Saturday 18 July 2020 05:10 PM IST

കൊറോണ എല്ലാ റൂട്ടിലുമുണ്ട്, വീട്ടിനുള്ളിലും കൂട്ടംകൂടുന്നത് ഒഴിവാക്കുക: സാമൂഹിക വ്യാപനം തടയാൻ ഈ വഴികൾ

Asha Thomas

Senior Sub Editor, Manorama Arogyam

corona

തിരുവനന്തപുരത്ത് സാമൂഹികവ്യാപനം നടന്നു കഴിഞ്ഞു എന്നും വരാനിരിക്കുന്ന നാളുകൾ ജീവന്റെ വിലയുള്ള ജാഗ്രതയുടെ ആകണം എന്നും മുഖ്യമന്ത്രി തുറന്നുപറഞ്ഞു. പക്ഷേ, നാമിപ്പോഴും ‘അതങ്ങു തിരുവനന്തപുരത്ത് അല്ലേ’ എന്നു പറഞ്ഞ് മാസ്ക് താഴ്ത്തി സംസാരിക്കാനും ഇടിച്ചുകയറി ബസ്സിൽ സീറ്റുപിടിക്കാനും ഉള്ള തത്രപ്പാടിലാണ്. പക്ഷേ, ഇനിയും സൂക്ഷിച്ചില്ലെങ്കിൽ അതിവിനാശത്തിലേക്കാകും നമ്മുടെ പോക്കെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. സാമൂഹിക വ്യാപനത്തെക്കുറിച്ചും മറ്റു സ്ഥലങ്ങളിലും സാമൂഹികവ്യാപനം പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രശസ്ത ആരോഗ്യവിദഗ്ധൻ ഡോ. ടി.എസ്. ഫ്രാൻസിസ് പറയുന്നു.

എന്താണ് സാമൂഹിക വ്യാപനം?

 പുറമേയ്ക്ക് എങ്ങും പോയി രോഗമുള്ളവരുമായി സമ്പർക്കപ്പെടാതെ, സമൂഹത്തിൽ തന്നെയുള്ള ലക്ഷണമൊന്നുമില്ലാത്ത രോഗികളിൽ നിന്നുള്ള സമ്പർക്കം കൊണ്ടുവരുന്നതാണ് സാമൂഹികവ്യാപനം കൊണ്ട് അർഥമാക്കുന്നത്.  സാമൂഹികവ്യാപനം തടയാൻ അതുകൊണ്ട് പ്രധാനമായും വേണ്ടത് സമ്പർക്കം കുറയ്ക്കുകയാണ്.

∙ വീടിനുള്ളിൽ ആയാലും പുറത്ത് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഇടപഴകുമ്പോൾ പോലും സുരക്ഷിത അകലം പാലിക്കുക.

∙ വീടിനുള്ളിലും കൂട്ടംകൂടുന്നത് ഒഴിവാക്കുക. കഴിവതും പ്രത്യേകം മുറികളിൽ ഉറങ്ങുവാൻ ശ്രദ്ധിക്കുക.

∙ പ്രായമായവർ വീട്ടിൽ ഉണ്ടെങ്കിൽ അവർക്ക് ബാത് റൂം ഉള്ള ഒരു മുറി പ്രത്യേകമായി നൽകി റിവേഴ്സ് ഐസൊലേഷൻ പാലിക്കുക.

∙ ചടങ്ങുകളും മറ്റും മിനിമം 50 പേരേ മാത്രം പങ്കെടുപ്പിച്ച് നടത്താൻ പറയുന്നത് അതേപടി പാലിക്കണം. പല പല സമയങ്ങളിലായി കുറേശ്ശേ ആളുകൾ വന്നുപോകുന്ന രീതിയായി അതിനെ മാറ്റിമറിക്കരുത്. അത് അപകടമാണ്. ലക്ഷണങ്ങളൊന്നുമില്ലാതെ ഈ രോഗം വരാം. കൂടുതൽ ആള് വന്നുപോകുമ്പോൾ വൈറസ് അടങ്ങിയ സൂക്‌ഷ്മ കണങ്ങളുടെ വായുവിലെ സാന്ദ്രത വർധിക്കാം. മാത്രമല്ല വലുപ്പം കുറഞ്ഞ വൈറസ് കണങ്ങൾ മണിക്കൂറുകളോളം നിലനിൽക്കുകയും ചെയ്യാം.

∙ കൂട്ടംകൂടി നിന്നു സംസാരിക്കുന്നതും മറ്റും ഒഴിവാക്കുക. ആളുകൾ തമ്മിൽ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കുക.

∙ കടകളിലും ഹൈപ്പർ മാർക്കറ്റുകളിലുമാക്കെ വളരെ നിയന്ത്രണത്തോടെ മാത്രം ആളുകളെ കയറ്റിവിടുക. സാനിറ്റൈസിങ് ഉൾപ്പെടെയുള്ള സുരക്ഷാമുൻകരുതലുകൾ ഒരുക്കുക.

മൂന്നു ലെയർ മാസ്ക് പോര

∙ മാസ്ക് ധരിക്കുകയാണ് മറ്റൊരു പ്രധാന കരുതൽ. ശാസ്ത്രീയമായ സംരക്ഷണം നൽകുന്ന മാസ്ക് തന്നെ ഉപയോഗിക്കണം. നിലവിൽ നമ്മൾ ഉപയോഗിക്കുന്ന മാസ്കുകളിൽ 90 ശതമാനവും ശരിയായി സംരക്ഷണം നൽകാത്തവയാണ്. മൂന്നു ലെയർ തുണി മാസ്ക് പോലും വാസ്തവത്തിൽ സുരക്ഷിതമല്ല.

എൻ 95 മാസ്ക് മാത്രമാണ്  സ്റ്റാൻഡർഡൈസ് ചെയ്തിട്ടുള്ളത്. അത്തരം മാസ്കുകൾ സമൂഹത്തിൽ കൂടുതൽ ലഭ്യമാക്കണം. സ്ഥിരമായി പുറത്തുപോകുന്നവരെങ്കിലും ഇത്തരം മാസകുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. റീ യൂസബിൾ ആയിട്ടുള്ള, മാസ്കിന്റെ ത്രെഡിൽ സാനിറ്റൈസർ കൂടി ഉൾച്ചേർത്തിട്ടുള്ള തരം എൻ 95 മാസ്കുകൾ ഉണ്ട്. അവ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാൻ ഗവൺമെന്റ് ശ്രദ്ധിക്കണം.

ശരിക്കുള്ള എൻ95 മാസ്ക് ലഭ്യമല്ലെങ്കിൽ അഞ്ചു ലെയർ മാസ്കുകളുണ്ട്. തുണികൊണ്ടുള്ള 5 ലെയർ മാസ്ക് അല്ല ഉദ്ദേശിക്കുന്നത്. സാനിറ്റൈസർ ഉൾച്ചേർത്തിട്ടുള്ള പ്രത്യേക ഫൈബറിനാൽ നിർമിതമായ അഞ്ചു ലെയർ മാസ്കുകളാണ്. അവ ഏറെക്കുറെ സുരക്ഷിതമാണ്.

മാസ്ക് ധരിച്ചാൽ മാത്രം പോരാ, ശരിയായ രീതിയിൽ ധരിക്കാൻ ശ്രദ്ധിക്കണം. മാസ്ക് കെട്ടേണ്ടത് താടിക്കോ കഴുത്തിനോ അല്ല. വായും മൂക്കും മൂടുന്നവിധം ധരിക്കണം. മാസ്ക് മുഖത്ത് കൃത്യമായി ഫിറ്റ് ആയിരിക്കണം. താടിമീശ ഉള്ളവർക്ക് ഒരു മാസ്ക് കൊണ്ടും പരിപൂർണ സംരക്ഷണം ലഭിക്കില്ല എന്നോർക്കുക.

ടെസ്റ്റുകളുടെ എണ്ണം കൂട്ടണം

സാമൂഹികവ്യാപനം വാസ്തവത്തിൽ തിരുവനന്തപുരത്ത് മാത്രമാണെന്ന് ഉറപ്പിച്ചു പറയാനാവില്ല, ബാക്കിയിടങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണ്. നിലവിൽ ലക്ഷണം ഉള്ളവരെയോ രോഗബാധിതരുമായി സമ്പർക്കം ഉണ്ടായവരെയോ മാത്രമാണ് പരിശോധിക്കുന്നത്. അതുപോര, ലക്ഷണം ഒന്നും ഇല്ലാത്തവരും ചുമയ്ക്കുകയും തുമ്മുകയും സംസാരിക്കുകയും ഒക്കെ ചെയ്യുമ്പോൾ വൈറസ് വായുവിൽ പടരാം എന്നതു മറക്കരുത്. ഈ ലക്ഷണമില്ലാത്ത രോഗവ്യാപകരെയാണ് ഏറ്റവും പേടിക്കേണ്ടതും. അതുകൊണ്ട് 100 പേരിൽ നിന്ന് ഒരു കോണ്ടാക്റ്റും ഇല്ലാത്ത, ഒരു ലക്ഷണവും ഇല്ലാത്ത 15 ആളുകളെ റാൻഡമായി തിരഞ്ഞെടുത്ത് പരിശോധന നടത്തണം.

ഇതിനു നിലവിലുള്ള തടസ്സം എന്നു പറയുന്നത് പരിശോധനയുടെ ചെലവാണ്. ആർടിപിസിആർ ടെസ്റ്റ് നടത്താൻ 3500–4000 രൂപയോളം വരും. അതില്ലെങ്കിൽ 1000 രൂപയിൽ താഴെയുള്ള ഒരു ആന്റിബോഡി പരിശോധന എങ്കിലും ചെയ്യാൻ സാധിക്കണം. ലക്ഷണമില്ലാത്തവരിൽ ട്രൂ നാറ്റ് എന്ന ആന്റിജൻ ടെസ്റ്റ്– സ്ക്രീനിങ് ടെസ്റ്റ് ചെയ്താൽ മതിയെന്നാണ് പുതിയ മാർഗനിർദേശം പറയുന്നത്.  പരിശോധനകൂട്ടുന്നത് വഴി കൂടുതൽ രോഗികൾ ഉള്ള സ്ഥലങ്ങൾ മുൻപേ തിരിച്ചറിയാനും കൂടുതൽ പേരിലേക്ക് രോഗം പകരാതെ വേണ്ടുന്ന നടപടികൾ കൈക്കൊള്ളാനും സാധിക്കും.

കൂടുതൽ ടെസ്റ്റിങ് കേന്ദ്രങ്ങൾ തുറക്കാനും ശ്രദ്ധിക്കണം. സബ്സിഡി നിരക്കിൽ പരിശോധനയ്ക്ക് സംവിധാനം ഒരുക്കുന്നതും ആലോചിക്കാവുന്നതാണ്. ഒരു തുക സർക്കാർ വഹിക്കുക. ബാക്കി 50–60 ശതമാനം ജനങ്ങൾ മുടക്കുക എന്ന രീതി പ്രായോഗികമാണ്.

ഇതോടൊപ്പം പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, വീട്ടിനുള്ളിൽ തന്നെ ചെറുവ്യായാമങ്ങൾ ചെയ്യുക എന്നിങ്ങനെ പൊതുവായ ആരോഗ്യത്തിനു വേണ്ടുന്ന കാര്യങ്ങളും ചെയ്യുക.

ഒാർക്കുക, സാമൂഹികവ്യാപനം കുറയ്ക്കണമെങ്കിൽ, കൂടുതൽ സ്ഥലത്തേക്കു വ്യാപിക്കാതിരിക്കണം എങ്കിൽ മേൽപറഞ്ഞ കാര്യങ്ങളെല്ലാം നടപ്പിലാക്കുക തന്നെ വേണം.

Tags:
  • Manorama Arogyam
  • Health Tips