Thursday 25 March 2021 04:28 PM IST

രാത്രിയിൽ നിലവിളി; തലയില്ലാത്ത മനുഷ്യൻ നടക്കുന്നു: വീണ്ടും ജോണിന്റെ ‘പ്രേതം’: പ്രണയം, ആത്മഹത്യ

Baiju Govind

Sub Editor Manorama Traveller

ghost c1

ഇന്ത്യയിലെ ഒരു സെമിത്തേരിയിൽ അർധ രാത്രിയിൽ പ്രേതം നിലവിളിക്കുന്നതിനെ കുറിച്ചു ചർച്ച ചെയ്യുന്നു ഇംഗ്ലിഷ് മാധ്യമങ്ങൾ. നായ്ക്കൾ ഓരിയിടുകയും കൂമൻ മൂളുകയും ചെയ്യുന്ന രാത്രിയിൽ ശവക്കല്ലറയുടെ അരികിലൂടെ തലയില്ലാത്ത ഒരു പുരുഷൻ നടക്കുന്നു. ഒരു സ്ത്രീയുടെ പേരു വിളിച്ചു പറഞ്ഞ് ശവക്കോട്ടയിലൂടെ പ്രേതം അലയുകയാണത്രേ. ഭയാനക രൂപം നേരിൽ കണ്ട് ഡൽഹിയിലെ വ്ലോഗർമാർ ‘ലൈവ് വിഡിയോ’ സംപ്രേഷണം ചെയ്തു. പേടിച്ചു വിറച്ചു നിലവിളിച്ചോടിയെന്നാണ് അവർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. അതോടെ, ഡൽഹി നഗരത്തിനു നടുവിൽ പ്രേതം ഇറങ്ങിയതിന്റെ വാസ്തവം അറിയാൻ നിരീശ്വരവാദികളും മാധ്യമ പ്രവർത്തകരും രംഗത്തിറങ്ങി. ഭീതി ഉള്ളിലൊതുക്കി അവർ ‘ലോഥിയൻ സെമിത്തേരി’യിൽ ഉറക്കമൊഴിഞ്ഞു കാവലിരുന്നു. അവരുടെ അന്വേഷണം ചെന്നെത്തിയത് ബ്രിട്ടിഷ് ജനറൽ ജോൺ നിക്കൊളാസിന്റെ ശവക്കല്ലറുടെ മുന്നിലാണ്. ബ്രിട്ടിഷ് ഭരണകാലത്ത് ഡൽഹിയിൽ ആത്മഹത്യ ചെയ്ത പട്ടാള ഉദ്യോഗസ്ഥനാണു നിക്കൊളാസ്. ഡൽഹിയിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായ ജനറൽ അവളെ വിവാഹം കഴിക്കാൻ ബ്രിട്ടനിലുള്ള ബന്ധുക്കളോട് അനുമതി തേടി. ബന്ധുക്കളും ബ്രിട്ടിഷ് സൈനിക മേധാവിയും നിക്കോളാസിനെ വിവാഹത്തിൽ നിന്നു പിൻതിരിപ്പിച്ചു. പ്രണയ നൈരാശ്യത്തിൽ നിക്കൊളാസ് സ്വന്തം സർവീസ് റിവോൾവറിൽ നിന്നു വെയിയുതിർത്ത് ജീവനൊടുക്കി. ലോഥിയൻ സെമിത്തേരിയിലാണ് നിക്കൊളാസിന്റെ മൃതദേഹം അടക്കം ചെയ്തത്.

ghost c2

ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് അറിയപ്പെടുന്ന 1857ലെ പട്ടാള കലാപത്തിൽ കൊല്ലപ്പെട്ട ഇംഗ്ലിഷുകാരുടെയും പിന്നീടു കോളറ ബാധിച്ച് മരിച്ച ബ്രിട്ടിഷുകാരുടെയും മൃതദേഹം സംസ്കരിച്ച സ്ഥലമാണു ഡൽഹിയിൽ കശ്മീരി ഗേറ്റിനു സമീപത്തുള്ള ലോഥിയൻ സെമിത്തേരി. 1808ൽ നിർമിച്ച സെമിത്തേരി 1857ലെ കലാപം, കോളറ വ്യാപനം എന്നീ ദുരന്ത സാഹചര്യങ്ങളിൽ ഏറ്റവും വലിയ ശവക്കോട്ടയായി. 1960ൽ ഇവിടെ മൃതദേഹ സംസ്കാരം നിർത്തലാക്കി. നവജാത ശിശുക്കളും നൂറ്റാണ്ടു തികഞ്ഞു മരണം പൂകിയ ബ്രിട്ടിഷ് ഉദ്യോഗസ്ഥരും ലോഥിയനിൽ അടക്കം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണവും, കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണവും എത്രയെന്നു കൃത്യമായ കണക്കില്ല. ഇക്കാലത്തു തന്നെയാണ് ആദ്യമായി നിക്കൊളാസിന്റെ ‘പ്രേതം പ്രത്യക്ഷപ്പെട്ടത്’. ‘ദുരാത്മാവ്’ അഭയം കിട്ടാതെ തലയില്ലാത്ത ഉടലുമായി അലയുന്നുവെന്നു വാരാ‍ത്ത പരന്നു. പ്രേതത്തെ പേടിച്ച് ആളുകൾ ലോഥിയൻ സെമിത്തേരിയുടെ പരിസരത്തുപോകാൻ ഭയപ്പെട്ടു.

രണ്ടര നൂറ്റാണ്ടു കഴിഞ്ഞിട്ടും നിക്കൊളാസിന്റെ പ്രേതം ശാന്തിയടഞ്ഞില്ലെന്നാണ് വ്ലോഗർമാർ പറഞ്ഞത്. വ്ലോഗർമാരുടെ പ്രതീക്ഷ പാളിയില്ല, ‘പ്രേത വിഡിയോ’ ലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകർഷിച്ചു. വിഡിയോ പ്രചരിച്ചതിനു ശേഷം വാസ്തവം തുറന്നു കാണിക്കാൻ ഉറക്കമൊഴിഞ്ഞ മാധ്യമപ്രവർത്തകർ നിരാശരായി. ‘‘നായ്ക്കൾ ഓരിയിട്ടു, മൂങ്ങ മൂളി. പക്ഷേ പ്രേതം വന്നില്ല’’ നട്ടപ്പാതിരയ്ക്കു പ്രേതത്തെ തിരഞ്ഞു ക്യാമറയുമായി കാത്തിരുന്നവർ പറയുന്നു.

ghost c3

ലോഥിയൻ സെമിത്തേരി

പുരാവസ്തു വകുപ്പിനു കീഴിലുള്ള പുരാതന സെമിത്തേരി. നേതാജി സുഭാഷ് മാർഗ്, പ്രിയദർശിനി കോളനി, കശ്മീരി ഗേറ്റ്, ഡൽഹി. സന്ദർശന സമയം: രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ. പ്രവേശനം: സൗജന്യം.

Tags:
  • Manorama Traveller
  • Travel India
  • Travel Destinations