സന്ദേശ് പണ്ടേക്കു പണ്ടേ ബംഗാളിൽ ഉള്ള മധുര പലഹാരമാണ്. ബംഗാളി സാഹിത്യ കൃതികളിൽ വരെ സന്ദേശിനെ കുറിച്ച് പരാമർശമുണ്ട്. കോട്ടേജ് ചീസും തേനുമാണ് വ്യാപകമായി ഉപയോഗിക്കുന്ന ചേരുവകൾ.
ഈ കൊറോണ കാലത്ത് പക്ഷേ സന്ദേശ് ശ്രദ്ധേയമാകുന്നത് ഇതൊന്നും കൊണ്ടല്ല. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനായി ബംഗാൾ സർക്കാർ 'ആരോഗ്യ സന്ദേശ് ' എന്ന പേരിൽ ഇത് പുറത്തിറക്കുന്നു എന്ന വാർത്തയാണ്.
കൽക്കട്ടയിലെ പേരുകേട്ട ഒരു മധുര പലഹാര കട ഇമ്മ്യൂണിറ്റി സന്ദേശ് എന്ന പേരിൽ ഒരു തരം സന്ദേശ് പുറത്തിറക്കിയിരുന്നു. ഹിമാലയത്തിൽ നിന്നുള്ള തേൻ, തുളസി, ഇഞ്ചി, ഏലയ്ക്ക, മഞ്ഞൾ, ജാതിക്ക എന്നിങ്ങനെ 15 വ്യത്യസ്തമായ ഔഷധ ഗുണമുള്ള കൂട്ടുകൾ ചേർന്നതാണ് എന്നും രോഗ പ്രതിരോധശേഷി വർധിപ്പിക്കും എന്നുമായിരുന്നു കടക്കാരുടെ വാദം. എന്തായാലും ഇത് ബംഗാൾ സർക്കാർ കാര്യമായെടുത്തു. ആരോഗ്യ സന്ദേശ് എന്ന പേരിൽ പുറത്തിറക്കാനും തീരുമാനമായി. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനപ്പുറം ഔഷധ ഗുണമൊന്നും കോവിഡിന്റെ കാര്യത്തിൽ സന്ദേശിനു ഇല്ലെന്നു ബംഗാൾ സർക്കാർ ആദ്യം തന്നെ വ്യക്തമാക്കിയിട്ടുണ്ട്
ഇതുവരെ കോവിഡിനെ എതിർക്കാനായി മരുന്നും വാക്സിനും ഒന്നും ഇല്ല. അപ്പോൾ പിന്നെ പ്രായോഗികമായി ഉള്ളത് വൈറസിനെ എതിരിടാൻ ശരീരത്തെ പ്രാപ്തമാക്കുകയാണ്. ലോകമെമ്പാടും തന്നെ തനത് ഔഷധക്കൂട്ടുകളും പരമ്പരാഗത ആരോഗ്യ വിഭവങ്ങളും ഒക്കെ ഈ ഉദേശത്തോടെ പ്രചരിപ്പിക്ക പെടുന്നുണ്ട്.
" ഇതിൽ ഉപയോഗിക്കുന്ന പ്രകൃതി ദത്തമായ തേനും ഔഷധ കൂട്ടുകളും ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
സന്ദേശ് ഒരു മധുര പലഹാരം ആണെങ്കിലും കൃത്രിമ മധുരമോ പഞ്ചസാരയോ അതിൽ ഉപയോഗിച്ചിട്ടില്ല എന്നത് ഇതിനെ ആരോഗ്യകരമാക്കുന്നു. "
പോഷകാഹാര വിദഗ്ധയായ ഡോ. അനിതാ മോഹൻ അഭിപ്രായപ്പെടുന്നു.
ഇനി പ്രതിരോധ ശേഷി വർധിപ്പിക്കണം എന്നുണ്ടെങ്കിൽ സന്ദേശ് തേടി പോകണം എന്നില്ല.
ബദാമും അണ്ടിപ്പരിപ്പും വാൾനട്ടും വറുത്തു പൊടിച്ചു ഈന്തപ്പഴവും ഉണക്കമുന്തിരിയും കലർത്തി കാട്ടു തേനും ചേർത്ത് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഒന്നാംതരമാണ് . ഒമേഗ3 കൊഴുപ്പിന്റെയും വൈറ്റമിനുകളുടെയും സിങ്ക്, മഗ്നീഷ്യം പോലുള്ള സൂക്ഷ്മപോഷകങ്ങളുടെയും കലവറയാണ് ഈ വിഭവം.