Wednesday 29 April 2020 11:17 AM IST

ചൂടും വേവും വേണം; പന്നിയിറച്ചിയെ പേടിക്കേണ്ട

Asha Thomas

Senior Sub Editor, Manorama Arogyam

meat-story

ഒന്നും രണ്ടുമല്ല 1900 പന്നികളാണ് ഒറ്റയാഴ്ചക്കുള്ളിൽ ആസാം സംസ്ഥാനത്തു ചത്തുപോയത്. ദുരൂഹമായ വൈറസ് ബാധ സംശയിക്കുന്നതായി ആസാം സർക്കാർ പറഞ്ഞതോടെ രാജ്യമാകെ ആശങ്കയിലായി; പന്നിയിറച്ചി പ്രേമികൾ ധർമ്മസങ്കടത്തിലും. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബറട്ടറിയിൽ പരിശോധനകൾ നടക്കുന്നതേയുള്ളൂ . ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ അവസരത്തിൽ മാംസഭക്ഷണ പ്രേമികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഒാർമിപ്പിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ. ഡി ഷൈൻകുമാർ.

പന്നിയിറച്ചി സ്വാദിഷ്ടമായ വിഭവമാണ്. ലോകത്ത് ഏറ്റവും കൂടുതൽ മാംസവിഭവങ്ങൾ ഉണ്ടാകുന്നതും പന്നിയിൽ നിന്നാണ്. റ്റീനിയ സോളിയം (Tenia solium ) എന്ന നാടവിരയും ട്രിച്ചിനെല്ല (Trichinella) എന്ന ആന്തര പരാദവുമാണ് പന്നിയിലെ പൊതു അപകടകാരികൾ . വേണ്ടവണ്ണം വേവിച്ചില്ലെങ്കിൽ നാടവിരയുടെ സിസ്റ്റുകൾ നമ്മുടെ ഉള്ളിൽ ചെന്ന് വിരിഞ്ഞ് വിരകളായി പുറത്തുവരുകയും മറ്റ് ആളുകളിലേയ്ക്ക് മലിന ജലത്തിലൂടെയും മറ്റും പകരുകയും ചെയ്യും.

എന്നാൽ തലച്ചോറിൽ വരെ എത്തിയേക്കാവുന്ന നാടവിര സിസ്റ്റുകൾ ഇറച്ചി മൈനസ് 27 ഡിഗ്രിയിൽ ഫ്രീസ് ചെയ്യുന്നതിലൂടെയോ 75 ഡിഗ്രി താപനിലയ്ക്കപ്പുറo ചൂടാവുന്നതിലുടെ നശിച്ചു പോകും. മറ്റ് ആന്തര പരാദങ്ങളുടെയും ദോഷകരമായ ബാക്ടിരിയകളുടെ യും വൈറസുകളുടെയും ഗതി ഇതു തന്നെ. ഇറച്ചി വിഭവങ്ങൾ നന്നയി ആവിയിൽ അടച്ചു വേവിക്കുന്നതോടെ ഏതു വൈറസ് വില്ലനും പമ്പകടക്കും.

പണ്ടത്തെ മനുഷ്യമാലിന്യങ്ങൾ തിന്നുന്ന പന്നികളല്ല ഇന്നുള്ളത്. ഫാമുകളിൽ വളർത്തുന്ന ലാർജ് വൈറ്റ് യോക്ക് ഷെയർ, ലാൻഡ്രേസ്, ഡ്യൂറോക് തുടങ്ങിയ ഒന്നാന്തരം ശീമപ്പന്നികളാണ് മാംസമായി മാറുന്നത്. ശാസ്ത്രീയമായി കശാപ്പു ചെയ്യുന്നിടത്തു നിന്നും ഇറച്ചി വാങ്ങുകയും പാചകം ചെയ്യുമ്പോൾ നന്നായി വേവിക്കുകയും ചെയ്താൽ പന്നിയിറച്ചി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയേ ഇല്ല.

പകുതി വേവുന്ന ബാർബിക്ക് , സ്മോക്കിംഗ് പാചകവിധികൾ രോഗബാധ ആശങ്കകളുടെ കാലത്ത് ഒഴിവാക്കുകയാണ് നല്ലത്. ബിറ്റ്സ് , സ്‌ലൈസ്, കറി കട്ട്, ടെൻഡർ ലോയിൻ, സലാമി, ബേക്കൺ റേഷർ തുടങ്ങിയ രുചികരമായി പന്നിയിറച്ചി വിഭവങ്ങൾ ആസ്വാദ്യമായി കഴിക്കാൻ പാകത്തിൽ ഫ്രീസ് ചെയ്തും കോർതാപനിലയിൽ പാകം ചെയ്തുമാണ് വ്യവസ്ഥാപിത കമ്പനികൾ പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ പന്നി കളെ തള്ളിക്കളയേണ്ട ജാഗ്രതയോടെ കൂടെ നിർത്താം

Tags:
  • Manorama Arogyam
  • Diet Tips