Thursday 19 September 2019 11:59 AM IST

ആഴ്ചയിൽ രണ്ടു തവണയെങ്കിലും സെക്സ്! പ്രായം കുറഞ്ഞിരിക്കാന്‍ ഇതിലും മികച്ച മാർഗമില്ല; ടിപ്സ്

Santhosh Sisupal

Senior Sub Editor

ant-a

നിങ്ങളുടെ യൗവനവും സൗന്ദര്യവും കാണുന്നവരുടെ കണ്ണിലാണ്–എന്ന അടിസ്ഥാന പ്രമാണമാണ് പ്രായം പത്തുവയസ്സെങ്കിലും കുറഞ്ഞതായി തോന്നാനുള്ള വഴികൾ തിരയാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്. മധ്യവയസ്സു കടക്കുമ്പോഴാണ് പ്രായമേറിത്തുടങ്ങിയതിന്റെ ലക്ഷണം സ്വയം തിരിച്ചറിഞ്ഞു തുടങ്ങുന്നത്. വായിക്കാൻ പത്രം അൽപം അകറ്റിപ്പിടിക്കുന്നതുമുതൽ, മുടിയിൽ വീഴുന്ന വെള്ളി വരകളും കയറിത്തുടങ്ങുന്ന കഷണ്ടിയും ചുറുചറുക്കിന്റെ കുറവും നേരിയ ക്ഷീണവുമൊക്കെയായി വാർധക്യത്തിലേക്കുള്ള വാതായനങ്ങൾ ഒരോന്നായി തുറന്നു വരുന്നതു നമ്മളറിയും. അദ്യമൊക്കെ അതൊന്നും സാരമില്ല, സ്വാഭാവികമല്ലേ എന്നൊക്കെ വിചാരിച്ചാലും ചേട്ടാ... ചേച്ചീ... എന്നുള്ള വിളികളുെട സ്ഥാനം അങ്കിൾ... ആന്റീ... വിളികൾക്കു വഴിമാറുമ്പോൾ പ്രായം നമ്മിലേൽപിച്ച വിരൽപാടുകൾ സത്യമാണെന്ന് അംഗീകരിച്ചു തുടങ്ങും. അപ്പോഴാണ് എങ്ങനെ ചെറുപ്പം വീണ്ടെടുക്കാമെന്ന ചിന്ത കടന്നു വരുന്നത്.

ആരോഗ്യകരമായ ജീവിതശൈലിയാണ് വാർധക്യം വൈകിപ്പിക്കാനോ യൗവനം പരമാവധി നിലനിർത്താനോ ഉള്ള ശരിയായ മാർഗം. എന്നാൽ ഒറ്റക്കാഴ്ചയിൽ തന്നെ ‘‘നല്ല ചെറുപ്പമാണല്ലോ’’ എന്നു തോന്നിപ്പിക്കാൻ ഏതു പ്രായത്തിലെത്തിയവർക്കും ആഗ്രഹമുണ്ടാകും. അതിനു സ്വീകരിക്കാവുന്ന കുറുക്കുവഴികളുണ്ട്. അവയിൽ ഏറ്റവും പ്രായോഗികവും നടപ്പാക്കാൻ എളുപ്പവുമായ വഴികളാണ് ഇവിടെ വിവരിക്കുന്നത്.

മെയ്ക്ഓവർ ടിപ്സ്

സൂക്ഷ്മതലത്തിൽ ചെറുപ്പം തോന്നിക്കാനുള്ള ശ്രമങ്ങൾ നടത്തിയാലും അവ പൊരുത്തപ്പെടേണ്ടതുണ്ട്. മനസ്സിൽ ചെറുപ്പവും യൗവനവും അനുഭവപ്പെടുകയാണ് അതിനുള്ള വഴി. അതു സാധ്യമാകുന്നതോടെ പ്രായം 10 വയസ്സല്ല അതിലധികം കുറയും.

മനസ്സിന്റെ പ്രായം:

യൗവനം യഥാർഥത്തിൽ മനസ്സിലാണ് ആരംഭിക്കുന്നത്. യഥാർത്ഥ ശാരീരിക പ്രായത്തിനേക്കാൾ ചെറുപ്പമാണ് താൻ എന്ന് ആദ്യം വിശ്വസിക്കുക.. മനസ്സിലുറപ്പിക്കുന്നതനുസരിച്ച് പെരുമാറ്റവും ശീലങ്ങളും ശരീരഭാഷയും എല്ലാം സെറ്റ് ആകുന്നത് കാണാം. 50 വയസ്സുള്ള ഒരാൾ 35 വയസ്സെന്ന് മാനസിക തീരുമാനമെടുത്താൽ അദ്ദേഹത്തിന്റെ എല്ലാ ശൈലിയും ആപ്രായത്തിലേക്ക് റീസെറ്റ് ആകും. കാണുന്നവർക്കും ഇടപഴകുന്നവർക്കും അയാളിൽ വളരെ ചെറുപ്പം ഫീൽ ചെയ്യും.

വസ്ത്രാസൂത്രണം:

അലമാരയിൽ ആദ്യം കാണുന്ന വസ്ത്രം ധരിക്കാം എന്ന രീതി മാറ്റുക. ഓരോ ആഴ്ചയും തുടക്കത്തിൽ തന്നെ ആ ആഴ്ചയിലെ ഓരോ ദിവസവും ധരിക്കുന്ന വസ്ത്രങ്ങളുടെ പാറ്റേൺ പ്ലാൻ ചെയ്യുക. വസ്ത്രങ്ങൾ ഏതെല്ലാം തരത്തിൽ മാച്ച് ചെയ്യണമെന്നും. ഏത് ആക്സസറീസ് ഉപയോഗിക്കണമെന്നും പ്ലാൻ ചെയ്യുക. ഈ വസ്ത്രാസൂത്രണം പ്രായം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

ധ്യാനം ശീലിക്കാം:

യൗവനത്തിനുള്ള ടോണിക് ആണ് ധ്യാനം. ധ്യാനം ശീലമാക്കുന്നത് യൗവനം തിരിച്ചു വരുത്തും. ചർമത്തിലെ ചുളിവു കൂടാൻ കാരണമാകുന്ന ഹോർമോണുകളുെട പ്രവർത്തനം കുറയ്ക്കാനും ധ്യാനം സഹായിക്കും. മാത്രമല്ല സ്ട്രെസ് ലെവൽ കുറയ്ക്കാനും ശരീരത്തിന്റെ ഊർജ്ജസ്വലത വർധിപ്പിക്കാനും ഓർമ മെച്ചപ്പെടുത്താനുമെല്ലാം ധ്യാനം ഉത്തമം.

സെക്സ് മുടക്കേണ്ട:

ലൈംഗികജീവിതം സജീവമായി തുടരുന്നത് യുവത്വം എപ്പോഴും നിലനിർത്തും. ഏതുപ്രായത്തിലും ലൈംഗികത സാധ്യമാണ് എന്നുള്ള കാര്യം മറക്കാതിരിക്കുക. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മറ്റുള്ളവരെക്കാൾ പത്തു വയസ്സെങ്കിലും കുറവു തോന്നിക്കുമെന്ന പഠനഫലങ്ങളും ഓർമിക്കാം.

(നാൽപതിലധികം ആധികാരിക വെബ്സൈറ്റുകളിലേയും വിവിധ പുസ്തകങ്ങളിലേയും ആന്റി ഏജിങ് വിശദാംശങ്ങളുെട വിദഗ്ധവിശകലനങ്ങളിലൂടെ തയാറാക്കിയത്)

Tags:
  • Health Tips