ട്രെക്കിങ് പ്രേമികളെ പോലും വെല്ലുവിളിക്കുന്നൊരു കോട്ടയുണ്ട് മഹാരാഷ്ട്രയിൽ. നാസിക്കിനു സമീപമുള്ള തൃമ്പകേശ്വറിനടുത്താണ് ‘ഭീകരനായ കോട്ട’ എന്നറിയപ്പെടുന്ന ഹരിഹർ ഫോർട്ട് സ്ഥിതി ചെയ്യുന്നത്. വർഷം തോറും ആയിരക്കണക്കിനു സാഹസിക സഞ്ചാരികളാണ് കോട്ട കാണാനെത്തുന്നത്. വലിയൊരു കുന്നിൻ മുകളിലായാണ് കോട്ട സ്ഥിതി ചെയ്യുന്നത്.
യാത്ര തുടങ്ങുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും മുന്നോട്ടു പോകും തോറും ഏറ്റെടുത്ത ദൗത്യത്തിന്റെ ഭീകരത മനസ്സിലാകും. തൃമ്പകേശ്വറിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് ഹർഷെവാടി എന്ന ഗോത്ര ഗ്രാമം. ഹരിഹർ കോട്ടയിലേക്കുള്ള വഴി ഇവിടെ നിന്നു തുടങ്ങുന്നു.
കുത്തനെയുള്ള മലകയറി ചെല്ലുന്നത് മിനാരത്തിന്റെ ആകൃതിയിൽ പണിതിരിക്കുന്ന കോട്ടയുടെ കവാടത്തിലേക്കാണ്. ഇനി മുന്നോട്ടുള്ള യാത്ര പാറ തുരന്നു നിർമിച്ച ഒരു തുരങ്കത്തിലൂടെയാണ്. തുരങ്കത്തിനുള്ളിൽ നിവർന്നു നടക്കാൻ കഴിയില്ല. തുരങ്കം കടന്നെത്തുന്നത് വളഞ്ഞുപുളഞ്ഞുകിടക്കുന്ന ഉയരത്തിലേക്കുള്ള പടിക്കെട്ടുകൾക്കു താഴെയാണ്.
ചരിഞ്ഞിരിക്കുന്ന പടിക്കെട്ടുകളിലൂടെയുള്ള നടത്തം അത്യധികം അപകടം പിടിച്ചതാണ്. 117 പടികൾ കയറിയെത്തുന്നതു കോട്ടയുടെ സമതലമായ പ്രദേശത്താണ്. ശുദ്ധജലശേഖരണത്തിനായി നിർമിച്ച ചതുരാകൃതിയിലുള്ള ഒരു ജലസംഭരണി ഇവിടെ കാണാം.
വലിയൊരു പാറയിലേക്കുള്ള കയറ്റമാണ് ട്രെക്കിങ്ങിന്റെ അടുത്തഭാഗം. മുകളിലേക്കു കയറാൻ പടവുകളില്ലെന്നതാണ് നേരിടുന്ന വെല്ലുവിളി. പാറയിൽ അള്ളിപ്പിടിച്ച് മുകളിലെത്തായാലുള്ള കാഴ്ച മനം മയക്കുന്നതാണ്. ദൂരെ പച്ചവിരിച്ച താഴ് വരകളും കൃഷി ഭൂമികളും ആൽവാന്ദ് അണക്കെട്ടും കാണാം.
കോട്ടയുടെ ചരിത്രം
സമുദ്ര നിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് ഹരിഹർ കോട്ട സ്ഥിതി ചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിലാണ് കോട്ട പണിതതെന്നു കരുതപ്പെടുന്നു. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നു രക്ഷനേടുകയെന്നതായിരുന്നു കോട്ടയുടെ പ്രധാനലക്ഷ്യം. പെട്ടെന്ന് ആർക്കും എത്തിച്ചേരാൻ പറ്റാത്ത തരത്തിലുള്ള കോട്ടയുടെ രൂപകൽപന കാണുമ്പോൾ അതു മനസ്സിലാകും. 1636 ൽ ഷാഹാരി രാജ ഭാസാലെ കോട്ട പിടിച്ചെടുത്തു എന്നു പറയപ്പെടുന്നു. ഇന്ന് കോട്ടയുടെ അവശേഷിപ്പ് മാത്രമേ നിലനിൽക്കുന്നുള്ളൂ.