Saturday 12 September 2020 05:13 PM IST

കൊഴുപ്പുള്ള ഭക്ഷണം സ്തനവളർച്ച കൂട്ടുമോ?: മാറിടവളർച്ചയ്ക്ക് കഴിക്കേണ്ടത് അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

breastbty4545

പേശികളില്ലാത്ത ശരീരഭാഗമാണ് സ്തനങ്ങൾ. ലിംഫ് നോഡുകളും പാലുൽപാദത്തിനായുള്ള ഗ്രന്ഥികളും കുറച്ച് കൊഴുപ്പു കലകളുമാണ് സ്തനങ്ങളിലുള്ളത്. സ്തനങ്ങളുടെ ഏതാണ്ട് 75 ശതമാനവും കൊഴുപ്പാണ്. ഈ കൊഴുപ്പാണ് മാറിടങ്ങൾക്ക് വലുപ്പവും ആകൃതിയും നൽകുന്നത്. ഭ്രൂണാവസ്ഥയിലേ മാറിടം രൂപപ്പെടുെമങ്കിലും അത് രൂപഭംഗി നേടുന്നതും ശരീരത്തിന്റെ ആകർഷണീയതയ്ക്ക് മാറ്റു കൂട്ടുന്നതാകുന്നതും പ്രായപൂർത്തിയെത്തുമ്പോഴാണ്. ശരിയായ ആഹാരവും ഈസ്ട്രജൻ പോലുള്ള സ്ത്രൈണ ഹോർമോണുകളുടെ സാന്നിധ്യവുമാണ് മാറിടവളർച്ചയ്ക്കും വികാസത്തിനും ആക്കം കൂട്ടുന്നത്. പെൺകുട്ടികൾ വളരുന്ന പ്രായത്തിലേ ഭക്ഷണം പോഷകസമൃദ്ധമല്ലെങ്കിൽ ഭാരക്കുറവിനും മാറിടങ്ങൾ ശുഷ്കമാകാനും ഇടയുണ്ട്. പ്രായപൂർത്തിയായ ശേഷം സ്തനവളർച്ചയിൽ കാര്യമായ മാറ്റം സാധാരണഗതിയിൽ ഉണ്ടാകാറില്ല. എന്നാൽ പിന്നീടുള്ള ജീവിതകാലയളവിൽ ശരീരഭാരത്തിൽ മാറ്റം വന്നാൽ മാറിടത്തിന്റെ വലുപ്പത്തിലും വ്യത്യാസം വരാം.

ശരീരത്തിൽ കൊഴുപ്പു വിതരണം ജീനുകളിലേ തീരുമാനിക്കപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ മാറിടവളർച്ചയിലും ജനിതകസ്വാധീനമുണ്ട്. തടിച്ചിരുന്നാലും സ്തനം ശുഷ്കമായിരിക്കുന്നതും മെലിഞ്ഞവരിലെ വലിയ സ്തനങ്ങളുമൊക്കെ ജീനുകളുടെ താൻപോരിമയാണെന്നു സാരം. ജീനുകളുടെ ഈ സ്വാധീനത്തെ പാടെ മാറ്റാനാവില്ല. പകരം മാറിടവളർച്ചയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളിലേക്കു കൂടുതൽ ശ്രദ്ധ കൊടുക്കുക.

കൊഴുപ്പുള്ളതെന്തും ധാരാളം കഴിച്ചാൽ സ്തനവളർച്ചയുണ്ടാകും എന്നൊരു ധാരണയുണ്ട്. അതു ശരിയല്ല. സ്തനവലുപ്പം കൂട്ടാൻ അങ്ങനെയൊരു മാജിക് ഭക്ഷണമൊന്നുമില്ല. എന്നാൽ സമീകൃതമായ ആഹാരം അഥവാ വവർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ വേണ്ട അളവിൽ അടങ്ങിയ ഭക്ഷണം ഗുണകരമാണ്. വേണ്ടത്ര പോഷകസമൃദ്ധമല്ലാത്ത ഭക്ഷണം കഴിച്ചവരിൽ ഭാരക്കുറവും അതിനോടനുബന്ധിച്ച് സ്തനവളർച്ചക്കുറവും കാണാറുണ്ട്. ഇവരിൽ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം നൽകുമ്പോൾ ശരീരഭാരം കൂടും. മാറിടപുഷ്ടി(കപ് സൈസ്) യുമുണ്ടാകും.

ഈസ്ട്രജൻ നിറഞ്ഞ വിഭവങ്ങൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയൊക്കെ സ്തനവളർച്ചയ്ക്ക് സഹായിക്കുന്നതാണ്. മത്തക്കുരു, സൂര്യകാന്തിവിത്ത്, സോയ ചങ്സ്, സോയപ്പാൽ, സോയ പനീർ പോലുള്ള സോയവിഭവങ്ങൾ എന്നിവയൊക്കെ കഴിക്കാം. തവിടുള്ള ധാന്യങ്ങൾ, ഉലുവ, കറുത്ത എള്ള്, ഗ്രാമ്പൂ, വെള്ളക്കടല എന്നിവയും ഗുണകരമാണ്. ശരീരവളർച്ച നടക്കുന്ന സമയത്ത് ഇതൊക്കെ ഭക്ഷണത്തിലുൾപ്പെടുത്താൻ അമ്മമാർ ശ്രദ്ധിക്കണം. അണ്ടിപ്പരിപ്പുകൾ ആരോഗ്യകരമായ കൊഴുപ്പു നൽകും. ദിവസവും ഏതെങ്കിലും ഒരിനം 6–8 എണ്ണം വച്ചു കഴിക്കാം.

ഐസ്ക്രീം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കോഴിമാംസം, വറപൊരികൾ എന്നിവയൊക്കെ അനാവശ്യമായി തടി കൂടാനിടയാക്കും, ഒപ്പം രോഗങ്ങളേയും സമ്മാനിക്കും. അതുകൊണ്ട് കൊഴുപ്പിന്റെ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധ വേണം.

ചുരുക്കത്തിൽ സ്തനവളർച്ചയ്ക്കായി ഒരു മാജിക് ഭക്ഷണമില്ല. പോഷകസന്തുലിതമായ ആഹാരം വളർച്ചയുടെ ആദ്യഘട്ടം മുതലേ കഴിക്കാൻ ശ്രദ്ധിച്ചാൽ മതി. 

ഡോ. അനിതാമോഹൻ

പോഷകാഹാര വിദഗ്ധ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Diet Tips