Thursday 01 April 2021 04:50 PM IST

മധുരം എന്തുകൊണ്ട് പ്രമേഹം വഷളാക്കുന്നു? രോഗികൾ ഉറപ്പായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്

Asha Thomas

Senior Sub Editor, Manorama Arogyam

sweetsdiab

മധുരത്തിന്റെ പ്രതീകമാണല്ലോ പഞ്ചസാര. അതുകൊണ്ടുതന്നെ പ്രമേഹത്തിനു മധുരം വർജ്യമാണെന്ന പൊതു ധാരണയും ഉണ്ടായി. എന്തുകൊണ്ട് പ്രമേഹത്തിൽ ഷുഗർ വർജ്യമാണെന്നു നോക്കാം. ഷുഗർ, സിംപിൾ കാർബോഹൈഡ്രേറ്റ് ഗണത്തിൽപ്പെടുന്ന അന്നജമാണ്. അതായതു ലളിതമായ ദഹനപ്രക്രിയയിലൂടെ തന്നെ അതിനു കുടലിൽനിന്നും ശരീരത്തിലേക്ക്/രക്തത്തിലേക്ക് ഗ്ലൂക്കോസായി മാറാനും പ്രവേശിക്കാനും കഴിയുമെന്നർഥം. അതുമൂലം ഷുഗർ കഴിച്ചാൽ പെട്ടെന്നുതന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ വർധനയുണ്ടാവുന്നു.

ടൈപ്പ് 2 പ്രമേഹരോഗികളിൽ (കൂടുതലായി കാണപ്പെടുന്ന പ്രമേഹം) ഭക്ഷണശേഷം ഉടനെ ഉണ്ടാവുന്ന (First phase) ഇൻസുലീൻ ഉൽപ്പാദനം വളരെ കുറഞ്ഞാണു കാണപ്പെടുന്നത്. അതുകൊണ്ടു പെട്ടെന്നുതന്നെ രക്തത്തിലേക്കു പ്രവേശിക്കുന്ന ലളിത അന്നജങ്ങൾ ഗ്ലൂക്കോസിന്റെ അളവ് ഉയർത്താൻ ഇടയുള്ളതുകൊണ്ടാണ് ഷുഗർ ഉപയോഗം കുറയ്ക്കുകയോ വർജിക്കുകയോ ചെയ്യണമെന്നു പറയുന്നത്. അല്ലാതെ ഷുഗറിന്റെ മധുര രുചി കാരണമല്ല. അതുകൊണ്ടുതന്നെയാണ് പ്രമേഹരോഗികൾ മധുരമല്ല മറിച്ച് ലളിത അന്നജങ്ങളായ ഷുഗർ, തേൻ, ശർക്കര, കോൺസിറപ്പ് മുതലായവയും അവ ചേർത്ത ഭക്ഷണപദാർഥങ്ങളും ഒഴിവാക്കണമെന്നു പറയുന്നത്.

ഫ്രക്ടോസ് എന്ന വില്ലൻ

ഗ്ലൂക്കോസിന്റെ ഘടനാസാദൃശ്യമുള്ളതും അതിനേക്കാൾ ഇരട്ടി മധുരമുള്ളതുമായ മറ്റൊരു ലളിത അന്നജമാണ് ഫ്രക്ടോസ്. തേനിലും ബോക്കറി പലഹാരങ്ങളിൽ ചേർക്കുന്ന കോൺസിറപ്പിലും പഴവർഗ്ഗങ്ങളിലും ഇതു ധാരാളമായി അടങ്ങിയിരിക്കുന്നു.

ഇൻസുലീന്റെ സഹായമില്ലാതെ തന്നെ കോശങ്ങളിലേക്ക് പ്രവേശിക്കാൻ ഇതിനു കഴിയും. പക്ഷേ, ശരീരത്തിലെത്തിയാൽ പെട്ടെന്നുതന്നെ കൊഴുപ്പുൽപ്പാദന പ്രക്രിയയിലൂടെ ചീത്ത കൊഴുപ്പുകളായി (ട്രൈ ഗ്ലിസറൈഡ്, ഫാറ്റി ആസിഡ് മുതലായവ) മാറാൻ ഇതിനു കഴിവുണ്ട്. ഈ കൊഴുപ്പുകൾ പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ തളർത്തുകയും ഇൻസുലീന്റെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയും ചെയ്യും. ഒപ്പം കരളിൽ കൊഴുപ്പടിയാനിടയാക്കുകയും കരളിൽനിന്നു കൂടുതൽ ഗ്ലൂക്കോസ് ഉൽപ്പാദിപ്പിക്കപ്പെട്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാവാനും ഇടവരുത്തും.

ഇതറിയാതെ ചിലർ തേനും ഫ്രക്ടോസടങ്ങിയ ഭക്ഷണപദാർഥങ്ങളും പഴങ്ങളും പ്രമേഹരോഗികൾക്കു കഴിക്കാം എന്നു പ്രചരിപ്പിക്കാറുണ്ട്. ഇതിനു കാരണം ആദ്യം പറഞ്ഞ ഇൻസുലീന്റെ സഹായം ഇല്ലാതെ കോശത്തിലേക്ക് കയറാൻ ഫ്രക്ടോസിനു കഴിയും എന്ന കാര്യം മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിക്കുന്നതാണ്. ഫ്രക്ടോസ് ധാരാളമടങ്ങിയ പഴവർഗ്ഗങ്ങളായ ചക്ക, മാങ്ങ, മുന്തിരി, പൈനാപ്പിൾ, സപ്പോട്ട, ഈന്തപ്പഴം മുതലായവ പ്രമേഹരോഗികൾ ഉപേക്ഷിക്കുന്നതാണു നല്ലത്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. പി. സുരേഷ്കുമാർ

ഡയബറ്റോളജിസ്റ്റ്

കോഴിക്കോട്

Tags:
  • Manorama Arogyam
  • Diet Tips
  • Health Tips