Friday 15 November 2019 05:54 PM IST

ദിനവും 10 കോഴിമുട്ട, അരക്കിലോ ഇറച്ചി; ഭക്ഷണം മരുന്നാക്കി മാറ്റിയ പോളിയുടെ മസിൽപെരുക്കത്തിന്റെ കഥ

Santhosh Sisupal

Senior Sub Editor

poly

1985–86 കാലം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ടി.വി. പോളി കരാട്ടെ പഠിക്കാൻ പോകുമായിരുന്നു. അന്നു കരാട്ടെ പഠിപ്പിച്ചിരുന്ന മാഷ്, പോളിയോടു പറഞ്ഞു: ‘‘ഡാ..പോളീ, നിനക്ക് നല്ല ശരീരാട്ടാ.. വെറുതേ കളയണ്ടാ. ബോഡിബിൽഡിങ് കൂടി നോക്ക്, സൂപ്പറാവും’’.

പണ്ടേതന്നെ, മസിലുമുഴുത്ത ചേട്ടൻമാരുടെ ഫോട്ടോ കാണുമ്പോ..പോളിയും മസിലൊന്ന് പെരുപ്പിച്ചു നോക്കുമായിരുന്നു. അപ്പോഴൊക്കെ ‘‘ഇതൊന്നും നമ്മളു കൂടിയാ കൂടില്ല, കർത്താവേ..’’ എന്ന് ദീർഘനിശ്വാസത്തോടെ സ്വയം സമാധാനിച്ചിരിക്കും. അപ്പോഴാണ് കരാട്ടെ മാഷിന്റെ ഡയലോഗ്, അതിൽ പോളി വീണു.

അടുത്ത ദിവസം തന്ന ആമ്പല്ലൂരുള്ള ഒരു ജിംഖാനയിൽ ചേർന്നു. വീട്ടിൽ നിന്നു കുറച്ചു ദൂരമുണ്ട്. ഒരു കൂട്ടുകാരന്റെ സൈക്കിളിൽ വച്ചു പിടിക്കും. കരാട്ടെ പഠിക്കുന്നതിൽ വീട്ടിൽ വലിയ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ ജിമ്മിൽ പോകുന്നതിൽ അച്ഛനും അമ്മയ്ക്കും എതിർപ്പായിരുന്നു. ‘‘ജിമ്മിൽ പോകുന്നത് ചട്ടമ്പികളും ഗുണ്ടകളുമൊക്കെയാണ്... തല്ലുണ്ടാക്കുന്നവരുടെ ഒരു സങ്കേതമാണ് ജിമ്മുകൾ,’’ എന്നൊക്കെയായിരുന്നു, ഒരിക്കൽ പോലും ജിമ്മിന്റെ അകത്തു കേറിയിട്ടില്ലാത്ത അച്ഛനമ്മമാരുടെ ഒരു ഇത്..

എങ്കിലും പോളി വിട്ടില്ല. ഏതായാലും പോകാൻ പറ്റുന്നതുവരെ പോകാം എന്ന മട്ടിൽ പൊയ്ക്കൊണ്ടിരുന്നു. അധികം വൈകാതെ ഈ പരിപാടി നിർത്തേണ്ടി വരുമെന്നുറപ്പിച്ചിരിക്കുമ്പോഴാണ് ഗ്രാമീണമേഖലയിൽ ഒരു ബോഡി ബിൽഡിങ് മത്സരം നടക്കുന്നത്. അതിൽ പോളി കപ്പടിച്ചു. കപ്പും കൊണ്ടുവന്ന പോളിയെ നോക്കി അപ്പൻ അമ്മയോടും പോളിയോടുമായി പറഞ്ഞു: ‘‘ നമ്മുടെ മോൻ സീരിയസാട്ടാ.. പോളീ.. നീ പൊയ്ക്കോടാ ജിമ്മിൽ.. ഇനി നിർത്തേണ്ടാ..’’

poly-1

ജയിക്കാനൊരു പാസ്പോർട്ട്

പോളിക്ക് ആ കപ്പ് വെറും കപ്പായില്ല, ബോഡിബിൽഡിങ് ലോകത്തേയ്ക്കുള്ള പാസ്പോർട്ടായി. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 1989–ൽ പുണെയിൽ നടന്ന ദേശീയബോഡിബിൽഡിങ് മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ പോളി മിസ്റ്റർ ഇന്ത്യയായി. അന്നു വയസ്സ് 18.

മൂന്നു മാസം കഴിഞ്ഞു സ്പോർട്സ് ക്വാട്ടയിൽ ഇന്ത്യൻ എയർഫോഴ്സിൽ പ്രവേശനം കിട്ടി. ബോഡിബിൽഡിങ്ങാണ് എയർഫോഴ്സിൽ പോളിയുെട പ്രധാനജോലി. അവിടത്തെ ഉന്നത നിലവാരത്തിലുള്ള പരിശീലനത്തിലൂെട പോളിയിലെ യഥാർഥ ബോഡിബിൽഡർ ഉരുത്തിരിയുകയായിരുന്നു. 1990 മുതൽ എയർഫോഴ്സിൽ നിന്നു പിരിയുന്നതുവരെ, 14 വർഷം മിസ്റ്റർ എയർഫോഴ്സ് കിരീടം പോളി മറ്റാർക്കും വിട്ടുകൊടുത്തില്ല. ആർമിയും നേവിയും എയർഫോഴ്സും മാറ്റുരയ്ക്കുന്ന സർവീസസ് ചാംപ്യനായത് 12 തവണ, 1993 മുതൽ 97 വരെ മിസ്റ്റർ ഇന്ത്യ, മൂന്നു തവണ ഏഷ്യൻ ബോഡിബിൽഡിങ് ചാംപ്യൻഷിപ്പിൻ ഇന്ത്യയെ പ്രതിനിധീകരിച്ചു. 99ൽ മിസ്റ്റർ ഏഷ്യ, ഇങ്ങനെ പോളിയുെട കീരീടത്തിൽ പൊൻതൂവലുകൾ ഒന്നൊന്നായി വന്നു ചേർന്നുകൊണ്ടിരുന്നു. മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടേണ്ട എന്ന ചിന്ത വന്നപ്പോൾ മത്സരിച്ചിട്ടില്ല.

poly

മത്സരത്തിന് ഒരുങ്ങുമ്പോൾ

മത്സരമില്ലാത്ത ഓഫ് സീസൺ കാലവും മത്സരങ്ങളുള്ള സീസൺ കാലവും വ്യായാമപദ്ധതിയിലും ഭക്ഷണത്തിലും കാര്യമായ മാറ്റമുണ്ടാവും.തീർത്തും ഏകാഗ്രമായ ഒരു തപസ്സുപോലെയാണ് ഓരോ മത്സരകാലവും. രാവിലെയും വൈകിട്ടുമായി അഞ്ച് ആറുമണിക്കൂർ നീളുന്ന പരിശീലനമാണ് സീസൺ കാലത്തു ചെയ്തിരുന്നതെന്നു പോളി പറയുന്നു.

ബോഡി ബിൽഡിങ് പരിശീലനത്തിൽ നമ്മുടെ മികവുകളെയല്ല, കുറവുകളേയാണ് ലക്ഷ്യം വയ്ക്കുന്നത്. പേശിയുെട വലുപ്പത്തെക്കാളും പ്രധാനം പേശികൾ തമ്മിലുള്ള അനുപാതമാണ്. അതിനാൽ വലുപ്പം കുറഞ്ഞപേശികളെ മറ്റു പേശികൾക്കാനുപാതികമായി മെച്ചപ്പെടുത്തിയെടുക്കാനുള്ള ഫോക്കസ്ഡ് എക്സർസൈസുകളാണ് മത്സരത്തിനു വേണ്ടി ചെയ്യുന്നത്. മികച്ച പരിശീലകനും അദ്ദേഹത്തെ അക്ഷാരാർഥത്തിൽ അനുസരിക്കാനുള്ള മനസ്സുമാണ് തന്റെ അനുഭവത്തിൽ വിജയമന്ത്രമെന്ന് പോളി പറയും.

ഭക്ഷണം മരുന്നുപോലെ

മത്സരങ്ങൾക്കുവേണ്ടി തയാറെടുക്കുമ്പോൾ ഭക്ഷണ കാര്യത്തിൽ വളരെ ശ്രദ്ധപുലർത്തും. കൊഴുപ്പു പരമാവധി കുറയ്ക്കും. ഊർജത്തിനായി കാർബോഹൈഡ്രേറ്റും പേശീവികസനത്തിനായി പ്രോട്ടീൻ ഭക്ഷണവും കൂട്ടുകയാണ് ഈ സമയത്തു ചെയ്യുക. ബീഫ്, മട്ടൻ, കോഴിയിറച്ചി ഇവയിലൊന്ന് ഒരു ദിവസം അരക്കിലോയെങ്കിലും കഴിക്കണം. ആറുമുതൽ 10 വരെ മുട്ട കഴിക്കും. അതിൽ ഒന്നോരണ്ടോ മുട്ടയുടെ മഞ്ഞക്കരുമാത്രമായിരിക്കും കഴിക്കുക.

രാവിലെ അരലീറ്റർ പാലിൽ നുറുക്കു ഗോതമ്പ് വേവിച്ചതും മൂന്നോ നാലോ കോഴിമുട്ടയും കഴിച്ചശേഷം എട്ടുമണിയോടെയാണ് ജിമ്മിൽ പോകുന്നത്. അവിടെ രണ്ടര മണിക്കൂറോളം വ്യായാമം. തുടർന്ന് ഉച്ചയ്ക്ക് ചപ്പാത്തിയും മാംസഭക്ഷണവും കഴിക്കും. പിന്നീട് വിശ്രമം. വിശ്രമമെന്നാൽ കിടന്നുകൊണ്ടുള്ള പൂർണവിശ്രമം. നാലുമണിയോടെ വീണ്ടും ജിമ്മിലേക്ക്. ആറര ഏഴുമണിക്ക് മടക്കം. രാത്രിയിൽ ചപ്പാത്തിയും മാംസഭക്ഷണവും. ആഴ്ചയിൽ ഒരു ദിവസം പൂർണമായും സസ്യാഹാരമാക്കും. പ്രോട്ടീൻ സമ്പുഷ്ടമായ രാജ്മാപയർ‌ അന്ന് ധാരാളം കഴിക്കും.

ഭക്ഷണം കൊണ്ടുമാത്രം കാര്യമില്ല, ശരീരത്തിനാവശ്യമുള്ള ഒൻപതോളം അമിനോ ആസിഡ് സപ്ലിമെന്റുകൾ, പ്രോട്ടീൻ പൗഡർ, ക്രിയാറ്റിൻ പൗഡർ എന്നിവയൊക്കെ സ്പോർട്സ് മെഡിസിൻ ഡോക്ടറുടെ നിർദേശം പാലിച്ച് കഴിക്കണം.

poly-2 പ്രസിഡന്റ് കെ.ആർ. നാരായണനിൽ നിന്ന് ടി.വി. പോളി അർജുന അവാർഡ് സ്വീകരിക്കുന്നു (ഫയൽ ചിത്രം)

മുസംബി ജ്യൂസും വെള്ളവും

കഠിന വ്യായാമങ്ങളിലൂെട തളരുന്നപേശികളുെട വീണ്ടെടുക്കലിനും വ്യായാമക്ഷീണമകറ്റാനും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുമായിരുന്നു. ദിവസവും പഞ്ചസാരയിടാതെ 15 ഗ്ലാസ് മുസംബി ജ്യൂസെങ്കിലും കുടിക്കും.

വർക്കൗട്ട് കഴിഞ്ഞ് കുടിക്കുന്ന ജ്യൂസ് വ്യായാമക്ഷമതയ്ക്കും പേശികളുെട പുനരുജ്ജീവനത്തിനും ഏറെ നല്ലതാണെന്നാണ് അനുഭവം. മുസംബി ലഭ്യമല്ലെങ്കിൽ ഓറഞ്ച് ജ്യൂസാകും കഴിക്കുക.വ്യായാമത്തിനിടെ ആവശ്യാനുസരണം മാത്രം, സിപ് ആയി മാത്രമേ വെള്ളം കുടിക്കാവൂ. മത്സരത്തിനു മുൻപുള്ള 24 മണിക്കൂർ വെള്ളം കുടിക്കൽ പരമാവധി കുറയ്ക്കും. മത്സരസമയത്ത് പേശികൾ കൂടുതൽ തെളിഞ്ഞു കാണാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഓറഞ്ച് അല്ലികൾ നുണഞ്ഞാണ് ഈ സമയത്ത് ദാഹം മാറ്റുന്നത്.

മത്സരത്തിനു കയറുന്നതിനു തൊട്ടുമുൻപ് വെള്ളം കുടിക്കാം. പക്ഷേ ഇന്നത്തെ കുട്ടികളിൽ പലരും മത്സരത്തിന് ഒരുമാസം മുൻപുതന്നെ വെള്ളം കുടിക്കൽ കുറയ്ക്കുന്ന അപകടകരമായ ഒരു പ്രവണത കാണുന്നുണ്ടെന്ന് ബോഡിബിൽഡിങ് അസോസിയേഷൻ ഓഫ് കേരളയുെട ജനറൽ സെക്രട്ടറി കൂടിയായ ടി.വി. പോളി പറയുന്നു.

എയർഫോഴ്സിൽ നിന്നും പിരിഞ്ഞ് തൃശൂരിലെ മണ്ണംപേട്ടയിലുള്ള തട്ടിൽനടയ്ക്കൽ വീട്ടിലേക്ക് തിരിച്ചെത്തിയിട്ട് വർഷങ്ങളേറെ ആയെങ്കിലും ടി.വി. പോളി ഇപ്പോഴും ജിമ്മിലെ പരിശീലനവും വ്യായാമവും മുടക്കിയിട്ടില്ല. മനസ്സിനും ശരീരത്തിനും ഒരുപോലെ കരുത്തുപകരുന്ന ഈ വ്യായാമങ്ങൾ ഭക്ഷണം പോലെ, െവള്ളം പോലെ തന്റെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് പോളി പറയുന്നു. ഭാര്യ മെജോൾ പോളിയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബവും വ്യായാമലോകത്ത് പോളിക്കൊപ്പമുണ്ട്.