Thursday 26 November 2020 12:23 PM IST : By സ്വന്തം ലേഖകൻ

ഫുട്ബോൾ വിശുദ്ധൻ വിടവാങ്ങി

maradona3

കാലിൽ കൊരുത്ത പന്തുമായി പുട്ബോൾ മൈതാനങ്ങളിൽ മാജിക്കു കാട്ടിയ ഇതിഹാസ താരം ഡിയഗോ മറഡോണ വിടവാങ്ങി. 1960 ഒക്ടോബർ 30 നു ജനിച്ച മറഡോണ അർജന്റീന ദേശീയ ഫുട്ബോൾ ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത് 1977ൽ ആണ്. മറഡോണയുടെയും അർജന്റീന ഫുട്ബോളിന്റെയും ഏറ്റവും മികച്ച കാലഘട്ടമായിരുന്നു 1980കൾ. 1986 ലോകകപ്പിൽ അർജന്റീനയെ വിജയത്തിലെത്തിക്കാനും മറഡോണയ്ക്കായി. അർജന്റീനയിലെ ക്ലബ് കൂടാതെ സ്പെയിനിലും ഇറ്റലിയിലും ലീഗു ഫുട്ബോൾ കളിച്ച മറഡോണയ്ക്കു തന്റെ ക്ലബുകളെയും ലീഗിന്റെ മുൻ നിരയിൽ എത്തിക്കാൻ സാധിച്ചിരുന്നു. ഫുട്ബോൾ ഒരു മതവും വിശ്വാസവും ആയ ലാറ്റിനമേരിക്കൻ രാജ്യത്തിലെ ദൈവമായിട്ടാണ് മറഡോണയെ ആരാധകർ കണക്കാക്കുന്നത്. കളിക്കളത്തിലും പുറത്തും ഒട്ടേറെ വിവാദങ്ങൾ പിന്തുടരുമ്പോഴും മറഡോണയിലെ ഫുട്ബോൾ മാന്ത്രികനിൽ ആ ആരാധകർ വിശ്വാസമുറപ്പിച്ചിരുന്നു. 60ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മറഡോണയുടെ അന്ത്യം. ലോക ഫുട്ബോളിലെ ഏറ്റവും മനോഹരമായ ഗോൾ ‍എന്നു വിശേഷിപ്പിക്കുന്ന 1986 ഫൈനലിലെ ഗോൾ ഒട്ടേറെ തിളക്കമാർന്ന നിമിഷങ്ങൾ ആ കായിക ജീവിതത്തിൽ അനശ്വരമായി അവശേഷിക്കുന്നു. 491 മത്സരങ്ങളിൽ നിന്നായി 259 ഗോൾ നേടിയിട്ടുള്ള മറഡോണ 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ താൻ നേടിയ ഗോളിനെ ‘ദൈവത്തിന്റെ കൈകളിലൂടെ നേടിയ ഗോൾ’ എന്നാണ് വിശേഷിപ്പിച്ചത്. ഫുട്ബോൾ വിശുദ്ധനെ തേടി ഒരു മറഡോണ ഭ്രാന്തൻ നടത്തുന്ന യാത്രയുടെ കഥ പറയുന്ന ‘ദി റോഡ് റ്റു സാൻ ഡിയഗോ’യിലെ ടറ്റി ബെനിറ്റസിനെപ്പോലെ ലക്ഷക്കണക്കിനു ഫുട്ബോൾ പ്രേമികളുടെ ആരാധന പാത്രമായ മറഡോണയ്ക്ക് മനോരമ ട്രാവലറിന്റെ പ്രണാമം...