Saturday 03 August 2019 03:41 PM IST : By സ്വന്തം ലേഖകൻ

കഷണ്ടി പൂർണതോതിൽ രൂപപ്പെട്ടാലും പേടിക്കേണ്ട! ഉറപ്പിച്ചോ, മരുന്നുണ്ട്; നൂതന രീതികൾ ഇങ്ങനെ

baldy

കഷണ്ടി സ്റ്റൈൽ ആണ്. പക്ഷേ കഷണ്ടിയെക്കാൾ സ്റ്റൈൽ മുടി തലയില്‍ ഉണ്ടാകുന്നതു തന്നെ. അസൂയയ്ക്കും കഷണ്ടിക്കും ചികിത്സ ഇല്ല എന്നായിരുന്നു ചൊല്ല്. അസൂയയ്ക്ക് ചികിത്സ ഉണ്ടോ എന്നറിയില്ല. കഷണ്ടിക്ക് ചികിത്സയുണ്ട്. കഷണ്ടി ഒരുപരിധി വരെ ഇല്ലാതാക്കാം. അതിന് ഉതകും വിധമാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ കുതിപ്പ്.

കഷണ്ടി സൗന്ദര്യത്തിന്റെ ലക്ഷണമായി കരുതുന്നവര്‍ ഏറെയാണെങ്കിലും പൊതുവെ പുരുഷന്‍മാര്‍ ഭയക്കുന്ന പ്രധാന കാര്യം തന്നെയാണ് കഷണ്ടി. മുടിയെ സ്വന്തം മുഖത്തെക്കാൾ സ്‌നേഹത്തോടെ പരിചരിക്കുകയും പൊതുവായ ആരോഗ്യം സംരക്ഷിക്കുന്നതിന് കൃത്യത പാലിക്കുകയും ചെയ്താന്‍ മുടി കൊഴിയൽ ഉണ്ടാകില്ല. അഥവാ മുടി കൊഴിച്ചില്‍ ആരംഭിച്ചാല്‍ തന്നെ അതിനെ തടഞ്ഞു നിര്‍ത്താനുള്ള ചികിത്സ ലഭ്യമാണ്. കഷണ്ടി പൂർണമായി ഇല്ലാതാക്കാനായില്ലെങ്കില്‍ മുടികൊഴിച്ചിൽ നിയന്ത്രിച്ച് നിര്‍ത്താനും, കഷണ്ടി മൂലമുള്ള അഭംഗി കുറയ്ക്കാനും കഴിയും. ഇനി കഷണ്ടിയെ സൗന്ദര്യമായി മാറ്റിയവര്‍ ധാരാളം. അതില്‍ അനുപം ഖേറും ഒട്ടൊക്കെ ഭരത് ഗോപിയും, നമ്മുടെ ഫഹദ് ഫാസിലും ഉൾപ്പെടും. കഷണ്ടി ഒരു സ്റ്റൈല്‍ ആണെന്ന് അവര്‍ കാട്ടിത്തന്നു. ഇതിനു പിന്നാലെ പായുന്നവരും ചുരുക്കമല്ല.

കഷണ്ടി വരുന്ന വഴി

കഷണ്ടിക്ക് ഒട്ടേറെ കാരണങ്ങള്‍ പാരമ്പര്യമായി ഉണ്ട്. എങ്കിൽ പോലും പലതരത്തിലുള്ള മറ്റ് രോഗങ്ങളും കഷണ്ടിക്ക് കാരണം ആയേക്കാം. തൈറോയിഡ് രോഗങ്ങളും പോഷകാഹാരക്കുറവും കരള്‍ രോഗങ്ങളും പിറ്റ്യൂറ്ററി രോഗങ്ങളും കഷണ്ടിക്ക് വഴിവയ്ക്കാം. ഇത് കൂടാതെ തലയില്‍ ഉണ്ടാകുന്ന ഫംഗല്‍ ഇന്‍ഫക‌്ഷന്‍ തുടങ്ങിയ പല കാരണങ്ങളാലും കഷണ്ടി ഉണ്ടാകാം.

മുടികൊഴിച്ചില്‍ തീര്‍ച്ചയായും തടയാനാകും. അതിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് പ്രധാനം. തൈറോയിഡ് രോഗം ഉണ്ടോ? ഡയബറ്റിസോ, പോഷാകാഹാരക്കുറവോ ഉണ്ടോ എന്ന് നിജപ്പെടുത്തുക. തലയില്‍ സിബോറിക് ഡർമറ്റൈറ്റിസ് അഥവാ താരന്‍ പലപ്പോഴും മുടികൊഴിച്ചിലിന് പ്രധാന കാരണമാകാറുണ്ട്.

മുടിയുടെ ശുദ്ധി

തലയും മുടിയും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് വളരെ പ്രാധാന്യം ഉള്ളതാണ്. എല്ലാ ദിവസവും ഒന്നിലേറെ തവണ കുളിച്ച് തലയിലെ അഴുക്കും, പൊടിയും ഇല്ലാതാക്കണം. സാധാരണ ശിരോചർമത്തിന് ശക്തികുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാം.

സിബോറിക് ഡർമറ്റെറ്റസ് അഥവാ താരന്‍ പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമായി തീരാറുണ്ട്. അതു കൊണ്ടു തന്നെ തുടര്‍ച്ചയായുള്ള ചികിത്സ ഇതിനും ആവശ്യമാണ്. അസുഖം മൂലം ഉണ്ടാകുന്ന മുടി കൊഴിച്ചിൽ തീര്‍ച്ചയായും തടയാന്‍ കഴിയും. മുടി കൊഴിച്ചിലിന് കാരണമായ രോഗത്തെ ചികിത്സിക്കുന്നതിനൊപ്പം മള്‍ട്ടി വൈറ്റമിനുകളും മറ്റ് സപ്പോര്‍ട്ടീവ് ചികിത്സകളും ആവശ്യമാണ്. ശിരോ ചർമത്തിൽ വരുന്ന മറ്റ് ഫംഗല്‍ രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ഇതിന് എല്ലാ ദിവസവും കുളിക്കുകയും, വൃത്തിയായി മുടി സൂക്ഷിക്കുകയും വേണം. ധാരാളം വെള്ളം കുടിക്കണം. പോഷകഗുണം കൂടിയ സമീകൃത ആഹാരം കഴിക്കണം. ഇലക്കറി ആഹാരങ്ങളും പഴവര്‍ഗങ്ങളും ധാരാളമായി കഴിക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ തീര്‍ച്ചയായും സഹായിക്കും.

മുടി കൊഴിച്ചില്‍ നിരന്തരം തുടരുമ്പോള്‍ ചികിത്സ ആദ്യമേ ആരംഭിക്കുന്നതിന് വളരെ അധികം പ്രാധാന്യം ഉണ്ട്. ഹെയര്‍ ഫോളിക്കിൾസ് നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ വീണ്ടും മുടി കിളിര്‍ത്തു വരാനുള്ള സാഹചര്യം കുറയും. അതിനാല്‍ തന്നെ ഹെയര്‍ ഫോളിക്കിൾസ് നഷ്ടപ്പെടുന്നതിന് മുന്‍പ് ചികിത്സ ആരംഭിച്ചാല്‍ കഷണ്ടിയെ തന്നെ മാറ്റി നിര്‍ത്താന്‍ കഴിയും.

വ്യായാമത്തിന്റെ റോൾ

പൊതുവായുള്ള ആരോഗ്യ പരിപാലനത്തിനു മാത്രമല്ല മുടി കൊഴിച്ചിൽ കുറയ്ക്കാനും വ്യായാമം സഹായിക്കും. കൃത്യമായ വ്യായാമം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തലച്ചോറിലെയും, തലയോട്ടിയിലേക്കുമുള്ള രക്തയോട്ടം നിലനിര്‍ത്താന്‍ സഹായിക്കും. തലയിലെ മുടികൊഴിച്ചില്‍ തടയാനും തീര്‍ച്ചയായും സഹായിക്കും.

മുടി കൊഴിഞ്ഞാല്‍

മുടി കൊഴിഞ്ഞു തുടങ്ങിയാല്‍ എത്രയും പെട്ടെന്ന് ചികിത്സ ആരംഭിക്കണം. മാര്‍ക്കറ്റില്‍ ലഭ്യമായ മൈനോക്‌സിഡില്‍, ഫെനാസ്റ്റിറൈഡ് തുടങ്ങിയ മരുന്നുകള്‍ വളരെ നല്ല ഫലം നല്‍കുന്നു. ഇവ ദീര്‍ഘനാൾ ഉപയോഗിക്കേണ്ടി വരുന്നുവെന്ന ന്യൂനത ഇവയ്ക്കുണ്ട്.

കഷണ്ടി പരിപൂര്‍ണമായാലും വീണ്ടും ചികിത്സയുണ്ടെന്നാണ് മറ്റൊരു വസ്തുത. മുടി വച്ചു പിടിപ്പിക്കുന്ന ഹെയര്‍ ട്രാന്‍സ്പ്ലാന്റ് വിവിധ തരത്തില്‍ ഇന്ന് ലഭ്യമാണ്. ഓരോ രോഗിക്കും അവരവരുടെ രീതി അനുസരിച്ചും കഷണ്ടിയുടെ വലുപ്പവും ചെറുപ്പവും അനുസരിച്ചുമൊക്കെ ഹെയര്‍ ട്രാന്‍സ്പ്ലാന്റില്‍ ഏത് തരം സ്വീകരിക്കണം എന്നുള്ളത് തീരുമാനിക്കാം. ഒരുപക്ഷേ, ഈ ഒരു ചികിത്സയില്‍ വിമുഖത കാണിക്കുന്നവർക്ക് കഷണ്ടിക്ക് ഒറിജിനലിനെ വെല്ലുന്ന വിഗ്ഗും ഇന്ന് വിപണിയില്‍ സുലഭമാണ്.

ഏതായാലും കഷണ്ടി തീവ്രമാകുന്നതിനു മുൻപ് പ്രതിവിധിതേടുന്നതാണ് ഉത്തമം. മുടിയുടെ ഉറവിടമായ ഹെയര്‍ ഫോളിക്കിൾ നഷ്ടപ്പെടുന്നതിനു മുന്‍പ് വിവിധ തരത്തിലുള്ള മരുന്നുകള്‍ ഡോക്ടറുടെ നിർദേശ പ്രകാരം ഉപയോഗിക്കാം

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. എൻ. സുൾഫി

കൺസൽറ്റന്റ് ഇഎൻടി സർജൻ, സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യൻ മെഡിക്കൽ

അസോസിയേഷൻ

drsulphiyen@yahoo.co.in