യാത്ര ചെയ്യാനാവാതെ മാനസിക പിരിമുറുക്കത്തിലായ സഞ്ചാര പ്രിയർക്ക് ആശ്വാസം പകരാൻ വിമാനങ്ങളിൽ കയറ്റിയിരുത്തി ചായ സൽക്കാരം നടത്തി. ഏഴായിരം അപേക്ഷകരിൽ ഭാഗ്യം കടാക്ഷിച്ച 60 വിജയികൾ വിമാനത്തിൽ കയറി. എയർപോർട്ടിൽ നിർത്തിയിട്ട വിമാനത്തിൽ നടത്തിയ ‘പറക്കാത്ത യാത്ര’ ലോകമാകെ വാർത്തയായി.
ടേക്ക് ഓഫ് പറഞ്ഞു, കരഘോഷം മുഴങ്ങി
‘ഫെയ്ക്ക് ഫ്ളൈറ്റ്’ യാത്രാനുഭവം നടത്തിയത് തായ്‌വാനിലാണ്. ചൈനീസ് എയർലൈൻസിന്റെ എ330 വിമാനത്തിലാണു ‘പറക്കാത്ത യാത്ര’. ബോർഡിങ്ങിനു മുൻപ് പാലിക്കേണ്ട സെക്യൂരിറ്റി പരിശോധന പൂർത്തിയാക്കിയാണ് ആളുകളെ ടെർമിനിലേക്കു പ്രവേശിപ്പിച്ചത്. ലഗേജ് ഒഴിവാക്കി ഹാൻഡ് ബാഗുമായാണ് യാത്രക്കാരെത്തിയത്. സമ്മാനം കിട്ടിയ ടിക്കറ്റ് കാണിച്ച് അവർ ചെക്ക് ഇൻ ചെയ്തു. ഇമിഗ്രേഷൻ കൺട്രോൾ വിഭാഗത്തിനു മുന്നിൽ പാസ്പോർട്ട് പരിശോധന പൂർത്തിയാക്കി. ഫ്ളൈറ്റ് നമ്പർ അനൗൺസ് ചെയ്തപ്പോൾ ഓരോരുത്തരായി വിമാനത്തിൽ കയറി. പൈലറ്റ്, എയർഹോസ്റ്റസ്, ക്യാബിൻ ക്രൂ എന്നിവർ യാത്രക്കാരെ സ്വീകരിച്ചു. സീറ്റ് നമ്പർ പ്രകാരം എല്ലാവരും ഇരിപ്പുറപ്പിച്ചു. ഫ്ളൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നതായി അനൗൺസ്മെന്റ് ചെയ്തു. വിമാനം പറക്കില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെ കരഘോഷം മുഴക്കി.
പൈലറ്റാണ് യാത്രക്കാരെ അഭിസംബോധന ചെയ്തത്. കൊവിഡ് 19ബാധയ്ക്കു ശേഷം വിമാനത്തിൽ കയറുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് 20 മിനിറ്റ് ബോധവത്കരണ ക്ലാസ് നടത്തി. സേഫ്റ്റി മെസേജ് കഴിഞ്ഞപ്പോൾ വിമാനം ലാൻഡ് ചെയ്തതായി അറിയിപ്പു വന്നു. ദീർഘയാത്ര കഴിഞ്ഞതു പോലെ ആളുകൾ വിമാനത്തിൽ നിന്നിറങ്ങി. എയർപോർട്ട് ക്രൂ അവരെ റസ്റ്ററന്റിലേക്കു നയിച്ചു. കാപ്പിയും ലഘുഭക്ഷണവും വിളമ്പി. ഒരേ നാട്ടുകാരെങ്കിലും അപരിചിതരായ ‘യാത്രക്കാർ’ അവിടെയിരുന്നു വീട്ടുവിശേഷങ്ങൾ പങ്കുവച്ചു. പിന്നീട് ഇമിഗ്രേഷൻ കൗണ്ടറിൽ ചെന്ന് എക്സിറ്റ് ചെയ്ത് വീണ്ടും സ്വന്തം രാജ്യത്ത് കാലുകുത്തി.
യഥാർഥ യാത്രയ്ക്ക് ഇനി എത്രകാലം...?
കൊവിഡ് 19 വൈറസ് പടർന്ന സാഹചര്യത്തിൽ മാർച്ച് പതിനഞ്ചിനു ശേഷം തായ്‌വാനിലെ സൊങ്ഷാൻ വിമാനത്താവളത്തിൽ രാജ്യാന്തര സർവീസ് നിർത്തി. ടോക്യൊ, സിയോൾ, ചൈന എന്നിവിടങ്ങളിലേക്ക് ദിവസവും പത്തിലേറെ വിമാനങ്ങൾ പറന്നുയരുന്ന എയർപോർട്ടാണ് സൊങ്ഷാൻ. തായ്‌വാന്റെ ഒട്ടുമിക്ക ആഭ്യന്തര വിമാനങ്ങളും സോങ്ഷാനിലാണ് ഇറങ്ങുക. അവിടെ നിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥിരമായി സഞ്ചരിക്കുന്നവർ ഒട്ടേറെയുണ്ട്. വിമാന സർവീസ് അവസാനിപ്പിച്ചതോടെ വീട്ടിൽ കുടുങ്ങി അവരെല്ലാം വലിയ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് യാത്രക്കാർക്ക് ഉന്മേഷം പകരാനായി ഫെയ്ക്ക് ഫ്ളൈറ്റ് ഒരുക്കാൻ തീരുമാനിച്ചത്.
കൊവിഡ് വൈറസ് ശമിക്കുന്നതുവരെ വിദേശയാത്ര ഒഴിവാക്കണമെന്നാണു തന്റെ പ്രസംഗത്തിൽ യാത്രക്കാരോട് പൈലറ്റ് അഭ്യർഥിച്ചത്. മാസ്ക്, സാനിറ്റൈസർ, ഷേക് ഹാൻഡ് എന്നീ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. ഹാൻഡ് ഗ്ലൗ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചെറിയ അശ്രദ്ധ രോഗം പടരാൻ ഇടയാക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും പൈലറ്റ് നിർദേശിച്ചു.
വിമാനത്തിൽ നിന്ന് ഇറങ്ങിയവർ പുഞ്ചിരിയോടെ ക്യാമറയെ നോക്കിയെങ്കിലും നിരാശ പങ്കുവയ്ക്കാൻ മടിച്ചില്ല. യഥാർഥ യാത്രയ്ക്ക് ഇനി എത്രകാലം...? അവർ ആശങ്ക പ്രകടിപ്പിച്ചു. ഈ ചോദ്യത്തിനു മുന്നിൽ ലോകം പകച്ചു നിൽക്കുകയാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകി.