Wednesday 26 July 2023 12:21 PM IST

‘ആ കരച്ചിലിനൊപ്പം അമ്മയുടെ വയറും വിങ്ങുന്നുണ്ട്, ഉള്ളിലെ കുഞ്ഞുവാവയും കരയുന്നുണ്ടെന്ന് തോന്നി’: മോളിയുടെ ബേബി ചിത്ര

Roopa Thayabji

Sub Editor

ks-chithra-beena-s

പാട്ടിലെ ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളിൽ വീണ മണിമുത്താണു കെ. എസ്. ചിത്ര.  കേട്ടാൽ മതിവരാത്ത ആയിരമായിരം പാട്ടുകളാണ് ഈ അ നുഗ്രഹീത ഗായികയെ നമ്മുടെ ഹൃദയത്തിൽ ഇരുത്തിയത്.  പ്രണയത്തിൽ കുളിർമഴയായും വിരഹത്തിൽ എരിവേനലായും ചിരിയിൽ ലാത്തിരിയായും ദുഃഖത്തിൽ ഇളംകാറ്റായും ആ സ്വരം മനസ്സിൽ തൊട്ടു. വികാരങ്ങളെല്ലാം ആ ഈണത്തിലലിഞ്ഞു.  പാട്ടിനു വേണ്ടി മാത്രം ജീവിതം മാറ്റിവച്ച, ലാറ്റിനും ഫ്രഞ്ചും അറബിയുമുൾപ്പെടെ വിദേശഭാഷകളിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി 25,000ലേറെ പാട്ടുകൾ പാടിയ  ചിത്രയ്ക്ക് ഏതു പാട്ടു പാടിയാണു അറുപതാം പിറന്നാളാശംസകൾ നേരുകയെന്നു ചോദിച്ചപ്പോള്‍, ചേച്ചി കെ. എസ്. ബീന ഈണത്തില്‍ പാടി, ‘പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തൂ... ഹയ്യാ... കണ്ണാടി പുഴയിലു വിരിയണ കുളിരല േപാലെ...’

പിന്നെ, ഒാര്‍മകളുെട ചക്കരമാവിന്‍ ചുവട്ടില്‍ ഒാടിക്കളിച്ചിട്ടു മടങ്ങി വന്നു പറഞ്ഞു, ‘കുട്ടിക്കാലത്ത് അമ്മ പറയുമായിരുന്നു, പെണ്‍കുട്ടികൾ ഇങ്ങനെ ഉച്ചത്തില്‍ ചിരിക്കാന്‍ പാടില്ല, പൊട്ടിച്ചിരിക്കാന്‍ പാടില്ല എന്നൊക്കെ. പക്ഷേ, ചിത്രയ്ക്കു ചിരി അടക്കാനാകില്ല. ആ ചിരി എന്നുമുണ്ടാകട്ടെ എന്നു മാത്രമാണു പ്രാർഥന...’
പ്രിയപ്പെട്ട അനിയത്തിയെക്കുറിച്ചുള്ള അപൂര്‍വ ഒാര്‍മകളുെട ചെപ്പു തുറക്കുകയാണു ചേച്ചി കെ.എസ്. ബീന.

ചിത്രയെ ഞാൻ ആദ്യം കാണുന്നത് അമ്മയുടെ വലിയ വയറിനുള്ളിലാണ്. തമാശയല്ല കേട്ടോ. അന്നു മഹിളാമന്ദിരം സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുകയാണ് അമ്മ. എനിക്കു കഷ്ടിച്ചു നാലോ നാലരയോ വയസ്സ്. അപ്പൂപ്പൻ മരിച്ച വിവരമറിഞ്ഞു സ്കൂളിൽ നിന്ന് ഓടിയെത്തിയതാണ് അമ്മ. അമ്മൂമ്മയുടെ മടിയിൽ ഇരുന്ന ഞാൻ തലയുയർത്തി നോക്കുമ്പോൾ അമ്മ വാതിൽക്കൽ നിന്നു വിങ്ങിക്കരയുന്നു. ആ കരച്ചിലിനൊപ്പം അമ്മയുടെ വലിയ വയറും വിങ്ങുന്നുണ്ട്. ഉള്ളിലെ കുഞ്ഞുവാവയും കരയുന്നുണ്ട് എന്നു തോന്നി.’’ തിരുവനന്തപുരം കരമനയിലെ വീട്ടിലിരുന്നു ബീന ഇതു പറയുമ്പോൾ അങ്ങു ചെന്നൈയിലിരുന്നു ചിത്രയുടെ ഹൃദയം തുടിച്ചിട്ടുണ്ടാകും. അത്ര സ്നേഹമാണ് ഈ ചേച്ചിക്ക് അനിയത്തിയോട്.

‘‘പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് അമ്മ ആശുപത്രിയിലേക്കു പോയി, ‘കുഞ്ഞുവാവ വരാറായി മോളീ’ എന്ന് അമ്മൂമ്മ പറഞ്ഞു. മോളി എന്ന് എന്റെ വിളിപ്പേരാണ്. രണ്ടുദിവസം കഴിഞ്ഞു കുഞ്ഞുമായി വന്ന അമ്മ എന്നോടു പറഞ്ഞു, ‘ഇവൾ മോളിയുടെ ബേബിയാണ്.’ കർക്കടക മാസത്തിലെ ചിത്തിര നാളിൽ ജനിച്ച കുഞ്ഞിന് അമ്മൂമ്മയാണ് ചിത്ര എന്നു പേരിട്ടത്. പക്ഷേ, എനിക്ക് അന്നും ഇന്നും ചിത്ര, ബേബിയാണ്.

അച്ഛന്റെ തറവാട് ഓഹരി ചെയ്തപ്പോൾ എല്ലാവരും അടുത്തടുത്താണു വീടുവച്ചത്. അമ്മായിയുടെ മക്കളായ രോഷ്‌നിയും അജിയുമായിരുന്നു എന്റെ കൂട്ടുകാര്‍. അതിനിടെ ബേബിയെ അത്ര ശ്രദ്ധിച്ചിട്ടില്ല എന്നതാണു സത്യം. ഇരുപത്തെട്ടു കെട്ടൊക്കെ ചെറിയ ഓര്‍മയേയുള്ളൂ.

കണ്ണോടു കണ്ണായ സ്വപ്നങ്ങൾ മോഹങ്ങളില്‍ നീരാടുമ്പോള്‍...

അച്ഛൻ കരമന കൃഷ്ണന്‍ നായരും അമ്മ ശാന്തകുമാരിയും തിരുവനന്തപുരത്തുകാരാണ്. അച്ഛന്റെ വീട്ടില്‍ എല്ലാവരും പാടും. അച്ഛൻ നാടകങ്ങളില്‍ അഭിനയിക്കുകയും പാടുകയും ട്യൂണ്‍ ചെയ്യുകയുമൊക്കെ ചെയ്യും. ഗ്രേഡ് ആര്‍ട്ടിസ്റ്റായ അച്ഛനൊപ്പം ശ്രീകുമാരന്‍ തമ്പി സാറിന്റെ ഭാര്യ രാജിചേച്ചിയും എല്‍. സുഭദ്രയു മൊക്കെ ആകാശവാണിയില്‍ പാടിയിട്ടുണ്ടത്രേ.

ആയിടയ്ക്ക് ഒരു സിനിമയിൽ നായകനായി സെലക്‌ഷൻ കിട്ടി, ‘ത്യാഗസീമ’ എന്നാണു പേര്. ഫോട്ടോഷൂട്ട് കഴിഞ്ഞ ആ സിനിമ മുടങ്ങി. നാലഞ്ചു വര്‍ഷങ്ങൾക്കു ശേഷം സ്‌നേഹസീമ എന്ന പേരില്‍ ആ സിനിമ പുറത്തിറങ്ങിയെങ്കിലും നായകനായി പുതിയ ആളെയാണ് എടുത്തത്. അതാണു സാക്ഷാൽ പ്രേംനസീർ. ഈ കഥകളൊക്കെ കുട്ടിക്കാലത്തു ഞങ്ങൾ കേട്ടിട്ടുള്ളതാണ്.

എന്‍ജിനീയറിങ്ങും ലോയും കഴിഞ്ഞു ബിഎഡ് എടുത്ത അച്ഛൻ വാമനപുരം സ്‌കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. കാരക്കുടി കോളജില്‍ ലക്ചററായിരുന്ന അമ്മ വിവാഹം കഴിഞ്ഞതോടെ ജോലി വിട്ടു. ബിഎഡും എംഎഡും പഠിച്ചു മഹിളാമന്ദിരം സ്‌കൂളില്‍ അധ്യാപികയായി.

കണക്കു മാഷിന്റെ മക്കൾ കണക്കിൽ ‘മൊട്ട’ വാങ്ങുന്ന കാലമാണത്. ഞങ്ങൾക്കു ട്യൂഷൻ ഏർപ്പെടുത്തണം എ ന്ന് അമ്മ അച്ഛനെ നിർബന്ധിക്കും. പക്ഷേ, അച്ഛൻ ഏർപ്പാടാക്കിയത് മ്യൂസിക് ട്യൂഷനാണ്. തൃശൂര്‍ പി. രാധാകൃഷ്ണന്‍ മാഷ് തലതൊട്ട് അനുഗ്രഹിച്ച എന്നെ ഏഴാം വയസ്സു മുതൽ പാട്ടു പഠിപ്പിച്ചത് ആകാശവാണിയില്‍ തംബുരു ആർട്ടിസ്റ്റായ ഹരിഹരന്‍ സാറാണ്. മാഷ് വരുമ്പോ ൾ ബേബിയെ പായയിൽ കിടത്തിയിട്ടുണ്ടാകും. സ്വരങ്ങൾ പാടുന്നതു കേൾക്കുമ്പോൾ അവൾ കരച്ചിൽ നിർത്തും. പിന്നെ കമഴ്ന്നു വീഴും, മെല്ലെ എഴുന്നേറ്റിരിക്കും.

അന്നേ അമ്മൂമ്മ പറയും, ‘കുഞ്ഞിനു പാട്ടില്‍ നല്ല താൽപര്യമുണ്ട്.’ രണ്ടു വയസ്സുള്ള ചിത്ര തൊട്ടിലിൽ കിടന്നു നീട്ടിപ്പാടുന്ന രംഗം ഇപ്പോഴും ഓർമയുണ്ട്, ‘പ്രിയതമാ... പ്രിയതമാ...’ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു ഞാൻ ആദ്യമായി സ്റ്റേജില്‍ പാടിയത്. അശ്വമേധം നാടകത്തിലെ ‘ഏഴേ ഏഴു നിറങ്ങൾ...’ എന്ന പാട്ട്. അതു സിനിമയായപ്പോൾ പാട്ട് ‘ഏഴു സുന്ദരരാത്രികൾ...’ ആയി.

അഭിമുഖത്തിന്റെ പൂർണരൂപം ജൂലൈ 08–21 ലക്കത്തിൽ

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ