കർണാടക ട്രിപ്പിൽ ഉൾപ്പെടുത്താൻ ചന്ദനത്തിന്റെ ഗന്ധമുള്ള ഒരു ഡെസ്റ്റിനേഷൻ കൂടി. സംരക്ഷിത വൃക്ഷമായ ചന്ദനം പ്രദർശനത്തിനു മ്യൂസിയം തുറക്കുന്നു. ചന്ദന മരവും ഉൽപന്നങ്ങളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക. ചന്ദന തൈലം, സോപ്പ്, ചന്ദനത്തിരി, ചന്ദനത്തടിയിൽ നിർമിച്ച കരകൗശല വസ്തുക്കൾ എന്നിവ. മൈസൂരുവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കു സമീപത്തു വനപ്രദേശത്താണു മ്യൂസിയം.
രാജ്യത്തെ ആദ്യ ‘സാൻഡൽ വൂഡ് ’ മ്യൂസിയമാണു മൈസൂരുവിലേത്. ചന്ദനത്തടി വളരുന്ന സാഹചര്യം, ചന്ദനം ഉപയോഗിച്ചുള്ള ഉൽപന്നങ്ങളുടെ സവിശേഷത, വിവിധ തരം ചന്ദനത്തടി, ജീവൻരക്ഷാ മരുന്നുകളിൽ ചന്ദനത്തിന്റെ പ്രാധാന്യം എന്നീ കാര്യങ്ങൾ ലോകത്തിനു പരിചയപ്പെടുത്താണ് ചന്ദനത്തടി മ്യൂസിയം ആരംഭിച്ചിട്ടുള്ളതെന്ന് കർണാടക വനം വകുപ്പ് പറഞ്ഞു. ചന്ദന മരങ്ങളെ കുറിച്ചു വിശദീകരിക്കുന്ന ചിത്രങ്ങൾ, വിഡിയോ പ്രദർശനം എന്നിവ മ്യൂസിയത്തിന്റെ അനുബന്ധമായി നിർമിച്ചിട്ടുള്ള ഹാളിൽ ഒരുക്കിയിട്ടുണ്ട്.