പുതപ്പിനുള്ളിൽ കുന്നുകൾ. അവിടെ കറുത്ത എള്ളുണ്ടയ്ക്കു മുകളിലെ വെളുത്ത എള്ളുകൾ പോലെ കുഞ്ഞു ബൾബുകൾ തെളിഞ്ഞു നിൽക്കുന്നു. ഒാരോ വീട്ടിലും അടുക്കളകൾ ഉണ ർന്നിട്ടുണ്ടാകും. ചട്ടീം കലവും ത ട്ടീം മുട്ടീം കഥ പറഞ്ഞു തുടങ്ങിയിട്ടുണ്ടാകും....

കൽപ്പറ്റയിൽ ചെന്നിറങ്ങിയപ്പോഴേ കട്ടനടിക്കാൻ കയറി. നേരം വെളുത്തിട്ടില്ല. അതിനു മു ൻപേ കണ്ണാടിക്കൂട്ടിനുള്ളിൽ ചെറുകടികൾ മാടി വിളിക്കുന്നു. ഇലയട, പൊരിച്ച പത്തിരി, കായപ്പം, പഴംപൊരി, ഉണ്ണിയപ്പം....‘‘ഈ കൊച്ചു വെളുപ്പാംകാലത്തേ ആരെങ്കിലും വാങ്ങുമോ?’’

ചോദ്യം ഇഷ്ടപ്പെടാതെ ചായ വലിച്ചടിച്ച്  ചേട്ടന‍്‍ കണ്ണുരുട്ടി. ‘‘ ‘കടി’ വേണോ വേണ്ടയോ? അ തു പറ...’’ ചേട്ടൻ കലിപ്പിലാ, ‘ഇടി’ മേടിേക്കണ്ട.  ഇതിപ്പോ ഏതു നാട്ടിലും കിട്ടും. വന്നിറങ്ങിയപ്പോഴേ നാവിനെ നിരാശപ്പെടുത്തണ്ട. ഇവിടെ മാത്രം കിട്ടുന്ന രുചികളിലേക്കു വണ്ടിവിടാം.

രുചിത്തറവാട്ടിലേക്ക്...

NAJ05634

ബാണാസുര സാഗർ അണക്കെട്ടിന്റെ അരികിലൂടെയാണ് മൊതക്കരയിലേക്ക് പോകുന്നത്. ഉണ്ണിയപ്പചട്ടിയിലെ വെളിച്ചെണ്ണയിൽ പൊങ്ങി കിടക്കുന്ന കുഞ്ഞനുണ്ണിയപ്പങ്ങൾ പോലെ പാതിമുങ്ങി നിൽക്കുന്ന മൊട്ടക്കുന്നുകൾ കടന്നാൽ രുചിയുടെ വീട്ടിൽ എത്താം.

ഇതാണ് അത്തിക്കൊല്ലി തറവാട്. പേരുകേട്ട കുറിച്യ തറവാട്. ഇരുപത്തൊന്നു കുടുംബങ്ങളിലായി ഇരുനൂറ്റി അൻപതോളം അംഗങ്ങൾ വിശേഷാവസരങ്ങളിൽ തറവാട്ടിൽ ഒത്തുചേരും.

അടുക്കളയിൽ ആറു ചട്ടികൾ കാത്തിരിക്കുന്നു. അടപ്പൊന്നു തുറന്നു നോക്കി... രണ്ടെണ്ണത്തിൽ ഞണ്ട് പിടയ്ക്കുന്നുണ്ട്. ഒരെണ്ണത്തിൽ വേലിക്കായ്. അതായത് പച്ച നിറമുള്ള കുഞ്ഞു കായ്കൾ. ഒരെണ്ണമെടുത്ത് വായിലിട്ടതേ ഒാർമയുള്ളൂ...  നാവിൽ കയ്പിന്റെ ഉരുളുപൊട്ടി.

‘പണി തന്നതാണല്ലേ’ എന്ന്  അ ടുത്തു നിൽക്കുന്ന സുമതിചേച്ചിയോടു ചോദിച്ചപ്പോൾ ചിരിയടക്കി പറഞ്ഞു,‘‘ അത് പച്ചയ്ക്കു തിന്നുമ്പോഴേ കയ്പുള്ളൂ. തോര നാക്കിയാൽ കുഴപ്പമില്ല. പൊട്ടിച്ച് നന്നായി കഴുകണം. അതോടെ കയ്പ് പോകും. അപ്പുറത്തെ ചട്ടിയിൽ കാട്ടുമുന്തിരിച്ചപ്പ്. ഒരു തരം ചീരയിലയാണ്. പിന്നെ, കാട്ടുചേമ്പിന്റെ താൾ. താളുകറിയും മുത്താറിപ്പുട്ടും നല്ല രസമാണ്.   

ഇനി ചക്കരച്ചോറ്. പെൺകുട്ടികൾ  വയസ്സറിയിക്കുമ്പോൾ ഇവിടെ ഒരു ചടങ്ങുണ്ട്. അതിനുണ്ടാക്കുന്ന വിഭവമാണ്. ഇത്രയും ഉണ്ടാക്കിത്തരാം. പിന്നെ, സമയം കിട്ടുകയാണെങ്കിൽ മീൻ ചുട്ടെടുക്കാം....’’  സുമതിചേച്ചി അടുക്കളയിലേക്ക് ക്ഷണിച്ചു. അവിടെ അശ്വതിയും ലീലയും മഞ്ജുവും അശ്വിനിയും രുചിയുടെ അമ്പും വില്ലും മുറുക്കി നിൽക്കുകയാണ്.

SHFI0848

വിറകടുപ്പിൽ തീ തെളിഞ്ഞു. മണ്ണു തേച്ചതാണ് അടുക്കളയും അടുപ്പും. മ ണ്ണിനു മുകളിൽ പാളയോ വയ്ക്കോലോ കത്തിച്ചിട്ടുണ്ടാക്കിയ കരി തേച്ചിട്ടുണ്ട്. അടിമുടി വൃത്തി. ഞ ണ്ടുകറിയാണ് ആദ്യം അടുപ്പിലേക്ക് കയറിയത്. പൂ പറിക്കും പോലെ ഞണ്ടിന്റെ  കാലുകൾ പറിച്ചു കളഞ്ഞു. അൽപം വെള്ളമൊഴിച്ചു. അതിലേക്ക് മഞ്ഞൾപൊടിയും ഉപ്പും ഉള്ളിയും കാന്താരി ചതച്ചതും ചേർത്തു.   

ഞണ്ടായതു കൊണ്ട് നല്ല വേവുണ്ടാവുമെന്നു പറഞ്ഞ് അടുത്ത അടുപ്പിൽ വേലിക്കായ് തോരന്റെ ചട്ടി വച്ചു. ഉള്ളി യും മഞ്ഞളും ഉപ്പും ചേർത്തു. ഞണ്ടു ചടപടാന്ന് പാകമായി കൊണ്ടിരിക്കുന്നു. അപ്പോഴാണ് അടുപ്പിനു മുകളിലെ തട്ടു കണ്ടത്. മുളകൊണ്ടു നെയ്ത പായ. അതിൽ മീൻ ഉണങ്ങാനിട്ടിരിക്കുന്നു. അതിലെ കുഞ്ഞുമീനിനെ എടുത്ത് സിന്ധു കാണിച്ചു.

‘‘കുട്ടിക്കാലത്ത് ഇതിനെ പത്തു പൈസയെന്നാണ് വിളി ച്ചിരുന്നത്. പരലാണ്. കുട്ടികൾക്കു വരെ ഇതിനെ പിടിക്കാം. ഒരു പ്ലേറ്റെടുക്കും. അതിന്റെ വായ്ഭാഗം തുണികൊണ്ടു കെട്ടും. കുറച്ചു കീറി ഉള്ളിൽ ചോറിട്ട് വെള്ളത്തിലേക്ക് ഇറക്കി വ യ്ക്കും. ചോറു കൊത്താൻ മീൻ കേറി വരും. അപ്പോ നമ്മൾ പാത്രം എടുക്കും. മീൻ ഉള്ളിൽ പെടും. അതുപിന്നെ ഉപ്പും മഞ്ഞ ളും തേച്ച് ചെറ്റക്കണ്ടിക്ക് (അടുപ്പിനു മുകളിലെ മുളമ്പായ) മുകളിൽ ഉണക്കാനിടും.’’ ചടപടാന്ന് മൂന്നു നാലു വിഭവങ്ങളുണ്ടായി. ഇനി ഞണ്ട് ചുട്ട ചമ്മന്തിയും മുത്താറിപ്പുട്ടും മാത്രം. ‍

wynadtfvuhh

എവിടെ പുട്ടുകുടം?

മുത്താറിപ്പുട്ടുണ്ടാക്കാൻ മഞ്ജു പുട്ടുകുടത്തിനു പകരം ചീനച്ചട്ടിയാണ് അടുപ്പത്തു വച്ചത്. അതെങ്ങനെ ശരിയാകും? അപ്പോഴാണ് പേരിൽ മാത്രമേ പുട്ടുള്ളൂ എന്ന് തിരിച്ചറിഞ്ഞത്. ചട്ടിയിൽ വെള്ളമൊഴിച്ചു. ചൂടായപ്പോൾ അൽപം പൊടി തൂവി. എന്നിട്ട് ഇളക്കിത്തുടങ്ങി.  

കലാപരമായാണ് ഇളക്കൽ. ഒരു വടിയെടുക്കും അതിന്റെ അറ്റം ഇടത് കയ്യിൽ  ഉറപ്പിക്കും. എന്നിട്ട് വലതു കൈ കൊണ്ട് വടിപിടിച്ചു വട്ടത്തിൽ കറക്കും. പണ്ട് സ്കൂളിൽ കോംപസ് കൊണ്ട് വട്ടം വരച്ചതു പോലെ...

‘‘നൂൽപാകമാകുമ്പോൾ ഇറക്കണം. വലിയ വട്ടമുള്ള, ചെറിയ പിടിയുള്ള  ചട്ടുകം കൊണ്ടാണ്  മുത്താറി പരത്തുന്നത്. കൂവയിലയിലേക്ക് കോരിയിട്ട് അമർത്തും. വേഗം കഴിച്ചോ തണുത്താൽ രുചി പോകും.’’ മഞ്ജു പറഞ്ഞതു കേട്ട്  മുത്താറിപ്പുട്ടിനു മേലെ താളു കറിയൊഴിച്ച് ഒരുപിടി പിടിച്ചു.

കറിയില്ലാതെ മുത്താറി കഴിക്കുന്നത് വൻതോൽവിയായി തോന്നും. നിർവികാരഭാവം. പക്ഷേ, താളുകറി വീണതോടെ സംഭവം കളറായി. പുളിയും എരിവും കലരും.  പിന്നൊന്നും നോക്കിയില്ല. രണ്ടു തരം തോരനും ഞണ്ടു കറിയും ഇലയിൽ വീ ണു. ഞണ്ട് കഴിക്കാൻ ഇത്തിരി പാടാണെങ്കിലും നാവിൽ തൊട്ടാൽ അടിപൊളിയാണ്. അയ്യോ, ഒരൈറ്റം കൂടിയുണ്ടെന്നു പ റ‍‌ഞ്ഞ് ലീലേടത്തി ഒാടി വന്നു– ‘ഞണ്ട് ചുട്ടരച്ചത്’.

അത് മിസ് ചെയ്തിരുന്നെങ്കിൽ നഷ്ടമായിപ്പോയേനെ. ക നലിലിട്ട് ഞണ്ടു ചുട്ടെടുത്തതാണ്. ഒപ്പം മത്തന്റെ രണ്ട് ഇല യും ചെറുതായൊന്നു വാട്ടി. കാന്താരിമുളകും ഉള്ളിയും ഉപ്പും പിന്നെ, മത്തനിലയും ചുട്ട ഞണ്ടും അമ്മിക്കല്ലിൽ വച്ച് അരച്ചെടുത്തതാണ് പച്ച നിറത്തിലുള്ള  ഈ ചമ്മന്തി. കാച്ചിലിനൊപ്പം ഒരു നുള്ളെടുത്ത് വായിൽ വച്ചു. രുചിയുടെ വയനാടൻ കാറ്റ് ചങ്ങല കിലുക്കി ഒഴുകി പോയി.  

SHFI0851

ഇത് കഴിച്ചു വയറു നിറച്ചാൽ മുളയരിയുണ്ടയും കട്‌ലറ്റും പായസവുമൊക്കെ ആരു കഴിക്കും. വണ്ടി നേരെ തൃക്കൈപറ്റയ്ക്കടുത്തുള്ള വെള്ളിത്തോട് ജംക്‌ഷനിൽ ചെന്നു നിന്നു. തൃക്കൈപറ്റ ബാംബൂ ഷൂട്ട് പ്രൊസസിങ് യൂണിറ്റിന്റെ വാതിൽ  തുറന്ന് ഷീബ പറ‍ഞ്ഞു. ‘‘അഞ്ചു വനിതകള്‍ ചേർന്നാണ് ഈ യൂണിറ്റ് തുടങ്ങിയത്. മുളങ്കൂമ്പും മുളയരിയും കൊണ്ടുള്ള വിഭവങ്ങളാണ് ‍ഞങ്ങളുണ്ടാക്കുന്നത്. മുളയുടെ കേന്ദ്രമാണ് വയനാട്. 35 മുതല്‍ 40 വർഷമാണ് മുളയുടെ ആയുസ്സ്. ആയുസ്സിന്റെ അവസാനത്തിലാണ് മുള പൂക്കുക. മുള പൂത്ത് കഴിഞ്ഞാൽനാലു മാസം കൊണ്ടാണ് നെല്ലാകുന്നത്.  ഒരു മുളങ്കൂട്ടത്തിൽ നിന്ന് ഒരു ടൺ നെല്ലു കിട്ടും. മുളയുടെ ചുറ്റും ചാണകം മെഴുകും. അതിലേക്കാണ് നെല്ലു വീഴുന്നത്. അതു വാരിയെടുത്ത് കുത്തി അരിയാക്കി മാറ്റും. ഒരു കിലോയ്ക്ക് ഏതാണ്ട് 400 രൂപയാണ്.

ഞങ്ങൾ  മുളയരി പായസം, ഉണ്ണിയപ്പം, പക്കാവട, കുഴലപ്പം അവലോസുണ്ട, അച്ചപ്പം ഒക്കെയുണ്ടാക്കും.  സാധാരണ അരിപ്പായസം പോലെ തന്നെയാണ് മുളയരിപ്പായസവും ഉണ്ടാക്കുന്നത്. അരി വേവിക്കണം. ശർക്കരപ്പായസമോ പാൽപായസമോ ആക്കാം. മുളങ്കൂമ്പു കൊണ്ട് അച്ചാറുണ്ടാക്കാം. ജൂൺ മുതൽ സെപ്റ്റംബർ മാസം വരെയാണ് മുളങ്കൂമ്പ് കിട്ടുന്നത്. കൂമ്പു ചെറുതായി അരിഞ്ഞ് ഉപ്പുവെള്ളത്തിലിട്ട് മൂന്നു ദിവസം വയ്ക്കും. കട്ട് കളയാൻ ഇടയ്ക്കിടെ വെള്ളം മാറ്റണം. പിന്നീട് വേവിക്കും. അതിനു ശേഷമാണ് അച്ചാറുണ്ടാക്കുന്നത്.’’ ഉരുണ്ടുരുണ്ടിരിക്കുന്ന മുളയരിയുണ്ടയെടുത്ത് ഒരു കടികടിച്ചു. അരിയുണ്ടയെക്കാൾ കഠിനഹൃദയനാണെങ്കിലും സ്വാദുണ്ട്.

സ്പീഡ് മുതൽ റോസാപ്പൂ വരെ

SHFI0817

മേലേ വരദൂരെത്തിയപ്പോൾ നല്ല വിശപ്പ്. തൊട്ടപ്പുറത്താണ് ശ്രുതി മെസ്സ്. രാജനും ലീലയും ഇതുവഴി പോകുന്നവർക്ക് ഊ ണു നൽകാൻ തുടങ്ങിയിട്ട് 37 വർഷമായി. ഇല വന്നു. ചൂട് ചോറിനെ സാമ്പാറും മീൻ ചാറും കെട്ടിപ്പിടിച്ചു. പിന്നെ, തോരൻ, കപ്പ, പപ്പടം, കൂട്ടുകറി, നാരങ്ങാ അച്ചാർ... അവസാനം ലീലേച്ചി ഒരു കുഞ്ഞു സ്പൂണിൽ പച്ച നിറത്തിലുള്ള ചമ്മന്തി ഇലയിലിട്ടു. എന്നിട്ട് പ്രത്യേകം പറഞ്ഞു, ‘അൽപം’ തൊട്ട് നാക്കിൽ വച്ചു നോക്ക്....‍

തൊട്ടതേ ഒാർമയുള്ളൂ.  കണ്ണിൽ കൂടി എരിവിന്റെയും പുളിയുടെയും പൊന്നീച്ച പറന്നു. ചൂടു വെള്ളം കുടിച്ച് കണ്ണു നിറ ച്ച് ചോദിച്ചു, ‘ഹെന്താ പേര്?’ – സ്പീഡ്,

സ്പീഡോ? അതെന്ത് പേര്? രാജേട്ടനും ലീലേച്ചിയും ചിരിയോ ചിരി.  

‘‘സ്പീഡ് തൊട്ടു നാവിൽ വച്ചാൽ സ്പീഡിൽ ചോറുണ്ണാൻ കഴിയും. അതാ ആ പേരിട്ടത്. തൊണ്ണൂറിലധികം തരം അച്ചാർ ഞങ്ങളുണ്ടാക്കുന്നുണ്ട്. അതിലൊന്നാണ് സ്പീഡ്.  ഒരിക്കൽ ഡൽഹിയിൽ നിന്ന് കുറച്ചു പേർ വന്നു. അവർക്ക് പുഴുങ്ങിയ ഭക്ഷണം വേണം എന്നു പറഞ്ഞു. ഞാൻ കപ്പയും  പുഴുങ്ങി കാന്താരി അരച്ച് നാരങ്ങയും പിഴിഞ്ഞു കൊടുത്തു. അതവർക്ക് ഒരുപാടിഷ്ടമായി. അതാണ് സ്പീഡിന്റെ ആദ്യ രൂപം. ഇപ്പോൾ പുളിയാറില, നീലത്താമരയില, പുതിന തുടങ്ങി എട്ടോളം ഇലകളും അരച്ചു ചേർക്കും. അച്ചാറു മാത്രമല്ല, ഒൗഷധം കൂടിയാണ്. വയറിന് നല്ലതാണ്. പനി വന്നാൽ ക ഞ്ഞിക്കൊപ്പം കഴിക്കാം...’’ രാജേട്ടൻ ചിരിക്കുന്നു.

രാജേട്ടന് എന്തു കിട്ടിയാലും അച്ചാർ ഇടാൻ തോന്നും. കാന്താരി തന്നെ പത്തു തരം, കാന്താരി പൊടിച്ചതു മുതൽ ഫ്രൈ വരെ. കൂമ്പ്, പച്ചീർക്കിലി, പൂക്കുല, കൊട്ടത്തേങ്ങ,വാഴയുടെ ഉണ്ണിക്കൂമ്പ്... എന്തിനേറെ പറയുന്നു റോസാപ്പൂ കൊണ്ടു പോലും രാജനും ലീലയും അച്ചാറുണ്ടാക്കിയിട്ടുണ്ട്. ‌

വൈകുന്നേരമായാൽ പാപ്പിളശ്ശേരിക്ക് വിട്ടാൽ മതി. അവിടെ ആറരയ്ക്ക് ഒരു കാറ്റടിക്കാനുണ്ട്. ആ കാറ്റടിച്ചാൽ വിശപ്പിന്റെ കയറു പൊട്ടും. മീനങ്ങാടിയിൽ നിന്ന് പുൽപള്ളിയിലേക്കുള്ള റോഡരികിലാണ് മോഹനേട്ടന്റെ ബോട്ടിക്കട. ആറരയാകുമ്പോൾ കടയ്ക്കു മുന്നിലെ എൽഇഡി ലൈറ്റ് തെളിയും.

നേരെ അടുക്കളയിലേക്കു കയറിച്ചെന്നു. അവിടെ വിറകടുപ്പിൽ വലിയ ചെരുവത്തിൽ മോഹനേട്ടൻ ബോട്ടിയിളക്കുന്നു. ‘‘29 വർഷം കഴിഞ്ഞു. അച്ഛനായിട്ട് തുടങ്ങിയതാണ്. അന്ന് സാധാരണ ചായക്കടയായിരുന്നു. ഇപ്പോൾ ബോട്ടിയും കപ്പയും ചൂടുവെള്ളവും. അത്രയേ വിഭവങ്ങളുള്ളൂ. വൈകുന്നേരം തുറക്കും. എട്ടരയാകുമ്പോൾ കഴിയും. എന്നും പുതിയ ആളെങ്കിലും കഴിക്കാൻ എത്തും.’’ ബോട്ടിയുടെയും കാമുകൻ കപ്പയുടെയും മദിപ്പിക്കുന്ന ഗന്ധവുമായി മോഹനേട്ടനെത്തി.   

ചുരമിറങ്ങുമ്പോഴും രുചി ഇറങ്ങിയിരുന്നില്ല. കാറ്റിൽ പലതരം ഗന്ധങ്ങൾ കയ്യൊപ്പിട്ടു നിന്നു...

DSC01195

ത്തേരിയിലെ ചട്ടിച്ചോറ്

രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കാൻ കയറിയ സുൽത്താൻ ബത്തേരിയിലെ ഹോട്ടലാണ്. പേര് വിൽട്ടൺ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരുടെ അഭിപ്രായങ്ങൾ ചുമരിലുണ്ട് അതുനോക്കി നിൽക്കുമ്പോഴേക്കും കിട്ടി ഒരു ചട്ടി.

അടപ്പു തുറന്നു നോക്കി. കറികൾകൊണ്ടൊരു പൂക്കളം അടിയിൽ ചോറ്. അതിനു മുകളിൽ മീൻ കറി വറ്റിച്ചത്. കാളൻ വറ്റിച്ചത് ചിക്കൻ വറുത്തത്, ബീഫ് കറി, തോരൻ, അച്ചാർ, ചമ്മന്തി, ഒാരോ പച്ചമുളകും ചെറിയ ഉള്ളിയും പിന്നെ, നടുക്ക് പപ്പടവും. ചട്ടിക്ക് കൂട്ടായി രണ്ട് കുഞ്ഞു പാത്രങ്ങൾ. ഒന്നിൽ തൈരും രണ്ടു കാന്താരി മുളകും ഒരു തൈരുമുളകും. അടുത്ത പാത്രത്തിൽ പായസം. അല്ല, ഇതിപ്പോ എങ്ങനെ കഴിക്കും? ഉടമ സത്താർ പറഞ്ഞു തരും.

‘‘രണ്ടു രീതിയിൽ തുടങ്ങാം. എല്ലാം കൂടി ഒരുമിച്ച് കുഴച്ചു കഴിക്കാം. അല്ലെങ്കിൽ ഒരോ ഉരുള ഒരോ കറി ചേർത്തു കഴിക്കാം. ബീഫ് കറി വേണ്ടെങ്കിൽ പകരം ചിക്ക ൻ കറി തരാം. എല്ലാം കഴിച്ചു തീർക്കും മുൻപ് കുറച്ചു ചോറ് ബാക്കി വയ്ക്കണം. അതിലേക്ക് ആ പാത്രത്തിലെ തൈര് ഇല്ലേ? അതിൽ കിടക്കുന്ന മുളക് ഞെരടി ഉടയ്ക്കണം. എന്നിട്ട് ചോറിലേക്കൊഴിച്ച് ഒറ്റയടി. കുറച്ച് വെള്ളം കുടിച്ചിട്ട് പായസം കൂടി കഴിക്കാം.’’ സത്താർ ചട്ടി മുന്നോട്ടു നീക്കി വച്ചു. ചമ്മന്തിയിലൊന്നു തൊട്ടതും ആക്രാന്തത്തിന് തീപിടിച്ചു. ബില്ലും താങ്ങാം, 150 രൂപ.

DSC01131
Tags:
  • Pachakam