വിദേശത്തുനിന്ന് വന്നു ഹോം ക്വാറന്റീനിൽ ഉള്ളവർ പുറത്ത് ഇറങ്ങി നടന്ന് മറ്റുള്ളവരിലേക്കും രോഗം പടർത്തുന്നതായി വാർത്തകൾ ഉണ്ട്. ഇവരുടെ അനാസ്ഥ വലിയ ആരോഗ്യ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. യാതൊരു രോഗലക്ഷണവും ഇല്ലെങ്കിലും വിദേശത്തു നിന്നു വന്നവർ രണ്ടാഴ്ച അതായത് 14 ദിവസവും വീടിനുള്ളിൽ തന്നെ കഴിയാണമെന്നത് കോവിഡ്19 വ്യാപനം തടയുന്നതിന് പ്രധാനമാണ്. അതു തെറ്റിക്കുന്നവർ സമൂഹത്തിന് വലിയ ദ്രോഹമാണ് ചെയ്യുന്നത്.
എന്നാൽ ഹോം ക്വാറന്റീനിൽ ഉള്ളവർ വീടിനു പുറത്തിറങ്ങാതിരുന്നാൽ മാത്രം മതിയോ? കുടുംബാംഗങ്ങളുമായി ഇടപഴകാമോ? സന്ദർശകരെ വീട്ടിൽ സ്വീകരിക്കാമോ?
ശരിയായ ക്വാറന്റീൻ എങ്ങനെ വേണമെന്ന് കോലഞ്ചേരി എം ഒ എസ് സി മെഡി കോളജിലെ മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ടി എസ് ഫ്രാൻസിസ് പറയുന്നു.
. ഒന്നിലധികം നിലയുള്ള വീടാണെങ്കിൽ മുകൾ നിലയിലെ റൂമിൽ ക്വാറന്റീനിൽ ഉള്ളയാളെ താമസിപ്പിക്കുക. വീട്ടിൽ ഉള്ളവർ അയാളുമായി നേരിട്ട് സംസാരിക്കുകയോ ഇടപഴകുകയോ ചെയ്യരുത്. ഫോണിലൂടെ സുഖവിവരം ആരായുകയും ആവശ്യങ്ങൾ തിരക്കുകയും ചെയ്യാം. ഒറ്റനില വീടാണെങ്കിൽ പെട്ടെന്ന് ആളുകൾ കയറിവരാത്ത ഒരു മുറി അയാൾക്ക് നൽകുക.
. ക്വാറന്റീനിൽ കഴിയുന്ന ആളുടെ മുറിയിൽ മറ്റുള്ളവർ കയറരുത്. ഭക്ഷണം മുറിക്കു പുറത്തു വയ്ക്കാം. പ്രത്യേകം ഒരു പ്ലേറ്റും ഗ്ലാസും സ്പൂണും കരുതാം. ഓരോ ഉപയോഗശേഷവും പാത്രങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
. ക്വാറന്റീനിൽ ഉള്ളയാൾ ഉപയോഗിക്കുന്ന ടോയ്ലറ്റും കുളിമുറിയും മറ്റാരും ഉപയോഗിക്കരുത്.
. ക്വാറന്റീനിൽ ഉള്ളയാളുടെ വസ്ത്രങ്ങൾ പ്രത്യേകം കഴുകി ഉണക്കുക. തിളച്ച വെള്ളത്തിൽ മുക്കിയോ എന്തെങ്കിലും അണുനാശിനി ലായനിയിൽ മുക്കിയോ വച്ച് കഴുകുന്നത് കൂടുതൽ നല്ലത്.
. ക്വാറന്റീനിൽ ഉള്ളയാളുടെ മൊബൈൽ ഫോൺ മറ്റുള്ളവർ ഉപയോഗിക്കരുത്.
. കഴിവതും ഒരു മുറിക്കുള്ളിൽ തന്നെ കഴിയുക. വീടിനുള്ളിലെ പൊതുവിടങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. ഉദാഹരണത്തിന് സ്വീകരണമുറി, ഭക്ഷണ മുറി, വരാന്ത എന്നിവിടങ്ങൾ. റിമോട്ട് പോലെ പൊതുവായി ഉപയോഗിക്കുന്ന വസ്തുക്കളിൽ തൊടരുത്.
. വീടിനുള്ളിൽ പൊതുവായി ഉപയോഗിക്കുന്ന പ്രതലങ്ങൾ ബ്ലീച്ചിങ് പൗഡർ ലായനി കൊണ്ട് ദിവസവും തുടച്ചു വൃത്തിയാക്കുക.
. വീട്ടിനുള്ളിൽ ക്വാറന്റീനിൽ ആൾ ഉള്ളപ്പോൾ കുടുംബാംഗങ്ങൾ മറ്റു വീടുകളിൽ പോവുകയോ അടുത്തുള്ളവരുമായി ഇടപഴകുകയോ ചെയ്യരുത്. ചടങ്ങുകൾക്കും പോകരുത്.
. 14 ദിവസത്തേക്ക് സന്ദർശകരെ സ്വീകരിക്കാതിരിക്കുക. സൗഹൃദങ്ങളും ബന്ധങ്ങളും ഫോണിലൂടെ നിലനിർത്തുന്നതാണ് ഉത്തമം.
. ക്വാറന്റീനിൽ ഉള്ളയാൾക്കു ജലദോഷമോ തൊണ്ടവേദനയോ പനിയോ അനുഭവപ്പെട്ടാൽ സ്വയം ചികിത്സിക്കുകയോ ശുശ്രൂഷയ്ക്കോ നിൽക്കരുത്. ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ വിളിച്ച് വിവരമറിയിക്കുക. അവർ നല്കുന്ന നിർദേശങ്ങൾ അനുസരിക്കുക.
. ക്വാറന്റീനിൽ ഉള്ളയാൾക്കു അസുഖം വന്നാൽ ആ കുടുംബം ഒന്നാകെ സ്വയം ക്വാറന്റീനിൽ ആകേണ്ടതാണ്. കാരണം അവർക്കും രോഗം വരാനുള്ള ചെറിയ സാധ്യതയുണ്ട്.