അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂറിസ്റ്റുകൾ എത്തിത്തുടങ്ങി. ബീച്ചുകളിൽ പ്രവേശനം അനുവദിച്ചതോടെയാണ് ടൂറിസം മേഖല ഉണർവു പ്രകടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു സന്ദർശകരെ പ്രവേശിപ്പിക്കാൻ ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. അൺലോക്ക് പ്രഖ്യാപിച്ചതിനു ശേഷം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ കേരളത്തിൽ എത്തുന്നു. ഓർക്കുക, ഇതര വിനോദസഞ്ചാര കേന്ദ്രങ്ങളേക്കാൾ ശുചിത്വം പാലിക്കേണ്ട മേഖലയാണു കടൽത്തീരം.
നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുന്നതിനുള്ള സൂചകങ്ങള്‍ രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ടൂറിസം പോലീസ്, കുടുംബശ്രീ, ലൈഫ് ഗാര്‍ഡുകള്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തും. സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
നിയന്ത്രിതമായ പ്രവേശനാനുമതി ഇല്ലാത്ത ബീച്ചുകള്‍ പോലുള്ള പ്രദേശങ്ങളില്‍ പ്രത്യേക കവാടം രൂപികരിച്ച് താപനില പരിശോധിക്കുക, സാനിറ്റൈസര്‍, കൈകഴുകള്‍ മുതലായ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ചെയ്യാന്‍ പാടില്ലാത്തതും ചെയ്യാവുന്നതുമായ കാര്യങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. കൈവരികള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐഎഎസ് പറഞ്ഞു.
ആതിഥേയ വ്യവസായങ്ങള്‍, ടൂര്‍ ഓപ്പറേറ്റേഴ്സ്, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, പുരവഞ്ചികള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകള്‍, സാഹസിക വിനോദങ്ങള്‍ തുടങ്ങിയ ടൂറിസം രംഗത്തെ സമസ്ത മേഖലയും കൊവിഡ്-19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ടൂറിസം വകുപ്പ് അറിയിച്ചു.
കടലിന്റെ കരുത്തും ഭംഗിയും കൊരുത്തു വെള്ളിയരഞ്ഞാണമിട്ട നാടാണു കേരളം. ഗോവയിലേതിനെക്കാൾ മനോഹരമായ ബീച്ചുകൾ കേരളത്തിനുണ്ട്. ടൂറിസ്റ്റ് ബീച്ചുകൾ, പഞ്ചാര മണൽ നിറഞ്ഞ ബീച്ചുകൾ, അത്താഴപ്പാർട്ടി നടത്താൻ പറ്റിയ ബീച്ചുകൾ, സായാഹ്ന സവാരിക്കുള്ള ബീച്ചുകൾ, പ്രണയിതാക്കൾക്കുള്ള ബീച്ചുകൾ, കുടുംബങ്ങൾക്കു രാപാർക്കാനുള്ള ബീച്ചുകൾ...
തിരുവനന്തപുരത്തെ ബീച്ചുകൾ
കോവളം ഉൾപ്പെടെ തിരുവനന്തപുരത്ത് നിരവധിയുണ്ട്. ആഘോഷങ്ങളുടെ തീരമായ കോവളത്തേക്കു പോകുന്നതിനൊപ്പം പുതിയ ബീച്ചുകൾ കൂടി അറിഞ്ഞു വച്ചാൽ ആവർത്തന വിരസത മാറ്റാം. ചക്രവാളം സൂര്യനെ താരാട്ടുന്നതു കാണാൻ അഴിമല ബീച്ചാണ് ഏറ്റവും നല്ലത്. കോവളത്തു നിന്ന് കഷ്ടിച്ച് ആറു കിലോമീറ്റർ യാത്ര ചെയ്താൽ അഴിമലയിലെത്താം. മുന്നൂറു മീറ്ററോളം നീണ്ടു കിടക്കുന്ന പഞ്ചാര മണൽത്തീരമാണ് അഴിമല. ഈ ബീച്ച് കേരളത്തിലെ മറ്റു ജില്ലക്കാർക്ക് അത്രമാത്രം സുപരിചിതമല്ല. പാറക്കെട്ടിനരികെ കടൽത്തിരമാലകൾ ഓളം തല്ലുന്ന തീരം ഇംഗ്ലീഷ് സിനിമകളിലെ ആക്‌ഷൻ രംഗങ്ങളെ ഓർമപ്പെടുത്തും. ഒരു കുന്നിനു മുകളിൽ നിന്നു ബീച്ച് കാണാമെന്നതാണ് അഴിമലയുടെ സൗന്ദര്യം. കോവളം കണ്ടു മടുത്തവർ പുതിയ ലൊക്കേഷൻ തേടിയെത്തുന്ന അഴിമലയിൽ ധാരാളം റിസോർട്ടുകളുണ്ട്. തീരത്തിനു സമീപത്തു തന്നെ ഒരു ശിവക്ഷേത്രമുണ്ട്. അഴിമല ബീച്ചിന് രമായണവും മഹാഭാരതവുമായി ഐതിഹ്യങ്ങൾ ബന്ധപ്പെടുത്തുന്നു.
അഴിമലയിൽ താമസ സൗകര്യം അനവധിയുണ്ട്. ആയുർവേദ റിസോർട്ടുകളും നിരവധി. ദൂരദേശങ്ങളിൽ നിന്നു വരുന്നവരാണ് സഞ്ചാരികളിലേറെയും. തിരുവനന്തപുരത്തു നിന്ന് 20 കിലോമീറ്റർ അകലെയാണ് അഴിമല ബീച്ച്.
രാത്രികളിൽ ബീച്ച് സന്ദർശനം ഒഴിവാക്കുക. പൊലീസ് നിർദേശങ്ങൾ പാലിക്കുക. കടലിൽ നീന്താൻ ഇറങ്ങരുത്. ബീച്ചിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണെങ്കിൽ സുരക്ഷിതത്വം ഉറപ്പാക്കുക.
പെരുമാതുറ: ചേരമാൻ പെരുമാൾ ഒരു ദിവസം അന്തിയുറങ്ങിയ സ്ഥലം എന്ന പേരിൽ പ്രശസ്തിയാർജിച്ച തീരമാണു പെരുമാതുറ. മക്കയ്ക്കു പോകുന്നതിനു മുമ്പ് പെരുമാൾ ഇവിടെ എത്തിയെന്ന് ഐതിഹ്യം. അതെന്തായാലും, പെരുമാതുറ സഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ചു. താഴംപള്ളിപ്പാലം നിർമാണം പൂർത്തിയായതോടെ പെരുമാതുറയിലേക്കു യാത്ര എളുപ്പമായി. തീരദേശ പാതയിലൂടെ പെരുമാതുറയിലേക്കുള്ള ഡ്രൈവിങ് കാഴ്ചകളുടെ യാത്രയായതിനാൽ സന്ദർശകർ അനവധി.
തിരുവനന്തപുരത്തു നിന്ന് 23 കിലോമീറ്റർ ദൂരമുണ്ട് പെരുമാതുറയിലേക്ക്. സൂര്യാസ്തമയം കാണാനുള്ള തീരം എന്നതാണു പെരുമാതുറയുടെ പേരും പ്രശസ്തി. വൈകിട്ട് നാലു മണിയോടെ പെരുമാതുറയിലെത്തണം. തണലും വെയിലും തോരണം ചാർത്തിയ വഴിയിലൂടെ തീരത്തേക്കു ചീറിപ്പായാം. തിരുവനന്തപുരത്തു നിന്ന് 16 കിലോമീറ്റർ.
പെരുമാതുറയിൽ വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമുണ്ട്. ഭക്ഷണ സാധനങ്ങളും കുടിവെള്ളവും വാങ്ങിക്കൊണ്ടു പോകാൻ ശ്രദ്ധിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടൽത്തീരത്തിനു കളങ്കമെന്നു തിരിച്ചറിയുക.
കോവളം: വേനലിന്റെ തിരയിളക്കം കോവളത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വ ബീച്ച്, ക്രെസന്റ് ബീച്ച് എന്നിങ്ങനെ മൂന്നായി തിരിക്കാവുന്ന കോവളം കടൽത്തീരത്ത് സഞ്ചാരികളുടെ എണ്ണം കൂടിയിട്ടേയുള്ളൂ. ഗോവയിലേതു പോലെ വിദേശികൾ അവധിക്കാലം ആസ്വദിക്കുന്ന സ്ഥലമായതിനാൽ ഷോപ്പിങ് സെന്ററുകളും വിപുലം. സർഫിങ്, ബോട്ട് സവാരി എന്നിവയാണ് കോവളം കടൽത്തീരത്തെ പുതിയ എന്റർടെയ്ൻമെന്റുകൾ.
കൊല്ലത്തെ കടൽത്തീരങ്ങൾ
നല്ലൊരു ദിവസത്തിന്റെ ആഘോഷങ്ങൾ സമുദ്രത്തോളം വലുതാക്കാൻ വർക്കല പാപനാശം പോലെ മറ്റൊരു കടൽത്തീരമില്ല. ഒരുപക്ഷേ, കോവളവും വർക്കലയും ഒരേ കടലിന്റെ രണ്ടു ഭാവങ്ങളായിരിക്കാം. എന്നാൽ, സഞ്ചാരികളെ സംബന്ധിച്ചിടത്തോളം വർക്കലയ്ക്ക് മറ്റു ചില പ്രത്യേതകൾ കൂടിയുണ്ട്. തീരത്തിനടുത്ത് ഉയർന്നു നിൽക്കുന്ന മൺതിട്ടയും നിരയായി അതിരിട്ട തെങ്ങിൻ തോപ്പുമാണ് ഈ സവിശേഷത.
വീട്ടുമുറ്റത്തിരുന്ന് കടൽ കണ്ടു ഭക്ഷണം കഴിക്കുന്ന അനുഭവമാണ് വർക്കലയിലേത്. നിരയായി തുറന്നു പ്രവർത്തിക്കുന്ന റസ്റ്ററന്റുകൾ അർദ്ധരാത്രി വരെ വിഭവസമൃദ്ധം. തീരത്തുള്ള കുടിലുകളിലെ വിശ്രമം വേനലിൽ വലിയ ആശ്വാസം. സന്ദർശകർ കൂടുതലാണെങ്കിലും വിശാലമായ കടൽത്തീരം, തിക്കുംതിരക്കുമില്ല. ഉയരമുള്ള മൺതിട്ടയ്ക്കു മുകളിൽ കടൽക്കാറ്റേറ്റ് കാപ്പി കുടിക്കാം. ബീച്ചിലേക്കുള്ള യാത്രയിൽ അൽപ്പദൂരം കൂടി സഞ്ചരിച്ചാൽ ശിവഗിരി മഠത്തിലെത്താം. പാരാസെയ്‌ലിങ്, സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് എന്നിങ്ങനെ തീരാഘോഷത്തിന് വഴികളേറെ. മസാജിങ് പാർലറുകളും സൗന്ദര്യ ചികിത്സാ കേന്ദ്രങ്ങളും റിസോർട്ടുകളും നിരവധി. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട കടൽത്തീരങ്ങളിലൊന്നാണ് പാപനാശം. പേരുപോലെ, കടലിൽ മുങ്ങിക്കുളിച്ച് പാപം തീർക്കാനുള്ള തീരംകൂടിയാണ് വർക്കലയിലേത്.
കൊല്ലത്തു നിന്ന് മുപ്പത്തിനാലര കിലോമീറ്റർ സഞ്ചരിച്ചാൽ വർക്കല. വർക്കലയിൽ നിന്ന് പാപനാശം ബീച്ചിലേക്ക് രണ്ടര കിലോമീറ്റർ.
ജീവൻരക്ഷാ പ്രവർത്തകരുണ്ടെങ്കിലും കടലിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക. കുട്ടികളുമായി എത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. മുറികൾ നേരത്തേ ബുക്ക് ചെയ്ത് ഉറപ്പു വരുത്തുക. മസാജ്, സൗന്ദര്യ പരിചരണം തുടങ്ങിയവ അംഗീകൃതമെന്ന് പരിശോധിച്ച് ഉറപ്പിക്കുക.
തെക്കുംഭാഗം ബീച്ച് : കൊല്ലം ജില്ലയിലെ പരവൂരിനടുത്താണ് തെക്കുംഭാഗം ബീച്ച്. കൊല്ലം കടൽത്തീരത്തിന്റെ തെക്കുഭാഗത്തുള്ള ബീച്ച് അടുത്തകാലത്തായി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറി. നീണ്ട കടൽത്തീരവും ശാന്തമായ തിരമാലകളും സായാഹ്നത്തിനു നിറം പകരാൻ ഉപകരിക്കും. കൊല്ലത്തു നിന്ന് 17 കിലോമീറ്റർ.
നഗരത്തിന്റെ തിരക്കിൽ നിന്ന് അൽപ്പം മാറി, എന്നാൽ ഏറെ അകലത്തല്ലാതെ തിരുവമ്പാടി ബീച്ച് സന്ദർശകരെ ആകർഷിക്കുന്നു. ശക്തമല്ലാത്ത തിരമാലകളുടെ ഭംഗിയിൽ കടൽക്കാറ്റിന് ഇവിടെ തണുപ്പാണ്. തീരക്കടലിൽ ആഴമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികളും മുതിർന്നവരും ഇവിടെ കടലിൽ നീന്താൻ ഇറങ്ങുന്നു. ബീച്ച് ഹോളിഡേ ആഘോഷിക്കാൻ താത്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന തീരമാണ് തിരുവമ്പാടി. തെങ്ങിൻ തോപ്പുകൾക്കരികെ വിശാലമായ വിശ്രമ സ്ഥലമാണ് തിരുവമ്പാടിയിലേത്. തിരുവനന്തപുരത്തു നിന്ന് 45 കിലോമീറ്റർ അകലെയാണ് തിരുവമ്പാടി ബീച്ച്.
കുട്ടികളുമായി നീന്താനിറങ്ങുന്നവർ ശ്രദ്ധ പുലർത്തുക. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സുരക്ഷിതമായ ഇടം കണ്ടെത്തുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ ബീച്ചിൽ ഉപേക്ഷിക്കരുത്.
ആലപ്പുഴയുടെ മണൽപ്പരപ്പ്
ഹൗസ് ബോട്ടും ചുണ്ടൻ വള്ളവും മാത്രമല്ല മനോഹരമായ കടൽത്തീരങ്ങളുമുണ്ട് ആലപ്പുഴയിൽ. നഗരത്തിനോടു ചേർന്നുള്ള ബീച്ച് ഭംഗിയുള്ളതാണെന്ന് എല്ലാവർക്കും അറിയാം. ആഘോഷങ്ങളുടെ തിരമാലകളാണ് ആലപ്പുഴയുടെ ഓളം. മാരാരിയാണ് ഈ നാടിന്റെ ഭംഗി വർധിപ്പിക്കുന്ന മറ്റൊരു ബീച്ച്.
പഞ്ചാരമണൽ വിരിച്ച തീരത്തിനരികെ നിരന്നു നിൽക്കുന്ന തെങ്ങിൻ തോപ്പാണ് മാരാരി ബീച്ച്. സ്വർണമണലിന്റെ തീരമെന്നാണ് ആലപ്പുഴയിലെത്തുന്ന വിദേശികൾ മാരാരിയെ വിശേഷിപ്പിക്കുന്നത്. ശാന്തമായ കടൽത്തീരത്തു കുടിലുകളും ബീച്ച് അംബ്രലകളും തണലൊരുക്കുന്നു. സൺബാത്താണ് വിദേശികളുടെ പ്രിയപ്പെട്ട ഇനം.
നിരപ്പായിക്കിടക്കുന്ന മണൽപ്പരപ്പിൽ ഓടിക്കളിക്കുന്ന കുട്ടികളാണ് മാരാരിയുടെ സൗന്ദര്യം. സായാഹ്നങ്ങൾ ആഘോഷിക്കാൻ ദൂരദേശങ്ങളിൽ നിന്നുള്ളവർ മാരാരിയിലെത്തുന്നു. കടലിൽ നീന്തുന്നവരും ആവേശത്തിലാറാടുന്നവരും മാരാരിയിൽ എത്താറില്ല. കാരണം, വൈകുന്നേരത്തു സുഖമായി ഇരുന്നു കാറ്റു കൊള്ളാനും കഥ പറയാനും പ്രണയം പങ്കുവയ്ക്കാനുമൊക്കെ അനുയോജ്യമായ സ്ഥലമാണു മാരാരി. നാഷണൽ ജിയോഗ്രാഫിക് സർവെയിൽ മികച്ച ബീച്ചായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബീച്ചാണ് മാരാരി.
മാരാരി: ആലപ്പുഴ നഗരത്തിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് മാരാരി. മീൻ പിടുത്ത ബോട്ടുകളും വള്ളങ്ങളുമാണ് മാരാരിയിലെ കാഴ്ച. സൂര്യാസ്തമയം കാണാനാണ് ഏറെയാളുകളും താത്പര്യപ്പെടുന്നത്. ആഡംബര റിസോർട്ടുകളുള്ള മാരാരി കടൽത്തീരം ആഗോള തലത്തിൽ സഞ്ചാരികളെ ആകർഷിക്കുന്നു.
കുടുംബങ്ങൾ വിരുന്നെത്തുന്ന സ്ഥലമാണു മാരാരി, മര്യാദകൾ പാലിക്കുക. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്. ഇരുട്ടു പരന്ന ശേഷം ബീച്ചിൽ ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കുക.
അന്ധകാരനഴി: ആലപ്പുഴയിൽ എത്തുന്നവർ സായാഹ്നം ചെലവഴിക്കുന്ന സ്ഥലമാണു ബീച്ച്. വിദേശികളും നാട്ടുകാരുമായി നൂറുകണക്കിനാളുകൾ ബീച്ച് കാണാനെത്തുന്നു. തീരത്തോടു ചേർത്തു നിർമിച്ചിട്ടുള്ള വിശ്രമ സ്ഥലങ്ങൾ സമുദ്രക്കാഴ്ചകൾക്കുള്ള ഗാലറിയായി നീണ്ടുനിവർന്നു കിടക്കുന്നു. നഗരത്തിനടുത്തായതിനാൽ താമസ സൗകര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടാനില്ല. കടലിലേക്കു നീണ്ടു കിടക്കുന്ന പഴയ കടൽപ്പാലം കപ്പൽച്ചാലിന്റെ ഓർമച്ചിത്രമായി നിലനിൽക്കുന്നു. വിശാലമായ ബീച്ചിൽ തിരമാലകൾ ആർത്തിരമ്പാറില്ല. അതുകൊണ്ടു തന്നെ നീന്താനിറങ്ങുന്നവർ അവധി ദിവസങ്ങളിൽ ആലപ്പുഴ ബീച്ചിനെ പൂരപ്പറമ്പാക്കി മാറ്റുന്നു.
തുറന്നു കിടക്കുന്ന വിശാലമായ ബീച്ചാണ്. തീരത്തിന്റെ ഭംഗി കാത്തു സൂക്ഷിക്കാനുള്ള ചുമതല ഓരോരുത്തരും ഏറ്റെടുക്കുക. വാച്ച് ഗാർഡുകളുടെ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും പിന്തുടരുക.
ഫോർട് കൊച്ചി, ചെറായി
ചീനവലകൾ കടൽ കാക്കുന്ന പോർച്ചുഗീസ് ചരിത്ര തീരം സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനാണ്. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഫോർട്ട്കൊച്ചി കഴിഞ്ഞ പത്താണ്ടിനിടെ വിനോദസഞ്ചാര കേന്ദ്രമായി. ഇപ്പോൾ ഒട്ടക സവാരിയും ഷോപ്പിങ്ങും വിഭവ സമൃദ്ധമായ സദ്യയുമൊക്കെ ഫോർട്ട്കൊച്ചിയിൽ വിരുന്നുകാരെ കാത്തിരിക്കുന്നു.
പുതുവത്സര ദിനത്തിൽ പതിനായിരക്കണക്കിന് ആളുകൾ എത്തുന്ന ഫോർട്ട് കൊച്ചിയിൽ ഇപ്പോൾ എല്ലാ സായാഹ്നങ്ങളിലും ഉത്സവത്തിരക്കാണ്. കാറ്റു കൊള്ളാനെത്തുന്നവർ കടൽത്തീരത്തു വോക്‌വേയിലെ ബെഞ്ചിലിരുന്നു സൊറ പറയുന്നു. വിദേശികളാണ് ഏറെയും. വൈകുന്നേരങ്ങളിലാണ് നമ്മുടെ നാട്ടുകാരുടെ പ്രവാഹം. ആ സമയം ആകുമ്പോഴേയ്ക്കും മത്സ്യമാർക്കറ്റ് സജീവമാകും. ചിൽഡ്രൻസ് പാർക്കിനു സമീപത്തുള്ള വഴിവാണിഭക്കാർ മാലയും വളയും കമ്മലുമൊക്കെ നിരത്തി ഭംഗി കൂട്ടുന്നു. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ ഫോർട്ട് കൊച്ചിയിൽ എത്തിയാൽ രാത്രി ഏഴര വരെ രസകരമായി ആസ്വദിക്കാം. കടലിലേക്ക് തള്ളി നിൽക്കുന്ന കൽപ്പടവിലൂടെ ഓടിക്കളിക്കുന്ന കുട്ടികളാണ് ഈ ബീച്ചിന്റെ സൗന്ദര്യം ശരിക്കും ആസ്വദിക്കുന്നത്. ഒട്ടക സവാരിക്ക് പ്രായഭേദമില്ലാതെ എല്ലാവരും താത്പര്യപ്പെടുന്നു. വല്ലാർപാടം കണ്ടയ്നർ ടെർമിനലിന്റെ ഇങ്ങേപ്പുറത്ത് തീരക്കടലിന്റെ സായാഹ്നങ്ങളിലെ സിന്ദൂരച്ചന്തം വ്യത്യസ്തമായ അനുഭവം തന്നെ. മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം, ഫോർട്ട് കൊച്ചിയിലെ സിനഗോഗ്, വാസ്കോ ഡ ഗാമയുടെ സ്മൃതികുടീരം, പോർച്ചുഗീസ് ചരിത്രമുള്ള ബംഗ്ലാവുകൾ, കരകൗശല വസ്തുക്കൾ വിൽക്കുന്ന ഓപ്പൺ മാർക്കറ്റ്... അങ്ങനെ ഫോർട്ട് കൊച്ചിയിലെത്തുന്നവർക്ക് ആസ്വദിക്കാൻ വകയേറെ. തോപ്പുംപടിയിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കും വഴി തിരിയുന്നു. അഞ്ച് മിനിറ്റ് ഇടവേളയിൽ ബസ് സർവീസുണ്ട്. ബീച്ചിനടുത്തു സൗജന്യ പാർക്കിങ് ഉണ്ട്. കൊച്ചി നഗരത്തിൽ നിന്ന് ആറര കിലോമീറ്റർ അകലെയാണ് ഫോർട്ട് കൊച്ചി ബീച്ച്.
അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടുക. ബീച്ചിൽ വച്ചിട്ടുള്ള മാലിന്യ നിക്ഷേപ പാത്രങ്ങൾ പ്രയോജനപ്പെടുത്തുക. ചിൽഡ്രൻസ് പാർക്കിനടുത്ത് ബയോ ടൊയ്്‌ലെറ്റുണ്ട്.
ചെറായി : എറണാകുളത്തെ ഭംഗിയുള്ള മറ്റൊരു ബീച്ചാണ് ചെറായി. ശക്തി കുറഞ്ഞ തിരമാലകളായതിനാൽ നീന്താനിറങ്ങാമെന്നതാണ് ഗുണം. ഇരുവശത്തും കായൽ നിറഞ്ഞ റോഡിലൂടെ ചെറായിയിലേക്കുള്ള യാത്ര രസകരമായ അനുഭവമാകും. ആഡംബര ഹോട്ടലുകളും താമസ സൗകര്യങ്ങളും ഉള്ളതിനാൽ ധാരാളം വിദേശ സഞ്ചാരികൾ ഇവിടെ എത്തുന്നു. വൃത്തിയുള്ള ബീച്ചും വോക്‌വേയും സഞ്ചാരികൾക്ക് ആവേശം പകരും. വേനൽച്ചൂടിന്റെ കടൽച്ചന്തം ചെറായി ബീച്ചിന്റെ ആകർഷണമാണ്. ബീച്ചിനടുത്തു തന്നെ പാർക്കിങ് സൗകര്യമുണ്ട്. റസ്റ്ററന്റുകളിൽ ചെറായി സ്പെഷൽ മീൻ കറിയും കപ്പയും കിട്ടും. കൊച്ചിയിൽ നിന്നു 25 കിലോമീറ്റർ ദൂരെയാണ് ചെറായി. കേരളത്തിന്റെ വടക്കു നിന്നു വരുന്നവർക്ക് കൊടുങ്ങല്ലൂർ – പറവൂർ റൂട്ടിൽ ചെറായിയിലെത്താം.
രാത്രി വൈകിയുള്ള സന്ദർശനം ഒഴിവാക്കുക. ബസ് േസ്റ്റാപ്പിൽ നിന്ന് ബീച്ചിലേക്ക് ഒന്നര കിലോമീറ്റർ ദൂരമുണ്ട്.
കാസർകോടിന്റെ കടലഴക്
ബേക്കൽ ഫോർട്ട് ബീച്ച് : വടക്കൻ കേരളത്തിനെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കാസർകോട് ജില്ലയിലെ ബേക്കൽ. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളിലൊന്നായ ബേക്കൽ കോട്ടയും അതിനോടു ചേർന്നുള്ള കടൽത്തീരവും സീസൺ വ്യത്യാസമില്ലാതെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
തെയ്യക്കോലങ്ങളുടെ ചെങ്കൽ പ്രതിമ, വനവത്കരണ പദ്ധതിയുടെ ഭാഗമായി കടൽത്തീരത്തു നട്ടുപിടിപ്പിച്ചിട്ടുള്ള മരങ്ങൾ, നീണ്ട നടപ്പാതകള്‍...തുടങ്ങി ഒരുപാടു വിശേഷങ്ങൾ ബേക്കൽക്കാഴ്ച്ചക്കു ചാരുത പകരുന്നുണ്ട്.
അസ്തമയത്തിനു ശേഷം അലങ്കാരവിളക്കുകൾ കൊണ്ട് അലങ്കരിക്കപ്പെടുന്ന ബീച്ചിന്റെ രാത്രിക്കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം കവരും. കടൽക്കാറ്റേറ്റിരിക്കാനുള്ള ഏറുമാടങ്ങളും കുട്ടികൾക്കായുള്ള പാർക്കും കൂടിയാവുമ്പോൾ ബേക്കൽ തീരത്തിന്റെ കാഴ്ച പൂർണമാവുന്നു. ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപ്പറേഷന്റെ (BRDC) മേൽനോട്ടത്തിലാണു ബീച്ചും പരിസരവും പ്രവർത്തിക്കുന്നത്.
കാസർകോട് റയിൽവേ സ്‌റ്റേഷനിൽ നിന്നു 15 കിലോമീറ്റർ ദൂരത്തിലാണ് ബേക്കൽ ബീച്ച്. റോഡു മാർഗമാണ് യാത്രയെങ്കിൽ കോഴിക്കോട്–മംഗലാപുരം–മുംബൈ ഹൈവേയിൽ വന്നാൽ മതി. മംഗലാപുരമാണ് ഏറ്റവും അടുത്തുള്ള എയർപോർട്ട് (50 കിലോമീറ്റർ). BRDCയുടെ റസ്റ്ററന്റും പാർക്കും കെടിഡിസിയുടെ കോട്ടജുകളും ബേക്കലിലുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ് കോട്ടയിലേക്കുള്ള പ്രവേശനം. ടിക്കറ്റ് നിരക്ക് 10 രൂപ.
കണ്വതീർഥ ബീച്ച് : ബേക്കല്‍ തീരം പോലെ കാസർകോടിന്റെ കാഴ്ചകൾക്കു തിരമാലകളുടെ അഴകു ചാർത്തുന്ന മറ്റൊരു തീരമാണ് കണ്വതീർഥ. കടൽ ഉൾവലിഞ്ഞ് ഒരു നീന്തൽക്കുളം പോലെയായി മാറുന്ന കണ്വതീർഥ ബീച്ച് അതിമനോഹരമാണ്. ആഴം കുറഞ്ഞ കണ്വതീർഥയിൽ 50 മുതൽ 100 മീറ്റർ വരെ കടലിലേക്കു നടന്നിറങ്ങാനാവും. കടലും പുഴയും സംഗമിക്കുന്ന അഴിമുഖമാണ് മറ്റൊരു കാഴ്ച. തെങ്ങിൻ തോപ്പുകളുടെ പച്ചപ്പ് അതിരിടുന്ന ഈ കടൽത്തീരം സൈക്കിൾ സഞ്ചാരത്തിന് അനുയോജ്യമാണ്.
കാസർകോട് നഗരത്തിൽ നിന്നും 33 കിലോമീറ്റർ ദൂരം. ദേശീയപാതയിൽ, തലപ്പാടിയിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലേക്കു പോവണം. കാസർകോടാണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്‌റ്റേഷൻ. വിനോദസഞ്ചാര കേന്ദ്രമായി വളർന്നിട്ടില്ലാത്തതിനാൽ ഇവിടെ സർക്കാർ സൗകര്യങ്ങളില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള അതിഥി മന്ദിരമുണ്ട്. 3കിലോമീറ്റർ ദൂരത്താണ് മഞ്ചേശ്വരം ടൗൺ.
കണ്ണൂരിന്റെ തിരമാലച്ചന്തം
പയ്യാമ്പലം : രുചി അനുഭവമാകുന്ന കണ്ണൂരിന്റെ ഏറ്റവും പ്രശസ്തമായ കടൽക്കാഴ്ചയാണ് പയ്യാമ്പലം ബീച്ച്. വെളുത്ത മണൽപ്പരപ്പിലെ ശാന്തമായ സായാഹ്നങ്ങള്‍ തേടി ഇവിടേക്കു പ്രായഭേദമന്യേ സഞ്ചാരികളെത്തുന്നു. പ്രണയം പങ്കിടാനെത്തുന്നവരും തമാശക്കഥകളുമായി കൂട്ടം കൂടുന്ന കാരണവന്മാരും കാഴ്ചകൾ തേടിയെത്തിയ കുടുംബങ്ങളും ഈ ബീച്ചിനെ എപ്പോഴും സജീവമാക്കുന്നു.
പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ നിർമിച്ച ‘അമ്മയും കുഞ്ഞും’ എന്ന ശിൽപ്പമാണ് പയ്യാമ്പലത്തിന്റെ ഒരു സവിശേഷത. കടൽ പശ്ചാത്തലത്തിലുള്ള ഈ ശിൽപ്പത്തിന്റെ ദൃശ്യം പയ്യാമ്പലത്തിന്റെ മുഖമുദ്രയാണ്. സഞ്ചാരികൾക്കു വിശ്രമിക്കാനിടമൊരുക്കുന്ന പയ്യാമ്പലം പാർക്ക്, പൂന്തോട്ടം, ‘സ്പോർട്ട് ബൈക്കിങ്’ പോലെയുള്ള കടൽത്തീരത്തെ സാഹസിക വിനോദങ്ങൾ തുടങ്ങി സഞ്ചാരികൾക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. അറബിക്കടലിന്റെ കാഴ്ചകൾ ഒരു പറവയെപ്പോലെ ആകാശത്തു നിന്നു കാണാൻ അവസരമൊരുക്കുന്ന പാരാസെയിലിങ് പയ്യാമ്പലത്ത് നിത്യക്കാഴ്ചയാണ്. മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണ് ഇവിടെ പാരാസെയിലിങ് നടത്തുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി, സുകുമാർ അഴീക്കോട് തുടങ്ങി അനേകം സാമൂഹ്യനേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്നതും ഈ കടൽത്തീരത്താണ്.
മീങ്കുന്ന്, അടിക്കടലായി, ബേബി, തയ്യിൽ എന്നീ ബീച്ചുകൾ പയ്യാമ്പലത്തോടു ചേർന്നു കിടക്കുന്നു. ‘കണ്ണൂർ ബീച്ച്’ എന്ന ഒറ്റപ്പേരിലാണു ഈ അഞ്ചു ബീച്ചുകളും അറിയപ്പെടുന്നത്.
പയ്യാമ്പലം ബീച്ച് : കണ്ണൂർ നഗരത്തിൽ നിന്ന് 2 കിലോമീറ്റർ ദൂരം. കുടംബസമേതമുള്ള യാത്രകൾക്കു അനുയോജ്യം. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയർപോർട്ട് – ദൂരം 93 കിലോമീറ്റർ. റസ്റ്ററൻറ്, പാർക്കിങ് ഏരിയ, വിശ്രമകേന്ദ്രം, പൊലീസ് പ്രൊട്ടക്‌ഷൻ സെന്റർ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
ധർമ്മടം : കണ്ണൂരിന്റെ മറ്റൊരു തീരക്കാഴ്ചയാണ് ധർമ്മടം. തലശേരിക്കടുത്തുള്ള ഈ ഗ്രാമത്തിന്റെ മൂന്നു വശങ്ങളിൽ പുഴകളും നാലാമത്തെ വശത്തു അറബിക്കടലും സഞ്ചാരികൾക്കു വിരുന്നൊരുക്കുന്നു. കരയിൽ നിന്നു 100 മീറ്റർ ദൂരത്തിലുള്ള പച്ച പുതച്ച ധർമ്മടം തുരുത്താണ് (Green Island) പ്രധാന ആകർഷണം. തെങ്ങുകളും കുറ്റിക്കാടുകളും നിറഞ്ഞ, ആൾപ്പാർപ്പില്ലാത്ത ഈ തുരുത്തിലേക്കു വേലിയിറക്കത്തിന്റെ നേരത്തു നടന്നു പോകാനാവും. വേലിയേറ്റ സമയങ്ങളിൽ കടൽത്തീരത്തു നിന്ന് തിരമാലകൾ സംരക്ഷിച്ചു നിർത്തുന്ന തുരുത്തിന്റെ കാഴ്ച മനോഹരമാണ്. ഫൊട്ടോഗ്രഫർമാക്ക് ഫ്രെയ്മുകളൊരുക്കുന്ന ധർമ്മടം ഒരേസമയം കുടുംബങ്ങൾക്കും സാഹസിക സഞ്ചാരികൾക്കും സ്വാഗതമോതുന്നു.
തലശേരി പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരം. തുരുത്തിലേക്കു പ്രവേശിക്കണമെങ്കിൽ ഡിടിപിസിയിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. ബീച്ചിൽ ഡിടിപിസിയുടെ ഫെസിലിറ്റി സെന്ററും കുട്ടികൾക്കായുള്ള പാർക്കുമുണ്ട്. വേലിയേറ്റ സമയങ്ങളിൽ തുരുത്തിലേക്കു പോകാൻ മത്സ്യബന്ധന ബോട്ടുകൾ വാടകക്കെടുക്കാം.
ഡ്രൈവ് ഇൻ ബീച്ച്
തിക്കോടി ഡ്രൈവ് ഇൻ ബീച്ച് :ഐസ് ഒരതിയുടെയും കല്ലുമ്മക്കായയുടെയും രുചി നിറക്കുന്ന കോഴിക്കോട് കടപ്പുറം എല്ലാവർക്കും പരിചിതമാണ്. എന്നാൽ അധികമാരുമറിയാത്ത ഒരു ബീച്ച് വിശേഷം കോഴിക്കോട് ഒളിച്ചിരിപ്പുണ്ട്; കൊയിലാണ്ടിക്കടുത്തു തിക്കോടി ഡ്രൈവ് ഇൻ ബീച്ച്.
കണ്ണൂർ മുഴുപ്പിലങ്ങാട് ബീച്ചിനോളം മികച്ച ഡ്രൈവ് ഇൻ സൗകര്യങ്ങളാണ് തിക്കോടിയിലുമുള്ളത്. നീണ്ടു കിടക്കുന്ന കടൽത്തീരത്തെ ഉറച്ച മണലിലൂടെ നാലു കിലോമീറ്ററോളം വാഹനമോടിക്കാം. സുരക്ഷാ സംവിധാനങ്ങളോടെ അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ അഭ്യാസ പ്രകടനങ്ങളാവാം. തെങ്ങിൻ തോപ്പുകൾക്കിടയിലൂടെ കടൽത്തീരത്തെ മണൽപ്പരപ്പിലേക്കു വാഹനമോടിച്ചിറങ്ങുന്നത് വ്യത്യസ്തമായ അനുഭവമാണ്.
സഞ്ചാരികൾക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന നാട്ടുകാരും ശാന്തമായ പ്രകൃതിക്കാഴ്ചകളും തിക്കോടിയിലുണ്ട്. പ്രാദേശിക വിനോദ സഞ്ചാരികളുടെയും ബൈക്ക് സാഹസിക അഭ്യാസികളുടെയും ഇഷ്ടകേന്ദ്രമായ ഈ കടൽത്തീരം പാരാഗ്ലൈഡിങ്ങിനും അനുകൂല സാഹചര്യമൊരുക്കുന്നു. വേലിയിറക്ക സമയങ്ങളിൽ കാണുന്ന കടലിലെ പാറക്കൂട്ടങ്ങളും മഴക്കാലത്തു കടൽത്തീരത്തു തെളിയുന്ന തോടും ക്യാമറയും മനസും നിറക്കുന്ന കാഴ്ചകളാണ്. കടപ്പുറത്തു നിന്ന് കുറച്ചു ദൂരം ചെന്നാൽ തിക്കോടി വിളക്കു മാടം കാണാം.
കോഴിക്കോട് നഗരത്തിൽ നിന്ന് 38 കിലോമീറ്റർ ദൂരം. കണ്ണൂർ ഭാഗത്തേക്കു പോകുമ്പോൾ തിക്കോടിയെത്തുന്നതിനു മുൻപ് ദേശീയ പാതയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കോടിക്കൽ ബീച്ച് റോഡു വഴി തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലെത്താം. കൊയിലാണ്ടി റയിൽവേ സ്‌റ്റേഷനാണ് ഏറ്റവുമടുത്തുള്ളത് (8 കിലോമീറ്റർ). വിനോദസഞ്ചാര കേന്ദ്രമായി തിക്കോടി വളർന്നിട്ടില്ലാത്തതിനാൽ വിശ്രമകേന്ദ്രങ്ങളും ഭക്ഷണശാലകളും ഇവിടെയില്ല. കുടംബസമേതമുള്ള യാത്രയകൾക്കു അനുയോജ്യമായ ഈ കടപ്പുറത്തു അവധി ദിനങ്ങളിൽ നൂറുകണക്കിനു പ്രാദേശിക സഞ്ചാരികളെത്താറുണ്ട്.
കാപ്പാട് : ചരിത്രപ്രാധാന്യം കൊണ്ടു ശ്രദ്ധയാകർഷിക്കുന്ന കോഴിക്കോട് ജില്ലയിലെ മനോഹരമായ മറ്റൊരു കടൽത്തീരമാണ് കാപ്പാട്. വെളുത്ത മണൽപ്പരപ്പും ശാന്തമായ കടലും കാഴ്ചകളൊരുക്കുന്ന ഈ തീരത്താണു വാസ്കോ ഡ ഗാമ ആദ്യമായി വന്നിറങ്ങിയത്.
ബീച്ചിന്റെ ഒരറ്റത്തു സഞ്ചാരികള്‍ക്കു കയറിച്ചെല്ലാൻ പാകത്തിലുള്ള പാറക്കൂട്ടങ്ങളുണ്ട്. തിരമാലകൾ തട്ടിച്ചിതറുന്ന ഈ പാറക്കൂട്ടങ്ങളിൽ ചെലവഴിക്കുന്ന സായാഹ്നങ്ങളും ബീച്ചിനോടു ചേർന്നുകിടക്കുന്ന റോഡിലൂടെയുള്ള ഡ്രൈവും എക്കാലത്തേക്കുമുള്ള ഓർമകളാണ്. കാറ്റാടി മരങ്ങൾ തണൽ വിരിക്കുന്ന പാർക്കും പടവുകളും ഇരിപ്പിടങ്ങളും കാഴ്ചകളെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. പാർക്കിങ് ഏരിയയോടു ചേർന്നുള്ള പാറക്കെട്ടിനു മുകളിലായി നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഒരു ക്ഷേത്രം നിലകൊള്ളുന്നുണ്ട്.
കോഴിക്കോട് നഗരത്തിൽ നിന്ന് 18 കിലോമീറ്റർ ദൂരം. കോഴിക്കോട് റയിൽവേ സ്‌റ്റേഷനാണ് ഏറ്റവുമടുത്തുള്ളത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ കാഴ്ചകളൊരുക്കുന്ന കാപ്പാട് വിശ്രമകേന്ദ്രങ്ങളും ചെറുകടകളുമുണ്ട്. ടൂറിസ്റ്റ് പോലീസിന്റെ സേവനവും ലഭ്യം.
ബീച്ച് കാണാൻ മലപ്പുറത്തേക്ക്
പടഞ്ഞാറേക്കര ബീച്ച് : തിരൂർപ്പുഴയും ഭാരതപ്പുഴയും ഒന്നായി അറബിക്കടലിലേക്കു ചേരുന്ന വിസ്മയക്കാഴ്ചയാണ് മലപ്പുറം ജില്ലയിലെ പടിഞ്ഞാറേക്കര ബീച്ചിന്റെ പ്രത്യേകത. തണൽമരങ്ങളും നീണ്ട നടപ്പാതയും അലങ്കരിക്കുന്ന ഈ കടൽത്തീരത്തെ അസ്തമയക്കാഴ്ച വിവരണങ്ങൾക്കതീതം. നേർത്ത കറുപ്പു നിറം കലർന്ന മണലും കടൽത്തീരത്തേക്കു പരന്നു കിടക്കുന്ന പച്ചപ്പും കുട്ടികൾക്കായുള്ള പാർക്കും പടിഞ്ഞാറേക്കര ബീച്ചിനെ മലപ്പുറത്തിന്റെ ഉല്ലാസകേന്ദ്രമാക്കുന്നു. വിവിധയിനം ദേശാടനപ്പക്ഷികളെത്തിച്ചേരുന്ന ബീച്ച് തേടി ദൂരദേശങ്ങളിൽ നിന്ന് പ്രകൃതിസ്നേഹികളും പക്ഷിനിരീക്ഷകരുമെത്താറുണ്ട്.
ചെറിയ കടകൾ, കടലിലേക്കു നീണ്ടു നിൽക്കുന്ന കരിങ്കല്ലിന്റെ വഴി, സ്പീഡ് ബോട്ട്, വാട്ടർ സ്കൂട്ടർ തുടങ്ങിയ സാഹസികവിനോദങ്ങളും മറ്റനേകം കാഴ്ചകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.
പടിഞ്ഞാറേക്കര : തിരൂർ നഗരത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരമാണ് പടിഞ്ഞാറേക്കരയിലേക്ക്. നഗരത്തിൽ നിന്നു ബീച്ച് വരെ ബസുകൾ ലഭിക്കും. തിരൂരാണ് ഏറ്റവുമടുത്തുള്ള റയിൽവേ സ്‌റ്റേഷൻ. സന്ദർശകർക്കു വേണ്ട സൗകര്യങ്ങളൊരുക്കുന്ന അമിനിറ്റി സെന്ററും ടാക്സി/ഓട്ടോ സ്‌റ്റാൻഡും ഇവിടെയുണ്ട്.
പൊന്നാനി: പടിഞ്ഞാറേക്കര ബീച്ചിൽ നിന്ന് ഭാരതപ്പുഴയും തിരൂർപ്പുഴയും ഒന്നാകുന്ന അഴിമുഖം കടന്നാൽ പൊന്നാനി കടപ്പുറത്തിറങ്ങാം. സഞ്ചാരികൾക്കായി ബോട്ട് സർവീസുണ്ട്. അസ്തമയക്കാഴ്ചകൾ കണ്ട് ബോട്ടിൽ അഴിമുഖത്തിനു കുറുകെ സഞ്ചരിക്കുന്നത് വേറിട്ട അനുഭവമാണ്.
ആളും ബഹളവും നിറഞ്ഞ പടിഞ്ഞാറേക്കരയിൽ നിന്നു പുറപ്പെടുന്ന ബോട്ട് ചെന്നടുക്കുന്നതു പൊന്നാനി തീരത്തെ ശാന്തമായ കാഴ്ചകളിലേക്കാണ്. കാറ്റാടി മരങ്ങൾ തണലു വിരിക്കുന്ന കടപ്പുറത്തിനു അഴകായി പല നിറത്തിലുള്ള ചായങ്ങൾ പൂശിയ മത്സ്യബന്ധന ബോട്ടുകൾ കാണാം. പണ്ടുകാലങ്ങളിൽ കടൽസഞ്ചാരികൾക്കു വഴികാട്ടിയിരുന്ന പൊന്നാനി വിളക്കുമാടമാണ് ഈ തീരത്തെ മറ്റൊരു കാഴ്ച. കടൽത്തീരത്തോടു ചേർന്നുള്ള റോഡ് അറ്റക്കുറ്റപ്പണി നടത്താൻ വൈകിയിട്ടുണ്ടെങ്കിലും കടലോര ഗ്രാമങ്ങളുടെ വ്യത്യസ്ത ഭാവം ഈ യാത്ര പരിചയപ്പെടുത്തും. ഉണക്കാനിട്ട മത്സ്യവും ഫൂട്ബോൾ കളിക്കുന്ന കുട്ടികളും പറന്നുയരുന്ന ദേശാടനപ്പക്ഷികളുമെല്ലാം മലപ്പുറത്തിന്റെ അത്ര പരിചിതമല്ലാത്ത തീരദേശക്കാഴ്ചകൾ സഞ്ചാരികളുടെ മുൻപിൽ തുറന്നിടുന്നു.
തിരൂർ റയിൽവേ സ്‌റ്റേഷനിൽ നിന്ന് 17 കിലോമീറ്റർ സഞ്ചരിച്ച് പടിഞ്ഞാറേക്കര എത്തിയാൽ പൊന്നാനിയിലേക്കുള്ള ബോട്ട് ലഭിക്കും. 10 രൂപയാണ് ഒരാൾക്ക് ടിക്കറ്റ്. റോഡു മാർഗമാണ് വരുന്നതെങ്കിൽ കുറ്റിപ്പുറം– പൊന്നാനി വഴിയോ, എടപ്പാൾ–പൊന്നാനി വഴിയോ ബീച്ചിലെത്തിച്ചേരാം.
തൃശൂരിലെ ബീച്ചുകൾ
നാട്ടിക ബീച്ച് : ‘‘മാനസമൈനേ വരൂ...’’ എന്നു പരീക്കുട്ടി ചങ്കുപൊട്ടി പാടിയ ‘ചെമ്മീനി’ലെ കടപ്പുറം ഓർക്കുന്നില്ലേ? തൃശൂർ ജില്ലയിലെ നാട്ടിക ബീച്ചിലാണു ആ സിനിമ ചിത്രീകരിച്ചത്. പൂരങ്ങളുടെ നാട്ടിലെ വെറുമൊരു കടലോര ഗ്രാമമായിരുന്ന നാട്ടിക ചെമ്മീൻ എന്ന ഒറ്റ സിനിമയിലൂടെ ‘സൂപ്പർ സ്റ്റാറാ’യി മാറി. ‘ചെമ്മീൻ ചിത്രീകരിച്ച’ ഈ കടല്‍ത്തീരക്കാഴ്ചകൾ കാണാനായി വിദേശികളും സ്വദേശികളുമായ നൂറുകണക്കിനു സഞ്ചാരികളെത്തുന്നു. കടലോര ഗ്രാമത്തിന്റെ കാഴ്ചകളും അനുഭവങ്ങളും സന്ദർശകർക്കു മുൻപിൽ തുറന്നിടുന്ന നാട്ടികയിൽ ആന സവാരി, ബോട്ട് യാത്രകൾ തുടങ്ങിയ വിനോദങ്ങളുമുണ്ട്.
നാട്ടിക ബീച്ച് : തൃശൂർ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ. തൃശൂരാണ് അടുത്തുള്ള റയിൽവേ സ്‌റ്റേഷൻ. കൊച്ചി വിമാനത്താവളത്തിൽ നിന്ന് 55 കിലോമീറ്റർ ദൂരം. വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയിൽ പ്രശസ്തിയിലേക്കുയരുന്ന നാട്ടികയിൽ സ്വകാര്യ റിസോർട്ടുകളും റസ്റ്ററൻറുകളുമാണ് സഞ്ചാരികൾക്ക് ആശ്രയം.
തളിക്കുളം സ്നേഹതീരം : വൈകുന്നേരക്കാഴ്ചകൾ ആസ്വദിക്കാൻ കുടുംബസമേതമെത്തുന്നവരുടെ ഇഷ്ടകേന്ദ്രമാണ് തൃശൂരിലെ ‘സ്നേഹതീരം ബീച്ച്’ (Love Shore). ‘തളിക്കുളം ബീച്ച്’ എന്ന പേരിലും ഇതറിയപ്പെടുന്നു. മനോഹരമായി പരിപാലിക്കപ്പെടുന്ന, സന്ദർശകർക്കു വേണ്ട സൗകര്യങ്ങളെല്ലാമൊരുക്കിയ ഈ കടൽത്തീരക്കാഴ്ച കാണാനായി അവധി ദിനങ്ങളിൽ നൂറുകണക്കിനു കുടുംബങ്ങളെത്താറുണ്ട്. കടൽക്കാഴ്ച കണ്ടു നടക്കാനുള്ള നടപ്പാതകളും ഇരിപ്പിടങ്ങളും കുട്ടികൾക്കുള്ള പാർക്കും കൽമണ്ഡപങ്ങളും സ്നേഹതീരത്തെ കൂടുതൽ വർണാഭമാക്കുന്നു.
ആയിരത്തോളം പേരെ ഉൾക്കൊള്ളാവുന്ന തുറന്ന വേദിയാണ് സ്നേഹതീരം ബീച്ചിന്റെ മറ്റൊരു സവിശേഷത. വിനോദസഞ്ചാര വകുപ്പിന്റെയും സ്വകാര്യ സംഘടനകളുടെയും കലാ–സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും ഇവിടെ നടക്കാറുണ്ട്. കെടിഡിസിയുടെ മേൽനോട്ടത്തിലാണ് ബീച്ചിന്റെ പ്രവർത്തനം.
തളിക്കുളം സ്നേഹതീരം ബീച്ച് : തൃശൂർ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്നേഹ തീരത്തെത്താം. തൃശൂർ റയിൽവേ സ്‌റ്റേഷനിലേക്ക് 16 കിലോമീറ്റർ. റസ്റ്ററൻറ്, ഇൻഫർമേഷൻ സെന്റർ എന്നീ സൗകര്യങ്ങളുമുണ്ട്.