Saturday 17 March 2018 02:02 PM IST

എന്നും കുളിക്കണോ? ശരീരം മാത്രം കഴുകിയാൽ നീർക്കെട്ടു വരുമോ? ഇതാ കുളിയേക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കാം

Asha Thomas

Senior Sub Editor, Manorama Arogyam

bath

ആകെ ക്ഷീണിച്ച് അവശനായി മുടിയൊക്കെ പാറിപ്പറന്ന് ഉറക്കംതൂങ്ങി നടക്കുന്ന ഒരാളെ കണ്ടാൽ ‘ഇന്നെന്താ കുളിച്ചില്ലേ?’ എന്നാകും നമ്മളാദ്യം ചോദിക്കുക. കുളിച്ച് ശുദ്ധിയായിട്ടേ പണ്ടുള്ളവർ പാചകം തുടങ്ങിയിരുന്നുള്ളു. പ്രശസ്തരായ ചില രാഷ്ട്രീയക്കാർ നാടൊട്ടുക്കുള്ള പരിപാടികൾക്ക് ഒാടിനടക്കാനുള്ള ഉന്മേഷത്തിനായി ദിവസം രണ്ടും മൂന്നും തവണ കുളിക്കാറുണ്ടത്രെ. കുളത്തിലെ മുങ്ങിക്കുളി  മുതൽ ശരീരത്തിലേക്കു വെള്ളം ചിതറിയൊഴിച്ചുള്ള ഷവർ ബാത്, ടബിൽ മുങ്ങിക്കിടന്നുള്ള ടബ് ബാത് വരെ കുളിക്ക് എത്ര വകഭേദങ്ങൾ. കുളിച്ച് ഫ്രഷാവുക എന്ന പ്രയോഗത്തിൽ തന്നെ കുളി നൽകുന്ന ഉന്മേഷവും വൃത്തിയും തുടിക്കുന്നുണ്ട്. ഇതാ കുളിയേക്കുറിച്ചുള്ള ചില കുളിരാർന്ന വസ്തുതകൾ.  

എന്നും കുളിക്കണോ?


രണ്ടുനേരവും മുങ്ങിക്കുളി നിർബന്ധമായിരുന്നു പഴയ തലമുറയിൽ. കുളിച്ചു ശുദ്ധിയാവുക എന്നാണ് പറയാറ്. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമം. ചർമം വൃത്തിയായിരിക്കുന്നത് പൊതുവായ ആരോഗ്യത്തിനും നല്ലതു തന്നെ. ദിവസവും കുളിച്ചാൽ ചർമത്തിലെ സ്വതവേയുള്ള എണ്ണമയം നീക്കംചെയ്യപ്പെടുമെന്നു പറയാറുണ്ട്. പക്ഷേ,  ആർദ്രതയും ചൂടും കൂടിയ കാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ ദിവസവും കുളിക്കുന്നത്  നല്ലതാണെന്നാണ് ചർമരോഗവിദഗ്ധരുടെ അഭിപ്രായം.

യഥാർഥത്തിൽ കുളിയല്ല, കുളിയ്ക്കാനുപയോഗിക്കുന്ന സോപ്പിന്റെയും  മറ്റു രാസപദാർഥങ്ങളുടെയും അശ്രദ്ധവും അമിതവുമായ ഉപയോഗമാണ് ചർമത്തിന് ദോഷം ചെയ്യുന്നത്. നന്നായി സോപ്പു തേച്ച് മിനിറ്റുകളോളം പതപ്പിച്ച് കുളിച്ചാലേ ചിലർക്ക് തൃപ്തിയാകൂ. എന്നാൽ രണ്ടുനേരം കുളിയ്ക്കുന്നവർ രണ്ടുനേരവും സോപ്പ് പതപ്പിച്ചു തേയ്ക്കുന്നത് ചർമത്തെ വരണ്ടതാക്കും.

രണ്ടാമത്തെ കുളിയിൽ കക്ഷവും സ്വകാര്യഭാഗങ്ങളും ശരീരത്തിലെ മടക്കുകളും മാത്രം അൽപം സോപ്പു തേച്ച് കുളിക്കുക. അല്ലെങ്കിൽ പയറുപൊടിയോ കടലമാവോ സ്നാനചൂർണങ്ങളോ പോലുള്ള പ്രകൃതിദത്തമായ പൊടികൾ ഉപയോഗിക്കുക.

ഉന്മേഷക്കുളിയോ ഉറക്കക്കുളിയോ?

രാവിലത്തെ കുളി ഉന്മേഷത്തിനും രാത്രിയിലെ കുളി സുഖകരമായ ഉറക്കത്തിനും സഹായിക്കുമെന്നാണ്. ശരീരത്തിന്റെ താപവ്യതിയാനങ്ങൾ നമ്മുടെ സർക്കേഡിയൻ താളക്രമത്തെ സ്വാധീനിക്കുന്നതു മൂലമാണ് കുളി വ്യത്യസ്തമായ ഫലം നൽകുന്നത്.  പൊതുവേ വൈകുന്നേരമാകുമ്പോൾ ശരീരതാപം കുറഞ്ഞുതുടങ്ങും.  ഉറങ്ങുന്നതിനു മുമ്പ് കുളിക്കുമ്പോൾ താൽക്കാലികമായി ശരീരോഷ്മാവ് കൂടുമെങ്കിലും  തോർത്തിക്കഴിയുമ്പോഴേക്കും ശരീരം തണുത്തു തുടങ്ങും. ഈ സുഖകരമായ തണുപ്പു സർക്കേഡിയൻ താളക്രമത്തെ സ്വാധീനിച്ച് വേഗം ഉറക്കം വരുത്തും.

രാവിലെ കുളിക്കുമ്പോൾ ശരീരോഷ്മാവ് താഴുമെങ്കിലും അന്നന്നത്തെ പ്രവൃത്തികളിൽ വ്യാപൃതരാകുന്നതോടെ  ഉറക്കച്ചടവും ആലസ്യവുമകന്ന് ശരീരം ഉന്മേഷം നിറഞ്ഞതാകും. അലർജി പ്രശ്നമുള്ളവർക്കു പുറത്തുള്ള യാത്ര കഴിഞ്ഞ് വന്നുടനെ കുളിക്കുന്നത് നല്ലതാണ്. പൊടി പോലുള്ള അലർജനുകളെ നീക്കം ചെയ്യാൻ ഇതു സഹായിക്കും.

ഉണ്ടിട്ടു കുളിയും രാത്രിക്കുളിയും

ഭക്ഷണശേഷം ഉടനെ കുളിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുമെന്ന് ആധുനികവൈദ്യം പറയുന്നു. ഉണ്ടയുടനെ കുളിക്കുന്നത് വയർ സ്തംഭനം ഉണ്ടാക്കുമെന്നാണ് ആയുർവേദം പറയുന്നത്. അതിനാലാണ് ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണമെന്നു പഴഞ്ചൊല്ലു പറയുന്നത്. രാവിലെയോ വൈകിട്ട് ആറു മണിക്കു മുമ്പോ കുളിക്കാനാണ് ആയുർവേദം പറയുന്നത്.  നട്ടുച്ചയ്ക്കുള്ള കുളി ആയുർവേദപ്രകാരം നിഷിദ്ധമാണ്. വൈകിട്ട് ആറു മണി കഴിഞ്ഞ് കുളിക്കുന്നവരിൽ ജലദോഷം, കൈവേദന, കഴുത്തുവേദന എന്നീ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്.  അഥവാ രാത്രി കുളിക്കേണ്ടി വന്നാൽ തന്നെ ശരീരം മാത്രം കഴുകുക, മുടി കഴുകിയാൽ അത് ഉണക്കിയിട്ടേ ഉറങ്ങാൻ കിടക്കാവൂ.   
 
ചൂടുവെള്ളമോ തണുത്തവെള്ളമോ?

ആർത്രൈറ്റിസ് പ്രശ്നമുള്ളവർക്കും സന്ധിവേദനകൾ ഉള്ളവർക്കും വേദനയുള്ള ഭാഗത്ത് ചൂടുവയ്ക്കുമ്പോൾ സുഖം ലഭിക്കും. അതുകൊണ്ടു തന്നെ അവർ ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. ഏറെ നേരം ഇരുന്നു ജോലിചെയ്യുന്നവർ, ശാരീരികാധ്വാനം കൂടുതലുള്ളവർ, അലർജി, ജലദോഷം, മൂക്കടപ്പ് പോലെ ചെറിയ ദേഹാസ്വാസ്ഥ്യമുള്ളവർ തുടങ്ങിയവർക്ക് ചൂടുവെള്ളത്തിൽ കുളി വേദനയും ആയാസവും അകറ്റും. അസുഖം മാറിക്കഴിഞ്ഞുള്ള ആദ്യകുളി ചെറുചൂടുവെള്ളത്തിൽ ആകുന്നത് ശരീരത്തിലെ രക്തയോട്ടം നന്നായി നടക്കാൻ സഹായിക്കും. നല്ല ചൂടുള്ള വെള്ളം ദേഹത്ത് ഒഴിച്ചു കുളിക്കുന്നത് ചർമത്തിനു കേടുവരുത്തും. പ്രത്യേകിച്ച് കണ്ണിലും തലയിലും അധികം ചൂടുള്ള വെള്ളം ഒഴിക്കരുത്. ഇളംചൂടുവെള്ളം മതി. ജലദോഷം, കണ്ണിന് അസുഖം, ചെവിപഴുപ്പ്, ദഹനക്കേടുപോലെ വയറിന് അസ്വാസ്ഥ്യം തുടങ്ങിയരോഗാവസ്ഥകളിൽ കുളിക്കാത്തതാണ് നല്ലത്.

തല മാത്രം കുളിച്ചാൽ

തല ഉൾപ്പെടെ കഴുകുന്നതാണ് കുളി കൊണ്ടുദ്ദേശിക്കുന്നത്. അതാണ് ഉത്തമവും. ശരീരം മാത്രം കഴുകിയാൽ തലയിലെ വിയർപ്പു താഴ്ന്ന് നീർക്കെട്ടു വരാൻ സാധ്യതയുണ്ട്.  അതുകൊണ്ട് ദേഹംമാത്രം കഴുകിയാലും തലയിൽ രാസ്നാദിചൂർണം പുരട്ടണം. തലയിലാണോ ദേഹത്താണോ ആദ്യം വെള്ളമൊഴിക്കേണ്ടത് എന്നതിനു പ്രത്യേകിച്ച് നിയമമൊന്നുമില്ല. തലയാണ് ആദ്യം കഴുകുന്നതെങ്കിൽ‍ വെള്ളം താഴുന്നതിനു മുമ്പേ തോർത്തി നനവു മാറ്റണം എന്നു മാത്രം.  കുളി കഴിഞ്ഞ് കക്ഷം, തുടയിടുക്ക്, സ്തനങ്ങളുടെ അടിഭാഗം തുടങ്ങിയുള്ള ശരീരമടക്കുകളിലെയും വെള്ളം നന്നായി ഒപ്പി മാറ്റണം. ഇല്ലെങ്കിൽ ഈർപ്പം പറ്റിനിന്ന് പുഴുക്കടിയോ പൂപ്പൽബാധയോ ഉണ്ടാകാം. വിയർപ്പുപുരണ്ട അടിയുടുപ്പുകൾ ധരിക്കരുത്. നനവു മാറും മുമ്പേ മോയിസ്ചറൈസറുകളോ എണ്ണയോ പുരട്ടുന്നത് ചർമവരൾച്ച തടയും.

little cute boy in bathroom with bubbles close up

ഉപ്പുകുളിയും ആവിക്കുളിയും

കോംപ്ലിമെന്ററി തെറപ്പീസ് ഇൻ മെഡിസിൻ എന്ന ജേണൽ പറയുന്നത് ഒരാഴ്ച തുടർച്ചയായി, ദിവസവും ചൂടുവെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് ഉത്കണ്ഠ കുറയ്ക്കുന്ന കാര്യത്തിൽ മരുന്നിനേക്കാൾ ഫലം ചെയ്യുമെന്നാണ്.  എസൻഷ്യൽ ഒായിലുകൾ പുരട്ടുന്നത് ശരീരത്തിന്റെ പിരിമുറുക്കങ്ങൾ അയച്ച് ശാന്തമാക്കും.  ചർമം ചൊറിയുകയോ തൊലി ഇളകിപ്പോരുകയോ ചെയ്യുന്ന പ്രശ്നമുള്ളവർ ചെറുചൂടുവെള്ളത്തിൽ ഒലീവ് എണ്ണയോ വെളിച്ചെണ്ണയോ രണ്ടു ടേബിൾസ്പൂൺ ഒഴിച്ച് കുളിക്കുക.
 ഒരു സോക്സ് മുക്കാൽ ഭാഗവും ഒാട്സ് എടുക്കുക. ഇതു മുറുക്കിക്കെട്ടി ബാത്ടബിലെ ചൂടുവെള്ളത്തിലിട്ട് അതിൽ 10–15 മിനിറ്റ് മുങ്ങിക്കിടന്നാൽ വരണ്ട ചർമം മൃദുവാകും.

വായിൽ വെള്ളം നിറച്ചുപിടിച്ച് കുളിച്ചാൽ ജലദോഷമകറ്റാമെന്നു  പറയാറുണ്ട് പക്ഷേ, ഇതിനു ശാസ്ത്രീയമായി അടിസ്ഥാനം ഇല്ല. എന്നാൽ ശരിക്കും രോഗപ്രതിരോധത്തിനു സഹായിക്കുന്ന കുളികളുമുണ്ട്. വാതവേദനകൾക്കും നീർവീക്കത്തിനും ഉറക്കപ്രശ്നങ്ങൾക്കുമൊക്കെ പരിഹാരമായി ഇളംചൂടുവെള്ളത്തിൽ എപ്സം സാൾട്ട് കലർത്തി കുളിക്കാറുണ്ട്.

എല്ലാ പ്രായക്കാർക്കും പരീക്ഷിക്കാവുന്നതാണ് ആവി നിറച്ച മുറിയിലിരുന്നുള്ള സ്റ്റീം ബാത്ത്.   സ്റ്റീം ഷവർ, വെറ്റ് സോന, ഹൈഡ്രോതെറപ്പി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ആവിക്കുളി   പേശികളുടെയും സന്ധികളുടെയും ആയാസമകറ്റും, ചർമ സുഷിരങ്ങൾ തുറന്ന് ചർമത്തെ ശുദ്ധിയാക്കും. ഇനി ക്ഷീണം തോന്നുമ്പോൾ ഒന്നു കുളിച്ചുനോക്കൂ, മാറ്റം സ്വയം അനുഭവിച്ചറിയാം.

Healthy cosmetic care.

എണ്ണ തേയ്ക്കണോ?

എണ്ണ തേച്ചു കുളി ആയുസ്സിനും ആരോഗ്യത്തിനും നല്ലതാണെന്നാണ് ആയുർവേദം പറയുന്നത്. ഒരൽപം എണ്ണയെടുത്ത് കൈവെള്ള കൂട്ടിത്തിരുമ്മി ചൂടുപിടിപ്പിച്ച് ശരീരത്ത് മസാജ് ചെയ്ത് പുരട്ടിക്കുളിച്ചുനോക്കൂ. ശരീരം മുഴുവനുള്ള രക്തയോട്ടം കൂടും, ത്വക്കിനു കൂടുതൽ തിളക്കവും മൃദുത്വവും കൈവരും.  എണ്ണ തേയ്ക്കുമ്പോൾ നിർബന്ധമായും ചെവിയിലും ഉള്ളംകാലിലും തലയിലും തേയ്ക്കണമെന്ന് ആയുർവേദം പറയുന്നു. ഇതിന് അഭ്യംഗം എന്നാണ് പറയുന്നത്. എന്നാൽ ദഹനക്കേടോ, വിശപ്പില്ലായ്മയോ ഉള്ളപ്പോഴോ ജലദോഷമോ പനിയോ പോലുള്ള രോഗാവസ്ഥകളിലോ എണ്ണ തേച്ചുകുളി ഒഴിവാക്കണം.

സോപ്പ് എന്തിന്?

അന്തരീക്ഷത്തിലെ പൊടിയും ചെളിയും വിയർപ്പുമായും ചർമത്തിലെ എണ്ണയുമായും ചേർന്ന് മെഴുക്കായിട്ടുണ്ടാകും. ഈ മെഴുക്ക് വെറുംവെള്ളത്തിൽ അലിഞ്ഞുപോകില്ല. ഇതിനെ നീക്കാനാണ് ക്ഷാരസ്വഭാവമുളള സോപ്പുകൾ ഉപയോഗിക്കുന്നത്. സോപ്പുപയോഗം ഏറെ ശ്രദ്ധിച്ചുവേണം. കടുത്തനിറവും രൂക്ഷഗന്ധവുമുള്ള സോപ്പുകൾ ഒഴിവാക്കണം. ശരീരത്തിന്റെ പിഎച്ച് മൂല്യത്തോട് അടുത്ത പിഎച്ചുള്ള സോപ്പുകളാണ് നല്ലത്. ആന്റിബാക്ടീരിയൽ സോപ്പുകൾക്ക് സാധാരണ സോപ്പുകളേക്കാൾ മെച്ചമൊന്നുമില്ല.  തന്നെയുമല്ല ഇവയിലെ സൈക്ലോസാൻ പോലുള്ള രാസപദാർഥങ്ങൾ ദോഷകരമാണെന്നു പഠനങ്ങളുമുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സരിൻ എ.,  ചർമരോഗവിദഗ്ധൻ, മെഡി. കോളജ്, തൃശൂർ

ഡോ. ഐഷ പി.ജി., കാരിത്താസ് ആയുർവേദ ക്ലിനിക്, കോട്ടയം