Saturday 16 November 2019 12:49 PM IST : By സ്വന്തം ലേഖകൻ

ഒറ്റപ്രസവത്തിൽ ഏഴുകുട്ടികളുമായി ചീറ്റ; മസായ്മാരയിൽ നിന്ന് ആ സുന്ദരചിത്രം പകർത്തി മലയാളി!

cheetah775ytfhhu

വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാരുടെ പറുദീസയാണ് മസായ് മാര വൈൽഡ് ലൈഫ് സാങ്ച്വറി. വെറുതെ നടന്നാലും ക്യാമറ നിറയെ ചിത്രങ്ങൾ സമ്മാനിക്കുന്ന ഇടം. ലോകചരിത്രത്തിൽ തന്നെ ആദ്യമായി രേഖപ്പെടുത്തിയ കാഴ്ച പകർത്തിയിരിക്കുകയാണ് കാസർകോടുകാരനായ ഫൊട്ടോഗ്രഫർ ദിനേശ്. ഒരു ചീറ്റയെയും ഒറ്റപ്രസവത്തിൽ അതിനുണ്ടായ ഏഴ് സുന്ദരി കുഞ്ഞുങ്ങളുമാണ് കാഴ്ച. സാധാരണ ചീറ്റയ്ക്ക് മൂന്നോ നാലോ കുഞ്ഞുങ്ങൾ വരെയാണ് ജനിക്കുന്നത്. ദിനേശ് ആ അനുഭവം വിവരിക്കുന്നു;

"കാസർകോടാണ് സ്വദേശം. ഞാനൊരു വെഡിങ് ഫൊട്ടോഗ്രഫറാണ്. എന്നും കല്യാണച്ചിത്രങ്ങൾ മാത്രം എടുത്ത് നടന്നാൽ പോരല്ലോ, ഫൊട്ടോഗ്രഫിയുടെ മറ്റെന്തെങ്കിലും ഒരു തലത്തിലും കൂടി പരീക്ഷണങ്ങൾ ചെയ്യണം എന്ന ചിന്തയാണ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലേക്ക് എത്തിച്ചത്. കാസർകോട് നിന്ന് സുഹൃത്തുക്കളായ എ കെ മുണ്ടോൾ, ബാലസുബ്രമണ്യ എന്നിവരും മൈസൂരുവിലെ മറ്റൊരു സുഹൃത്ത് ശിവനന്ദയുമാണ് മസായ് മാര യാത്രയിൽ കൂടെയുണ്ടായിരുന്നത്.

75443019_562948261182858_4715839391967215616_n

മുബൈയിൽ നിന്ന് നെയ്റോബിയിലെത്തി. അവിടെ നിന്ന് ആറുമണിക്കൂർ ജീപ്പ് യാത്രയുണ്ട് മസായ് മാരയിലേക്ക്. നവംബർ അഞ്ചാം തീയതി ഉച്ചയ്ക്കാണ് ഞങ്ങൾ മസായ് മാരയിലെത്തുന്നത്. അവിടെ എത്തിയപ്പോൾ തന്നെ ഗൈഡ് പറഞ്ഞു. നിങ്ങൾക്ക് ഒരു ഗുഡ് ന്യൂസ് ഉണ്ട്. ഒരു ചീറ്റയുടെ പ്രസവം നടന്നേയുള്ളൂ, ഏഴു കുട്ടികളെ കണ്ടവരുണ്ട്. ഭാഗ്യം നിങ്ങളെയും തുണയ്ക്കട്ടെ. ആദ്യമായാണ് ചീറ്റയോടൊപ്പം ഏഴ് കുഞ്ഞുങ്ങളെ സ്പോട്ട് ചെയ്യുന്നത്.

ഞങ്ങളുടെ രണ്ടാമത്തെ സഫാരിയിൽ തന്നെ ചീറ്റയെയും കുഞ്ഞുങ്ങളെയും കണ്ടു. ഭാഗ്യം എന്നല്ല, മഹാഭാഗ്യം എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം, കാരണം ആ കാഴ്ചയോടൊപ്പം ചീറ്റ തന്റെ കുഞ്ഞുങ്ങൾക്ക് കഴിക്കാനായി ഇര പിടിക്കുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു."- ദിനേശ് പറഞ്ഞു.

Tags:
  • Travel Photos
  • Travel Stories
  • Manorama Traveller