Friday 26 March 2021 04:58 PM IST : By സ്വന്തം ലേഖകൻ

സ്തനവലുപ്പം കൂടുതലെന്ന അപകർഷതയിൽ സ്പോർട്സിൽ നിന്നു പിന്മാറി ഗായത്രി; മിഥ്യാധാരണകൾ ജീവിതം തകർക്കുമ്പോൾ...

mithyasw2e32

സാധാരണ സംഭാഷണങ്ങളിൽ പോലും മലയാളി വ്യാപകമായി ഉപയോഗിക്കുന്ന മാനസികാസ്വാസ്ഥ്യങ്ങളേയും വ്യക്തിത്വ വൈകല്യങ്ങളേയും വിചാരണ ചെയ്യുന്ന, മുതിർന്ന മനോരോഗ പെരുമാറ്റ ചികിത്സാവിദഗ്ധനായ ഡോ. കെ. എ. കുമാർ എഴുതുന്ന പംക്തി. 

ചികിത്സ ആവശ്യമില്ലാത്ത, പ്രയാസങ്ങൾ ഉണ്ടാക്കാത്ത വൈകല്യങ്ങളെ മാറാരോഗമായി മനസ്സിൽ പ്രതിഷ്ഠിക്കുന്ന ചിലരുണ്ട്. ചിലർ നിസ്സാരമായ ഒരു അടയാളത്തിനെ വലിയ ഒരു വൈകല്യമെന്ന് ഉറച്ചു വിശ്വസിച്ചു ചികിത്സ തേടുന്നവരാണ്. മറ്റു ചിലർ അൽപം കൂടി വലിയ വൈകല്യത്തെയാകും മനസ്സിൽ മഹാ രോഗമായി പ്രതിഷ്ഠിക്കുന്നത്. ജീവിതത്തിൽ ഒരു പ്രയാസവും ഉണ്ടാക്കത്ത യാതൊരു ചികിത്സയും ആവശ്യമില്ലാത്ത വൈകല്യവിശ്വാസം ഒരു ഏകലക്ഷണ ശാരീരിക മിഥ്യാധാരണ (Mono symptomatic Hypochomdriacal Delusion) ആണ്.

ഗായത്രിയുടെ മിഥ്യാധാരണ

ഗായത്രിപിള്ള എം എ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പഠിക്കുന്നതു നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിമൻസ് കോളേജിൽ. അച്ഛൻ റിട്ടയേഡ് ബ്രിഗേഡിയർ പി എസ് ആർ പിള്ള. ഇംഗ്ലിഷ്, മലയാളം, ഹിന്ദി ഭാഷകളിലെ പ്രഭാഷണം, കഥാരചന, പാശ്ചാത്യ സംഗീതം, പാശ്ചാത്യ നൃത്തം എന്നിവയിൽ കോളേജിൽ ഒന്നാം സ്ഥാനത്താണു ഗായത്രി. കോളജിലെ ബാസ്ക്കറ്റ് ബോൾ ടീമിലെ ഏറ്റവും മികച്ച സ്കോറർ ആണവൾ. “ഇതെല്ലാം പഴയ കഥകളാകുന്നു ഡോക്ടർ. അവൾ എല്ലാറ്റിൽ നിന്നും മാറി നിൽക്കുകയാണ് ഇപ്പോൾ. കാരണം, അവൾ പറയും “ബ്രിഗേഡിയർ പിള്ള കൺസൽറ്റേഷൻ മുറിക്ക് വെളിയിൽ ഇറങ്ങി.

മുഖവുരയൊന്നുമില്ലാതെ ഗായത്രി പറഞ്ഞു: അവളുടെ സ്തനങ്ങളുടെ അമിതവലിപ്പമാണ്. ബാസ്ക്കറ്റ്ബോൾ കളിക്കാരിക്ക് അങ്ങനെ ഒരു പ്രശ്നം വന്നാലുള്ള പ്രയാസം അറിയാമല്ലോ. അതു പോട്ടെന്നു വച്ചാലും മറ്റ് എന്തു കാര്യത്തിനു ഡ്രസ് ചെയ്തു വെളിയിൽ പോകുമ്പോഴും ഇതൊരു പ്രശ്നം തന്നെ. നല്ല പൊക്കവും സാമാന്യത്തിലധികം തടിയുമുള്ളതുകൊണ്ട് അമിതമായ വലുപ്പം സ്തനങ്ങൾക്കില്ലെന്നു ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നുണ്ടെങ്കിലും തന്നെ ആശ്വസിപ്പിക്കാൻ പറയുന്നതാണെന്നു ഗായത്രി വിശ്വസിക്കുന്നു.

പരിഹാരം പ്ലാസ്റ്റിക് സർജറി

പ്ലാസ്റ്റിക് സർജറി ചെയ്തു പ്രശ്നം പരിഹരിക്കാമെന്നു ഗായത്രിക്കറിയാം. അങ്ങനെ പ്ലാസ്റ്റിക് സർജനെ കാണാൻ പോയി. എന്നാൽ അമിത വലുപ്പം ഇല്ലാത്തതിനാൽ ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഒരു സൈക്കോളജിസ്റ്റിനെ കാണാണമെന്നുമാണ് ഡോക്ടർ പറഞ്ഞത്. ഗായത്രിയുടെ സ്തനവലുപ്പത്തെക്കുറിച്ചുള്ള വിശ്വാസം ഒരു മിഥ്യാധാരണ (Delusion) യുടെ തലത്തിൽ എത്തിയിരുന്നില്ല. എന്നാൽ, അതൊരു അമിത പ്രാധാന്യമുള്ള തോന്നൽ (Over Valued idea) ആയിക്കഴിഞ്ഞിരിക്കുന്നു. അതിൽ നിന്ന് അതു ഡെല്യൂഷൻ ആയി വളരാം. ഗായത്രിക്ക് കൗൺസലിങും ആധി കുറയ്ക്കാനുള്ള ഔഷധങ്ങളും നൽകി യാത്രയാക്കി.

ഒടുവിൽ ശസ്ത്രക്രിയ

രണ്ടുമാസം കഴിഞ്ഞാണ് അച്ഛനോടൊപ്പം ഗായത്രി വീണ്ടും എത്തിയത്. ശരീരം വളരെ ശോഷിച്ചിരിക്കുന്നു. മുഖത്ത് വിളർച്ചയും ക്ഷീണവും. അച്ഛനാണ് തുടർന്നുണ്ടായ കാര്യങ്ങൾ പറഞ്ഞത്. തന്റെ വൈകല്യത്തെക്കുറിച്ചുള്ള ധാരണയും പ്ലാസ്റ്റിക് സർജറി വേണമെന്നുള്ള ആഗ്രവും ഉപേക്ഷിക്കാൻ ഗായത്രി തയാറായില്ല. അവളുടെ തുടർച്ചയായ നിർബന്ധത്തിനു വഴങ്ങി മുംബൈയിലെ വളരെ പ്രശസ്തനായ പ്ലാസ്റ്റിക് സർജനെ കാണാൻ പോയി. ഒരു പ്രമുഖ ആശുപത്രിയിൽ വച്ച് ഗായത്രിക്ക് സ്തന ന്യൂനികരണ ശസ്ത്രക്രീയ (Reduction Mammoplastry) നടത്തി.

ആശുപത്രി വിടുന്നതിനു മുമ്പ് തന്നെ ഗായത്രി അസ്വസ്ഥയായി. സർജറി ചെയ്തത് കൂടിപ്പോയി. കൂടാതെ സ്തനങ്ങളുടെ ആകൃതി തികച്ചും മോശമായി. ഡോക്ടറോട് കലഹിച്ചു. കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി. ഗായത്രിയും അച്ഛനും ഒപ്പിട്ടു കൊടുത്ത വിശദമായ സമ്മതപത്രം ഡോക്ടർ കാണിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സ്തനങ്ങളുടെ വലുപ്പം, ആകൃതി എന്നിവയെക്കുറിച്ച് ഒരു പരാതിയും ഉന്നയിക്കില്ല എന്നെഴുതിയാണ് ഇരുവരും ഒപ്പിട്ടിരിക്കുന്നത്.

യുക്തമായ ഔഷധചികിത്സയും കൗൺസലിങ്ങും കൊണ്ടു ഗായത്രി സുഖം പ്രാപിച്ചു. ബാസ്ക്കറ്റ് ബോൾ കളി ഉപേക്ഷിച്ചെങ്കിലും കലാ സഹാത്യ പരിപാടികളിൽ വീണ്ടും സജീവമായി. പ്രമുഖ ഇംഗ്ലിഷ് േദശീയ ടിവി ചാനലിൽ സബ് എഡിറ്റർ ആയി ഇന്നു ജോലി നോക്കുകയാണു ഗായത്രി. *പേരുകൾ യഥാർഥമല്ല.

(തുടരും

Tags:
  • Mental Health
  • Manorama Arogyam