Wednesday 08 January 2020 12:44 PM IST

മുഖത്ത് അടിച്ച് തുടുപ്പിക്കുന്ന ചന്തം! ഇത് സൗന്ദര്യത്തിലെ റഷ്യൻ മാജിക്

Santhosh Sisupal

Senior Sub Editor

beauty

ഗ്രീക്ക്–റോമൻ കാലത്തെ ഏറ്റവും വലിയ സൗന്ദര്യ ദേവത വീനസ് ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും സുന്ദരി ഈജിപ്തിലെ ക്ലിയോപാട്ര ആണ്. ഗ്രീസിൽ സൗന്ദര്യത്തിന്റെ ഇതിഹാസരൂപമായി അപ്പോളോദേവനെയാണ് കണ്ടിരുന്നത്. ഇങ്ങനെ ഓരോ ദേശത്തും സൗന്ദര്യത്തിനു ചില പ്രതിരൂപങ്ങളുണ്ട്. അവരുടെയൊക്കെ സൗന്ദര്യ രഹസ്യങ്ങൾ അന്വേഷിക്കുന്നവരുമുണ്ട്. സൗന്ദര്യദേവതയായ വീനസിന്റെ മുടിയഴകിന്റെ രഹസ്യം ഒലിവ് എണ്ണയും മുഖകാന്തിയുടെ രഹസ്യം തണുത്തവെള്ളത്തിൽ മുഖം കഴുകുന്നതും ആണെന്ന് റോമൻ പൗരാണിക ശാസ്ത്രങ്ങൾ പറയുന്നു.

ഫ്രഞ്ച് സുഗന്ധം

സുഗന്ധം പൂശലിന് ഫ്രാൻസ് പോ ലെ പ്രാധാന്യമുള്ള നാട് വേറെ ഉണ്ടാകില്ല. ഫ്രഞ്ച് സ്ത്രീകളിൽ പെർഫ്യൂം അലർജി ഇല്ലാത്തവരെല്ലാം സുഗന്ധം പൂശാറുണ്ട്. സൗന്ദര്യത്തിനു സുഗന്ധം ചേർന്നാലേ പൂർണത വരൂ എന്നാണ് അവർ വിശ്വസിക്കുന്നത്.

∙ വസ്ത്രങ്ങളിൽ അല്ല, ശരീരത്തിൽ നേരിട്ടാണ് സുഗന്ധം പൂശുന്നത്. ഉപയോഗിക്കുന്ന പെർഫ്യൂം ഒാരോ വ്യക്തിയുടേയും ശരീരത്തിലെ ഗന്ധവുമായി ചേർന്ന് ഒരു പുതിയ സുഗന്ധം രൂപപ്പെടും. അത് തീർത്തും വേറിട്ടതായിരിക്കുമത്രേ.

മുഖത്ത് അടിക്കുന്ന റഷ്യ

മുഖസൗന്ദര്യത്തിനുള്ള റഷ്യക്കാരുടെ പൊടിക്കൈ കേട്ടാൽ വിശ്വസിക്കാൻ തോന്നില്ല. മെയ്ക്കപ് ചെയ്യുന്നതിനു മുൻപ് കവിളിലും നെറ്റിയിലും മുഖത്തു മറ്റു ഭാഗങ്ങളിലും അവർ മൃദുവായി അടിക്കും. ഇത് ചർമത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും മുഖചർമം തുടുത്തു നിൽക്കുകയും ചെയ്യുമത്രേ.

∙ മനോഹരമായ മുടിയഴകിനായി റഷ്യക്കാർ പ്രത്യേകമായ ഒരു ലേപനം തയാറാക്കാറുണ്ട്. മുട്ട, മയൊണൈസ്, ബിയർ അല്ലെങ്കിൽ വൈൻ എന്നിവ യോജിപ്പിച്ചുള്ള മാസ്ക് മുടിയിൽ തേച്ചു പിടിപ്പിച്ചു കഴുകിക്കളയുന്നു. ഇതു മുടിക്കു തിളക്കവും മാർദവവും ബലവും നൽകുന്നു.

Tags:
  • Beauty Tips